കുമ്പളങ്ങി നൈറ്റ്സ്

കുമ്പളങ്ങി പോലെ അവിടെ ജീവിക്കുന്ന ഓരോ മനുഷ്യരും ഓരോ തുരുത്താണ് . അവിടെയവർ അർത്ഥത്തിനായി വിയർക്കുന്ന വാക്കുകളും, അർത്ഥം കവർന്നു നശിപ്പിച്ച വാക്കുകളും, അർത്ഥ കൊഴുപ്പുകൊണ്ടഴുകുന്ന വാക്കുകളും കൊണ്ട് തോന്നുന്ന പോലെ ജീവിതമുണ്ടാക്കി കളിക്കുന്നു . ആ ജീവിതം അവർക്ക്‌ ചുറ്റുമിങ്ങനെ കെട്ടിക്കിടക്കുന്നു. ഈ ഒരു പശ്ചാത്തലത്തിലാണ് കുമ്പളങ്ങി നൈറ്സിന്റെ കഥ സംവിധായകൻ മധു നാരായണനും ശ്യാം പുഷ്കരനും കാട്ടി തരുന്നത് .
സഹോദരങ്ങളുടെ സ്നേഹവും അതിനിടയിലെ ഇണക്കവും പിണക്കവും തുടർ സംഭവങ്ങളിൽ വരുന്ന പ്രണയവും തിരിച്ചറിവുകളും അതിനൊപ്പം തന്നെ ടെക്നിക്കൽ വശങ്ങളിൽ മികവ് പുലർത്തി ഒരു ഫീൽ ഗുഡ് സിനിമ എന്നതിലുപരി ഒരുപാട് ലയറുകളുള്ള മികച്ച അനുഭവമാണ് കുമ്പളങ്ങി നൈറ്സ് . എല്ലാ കഥാപാത്രങ്ങൾക്കും കൃത്യമായ ഐഡന്റിറ്റി നൽകുന്ന എഴുത്തും പ്രകടനവും ചിത്രീകരണവും . മനുഷ്യരെ പലയിടങ്ങളിൽ അല്ലെങ്കിൽ അവരവരുടെ വ്യത്യസ്ത നിലപാടുകളിൽ അവരായിത്തന്നെ കാട്ടിത്തരുമ്പോൾ ഇതുവരെ സ്‌ക്രീനിൽ കാണാത്ത ഒരു തലത്തിലേക്കോ പ്രകടനത്തിലേക്കോ ഒക്കെ മണ്ണിൽ നിൽക്കുന്ന കഥാപാത്രങ്ങൾ ചേക്കേറുന്നുണ്ട് ഈ സിനിമയിൽ.
ആ പഞ്ചായത്തിലെ വൃത്തിയില്ലാത്ത ഏറ്റവും മോശം വീടെന്ന് ഫ്രാങ്കി പറയുന്ന വാതിലുകളില്ലാത്ത, പണി തീരാത്ത ആ വീടും ഒരർത്ഥത്തിൽ മനുഷ്യൻ തന്നെയാണ് . ഫ്രാങ്കി പറയുന്ന പോലെ തന്നെ ആ നാട്ടിലെ ഭൂരിപക്ഷവും അവിടെ താമസിക്കുന്നവരെയും ആ വീടിനെപ്പോലെയാണ് കാണുന്നതും. രണ്ടാം പകുതിയിൽ വാതിലുകൾ ഇല്ലാത്ത വീടിനെ മനോഹരമാക്കി മാറ്റുകയും, സജി ഡോക്ടറുമായി സംസാരിക്കുന്ന സീനിൽ അത് ഇന്റൻസായി പ്രേക്ഷകന് അനുഭവപ്പെടുന്നുമുണ്ട് . കസാൻദ്സാക്കീസിന്റെയോ മറ്റോ ഒരു കഥയിൽ ദൈവത്തെ അന്വേഷിച്ചു ലോകം മുഴുവൻ അലഞ്ഞു നടന്നു നിരാശനായ കഥാപാത്രം ഒടുവിൽ ഒരു മരത്തോട് പറയുന്നു “മരമേ നീ ദൈവത്തിനെപറ്റി പറയൂ…” പെട്ടന്ന് മരത്തിൽ നിറയെ മനോഹരമായ പൂക്കൾ വിടർന്നു!! ഉറ്റ ചങ്ങാതിയുടെ മരശേഷം അയാളുടെ വീട്ടിലെത്തുന്ന സജി കാണുന്നത് പുതിയ അതിഥിയെ വരവേൽക്കാനെന്നോണം അടിമുടി പൂവിട്ടു നിൽക്കുന്ന വീടാണ്. കസാൻദ്സാകേസിന്റെ വരികൾ പോലെ മനോഹരമായ ആ ദൃശ്യം പ്രേക്ഷകന്റെ ഹൃദയത്തിലും ഒരു പൂക്കാലം സമ്മാനിക്കുന്നുണ്ട് . മാനവികതയുടെ വലിയൊരു ലോകം കുമ്പളങ്ങി കാണിക്കുന്നത് സ്ത്രീ കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പിലാണ്. സജിയുടെ കുടുംബവുമായി ബന്ധപ്പെട്ട നാല് സ്ത്രീ കഥാപാത്രങ്ങളെ കൊണ്ട് വരുമ്പോൾ ഒരു ചിരിയും ഒരു ചേർത്ത് പിടിക്കലും തന്നെയാണ് മനുഷ്യനെ പരസ്പരം അടുപ്പിക്കുന്നതെന്നും കുമ്പളങ്ങി എന്ന പ്രാദേശികതയിൽ നിന്നും മനുഷ്യനുള്ള ഏതിടങ്ങളിലേക്കും പ്രതിഷ്ഠിക്കാൻ യോഗ്യതയുള്ള ഒന്നാണെന്ന് അതെന്നും ശ്യാം പുഷ്ക്കരൻ അസന്നിഗ്ധമായി അടിവരയുന്നു.

