നല്ശ്രാദ്ധം

  പിതൃക്കൾക്ക് കർമ്മം ചെയ്യുക, അവരെ ഊട്ടുക ഇത്യാദി കാര്യങ്ങളിലൊന്നും നമുക്ക് വലിയ താല്പര്യമില്ലാത്തതാണ്. എന്നിരുന്നാൽത്തന്നെയും…
വിശ്വാസക്കുറവ്, സമയമില്ലായ്മ, പണ്ടത്തെ കുടുംബങ്ങളിലെ ബന്ധുക്കൾക്കെല്ലാം ഒത്തുചേരാനുള്ള സന്ദർഭങ്ങളില്ലായ്മ, ഇവയൊക്കെയാണ് കാരണങ്ങൾ. എങ്കിൽത്തന്നെയും…
എന്തോ ഇക്കൊല്ലം ചില കാരണവൻമാർ മനസ്സുവച്ചു. വീട്ടുകാർ നിർബന്ധിച്ചപ്പോൾ ഒരു കാഴ്ചക്കാരനായി ഞാനും പോയി.
  ഭക്തിയുടെ കർമ്മസ്ഥലിയിൽ വല്ല്യമാമൻ ഈറനണിഞ്ഞു നിന്നു. ഈറനിൽ നിന്നുറ്റുന്ന തുള്ളിജലം കണ്ട് പിതൃക്കൾക്ക് സായൂജ്യമുണ്ടാകുമത്രേ. സപിണ്ഡീകരണത്തിനായി മാമൻ തെക്കോട്ടിരിക്കുന്ന വാഴയിലയിലെ ദർഭയിൽ എള്ള് വിതറി തീർത്ഥം തളിച്ചു. പിതൃക്കളെ മനസ്സിൽ സങ്കൽപ്പിച്ച്, പ്രാർത്ഥിച്ച് പിണ്ഡം സമർപ്പിച്ചു. ശ്രാദ്ധം കഴിഞ്ഞ് അദ്ദേഹം ഭക്തിയോടെ തിരികെ നടന്നു.
  ശ്രാദ്ധം ജനിപ്പിച്ച മഹാ നിശബ്ദതയുടെ അസ്വാസ്ഥ്യങ്ങളെ മറികടന്ന് പുതിയ തലമുറക്കാരായ ഞങ്ങൾ കുടുംബസമാഗമത്തിന്റെ സന്തോഷത്തിലേക്ക് തിരികെപ്പോയി. കൊച്ചുകുട്ടികൾ മുതിർന്നവരുടെ ഫോണുകളിൽ കളിച്ചു. അമ്മമാരും ഭാര്യമാരും സദ്യവട്ടങ്ങളൊരുക്കാനായി തിരിഞ്ഞു.  കാരണവൻമാർ കൂടിയിരുന്ന് കുശലംപറഞ്ഞ് ചിരിച്ചു. ആണുങ്ങൾ ലോകവും ജീവിതവും ചർച്ച ചെയ്തു.
ഞാൻ അവിശ്വാസവും നീട്ടിപ്പിടിച്ചുകൊണ്ട് ശ്രാദ്ധ സ്ഥലത്തിന്നരികിലായി നിന്നു. ഇനിയും വല്ല ബലിക്കാക്കകളും വരുന്നുണ്ടോ?
തിരിച്ചു നടക്കാൻ തുടങ്ങിയപ്പോഴല്ലേ പറയേണ്ടു. കാവുമ്പുറം വീട്ടിൽ പണ്ട് ജീവിച്ചിരുന്ന ഭവാനി മുത്തശ്ശി അതാ ഒരു കാക്കയായി പറന്നിരിക്കുന്നു!
  ചാടിച്ചാടി തർപ്പണത്തിന്നടുത്ത് വന്ന് വറ്റ് ഭക്ഷിച്ചതിനു ശേഷം ചുണ്ട് തുടച്ചുകൊണ്ട് എന്നെ ചരിഞ്ഞു നോക്കി. ജന്മാന്തരങ്ങളിലെ ചരിഞ്ഞ കാക ദൃഷ്ടിയിൽ ഞാനൊരു ആന്ദോളനം ചെയ്യുന്ന ബിംബമായി നിലകൊണ്ടു.
