തുല്യനീതി പുലരട്ടെ…

പോയവാരം വാർത്തകൾ സൃഷ്ടിച്ചത് സുപ്രീംകോടതിയാണ്. രാജ്യം മുഴുവൻ ശ്രദ്ധിക്കപ്പെട്ട രണ്ടു വിധികളാണ് പരമോന്നത നീതിപീഠത്തിൽ നിന്നുമുണ്ടായത്.
ആദ്യത്തേത് വിവാഹേതര ലൈംഗിക ബന്ധം ക്രിമിനൽ കുറ്റമല്ലെന്ന സുപ്രീംകോടതി അഞ്ചംഗ ഭരണഘടനാബെഞ്ചിന്റെ ഏകകണ്ഠമായ വിധിയാണ്. വിവാഹേതരബന്ധത്തിൽ പുരുഷനെ മാത്രം കുറ്റക്കാരനാക്കുന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ 497, ക്രിമിനൽ നടപടിക്രമത്തിലെ 198 (2) എന്നീ വകുപ്പുകൾ ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി റദ്ദാക്കിയാണ് ചരിത്രവിധി.
പരസ്‌പര സമ്മതത്തോടെയുള്ള വിവാഹേതര ബന്ധം കുറ്റകരമല്ല. വിവാഹേതര ബന്ധം കുറ്റകൃത്യമായി കണ്ടാൽ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാകും. ഒരേ പ്രവൃത്തി ചെയ്തതിന് ഒരാളെ മാത്രം കുറ്റക്കാരനാക്കുന്നത് വിവേചനമാണ്. പുരുഷൻ സ്ത്രീയുടെ അധികാരിയല്ല. സ്ത്രീക്കും പുരുഷനും തുല്യപ്രാധാന്യമാണുള്ളത് -158 വർഷം പഴക്കമുള്ള നിയമം നീക്കി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനും ജസ്റ്റിസുമാരായ എ.എം. ഖാൻവിൽക്കർ, രോഹിന്റൺ നരിമാൻ, ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദുമൽഹോത്ര എന്നിവർ അംഗങ്ങളുമായ ബെഞ്ച് വ്യക്തമാക്കി. നാലു വിധിന്യായങ്ങളാണുണ്ടായത്.
അതേസമയം, വിവാഹേതര ബന്ധം വിവാഹമോചനം ആവശ്യപ്പെടാനുള്ള കാരണമായി തുടരും. വിവാഹേതര ബന്ധത്തിൽ മനംനൊന്ത് പങ്കാളി ആത്മഹത്യചെയ്താൽ പ്രേരണക്കുറ്റത്തിന് നടപടി നേരിടേണ്ടിയും വരും.
ഭാര്യയുമായി ബന്ധപ്പെട്ട പുരുഷനെതിരെ ക്രിമിനൽ കേസ് നൽകാൻ ഭർത്താവിന് പ്രത്യേക അധികാരം നൽകുന്നതാണ് 497-ാം വകുപ്പ്. കുറ്റക്കാരനെന്ന് തെളിഞ്ഞാൽ അയാൾക്ക് അഞ്ചുവർഷം വരെ തടവ് ശിക്ഷയോ പിഴയോ രണ്ടും കൂടിയോ ലഭിക്കാം.
എന്നാൽ വിവാഹേതര ബന്ധത്തിന് ഭർത്താവിനെതിരെയോ അയാളുമായി ബന്ധപ്പെട്ട സ്ത്രീക്കെതിരെയോ കേസുകൊടുക്കാൻ ഈ വകുപ്പ് പ്രകാരം ഭാര്യക്ക് അവകാശമില്ല. ആ സ്‌ത്രീയുടെ ഭർത്താവിന്റെ സമ്മതത്തോടെയാണ് ലൈംഗിക ബന്ധമെങ്കിൽ അത് കുറ്റകരവുമല്ല. അതുപോലെ ഭർത്താവ് അവിവാഹിതയായ സ്‌ത്രീയുമായി ലൈംഗിക ബന്ധം പുലർത്തുന്നതും കണക്കിലെടുക്കുന്നില്ല. ഇക്കാരണങ്ങളാൽ ഈ വകുപ്പ് പ്രകടമായും ഏകപക്ഷീയവും ഭരണഘടനാവിരുദ്ധവുമാണെന്ന് കോടതി വ്യക്തമാക്കി.
497ാം വകുപ്പ് ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കാൻ പ്രവാസി മലയാളിയായ ജോസഫ് ഷൈൻ നൽകിയ ഹർജിയിലാണ് കോടതിയുടെ ചരിത്രവിധി. ജോസഫ് ഷൈന് വേണ്ടി അഡ്വ. കാളീശ്വരം രാജ് ഹാജരായി.
വിവാഹത്തിന്റെ പരിശുദ്ധി നിലനിറുത്താനും പൊതുനന്മയ്ക്കും ഈ വകുപ്പ് നിലനിറുത്തണമെന്നായിരുന്നു കേന്ദ്രസർക്കാരിന്റെ നിലപാട്.

രണ്ടാമത്തേത് ശബരിമലയില്‍ പ്രായഭേദമില്ലാതെ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന വിധിയാണ് . ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് ചരിത്രപരമായ വിധി പ്രഖ്യാപിച്ചത്. പത്തിനും അമ്പതിനുമിടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് ‘ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷന്‍’ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ചരിത്രപരമായ വിധി.