ഒരു നല്ല സംവിധായകൻ അല്ലങ്കിൽ ഒരു നല്ല തിരക്കഥാകൃത്ത് ആര് എന്നെന്നോട് ചോദിച്ചാൽ ജീവിതത്തെ ഏറ്റവും കാവ്യാത്മകമായി, സത്യസന്ധമായി എഡിറ്റ്‌ ചെയ്യുന്നവൻ എന്നായിരിക്കും ഉത്തരം. ആ അർഥത്തിൽ താനൊരു നല്ല എഡിറ്ററാണെന്ന് തെളിയിക്കാൻ മധു നാരായണനും തൊണ്ടി മുതലിലൂടെ വിശപ്പിന്റെ രാഷ്ട്രീയവും, മായാനദിയിലൂടെ പ്രണയത്തിന്റെ രാഷ്ട്രീയവും അവസാനം കുമ്പളങ്ങിയിലൂടെ മനുഷ്യ ബന്ധങ്ങളുടെ രാഷ്ട്രീയവും പറഞ്ഞ് ശ്യാം പുഷ്കരനും മികവ് തെളിയിക്കുന്നു . അഭിനേതാക്കളിൽ അവസരം കിട്ടിയാൽ ഒന്ന് പൊട്ടിക്കാൻ വരെ തോന്നിപ്പോകുന്ന രീതിയിൽ സൈക്കോ സ്വഭാവമുള്ള ഷമ്മിയെ അവതരിപ്പിച്ച ഫഹദ് ഫാസിലും , ബാബു ആന്റണിക്ക് പഠിക്കുന്ന പരീക്ഷയിൽ താൻ പരാജയപ്പെടുമെന്ന് ഉറപ്പിക്കുമാറ് തന്റെ കഥാപാത്രം മികച്ചതാക്കിയ ഷെയിൻ നിഗവും ശ്രീനാഥ്‌ ഭാസിയും, ഫ്രാങ്കിയെ അവതരിപ്പിച്ച മാത്യു തോമസും , അന്ന ബെന്നുമെല്ലാം മികച്ച കയ്യടക്കം പ്രകടിപ്പിച്ചപ്പോൾ പാർട്ണർഷിപ്പിൽ തേപ്പുകട നടത്തി ഓസി ജീവിക്കുന്നെന്ന് പഴികേട്ട് എവിടെ വച്ചോ സ്വയം തിരിച്ചറിയാതെ പോയ തന്നിലേക്ക് വീണ്ടും ചേക്കേറുന്ന സജിയെ അവതരിപ്പിച്ച സൗബിന്റെ അത്യുജ്ജല പ്രകടനം മലയാള സിനിമക്ക് ഒരിക്കലും മറക്കാവുന്നതല്ല . ഞാൻ സത്യമേ പറയാറുള്ളൂ കള്ളം പറയുമ്പോൾ പോലും എന്ന രീതിയിൽ വിലയിരുത്താവുന്ന അത്യുജ്ജല പ്രകടനം. കാഴ്ചകളെ ഏറ്റവും ഇമ്പമുള്ളതാക്കി ഷൈജു ഖാലിദിന്റെ ക്യാമറയും ,സൈജു ശ്രീധരന്റെ എഡിറ്റിങ്ങും, സുഷിന്‍ ശ്യാമിന്റെ സംഗീതവും മികച്ച നിലവാരം പുലർത്തുന്നുണ്ട് സിനിമയിലുടനീളം .

ചുരുക്കത്തിൽ രണ്ടു മണിക്കൂർ പതിമൂന്നു മിനിറ്റിന്റെ ദൈർഘ്യമെത്ര എന്ന് ചോദിച്ചാൽ ചിലപ്പോഴെങ്കിലും “അഞ്ചു മിനിറ്റ് ” എന്നുത്തരം പറഞ്ഞു പോകുന്ന സിനിമ …!!

രവി ബിനുരാജ്

Leave a Reply

Your email address will not be published.

error: Content is protected !!