” നീ എവിടുത്തേയാ പിള്ളേ?” മുത്തശ്ശി ചോദിച്ചു.
” കളത്തറത്തെ സരോജിനിയമ്മയുടെ ചെറുമോനാണ് മുത്തശ്ശി. ഹരി.”
” നീ പപ്പിനീടെ മോനാ?”
” അതേല്ലോ”
” പാലത്തോട്ടത്തെ അംബുജയുടെ മോള്ടെ നായര് നീയാ?”
” വീണയെ വിവാഹം കഴിച്ചത് ഞാനല്ല മുത്തശ്ശീ”
” പിന്നെ നീ ആരേയാ പെടവെട കഴിച്ച?” ( കല്യാണം എന്ന അർത്ഥത്തിൽ)
” ഞാനാരെയും വിവാഹം
കഴിച്ചില്ല  മുത്തശ്ശീ”
“ഓ അങ്ങനെയാ. അവുത്ത്ങ്ങ്ളില് ആ ശങ്കു മാത്രമെ നേർവഴിക്ക് പോയുള്ളു. അംബൂന്റെ അപ്പൂപ്പനേ. ചൊല്ലിക്കൊട്, നുള്ളിക്കൊട്, തള്ളിക്കളയെന്നല്ലേ.. ശിവശിവാ. ഇതേതാ വർഷം പിള്ളേ?”
” രണ്ടായിരത്തി പത്തൊൻപത്”
” കൊല്ലവർഷം പറയോ”
” ഒരു മിനിട്ട് മുത്തശ്ശി. സെർച്ച് ചെയ്യട്ടെ… കൊല്ലവർഷം ഇത് ആയിരത്തിഒരുന്നൂറ്റി തൊണ്ണൂറ്റി നാല്”
” ഓ അപ്പോ ഞാൻ മരിച്ചിട്ട് മുപ്പത്തിയൊന്ന് വർഷമായി. എത്ര വയസ്സായിരുന്നൂന്ന് നിശ്ചയോല്ലാ”
” മരിക്കുമ്പോ മുത്തശ്ശിക്ക് തൊണ്ണൂറ്റിമൂന്ന് വയസ്സുണ്ടായിരുന്നുവെന്നാ എല്ലാരും പറയണേ”
” അങ്ങനെയാ. കാവുമ്പുറത്തിപ്പോൾ ആയില്യം വിളക്കുണ്ടോ പിള്ളേ?”
” അറിയില്ല മുത്തശ്ശി. ഉണ്ടെന്നാ തോന്ന്ണേ. പാമ്പുണ്ടെന്നറിയാം. അവധി ദിവസങ്ങളിൽ എല്ലാം വരും. പാമ്പായി തിരിച്ചു പോകും”
” കാവായാൽ പാമ്പുണ്ടാവണം. നിശ്ചയല്ലേ. പാലത്തോട്ടത്ത് കാവായിരുന്നില്ലേ വിശേഷം. എല്ലാം നശിച്ചില്ലേ!”
” പാലത്തോട്ടത്തുകാർക്കും കാവുണ്ടായിരുന്നോ മുത്തശ്ശീ?”
