ഓ(ഹോ)ണർ കില്ലിംഗ്

മഞ്ഞിന്റെ നേർത്തപടലം വീണുകിടക്കുന്ന വഴിയിലൂടെയുള്ള നടത്തം, പുലർച്ചെയുള്ള ആ നടത്തത്തിന്റെ ലഹരിയിലായിരുന്നു ഞാൻ. നേരം വെളുക്കാൻ പിന്നെയും സമയം ബാക്കിയാണ്. നേർത്ത ഇരുളിൽ നാട്ടിപുറത്ത് എന്തപകടം നടക്കാനാണ് എന്ന് നടത്തയ്ക്ക് കൂട്ടുവന്ന ചേച്ചിയോട് തർക്കിച്ചു. എന്റെ ആവേശം തെല്ലൊന്നടങ്ങിയപ്പോൾ ചേച്ചി പറഞ്ഞു,

“നീ അന്നു കണ്ട നാട്ടിൻപുറമല്ല ഇന്ന്. ഒരുപാട് മാറിപ്പോയി.”
“പണ്ടത്തെപ്പോലെ അല്ല എന്ന് ഞാനും സമ്മതിക്കുന്നു. പക്ഷെ ചേച്ചി എന്തോ ബാക്കിവയ്ക്കുന്നുണ്ടല്ലോ പറയാതെ. എന്താ?”
“നീ വീട്ടിലൊരു കല്യാണക്കുറി കണ്ടില്ലേ? വിലകൂടിയ, പല പേജുകളോടെ ഒന്ന്.”
ഞാൻ മൂളി. ഞാനത് കണ്ടിരുന്നു. അതാരുടേതെന്ന് ചോദിക്കണമെന്നും വിചാരിച്ചിരുന്നു. അന്നാട്ടിലെ കല്യാണക്കുറികളിലൊന്നും കാണാത്ത ആർഭാടവും ഘടനയുമായിരുന്നു അതിന്. ‘save the date’ എന്നൊക്കെവച്ചു അലങ്കാരമാക്കിയ ഒന്ന്. ഒരുപാടുകാര്യങ്ങൾക്കിടയിൽ അതാരുടെ എന്ന് ചോദിക്കാനങ്ങു വിട്ടുപോയി.
“അത് ഞാനില്ലാത്തപ്പോ ആരാണ്ടൊ കൊണ്ടിട്ടിട്ടുപോയതാ. അതിലെ ആ പയ്യനില്ലേ.. അവനെക്കുറിച്ചാ എനിക്ക് പറയാനുള്ളത്.”
അതാരാണെന്നറിയണമെന്ന് എനിക്കും തോന്നി. അച്ഛനമ്മമാരുടെ പേരുകളും കേട്ടുപരിചയമുള്ള, കൗതുകമുണർത്തുന്നവയായിരുന്നു. സിറ്റിയിലെ ആർഭാടം നിറഞ്ഞ ഒരു മണ്ഡപത്തിൽവച്ചു, ഈ കൊറോണക്കാലത്തും നാടടച്ചു വിളിക്കുന്നൊരു കല്യാണം, അതെന്തായാലും കുറഞ്ഞ പുള്ളിയാവില്ല! ഞാൻ കണക്കുകൂട്ടി.
“എന്തു വലിയപുള്ളി. നിനക്കറിയുന്നവര് തന്നാ അവന്റെ രക്ഷകർത്താക്കൾ. അവനൊരു ജീപ്പ് സ്വന്തമായുണ്ട്. അതീ റൂട്ടിൽ സമാന്തര സർവ്വീസായി ഓടുന്നു. അതിനപ്പുറത്തൊന്നുമില്ല.”
എന്റെ ജിജ്ഞാസയുടെ നട്ടെല്ലൊടിച്ചുകൊണ്ടു ചേച്ചി പറഞ്ഞു.
“പിന്നെ..”
“പിന്നെയുള്ളതാ രസം. എന്നെ വിഷമിപ്പിക്കുന്നതും അതാ. ഈ കല്യാണപ്പയ്യൻ ഒന്നുരണ്ടുവർഷം മുൻപ് ഞങ്ങളെ ഒന്ന് പേടിപ്പിച്ചു.”
ഞങ്ങളുടെ നടത്തത്തിന്റെ സ്പീഡ് കുറഞ്ഞു. ചേച്ചിയുടെ കഥപറച്ചിലിനു ഞാൻ ചെവികൂർപ്പിച്ചു.
