ത്യാഗി

ഒറ്റയ്ക്കായവന്റെ വീടു കണ്ടിട്ടുണ്ടോ?
മാറാലകെട്ടിയ ഉമ്മറവാതിലിനപ്പുറം
അലങ്കോലപ്പെട്ടു കിടക്കുന്നിടം വീടെന്നറിയപ്പെടും
പൊടിയുറഞ്ഞുപിടിച്ച അട്ടികളടർത്തി മാറ്റിയാൽ മാത്രം
തെളിയുന്ന കൗതുകങ്ങളുമായി
സ്വീകരിക്കാൻ ആരുമില്ലാത്ത സ്വീകരണമുറി;
പാതിയായും മുഴുവനായുമൊഴിഞ്ഞ ചായക്കോപ്പകളിൽ
കുഞ്ഞിച്ചിലന്തികൾ വലകെട്ടിക്കളിക്കും.
വലകളിൽ തൂങ്ങിയാടുന്ന ബീഡിത്തുണ്ടും
തീപ്പെട്ടിക്കൊള്ളികളും അലങ്കാരങ്ങളാകും.
ചിതറിവീണ വർത്തമാനപ്പത്രങ്ങൾക്കൊപ്പം
വർത്തമാനങ്ങളേതുമില്ലാത്ത നിശബ്ദത കനത്തുകിടയ്ക്കും.
ഇട്ടുമുഷിഞ്ഞതും പകുതി മുഷിഞ്ഞതും കഴുകി ഈറൻമാറാത്തതുമായ
ഉടുതുണികൾ കൂട്ടിയിട്ട
അഴുക്കുമൂലകളാൽ അലംകൃതമായ കിടപ്പുമുറികൾ,
വെള്ളവും വെളിച്ചവും അന്യമായ കിടക്കയിലും വിരികളിലും
തങ്ങിനിൽക്കുന്ന കൊഴുത്ത വായുവിന്
മടുപ്പിക്കുന്ന വിയർപ്പുമണം.
ആകെയുള്ള പാത്രങ്ങൾ ഒന്നുപോലും വിട്ടുപോകാതെ
വാരിനിരത്തിയിട്ട അടുക്കള,
കറുത്തും കരിപിടിച്ചും മടുത്തുകിടക്കുന്നവ
രക്ഷിക്കാനായി കൈനീട്ടും!
എല്ലാത്തതിനെക്കാളും മുഷിഞ്ഞും മടിപിടിച്ചും
നിറംമങ്ങിയൊരു കസേരയിലവനുണ്ടാക്കും,
ജീവിതം ത്യജിച്ചു ത്യാഗിയായവൻ!!

ഇനി,
ഒറ്റയ്ക്കായിപ്പോയവളുടെ വീടു നോക്കിയാലോ കാണാം,
ഇഷ്ടമില്ലാതിരുന്നിട്ടും ആരെയോ ബോധിപ്പിക്കാനായി
അടിച്ചുപെരുക്കിയിട്ട കോലായ.
ചുറ്റും കെട്ടിനിൽക്കുന്ന മാറാലയിലേക്കവൾ സംശയിച്ചു നോക്കും;
ഇന്നു വേണോയെന്ന്!
മാറാലയ്‌ക്കൊരു ദിവസംകൂടി ആയുസ്സു നീട്ടിക്കൊടുത്തവൾ
ദയാലുവാകും.
നാളേയ്ക്ക് നാളേയ്‌ക്കെന്നു നീട്ടിവയ്ക്കപ്പെടുന്നവകൊണ്ട്
നിറഞ്ഞിരിക്കും വീടിനകം.
അഴുക്കുറഞ്ഞ നിലം വെറുതെ ചൂലുകൊണ്ടു തട്ടി
വൃത്തിവരുത്തിയതായി അഭിനയിക്കും.
കുന്നുകൂടിയ തുണികൾക്കു പിന്നീടൊരു ദിവസം അനുവദിച്ച്‌
ഇന്നിലവൾ സംതൃപ്തയാകും.
കരിപുരണ്ട പാത്രങ്ങൾ കരിമാത്രമൊഴിവായി
കരയിലിരിക്കും.
അങ്ങനെ നാളെയ്ക്കുള്ളവ കൊണ്ട് നിറഞ്ഞ
വീടിനകം നോക്കിയവൾ ആശ്വാസനിശ്വാസമുതിർക്കും!
ആര് കാണാനെന്ന്,
അലമുറയിട്ടു പാറിപ്പറക്കുന്ന മുടിയിഴകളെ അങ്ങനേ വിട്ട്,
മുഷിഞ്ഞതായൊന്നുചുറ്റി ചൂളിപ്പിടിച്ചൊരു കസേരയിലിരിപ്പുണ്ടാകും
അവൾ! എല്ലാവരാലും ത്യജിക്കപ്പെട്ടവൾ!!

ബിന്ദു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!