” ശിവശിവാ മണ്ണാറശ്ശാല തോൽക്കില്ലേ. ആയില്യത്തിന് കൊട്ടിഘോഷവും ചുറ്റുവിളക്കും. എന്തെങ്കിലും ബാക്കിയുണ്ടോ. ഉഗ്രകോപം”
” ആതൊക്കെ ആൾക്കാര് പറയണതാണ് മുത്തശ്ശി”
” നാരായണാ എല്ലാം കണ്ട് ജീവിച്ച ഞാൻ പറേണത് കളവോ. കാവിലൊരു മൃഗം വന്നു കിടന്നൂന്ന് ഞാനറിഞ്ഞു. വിക്രമൻ കണ്ട് പേടിച്ചു കിടന്നു. ജ്വരമായി. നാലുനാളിനപ്പുറം പോയില്ല. ആ ശീമാട്ടികൾക്കൊന്നിനും ഒരു കുലുക്കോമുണ്ടായില്ല. കള്ളി വെളിച്ചത്താവില്ലേ. ആരുമറിയാതെയായിരുന്നല്ലോ സന്ധി. എത്യാദി മൃഗമാണെന്ന് ആർക്കുമറിയില്ല. കരടിയെപ്പോലെ മുടി. പുലിയെപ്പോലെ വാല്. നീണ്ട കോമ്പല്ല്. എന്നതോ. രാത്രീല് കാലില് തിടമ്പിട്ടോണ്ട് അലറിവിളിച്ച് നടന്നത് കണ്ടവരുണ്ട്. ചക്രം ചവിട്ടാൻ വരണ കൊമരൂട്ടി  കുഞ്ഞിമാമനോട് പറയുന്നത് കേട്ടു.” അങ്ങുന്നേ രാത്രീല് വല്ലാതെ മറുത കരേണേ” . അവ്ത്തങ്ങൾക്കും സ്വസ്ഥതയുണ്ടായില്ല. എല്ലാ തൃസന്ധ്യയിലും മൃഗം വന്ന് കാവിൽ കിടന്നു. ഒരീസം കാവാകെ രക്തം. പിന്നെ അതിനെ കാണുകയുണ്ടായില്ല. നാഗര് സ്വയം ഒടുങ്ങീന്നല്ലേ പ്രശ്നത്തില്.  ആരും പോകാണ്ടായി. എത്രനാൾ കിടന്നു. എത്രപേർ മരിച്ചുപോയി. നമ്പൂരിയുടെ ആൾക്കാർ വന്നപ്പോൾ( ഭൂപരിഷ്കരണനിയമങ്ങൾ നടപ്പിലാക്കിയ കാലത്തെക്കുറിച്ചായിരിക്കും മുത്തശ്ശി ഉദ്ദേശിച്ചത്) നിരൂദകം ചെയ്ത് കിട്ടിയ വകകളല്ലേ പൊയ്ക്കോട്ടേന്ന് ഞാൻ പറഞ്ഞു. വലിയ പത്തായങ്ങളും, ചക്രങ്ങളും, ചന്ദനത്തടികളും, തൂണുകളും മുറ്റത്തിട്ട് കത്തിച്ചു. പാലത്തോട്ടത്ത് വക ഒരു തുരുമ്പുപോലും ഇങ്ങോട്ടേക്കെടുക്കരുതെന്ന് ഞാൻ ശഠിച്ച് പറഞ്ഞു. കാവുമ്പറത്തിപ്പോൾ ആരാ താമസം പിള്ളേ?”
” അമൃതേച്ചിയും കുടുംബവും”
” ആനയറയോ?”
”  ആരുമില്ല”
” ജനാർദ്ദനെങ്ങനാ മരിച്ചേ?”
” ഭ്രാന്തായിരുന്നു മുത്തശ്ശി. ആക്ച്വലി ഭ്രാന്തല്ല. മുറ്റത്ത് ആരൊക്കെയോ വന്നു നിൽക്കുന്നൂന്ന് പറഞ്ഞോണ്ടിരിക്കും”
” സരസുവോ?”
” സരസുവമ്മുമ്മ സ്വയം തീകൊളുത്തി”
” മറ്റുള്ളവരോ?”
