ജലസുരക്ഷയ്ക്ക് ചില മാര്‍ഗങ്ങള്‍

1. ജലസുരക്ഷയെപ്പറ്റി ഇന്നുതന്നെ നിങ്ങളുടെ കുട്ടികളോട് സംസാരിക്കുക. ചുരുങ്ങിയത് എൻറെ വായനക്കാരിൽ ഒരാളുടെ കുട്ടി പോലും ഈ വേനലവധിക്കാലത്ത് മുങ്ങി മരിക്കാതിരിക്കട്ടെ.

2. തീ പോലെ വെള്ളം കുട്ടികള്‍ക്ക്‌ പേടിയോ മുന്നറിയിപ്പോ നല്‍കുന്നില്ലെന്നും, മുതിര്‍ന്നവര്‍ കൂടെയില്ലാതെ ഒരു കാരണവശാലും വെള്ളത്തിലേക്ക് ഇറങ്ങരുതെന്നും അവരെ നിര്‍ബന്ധമായും പറഞ്ഞു മനസ്സിലാക്കുക. അത് ഫ്ലാറ്റിലെ സ്വിമ്മിംഗ് പൂള്‍ ആയാലും, ചെറിയ കുളമായാലും, കടലായാലും.

3. നിങ്ങളുടെ കുട്ടിക്ക് നീന്താൻ അറിയില്ലെങ്കിൽ ഈ അവധിക്കാലം കുട്ടികളെ നീന്തല്‍ പഠിപ്പിക്കാന്‍ ശ്രമിക്കുക, ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും.

4. എന്നാൽ ‘അച്ഛൻ, അല്ലെങ്കിൽ അമ്മ പണ്ടെത്ര നീന്തിയിരിക്കുന്നു’ എന്നും പറഞ്ഞ് കുട്ടികളെയും കൊണ്ട് കുളത്തിലോ പുഴയിലോ പോകരുത്. പണ്ടത്തെ ആളല്ല നമ്മൾ, പണ്ടത്തെ പുഴയല്ല പുഴ. നീന്തൽ പഠിപ്പിക്കൽ പ്രൊഫഷണലുകൾക്ക് വിടുന്നതാണ് സുരക്ഷിതം.

5. അവധിക്ക് ബന്ധുവീടുകളില്‍ പോകുന്ന കുട്ടികളോട് മുതിർന്നവരില്ലാതെ കൂട്ടുകാരുടെ കൂടെ വെള്ളത്തില്‍ മീന്‍ പിടിക്കാനോ, യാത്രക്കോ, കുളിക്കാനോ, കളിക്കാനോ പോകരുതെന്ന് പ്രത്യേകം നിര്‍ദേശിക്കുക. വിരുന്നു പോകുന്ന വീടുകളിലെ മുതിര്‍ന്നവരെയും ഇക്കാര്യം ഓര്‍മിപ്പിക്കുന്നത് നല്ലതാണ്.

6. വെള്ളത്തില്‍ വെച്ച് കൂടുതലാകാന്‍ സാധ്യതയുള്ള അസുഖങ്ങള്‍ (അപസ്മാരം, മസ്സില്‍ കയറുന്നത്, ചില ഹൃദ്രോഗങ്ങള്‍) ഉള്ളവരെ പ്രത്യേകം ശ്രദ്ധിക്കുക. കൂട്ടുകാരോടും ബന്ധുക്കളോടും അത് പറയുകയും ചെയ്യുക.

7. അവധികാലത്ത് ടൂറിന് പോയി വെള്ളത്തിൽ ഇറങ്ങുന്പോള്‍ എന്തെങ്കിലും അപകടം പറ്റിയാല്‍ കൂട്ടുകാരെ രക്ഷപ്പെടുത്താനുള്ള സംവിധാനം കൂടെ കരുതണമെന്ന കാര്യം ആളുകളെ ബോധ്യപ്പെടുത്തുക. ലൈഫ് ബോയ് കിട്ടാനില്ലാത്തവര്‍ വാഹനത്തിന്റെ വീര്‍പ്പിച്ച ട്യൂബില്‍ ഒരു നീണ്ട പ്ലാസ്റ്റിക് കയര്‍ കെട്ടിയാല്‍ പോലും അത്യാവശ്യ സാഹചര്യത്തില്‍ ഉപകാരപ്രദമായിരിക്കും.