“ഒരു ദിവസം ഞാനും മോളും സീരിയലും കണ്ടിരിക്കുന്ന സമയത്ത്, ഏകദേശമൊരു ഏഴ്-ഏഴരയോടടുപ്പിച്ച്‌ പുറത്തു നിന്നൊരു ശബ്ദം കേൾക്കുന്നു. ശ്രദ്ധിച്ചപ്പോൾ വീട്ടുകാരെ.. ഇവിടാരുമില്ലേ..ഒന്ന് വെളിയിലേക്കിറങ്ങോ.. എന്നാരോ വിളിച്ചുചോദിക്കുന്നതാണെന്നു മനസ്സിലായി. ഞങ്ങൾ വെളിയിലിറങ്ങി നോക്കുമ്പോ ഈ പറഞ്ഞ പയ്യനുണ്ട് ഒരു പെൺകുട്ടിയെയും രണ്ടുകൈയ്യിൽ വിലങ്ങനെയെടുത്തു ഗേറ്റ് കടന്നുവരുന്നു. ഒറ്റനോട്ടത്തിൽ പെൺകുട്ടിയുടെ നെറ്റിപൊട്ടി ചോരയൊലിക്കുന്നതു കാണാം. പിന്നെ ആ കുട്ടിയ്ക്ക് ബോധം നഷ്ടപ്പെട്ടെന്നും തോന്നി. ഞങ്ങൾ രണ്ടാളും പെട്ടെന്ന് മുറ്റത്തേക്കിറങ്ങി. പയ്യൻ ഉടനെ പെൺകുട്ടിയെ ഗേറ്റിനിപ്പുറത്തു മുറ്റത്തേയ്ക്ക് കിടത്തിയിട്ട് പറഞ്ഞു, ‘ ഈ കുട്ടി എന്റെ ജീപ്പില് വന്നതാ. ഇതിനു ബോധം പോയെന്നു തോന്നുന്നു. നിങ്ങളിതിന്റെ വീട്ടിൽ അറിയിച്ചേരെ.ഞാൻ പോട്ടെ, എന്റെ അവസാനത്തെ ട്രിപ്പാണ്. ആളുകള് കാത്തുനിൽക്കുന്നു.’ ഞാനൊരു നിമിഷം എന്തുചെയ്യണമെന്നറിയാതെ നിന്ന്. പെട്ടെന്ന് മോള് പറഞ്ഞു, ‘എന്നുപറഞ്ഞു നിങ്ങളങ്ങു പോയാലെങ്ങനാ. ഈ കുട്ടി ആരാണെന്നൊക്കെ ഞങ്ങക്കറിയാം, വീട്ടിലും വിളിച്ചുപറയാം. പക്ഷെ ഈ കുട്ടിയ്‌ക്കെന്താണ് സംഭവിച്ചതെന്നറിയാതെ നിങ്ങളങ്ങനെ പോയാലൊക്കില്ല. ഇവളുടെ വീട്ടിൽ ഞാനിപ്പോ തന്നെ വിളിക്കാം. നിങ്ങളവിടെ നിൽക്ക്.’ സത്യംപറഞ്ഞാൽ ഞാനപ്പോഴാണ് സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കുന്നത്. ഞാൻ മോളോടു പറഞ്ഞു, നീ കുട്ടിയുടെ വീട്ടിൽ വിളിക്ക്. അവളുടെ അച്ഛന്റെ നമ്പർ അറിയാമല്ലോ. ഞാൻ പോലീസിനെ വിളിക്കട്ടെ. കുട്ടിയെ എന്തായാലും ആശുപത്രിയിൽ കൊണ്ടുപോകണം. ഞാൻ ഫോണെടുക്കാൻ തുനിഞ്ഞതും പയ്യൻ പെട്ടെന്ന് കോലായിലേയ്ക്ക് കയറിവന്നു. ‘ഞാനൊന്നും ചെയ്തതല്ല, കുട്ടിയുടെ ബോധം പോയി, തലയും എങ്ങനെയോ പൊട്ടി. ഞാനൊന്നും