” അറിയില്ല മുത്തശ്ശി. ഏതാനും പേർ കൺവർട്ടഡ് ആയെന്നാ തോന്നണേ. അതായത് മാർക്കം കൂടി എങ്ങാണ്ടൊക്കെയോ പോയി”
” അതേയതെ. പത്മത്തോട് ഞാനെത്ര പറഞ്ഞു. ശിമാട്ടികളുടെ പുത്തൻ ശീലുകളൊന്നും പഠിച്ച് വശാക്കണ്ടാന്ന്. കേട്ടില്ല. നിന്ററെ അച്ഛാമ്മയില്ലേ. പാവം പത്മം! വയസ്സായപ്പോഴും എന്നോട് സ്വകാര്യത്തിൽ പറഞ്ഞു. ബന്ധമൊന്നും മുറിയേണ്ടിയിരുന്നില്ലാന്ന് തോന്ന്ണ് ചെറ്യമ്മേന്ന്. ( എന്റെ അച്ഛാമ്മ  തിരുവിതാം കൂർ ഭരണകാലത്ത് തന്നെ വിവാഹമോചനം നേടിയ സ്ത്രീയായിരുന്നു)  വേലപ്പാട്ട് പാടി വന്ന പാച്ചോളൻ പറഞ്ഞു:( “ഉപ്പോട് മുളകോട് വാരിത്താ മാതാവേ പഞ്ഞകാലങ്ങൾക്കുമറുതി വര്കേൻ” എന്ന് പാടിക്കൊണ്ട് ഓണക്കാലത്ത് തറവാടുകളിൽ വന്നിരുന്ന അക്കാലത്തെ സമ്പ്രദായം)
” വല്യത്തമ്മേ വെള്ളക്കാര് തിരിച്ച് പോണൂന്നേ കേക്ക്ണേ”
എനിക്ക് ശങ്ക തീർന്നില്ല. പിന്നെ പട്ടന്തരി വാസു പറഞ്ഞപ്പോഴല്ലെ വിശ്വസിച്ചത്. ഇംഗ്ലീശ്കാര് മടങ്ങുവാണെന്ന്. ദിവാൻ തിരക്കിട്ട ചർച്ചയിലാണത്രേ. ആ ഏഫ്യൻ ശീമക്കാരനും പെമ്പിറന്നോത്തിയും തിരിച്ചുപോയാലെങ്കിലും ഇവറ്റകൾ നേർവഴിക്ക് വരുമെന്നാശിച്ചു. എന്നിട്ട് പോയോ. ശീമാട്ടികളുടെ ചന്തത്തിൽ പരവശനായി കുടികിടന്നില്ലേ. പിന്നെപ്പോഴെങ്ങാനുമല്ലേ പോയത്. വിക്രമൻ മരിച്ചിട്ടും അസത്തുക്കളുടെ ആർത്തി തീർന്നില്ല. കാമപ്പരിഷകള്. തന്തയേയും കൊന്ന് നരകേറിയപ്പോഴെ ഒടുങ്ങിയുള്ളു.  നഞ്ച് നൽകി കൊന്നതിനെന്ത് ശീട്ട്! കൊട്ടാരക്കാർ വരുമ്പോൾ( നിയമനടപടിയെടുക്കാനുള്ള ഉദ്യോഹസ്ഥർ എന്നയർത്ഥത്തിൽ) കയ്യിൽ ധനവും, നിലവും,  പിടിപാടും കണ്ണിൽ കാമവും. തിരുമേനിയെവരെ കൈയ്യിലെടുക്കില്ലേ അഴിഞ്ഞാട്ടക്കാരികള്”
“ഈ ദേശങ്ങളിലൊന്നും സ്വാതന്ത്ര്യസമരങ്ങളുണ്ടായിരുന്നില്ലേ മുത്തശ്ശീ?”
” ഖാദിക്കാര് കൂട്ടംകൂടി പോകുന്നത് കണ്ടിട്ടുണ്ട് പിള്ളേ. അന്നൊക്കെയല്ലേ പുകില്. ദിവാനെ കൊലപ്പെടുത്താൻ നോക്കിയില്ലേ ചില കൂട്ടര്. പിന്നെയൊക്കെ പലരും പോയില്ലേ. ഒന്നും ശരിക്കോർക്കാൻ കഴിയിണ്ല്ലാ. ചിത്തിര തിരുമേനിയും മദിരാശിയിലും മറ്റും ബത്തൻ പ്രഭുവും( ലോർഡ് മൗണ്ട് ബാറ്റണെയാവണം മുത്തശ്ശി ഉദ്ദേശിച്ചത്)
