കുട്ടികളുണ്ട് സൂക്ഷിക്കുക

ലോക്‌ഡൌൺ മൂലമുണ്ടായ നഷ്ടബോധം അങ്ങേയറ്റമായത് സിനിമ കാണുന്നതിലാണ്. പൊതുവെ ഏതുതരം സിനിമയ്ക്കും കണ്ണും മനസ്സും കൊടുക്കുന്ന ആളായിട്ടുകൂടി കാണാനെടുത്ത മിക്ക സിനിമകൾക്കും പത്തുമിനിറ്റിനപ്പുറം പോകാൻ യോഗമുണ്ടായില്ല എന്നതാണ് ശരി. ‘ഥപ്പഡ്’ പോലെ വിരലിലെണ്ണാവുന്നവയ്ക്ക് മാത്രമേ ആ ദുര്യോഗമില്ലാതായുള്ളൂ. ചാനൽ സിനിമകൾ പൂർണ്ണമായും ഒഴിവാക്കിയ കുറേമാസങ്ങളാണ് കടന്നുപോയത്. ഒരു ഫേസ്ബുക്ക് പോസ്റ്റാണ് ശ്രീ. കലവൂർ രവികുമാറിന്റെ ലേറ്റസ്റ്റ് സിനിമയിലേയ്ക്ക് ശ്രദ്ധിക്കാൻ ഇടയാക്കിയത്. ‘കുട്ടികളുണ്ട് സൂക്ഷിക്കുക’. തമാശയാവും, പിന്നെ കുട്ടികളല്ലേ, മുഷിയില്ല എന്ന മുൻവിധിയിലാണ് കാണാനിരുന്നത്. യുക്തിക്കു നിരക്കാത്തത് ചിലയിടത്തു മുഴച്ചുനിന്നെങ്കിലും, വലിച്ചുനീട്ടൽ കുറച്ചുണ്ടായെങ്കിലും നല്ല സിനിമ, കുട്ടികളുടെ മികച്ച പ്രകടനം. അതുകൊണ്ടു തന്നെ സിനിമ കണ്ടുപൂർത്തിയാക്കാനുമായി. പക്ഷെ കലവൂർ രവികുമാറിന്റെ ഇതുവരെയുമുള്ള ചിത്രങ്ങളിൽ മികച്ചത് എന്ന് പറയാനാവില്ല, ഫാദേർസ് ഡേയും, അതിലെ സീതാലക്ഷ്മിയും മനസ്സിലുള്ളപ്പോൾ. 2012 -ൽ നിന്ന് വളരെദൂരം പോയിരിക്കണം ‘കുട്ടികളുണ്ട് സൂക്ഷിക്കുക’യിലെത്താൻ, നാലുവർഷത്തെ ഇടവേളയല്ല കാര്യം, അതിനിടയിൽ തേച്ചുമിനുക്കിയെടുത്ത് കൂടുതൽ പ്രകാശിപ്പിക്കേണ്ടിയിരുന്ന പ്രതിഭയാണ്. ഇനിയും കൂടുതൽ നല്ല സിനിമകളുണ്ടാവട്ടെ എന്ന ആശംസകളോടെ, സിനിമയെ അങ്ങേയറ്റം സ്നേഹിക്കുന്ന, ‘അടയാള’ത്തിന്റെ വെള്ളിത്തിര വായനക്കാർ.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!