ചീഫ് ജസ്റ്റിസിനെ കൂടാതെ ജസ്റ്റിസുമാരായ ആര്‍.എഫ്. നരിമാന്‍, എ.എം. ഖാന്‍വില്‍ക്കര്‍, ഡി.വൈ. ചന്ദ്രചൂഢ്, ഇന്ദു മല്‍ഹോത്ര എന്നിവര്‍ അംഗങ്ങളായ അഞ്ചംഗ ബെഞ്ചില്‍ നാലു പേര്‍ക്കും ഒരേ അഭിപ്രായമായിരുന്നു. ഇന്ദു മല്‍ഹോത്ര മാത്രമാണ് ഭൂരിപക്ഷ വിധിയോട് വിയോജിച്ചിരിക്കുന്നത്. മതവുമായി ബന്ധപ്പെട്ട ആഴമേറിയ വൈകാരിക വിഷയങ്ങള്‍ മതത്തിനും തന്ത്രികള്‍ക്കും വിടുന്നതാണ് നല്ലതെന്നായിരുന്നു അവരുടെ നിലപാട്.

വിധിയിലെ പ്രധാന പരാമര്‍ശങ്ങള്‍ ഇവയാണ്.

പ്രത്യേക സമയങ്ങളില്‍ സ്ത്രീകള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനെ തടയുന്ന കേരള ഹിന്ദു പൊതു ആരാധനാ സ്ഥല പ്രവേശന ചട്ടങ്ങളിലെ 3(ബി) വകുപ്പ് റദ്ദാക്കി
വിശ്വാസത്തില്‍ തുല്യതയാണ് വേണ്ടതെന്ന് ചീഫ് ജസ്റ്റിസ്
ശാരീരികവും ജൈവികവുമായ പ്രത്യേകതകള്‍ വിവേചനത്തിന് കാരണമാകരുത്
ശബരിമലയിലെ അയ്യപ്പ ഭക്തന്‍മാരെ പ്രത്യേക ഗണമായി കാണാനാവില്ല
ഭരണഘടനയുടെ പാര്‍ട്ട്-III അനുശാസിക്കുന്ന മൗലികാവകാശങ്ങള്‍ സമൂഹത്തിന്റെ പരിവര്‍ത്തനത്തിന് അനിവാര്യമാണെന്ന് ജസ്റ്റിസ് നരിമാന്‍
സ്ത്രീകളെ ശബരിമലയില്‍ അനുവദിക്കാതിരിക്കുന്നത് ഭരണഘടനാ ലംഘനവും 21-ാം വകുപ്പിന്റെ ലംഘനവുമാണ്
41 ദിവസത്തെ വ്രതം സ്ത്രീകള്‍ക്ക് എടുക്കാനാവില്ലെന്ന വാദം അംഗീകരിക്കാനാവില്ല. സ്ത്രീകളെ ദുര്‍ബലരായി കാണുന്നതാണ് ഈ വാദമെന്നും ജസ്്റ്റിസ് നരിമാന്‍
മത നിയമങ്ങള്‍ വെച്ചുപുലര്‍ത്താന്‍ മതങ്ങള്‍ക്ക് അധികാരമുണ്ട്. എന്നാല്‍ ഏതു രീതിയിലുള്ള മത നിയമങ്ങളും ഭരണഘടനയുമായി യോജിച്ചു പോകുന്നതായിരിക്കണമെന്ന് ജസ്റ്റിസ് ചന്ദ്രചൂഢ്
ജീവശാസ്ത്രപരമായ കാരണത്താല്‍ സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത് ഇന്ത്യന്‍ ഭരണഘടനയിലെ തുല്യതയ്ക്കുള്ള അവകാശം ഉറപ്പാക്കുന്ന വകുപ്പായ 14, മത,ജാതി,സ്ഥലം, ഭാഷ എന്നിവയുടെ പേരിലുള്ള വിവേചനത്തെ തടയുന്ന വകുപ്പ് 15, തൊട്ടുകൂടായ്മയുടെ നിഷ്‌കാസനം ഉറപ്പാക്കുന്ന വകുപ്പ് 17 എന്നിവയുടെ ലംഘനമാണോ എന്ന പരിശോധനയായിരുന്നു പ്രധാനമായും ഭരണഘടനാ ബെഞ്ച് നടത്തിയത്.
സുപ്രീംകോടതി നടപ്പാക്കിയത്, വിധിച്ചത്, നിരീക്ഷിച്ചത് തുല്യനീതിയാണ്. പുരുഷനും സ്ത്രീക്കും തുല്യ നീതി നൽകുന്നതിൽ, പുരുഷകേന്ദ്രീകൃത സമൂഹത്തിൽ സ്ത്രീകൾക്ക് അന്തസ്സോടെ തലയുയർത്തി നടക്കാനുള്ള അവകാശം നൽകുന്നതിൽ സുപ്രീംകോടതിയുടെ നോട്ടം വിജയിച്ചിരിക്കുന്നു. ബഹുമാനപ്പെട്ട പരമോന്നത നീതിപീഠത്തിന് അഭിവാദ്യങ്ങൾ അർപ്പിക്കുന്നു.

അനീഷ് തകടിയിൽ

Leave a Reply

Your email address will not be published.

error: Content is protected !!