കുടികിടപ്പുകാർക്ക് ഒത്താശ ചെയ്യുന്ന ജാതിയല്ലേ പിന്നീട് വന്നത്. വെള്ളക്കാരിലും നല്ലവരുണ്ടായിരുന്നു. മക്കൻ സായിപ്പ് എത്ര തവണ വലിയവീട്ടിൽ കുഞ്ഞികൃഷ്ണൻ അമ്മാവനെ കാണാൻ വന്നു. അയാൾക്ക് ഏലം വ്യാപാരമുണ്ടായിരുന്നു. എന്നെക്കാണുമ്പോഴൊക്കെ വന്ദിക്കും. കപ്പലിൽ തിരിച്ചുപോകുന്നതിന് മുമ്പും വന്നു.( അക്കാലത്ത് തിരുവനന്തപുരത്ത് തെക്കുഭാഗത്ത് ജീവിച്ചിരുന്ന ബ്രിട്ടീഷ് കാരൻ. അദ്ദേഹം കുതിരപ്പുറത്ത് യാത്ര ചെയ്തിരുന്ന വഴിയാണ് ഇന്ന് കല്ലൻ സായിപ്പ് റോഡ് അഥവാ കെ. എസ്. റോഡ് എന്നറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ യഥാർത്ഥ പേര് വ്യക്തമല്ല)  ഒരിക്കൽ ചെല്ലത്തിൽ പുകയില തീർന്നപ്പോൾ നിന്റെ വല്യമാമനെ കടയിൽ പറഞ്ഞുവിട്ടു. അന്നൊക്കെ പരിഷ്കാരങ്ങളായില്ലേ. ഏലായ്ക്കപ്പുറം കടവന്നു. ചെക്കൻ ഓടിക്കിതച്ചു വന്നു പറഞ്ഞു ” ആൾക്കാര് കൂടിനിക്ക്ണമ്മൂമ്മേ. കട മുടക്കം. ഗാന്ധിയെ കൊന്നൂന്ന് പറയണ്”  അയാളൊരു നല്ല മനുഷ്യനായിര്ന്നില്ലേ. വൈകുന്നേരം ഖാദിക്കാര് ഏലായിലൂടെ വരിവച്ച് പോകുന്നത് കണ്ടു. കൊടിക്കാരൻ കുഞ്ഞുവും ഏറെ നാൾ കൈക്കോട്ട കോരാൻ വന്നില്ല( പാട്ട സ്ഥലത്ത് വെറ്റിലക്കൃഷി നടത്തിയിരുന്ന ആൾ) അയാൾക്കും ഖാദിയിൽ ഭ്രമമുണ്ടായിരുന്നില്ലേ. പിന്നെയൊക്കെ അന്തസ്സും ആഭിജാത്യവും പോയി. കുടികിടപ്പുകാർക്ക് മേൽക്കോയ്മ വന്നു. മാമൻമാര് വലിയവീട്ടിൽ യോഗം കൂടിയിട്ടൊന്നും കാര്യമുണ്ടായില്ല. കുഞ്ചൂട്ടിലേയും ആനയറയിലേയും പലരും സമരത്തിലൊക്കെ ചേർന്നു. ‘ ആൺജാതിയും ആളനക്കവുമൊക്കെ ‘ പോയി. അതിന്റെ കൂടെ ഈ ശീമാട്ടികളുടെ ദുർന്നടപ്പ് ശാപവും.( സ്വാതന്ത്ര്യ സമരകാലം മുതൽ അടിയന്തരാവസ്ഥക്കാലം വരെയുള്ള ജീവിതത്തിലെ അവ്യക്തമായ ഓർമ്മകളാണ് മുത്തശ്ശിയുടെ മനസ്സിൽ) . എല്ലാത്തിനും ഹേതു ദൈവകോപം. എന്തായിരുന്നു ആ ശീമാട്ടികൾക്ക് കുറവ്. ആ മൂത്തതില്ലേ രാജം അവളായിരുന്നു തുടക്കം. പാലതോട്ടത്തെ വല്യമാമന് എന്നെ വലിയ കാര്യമായിര്ന്നില്ലേ. അവറ്റകള്ടെ കൂടെ എന്നേം പഠിപ്പിച്ചു. എന്തെല്ലാം പഠിച്ചു. എഴുത്ത്, വ്യാകരണം, വായ്പ്പാട്ട്. അവിടേല്ലെ ഞാൻ കളിച്ച്  വളർന്നത്. എന്തെല്ലാം കളികൾ. പല്ലാങ്കുഴി, ചെപ്പോട് എന്തെല്ലാം. മുത്തത് എന്നെ കളിക്കാൻ കൂട്ടില്ല. പ്രായമായിട്ടില്ലത്രേ. എത്ര പ്രഗല്ഭയായിരുന്നു രാജം അക്കൻ. വിദ്വാൻ ഭാഗവതർക്ക് അതിനോടായിരുന്നു വാത്സല്യം. ഞങ്ങൾ മൂന്നെണ്ണത്തിനേക്കാളും. പ്രഗല്ഭയും വയസ്സുകൊണ്ട് മൂത്തതും.