ചെയ്തിട്ടില്ല, നിങ്ങള് വീട്ടുകാരെ വിളിച്ചുവരുത്തിയാൽമതി. പോലീസിനെയൊന്നും അറിയിക്കേണ്ട’, എന്നായി. ഇതിനോടകം തൊട്ടടുത്ത വീട്ടിലുണ്ടായിരുന്ന പെൺകുട്ടിയുടെ അമ്മ ഓടിയെത്തി. മുഖത്തുവെള്ളം കുടഞ്ഞു ബോധംവരുത്താൻ നോക്കുന്ന മോളോടൊപ്പം അവരും കൂടി. അവരുടെ കരച്ചിലും നിലവിളിയും കേട്ട് പോലീസിനെ വിളിക്കാൻ മറന്ന് ഞാനും ഒരു നിമിഷം നിന്നു. അപ്പോഴും ആ പയ്യൻ എന്തൊക്കെയോ അർത്ഥമില്ലാതെ പറഞ്ഞുകൊണ്ട് കോലായിൽത്തന്നെ നിൽക്കുന്നുണ്ടായിരുന്നു. പെൺകുട്ടി എഴുന്നേറ്റിരുന്നു വെള്ളംകുടിക്കുകയും മോള് അവളുടെ നെറ്റിയിലെ മുറിവ് ഡെറ്റോളും പഞ്ഞിയും വച്ച് വൃത്തിയാക്കുകയും ചെയ്തുകൊണ്ടിരുന്നപ്പോളാണ് കുട്ടിയുടെ അച്ഛൻ വന്നത്. അയാളോടും പയ്യൻ പറഞ്ഞ കഥതന്നെ ആവർത്തിച്ചുകൊണ്ടിരുന്നു. പോലീസിലറിയിക്കാനും കുട്ടിയെ ആശുപത്രിയിലേയ്ക്കു മാറ്റാനും പറഞ്ഞു ഞങ്ങൾ നിർബന്ധിച്ചപ്പോൾ കുട്ടിയുടെ അച്ഛൻ സദൻ,’ഞങ്ങള് അവളെ ആശുപത്രിയിൽ കൊണ്ടോവാം, പോലീസിനെയൊന്നും അറിയിക്കരുതേ,പെൺകുട്ടിയാണ്’ എന്നു പറഞ്ഞു കരയാൻ തുടങ്ങി. ഉടനെ പയ്യൻ ഇടപെട്ടു,’ എന്റെ ജീപ്പിൽത്തന്നെ കൊണ്ടൊവാം, ഞാനും കൂടെ വരാം’ എന്നായി. രക്ഷകർത്താക്കളല്ലേ, അവരു തന്നെ തീരുമാനിക്കട്ടെ എന്ന് ഞാൻ മോളോടും പറഞ്ഞു. ഇതിനോടകം ബോധംതിരിച്ചുകിട്ടിയ പെൺകുട്ടി ഒന്നും മിണ്ടുന്നുണ്ടായിരുന്നില്ല. വെറുതെ നോക്കിയിരിക്കുന്ന പെൺകുട്ടിയോട് സമപ്രായക്കാരിയായ മോള് ചോദിച്ചു നിന്നെ ഇയാള് ഉപദ്രവിച്ചോ എന്ന്. ശൂന്യമായൊരു നോട്ടവുമെറിഞ്ഞു പെൺകുട്ടി അച്ഛന്റെയും അമ്മയുടെയും ഒപ്പം പോയി. സർവ്വ സഹായവുമായി ആ പയ്യനും അവരോടൊപ്പം പോയി.”
ചേച്ചി കുറച്ചുനേരം മിണ്ടാതെ നടന്നു. കഥ മുഴുവനും കേൾക്കാനായി ഞാനും ഇടയിൽക്കയറി സംസാരിക്കാതെ ശ്രദ്ധിച്ചു. ഒന്നുരണ്ടു മിനിട്ടിനു ശേഷം കഥ തുടരുമ്പോൾ ചേച്ചിയുടെ ശബ്ദം അടഞ്ഞുപോയിരുന്നു.
