‘കഥ’യിലെ സത്യാന്വേഷികള്‍…

ഇക്കഴിഞ്ഞ ദിവസം മോനെ പരീക്ഷയെഴുതാനയച്ചു, സ്വന്തമായിക്കിട്ടിയ നാലോളം മണിക്കൂറുകൾ ലൈബ്രറിയിൽ ചെലവഴിക്കാൻ തീരുമാനിക്കുകയായിരുന്നു. ഒരുപാട് നാളായി ഒരുമിച്ചിത്രയും മണിക്കൂർ ലൈബ്രറിക്കായി കിട്ടിയിട്ട്. പ്രിയപ്പെട്ട മലയാളം വിഭാഗത്തിൽ ചുറ്റിയടിച്ചു നടന്നു; കൈയ്യിൽകിട്ടിയതൊക്കെ മറിച്ചു നോക്കി, കുറെയൊക്കെ അവിടെയിരുന്നു വായിച്ചു. പിന്നേം റാക്കുകൾക്കിടയിലൂടെ നടന്നു . അങ്ങനേ നടക്കുമ്പോഴാണ് ഒരു പുസ്‌തകം കണ്ണിൽപ്പെട്ടത്. എം.ടി -ഒരു പുനർവായന. സമ്പാദകന്‍ – വി. ആര്‍. ഗോവിന്ദനുണ്ണി. വാസുദേവൻ നായർ എം.ടി എന്നെഴുതിയ റാക്കിൽ ഒരേയൊരു പുസ്തകം മാത്രം. വേഗമത് കൈക്കലാക്കി ഒന്നുമറിച്ചുനോക്കി. എം.ടി യുടെ ഏതാണ്ടെല്ലാ കൃതികളും തന്നെ പലവുരു വായിച്ചു മനസ്സിൽപ്പതിഞ്ഞതാണെങ്കിലും എം.ടി കൃതികളുടെ പഠനം എന്നും വായിക്കാൻ താല്പര്യമാണ്. അവയോരോന്നിന്റേയും പശ്ചാത്തലവും വിശകലനവുമൊക്കെ ഒന്നുകൂടെ വായിച്ച പ്രതീതി ജനിപ്പിക്കും. ആദ്യ ലേഖനത്തിൽത്തന്നെ കണ്ണിലുടക്കിയത് അതിന്റെ ശീർഷകമാണ്, ‘എം. ടി. എഴുതിയത് കളളം’. ലേഖകൻ പി.എം.ബിനുകുമാർ. എം. ടി യുടെ ‘നിന്റെ ഓർമ്മയ്‌ക്ക് ‘ എന്ന കഥയെക്കുറിച്ചാണ്. അച്ഛനൊപ്പം സിലോണിൽ നിന്നും വന്ന പെൺകുട്ടി ,ലീലയെ മലയാളി വായനക്കാരന്റെ ഉള്ളിലെ മുറിവാക്കി മാറ്റിയത് എം. ടി യുടെ മനസ്സുതൊട്ട എഴുത്തല്ലാതെ മറ്റെന്താണ്!! കഥയെന്നു ലേഖകൻ തന്നെ പറയുന്നു; എന്നിട്ടും കഥയിലെ കള്ളവും സത്യവും തിരയുന്നത് എന്തൊരു വിരോധാഭാസം.

” ആ കുട്ടി അച്ഛന്റെ മകളല്ല. വാസുവിന്റെ കഥവായിച്ച്‌ ആരെങ്കിലും അങ്ങനെ തെറ്റിദ്ധരിച്ചിട്ടുണ്ടെങ്കിൽ അത് ശരിയല്ല. എന്റെ അച്ഛന് ആ സിംഹള പെൺകുട്ടിയുടെ അമ്മയുമായി എന്തോ ബന്ധമുണ്ടായിരുന്നു. അതല്ലാതെ ആ പെൺകുട്ടി അദ്ദേഹത്തിന്റെ മകളായിരുന്നില്ല.” എം. ടി യുടെ ജ്യേഷ്ഠസഹോദരൻ ശ്രീ. എം.ടി. എൻ. നായരുമായുള്ള അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞത് ഇത്രമാത്രം. അതിനാണ് കഥയിലെ കള്ളം തേടിപ്പോയതും ലേഖനത്തിന് ഇങ്ങനെയൊരു തലക്കെട്ടിട്ടതും. കഥയിൽ ഭാവനയ്ക്കൊരിടം വേണ്ടെന്നാകുമോ ഇനി ലേഖകനുദ്ദേശിച്ചത്? അതോ സംഭവങ്ങൾ സത്യസന്ധമായെഴുതി വയ്ക്കുന്നതാണോ കഥ? അങ്ങനെയെങ്കിൽ ലേഖനത്തിന്‌ കൊടുത്തിരിക്കുന്ന തലക്കെട്ട് ഉചിതമായി. ‘കഥയിൽ ചോദ്യമില്ലെന്ന’ (ചോദ്യത്തിനു പോലും സ്ഥാനമില്ല , പിന്നല്ലേ സത്യം തിരയൽ!!) പഴമൊഴിയോർത്താൽ ‘ എം. ടി എഴുതിയത് കള്ളം’ എന്ന് അദ്ദേഹത്തിന്റെ കഥയെക്കുറിച്ചു പറയുന്നതെന്തസംബന്ധമാണ്.
പ്രസ്തുത ‘പുനർവായനയിൽ ‘ പിന്നെയുമൊരു പന്ത്രണ്ടു ലേഖനങ്ങൾ കൂടിയുണ്ട് സാഹിത്യ ലോകത്തെ പ്രതിഭാധനന്മാരുടേതായി. ഒരോന്നുമായി വീണ്ടും വരാം.

ബിന്ദു ഹരികൃഷ്ണന്‍

Leave a Reply

Your email address will not be published.

error: Content is protected !!