എത്ര ഒരുമയായിട്ടാണ് കഴിഞ്ഞത്. വയസ്സറിയച്ചതിന് ശേഷമാണ് മൂത്തതിനും ഇളയത് രണ്ടെണ്ണത്തിനും ധാർഷ്ട്യം പെരുത്തത്. എന്താ ആഢ്യം! എന്താ സൗന്ദര്യം! മുസൽമാൻ കൊണ്ടെത്തന്ന വലിയ വെള്ളാരം കുളിച്ചട്ടിയില് മഞ്ഞളും, ചന്ദനവും, രാമച്ചവുമരച്ച   കുഴമ്പിലെ ഇവറ്റകള് കുളിക്കു. വല്യമാമിയോ പുറക്കാരോ പാകപ്പെടുത്തി കൊടുക്കണം. എത്ര നന്നായി  പാടിയിരുന്നു അക്കൻ.  നാട്ടയും പന്തുവരാളിയും പാടിയാൽ എന്താ ഭാവം!  ഭാഗവതർ ഗുരുവിനേക്കാൾ പാടുമെന്നായപ്പോൾ അഹന്ത. കളി പതിവില്ല അവിടൊന്നും. എന്നാൽ ഒരിയ്ക്കെ കൊടിയേറ്റിനു വച്ചു. നാല് രാവ് കളി. പാട്ടിന് സ്ത്രീകളാരും പതിവില്ലെങ്കിലും പുറത്ത് നിന്ന് പാട്ടുകാര് വേണ്ടാന്ന് ഭാഗവതർ പറഞ്ഞു. സാധകമാവില്ലേ.
‘ അംഗനമാർ മൗലേ, ബാലേ, ആശയെന്തയി! തേ”
എന്താ ശബ്ദ സൗന്ദര്യം! പാട്ടുകേട്ട് വേഷങ്ങളും മദ്ദളക്കാരനും ഭ്രമിച്ചു.  കച്ചേരിക്കയക്കുമോന്ന് ചോദിച്ച് പാലക്കാട്ടീന്ന് വല്യമാമന് ഓല വന്നു. പരദേശത്തൊന്നും പോകെണ്ടാന്ന് മാമൻ പറഞ്ഞു. പേരും ഖ്യാതിയും ആര്യശാലയിലൊക്കെയെത്തിയപ്പോ ശ്രീവരാഹത്ത് നിന്ന് ഒരു നീട്ടെഴുത്ത് വിദ്വാന് പെടവെട കഴിച്ചാ കൊള്ളാന്നായി. നല്ല ബന്ധമാണെന്ന് മാമനും പറഞ്ഞു. വിദ്വാന്റെ മുഖത്താട്ടി ശീമാട്ടി. യോഗ്യതയില്ലാത്രേ. വല്യമാമൻ നെയ്യാറ്റിൻകരയിലേക്ക് മാറിത്താമസിച്ചതാണ് ഹേതു. ഇവറ്റകളുടെ തന്തക്ക്, കൊച്ചുമാമനെ, മൂന്നെണ്ണത്തിനേയും അടക്കിനിർത്താൻ പറ്റിയില്ല. അയാളൊരു കഴിവുകെട്ടവനായിരുന്നില്ലേ. പഠിപ്പും പേരും വന്നപ്പോൾ തന്നിഷ്ടത്തിന് നടക്കാന്നായി. അടയ്ക്കേങ്കിൽ മടിയിൽ കരുതാം. അടയ്ക്കാ മരമായാലോ? വെള്ളക്കാരന്റേയും അച്ചിയ്ടേയും വീട്ടിൽ ശീല് പഠിക്കാൻ പോകര്തെന്ന് എല്ലാരും പറഞ്ഞു. വെള്ളക്കാരി പെട്ടകം പോലൊന്ന് വച്ച് വടികൊണ്ട് പാട്ട് കേൾപ്പിക്കും. ( തിരുവനന്തപുരം തെക്ക് ഭാഗത്ത് ജീവിച്ചിരുന്ന ബ്രിട്ടീഷ് ദമ്പതികൾ. മിസിസ് ഡഗ്ലസ് ചെല്ലോ വായിച്ചിരുന്നു എന്ന് പറയപ്പെടുന്നു) പിന്നെപ്പിന്നെ ഏത് നേരവും അവിടെത്തന്നെയായി അവറ്റകൾക്ക് വാസം. വെള്ളക്കാരന്റെ എഴുത്ത് പഠിക്കണം, ഇരണിയൽ മുണ്ടും മുലക്കച്ചയും കളഞ്ഞ് കുപ്പായവും പാപ്പാസുമിടണം. കുരിശുത്സവത്തിന് മദ്യം കുടിക്കണം, വെള്ളക്കാരന്റെ പുസ്തകം വായിക്കണം. അവര്ടെ ലിപിയെഴുതണം. യവനരുടെ ശീലല്ലെ അവര് പാലിക്കണ്ത്.  