“പിറ്റേന്ന് ഓഫീസിൽനിന്നു വന്നശേഷമാണ് ഞാനവളുടെ അമ്മയെ കണ്ടത്. ഒന്നും സംഭവിക്കാത്തമട്ടിൽ ഒഴിഞ്ഞുമാറിയെങ്കിലും ഒടുക്കം അവര് എന്നോട് സമ്മതിച്ചു. അവളെ ആശുപത്രിയിൽ കൊണ്ടുപോകുകയോ പോലീസിൽ വിവരമറിയിക്കുകയോ ഒന്നും ചെയ്തില്ല. ജീപ്പുകാരൻ പയ്യൻ പറഞ്ഞു ആയിരവല്ലി ക്ഷേത്രത്തിലെ പുതിയ പോറ്റി വലിയ മന്ത്രവാദിയാണെന്ന്. അവളുടെ പോലുള്ള കേസുകൾക്ക് അയാള് മിടുക്കനാണെന്ന്, ഒരുപാട് ബാധയൊഴിപ്പിച്ചു പരിചയമുണ്ടെന്ന്. കാര്യം ശരിയുമായിരുന്നു. അവളുടെ എല്ലാ ഏനക്കേടും മാറി. അവൾക്കല്ലെങ്കിലേ ശകലം പ്രശ്നമുണ്ടായിരുന്നു. ഇപ്പൊ അവള് ശരിക്കും നോർമലായി. ആ ജീപ്പുകാരൻ പയ്യനാ രക്ഷിച്ചത്. പിന്നെ അവൻ പറഞ്ഞു പോലീസിലൊന്നും പോണ്ടെന്ന്. കൊച്ചിന്റെ അച്ഛനും അതുതന്നെയായിരുന്നു അഭിപ്രായം. നേരം ഇരുട്ടിയ കൊണ്ട് ജീപ്പില് വീട്ടിക്കൊണ്ടു വിടാൻ നോക്കിയതാ ആ പയ്യൻ. കൊച്ച്‌ ഏതാണ്ട് തെറ്റിദ്ധരിച്ചു ഓടിയതാ. ഇപ്പഴാ ഒരു സമാധാനമായത്. നിങ്ങളിത് ആളുകളോടൊന്നും പറഞ്ഞു കൊളമാക്കല്ലേ, ഒരു പെങ്കുട്ടിയല്ലേ എന്നൊരു ഓർമ്മപ്പെടുത്തലും കഴിഞ്ഞു അവരെന്റെ അടുത്തു നിന്നും രക്ഷപ്പെട്ടു.”
ഞാനും ചേച്ചിയും ഒരേ ചിത്രം മനസ്സിൽക്കണ്ടു വീണ്ടും നിശബ്ദരായി. തെല്ലിടകഴിഞ്ഞു ഞാൻ മുരടനക്കി.
“എന്നിട്ട് ആ പെൺകുട്ടിയെവിടെ?”
“അവളെ ആ വർഷം തന്നെ കെട്ടിച്ചുവിട്ടു. ഇവിടെങ്ങുമല്ല, അങ്ങ് തൃശ്ശൂർ ഉള്ള ഒരു പയ്യനെ കണ്ടെത്തി വീട്ടുകാർ. അതിനും ഈ ജീപ്പുകാരൻ, ഇപ്പോഴത്തെ നമ്മുടെ കല്യാണച്ചെക്കന്റെ അശ്രാന്ത പരിശ്രമമുണ്ടായിരുന്നത്രെ.”
ചേച്ചിയൊരു നെടുവീർപ്പോടെ പറഞ്ഞു നിർത്തി.
എന്തുപറയണമെന്നറിയാതെ ഞാൻ കാലുകൾ ഇഴച്ചുവച്ചു. എവിടൊക്കെയോ തൊട്ട ഒരു വേദന. ആദ്യമായി ഞാനൊരു പെൺകുട്ടിയുടെ അമ്മയാകാത്തതിൽ ആശ്വസിച്ചു. എന്റെ കുഞ്ഞിന്റെ മുഖം ഓർത്തു, അവനൊരു മുള്ളുകൊണ്ടു മുറിഞ്ഞാൽ ഞാൻ അനുഭവിക്കുന്ന ഉള്ളുരുക്കമോർത്തു, അതൊഴിവാക്കാമായിരുന്നു ഞാനൊന്നുകൂടെ ശ്രദ്ധിച്ചിരുന്നെങ്കിൽ എന്ന ഒരിക്കലുമൊഴിയാത്ത കുറ്റബോധമോർത്തു.
“എന്നാലും.. ആ കുട്ടി അനുഭവിച്ച മനോവേദന, സംഘർഷം എത്രത്തോളമായിരിക്കും. വീട്ടുകാരെപ്രതി അവൾക്കൊന്നും തുറന്നുപറയാൻപോലുമാകാതെ..”
ചേച്ചി നിറഞ്ഞുവരുന്ന കണ്ണീരൊപ്പുന്നതു കണ്ടു. ഉള്ളു വിങ്ങിനിന്നിട്ടും എന്റെ കണ്ണുകൾ നിറയുന്നില്ലായിരുന്നു. വല്ലാത്തൊരു അമർഷവും വൈരാഗ്യവും മാത്രം മനസ്സുനിറഞ്ഞു നിന്നിരുന്നു..

ബിന്ദു

Leave a Reply

Your email address will not be published.

error: Content is protected !!