8. ഒരു കാരണവശാലും മറ്റൊരാളെ രക്ഷിക്കാന്‍ വെള്ളത്തിലേക്ക് എടുത്തു ചാടരുതെന്ന് എല്ലാവരെയും ബോധവൽക്കരിക്കുക. കയറോ, കന്പോ, തുണിയോ നീട്ടിക്കൊടുത്തു വലിച്ചു കയറ്റുന്നത് മാത്രമാണ് സുരക്ഷിത മാര്‍ഗം.

9. വെള്ളത്തില്‍ യാത്രയ്‌ക്കോ കുളിക്കാനോ കളിക്കാനോ പോകുന്ന സ്ത്രീകളും പെണ്‍കുട്ടികളും അവരുടെ വസ്ത്രധാരണത്തില്‍ പ്രത്യേകം ശ്രദ്ധിക്കുക. മിക്കവാറും കേരളീയവസ്ത്രങ്ങള്‍ അപകടം കൂട്ടുന്നവയാണ്. ഒന്നുകില്‍ വെള്ളത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ബുദ്ധിമുട്ടുണ്ടാക്കാത്ത വസ്ത്രങ്ങള്‍ ധരിക്കുക, അല്ലെങ്കില്‍ സുരക്ഷയിൽ കൂടുതല്‍ ശ്രദ്ധിക്കുക.

10. വെള്ളത്തിലേക്ക് എടുത്തു ചാടാതിരിക്കുക. വെള്ളത്തിന്റെ ആഴം ചിലപ്പോൾ കാണുന്നതിനേക്കാൾ കുറവായിരിക്കാം. ചെളിയില്‍ പൂഴ്ന്നു പോകാം, തല പാറയിലോ മരക്കൊന്പിലോ ഇടിക്കാം. ഒഴുക്കും ആഴവും മനസ്സിലാക്കി സാവധാനം വെള്ളത്തിലേക്ക് ഇറങ്ങുന്നതാണ് ശരിയായ രീതി.

11. ഒഴുക്കുള്ള വെള്ളത്തിലും പുഴയിലും ആഴം ഇല്ലാത്തതു കൊണ്ടുമാത്രം കുട്ടികള്‍ സുരക്ഷിതരല്ല. ബാലന്‍സ് തെറ്റി വീണാല്‍ ഒരടി വെള്ളത്തിൽ പോലും മുങ്ങി മരണം സംഭവിക്കാം.

12 . സ്വിമ്മിംഗ് പൂളിലെ ഉപയോഗത്തിനായി കന്പോളത്തില്‍ കിട്ടുന്ന വായു നിറച്ച റിംഗ്, പൊങ്ങി കിടക്കുന്ന ഫ്‌ളോട്ട്, കയ്യില്‍ കെട്ടുന്ന ഫ്‌ളോട്ട് ഇവയൊന്നും പൂര്‍ണ സുരക്ഷ നല്‍കുന്നില്ല. ഇവയുള്ളതുകൊണ്ട് മാത്രം മുതിര്‍ന്നവരുടെ ശ്രദ്ധയില്ലാതെ വെള്ളത്തില്‍ ഇറങ്ങാൻ കുട്ടികൾ മുതിരരുത്.

13 . നേരം ഇരുട്ടിയതിനു ശേഷം ഒരു കാരണവശാലും വെള്ളത്തില്‍ ഇറങ്ങരുത്. അതുപോലെ തിരക്കില്ലാത്ത ബീച്ചിലോ, ആളുകള്‍ അധികം പോകാത്ത തടാകത്തിലോ, പുഴയിലോ പോയി ചാടാന്‍ ശ്രമിക്കരുത്.

14 . മദ്യപിച്ചതിന് ശേഷം ഒരിക്കലും വെള്ളത്തിൽ ഇറങ്ങരുത്. നമ്മുടെ ജഡ്ജ്‌മെന്റ്റ് പൂർണ്ണമായും തെറ്റുന്ന സമയമാണത്. അനാവശ്യമായ റിസ്ക് എടുക്കും, കരകയറാൻ പറ്റാതെ വരികയും ചെയ്യും.

15 . സുഖമില്ലാത്തപ്പോഴോ മരുന്നുകള്‍ കഴിക്കുന്പോഴോ വെള്ളത്തില്‍ ഇറങ്ങരുത്.

16 . ബോട്ടുകളില്‍ കയറുന്നതിന് മുൻപ് അതിൽ സുരക്ഷക്കുള്ള ലൈഫ് വെസ്റ്റ് ഉണ്ടെന്ന് ഉറപ്പാക്കുക.

സുരക്ഷിതമായ ഒരു അവധിക്കാലം ആശംസിക്കുന്നു.

മുരളി തുമ്മാരുകുടി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!