ആ വെള്ളകകാരന്റെ ഒടപ്പെറന്നോളാണ് ( സഹോദരി എന്നർത്ഥത്തിൽ) അച്ചിയെന്നല്ലെ പലരും രഹസ്യം പറഞ്ഞത്. മൂത്തത് ഇളയത് രണ്ടെണ്ണത്തിനേം ശീല് പഠിപ്പിച്ച് വശാക്കി. പിന്നെയെന്ത് പറയേണ്ടു. അറപ്പ് തോന്ന്ണു. എനിക്ക് പതിനാറ് വയസ്സ് കഷ്ടി. ഇവറ്റകൾക്ക് പതിനെട്ടും പത്തൊൻപതും ഇരുപതും. ഒരിയ്ക്കെ ത്രിസന്ധ്യക്ക് മഴ. കാവിലാരും വിളക്ക് കത്തിച്ചിട്ടില്ല. എണ്ണയും തിരിയും കൊണ്ടുപോയപ്പോഴല്ലേ കണ്ടത്. ഭഗവതീ! അമാവാസിവരെ എനിക്ക് പിന്നെ വറ്റിറങ്ങുകയുണ്ടായില്ല. എന്ത്മാത്രം കരഞ്ഞു ഞാൻ. എന്തുമാത്രം. കുപ്പായവും മുണ്ടുമൊക്കെ ഉരിഞ്ഞ് നാഗരുടെ മേലിട്ടിരിക്കുന്നു.  പാമ്പും പഴുതാരയുമെല്ലാമുണ്ട്. വല്ല പേടീയ്മുണ്ടോ. കാമത്തിനെന്ത് ശങ്കയും ഭയവും. ഇളയൊരുത്തി വിക്രമനുമായിട്ട്, സ്വന്തം ഒടപ്പെറോന്നോനുമായിട്ട് കെട്ടിമറിഞ്ഞ് കിടക്കുന്നു. ചേറിനും ചപ്പിലകൾക്കുമിടയിൽ. ഉടുതുണിയില്ല. ശിവശിവ! പിന്നെ എത്രടത്ത് വച്ച്. മാത്രമോ! പത്തായമുറിയില് കൊച്ചുമാമനുമായിട്ട്. മുത്തതും ഇളയതും നടുക്ക് കൊച്ചുമാമൻ. കെട്ടിപ്പുണർന്ന് കിടക്ക്ണു. തുണിബന്ധമില്ല. എത്രനാൾ! നാഗര് വെറുതേ വിടോ? വിക്രമൻ പോയില്ലേ. തന്തയുടെ പൊകയും കണ്ടപ്പോഴേ കാമം തീർന്നോളൂ. ആ വീട് കാണുന്നത് തന്നെ അറപ്പായി. എല്ലാം വെള്ളക്കാരന്റെ കുടുംബത്തിൽ പോയ അനർത്ഥം. കർക്കിടകത്തിന് രാമായണമില്ല. ആടിയറുതിയും ചാണകം തളിപ്പുമില്ല. അവ്ത്തങ്ങള് കെട്ടും കെട്ടി കടൽകടന്ന് പോയപ്പോഴും കമാന്നൊരക്ഷരം ഞാൻ മിണ്ടാൻ പോയില്ല. അടിച്ച വഴിയെ പോയിടാഞ്ഞാൽ പോയവഴിയെ അടിയ്ക്കാമൊന്നൊരു ചൊല്ലില്ലേ. അത്രേള്ളു”
” പാലത്തോട്ടത്തെ മുത്തശ്ശിമാരേക്കളും സുന്ദരിയായിരുന്നല്ലോ മുത്തശ്ശി എന്നാണല്ലോ പറഞ്ഞു കേൾക്കുന്നത്. മുത്തശ്ശി എന്നിട്ടും കല്യാണമൊന്നും കഴിച്ചില്ലേ?”
