ജയം

കാലപൂരുഷ! നീയേകീ
നോവുകള്‍ക്കൊക്കെ നാവുകള്‍
ഗദ്ഗദം വല കെട്ടുന്ന
കണ്ഠത്തില്‍ പ്രാണ ധാരകള്‍!
നിലയ്ക്കാതെ കുതിക്കൊള്‍വൂ
നിന്‍ പദാഹതിയേല്‍ക്കവേ
ചുര മാന്തിടുമസ്വസ്ഥ-
ധീര യൗവ്വന സാഹസം!
മുള പൊട്ടിയ നേരിന്റെ
താഴ് വാരങ്ങളിലിന്നിതാ
മുരിക്കുപോലെ പൂക്കുന്നൂ
മൂടിയോരസ്ഥിപഞ്ജരം;
കാണെക്കാണെ വളര്‍ന്നൂഴി-
വാനം തൊട്ടതു നില്‍ക്കവേ
കിടിലം കൊള്‍കയാം ചെങ്കോല്‍,
കിരീടങ്ങള്‍ തെറിക്കയാം!
അഭയംകൊണ്ടുണര്‍ന്നേറ്റ
ശക്തിതന്‍ ചണ്ഡവാതമായ്
അസത്യവാഴ്ച്ചതന്‍ തായ് വേ- .
രറുക്കും ചോദ്യശീലമായ്
പ്രളയംപോല്‍ ദിഗന്തങ്ങള്‍
മുട്ടി നില്‍ക്കും വെളിച്ചമേ,
ഇന്ത്യതന്‍ നെഞ്ചില്‍നിന്നൂറി
ജ്വലിക്കും ജീവരക്തമേ,
നിനക്കു നന്ദി ചൊല്ലട്ടേ
നിതാന്ത പുളകത്തൊടെ
നിന്നാല്‍ സനാഥരായ്ത്തീര്‍ന്ന
ഞങ്ങളമ്പതു കോടികള്‍!

വിഷ്‌ണുനാരായണന്‍ നമ്പൂതിരി

അക്ഷരങ്ങളുടെ മഹാകവിക്ക്, മഹാനായ അധ്യാപകന് അടയാളത്തിന്റെ കണ്ണീർ പ്രണാമം

Leave a Reply

Your email address will not be published.

error: Content is protected !!