ഭവാനി മുത്തശ്ശി അതുകേട്ടൊന്നു ചിരിച്ചു.
” അതൊക്കങ്ങനെയായിരുന്നു. കാലത്തോടുള്ള വിരക്തിയാണ് പിള്ളേ. ഇതൊക്കെ കണ്ടും കേട്ടുവെന്നാൽ എങ്ങനെ ആസക്തിയുണ്ടാകും. പഷ്ണിക്ക് വകയില്ലാത്ത പട്ടര് സംബന്ധത്തിന് വന്നാലും പാലത്തോട്ടുകുടുംബം വക ആർക്കും എന്നെക്കൊടുക്കണ്ടാന്ന് ഞാൻ തീർത്തു പറഞ്ഞു. നീ അടയ്ക്കയുടേം നിലങ്ങള്ടേം കണക്ക് നോക്കിയാമതിയെന്ന് മരിയ്ക്കാറായ കാലത്ത് വല്യമാമൻ പറഞ്ഞു. എല്ലാം നോക്കി നടത്തണം. സമരക്കാർക്ക് ഒരു തുണ്ട് ഭൂമി കൊടുക്കര്ത്. കാലങ്ങളൊക്കെ ഇത്ര പോയില്ലേ. ഇനി എന്തിന് പറയേണ്ടൂ. എന്നാലും കർമ്മങ്ങളൊന്നും മുടക്കര്ത് പിള്ളേ. ബലിയിട്ടാലേ സായൂജ്യമുള്ളൂ. അടുത്താണ്ടിലും വരില്ലേ. ഞാൻ പോകട്ടേ”
 തർപ്പണഭൂമിയിൽ മരത്തിന്റെ നിഴൽ വീണു. ബലിക്കാക്കകൾ കരഞ്ഞു. പാലത്തോട്ടം വക ഒരു കാക്ക പറഞ്ഞു:
” മൺമറഞ്ഞ് പോയിട്ടും തള്ളേടെ സ്വഭാവം മാറീട്ട്ല്ല. പഴമ്പുരാണം പറച്ചിൽ”
പിന്നെ ഓരോന്നായി പറന്നകലാൻ തുടങ്ങി.
നിഗമനങ്ങൾ
———————–
തന്റെ യൗവ്വനകാലത്ത് അതീവ സുന്ദരിയായിരുന്ന ഭവാനി ഭുത്തശ്ശി ആ കാലഘട്ടത്തിലെ ഏറ്റവും വലിയ പെസിമിസ്റ്റ് ആയിരുന്നു എന്ന് അമ്മ ഒരിക്കൽ പറഞ്ഞിട്ടുണ്ട്.
ബന്ധുകുടുംബത്തിൽ കാണേണ്ടി വന്ന ചില ഇൻസെസ്റ്റ് റിലേഷൻസ് കാരണമാണ് അവരെ ജീവിതത്തോട് വിരക്തിയുള്ള സ്ത്രീയാക്കി മാറ്റിയതെന്നാണ് ഒരു നിഗമനം.
നൂറോളം വർഷങ്ങൾക്ക് മുൻപ് പാലത്തോട്ടത്ത് വീട്ടിൽ യൗവ്വനം ചെലവഴിച്ചിരുന്ന സഹോദരിമാർ പുരോഗമനവാദികളായിരുന്നു. അവിവാഹിതരായിരുന്ന അവർ തിരുവിതാംകൂർ ഇന്ത്യയിൽ ലയിച്ച് ഏതാനും വർഷങ്ങൾക്ക് ശേഷം പോർച്ചുഗല്ലിലേക്കോ ഇംഗ്ലണ്ടിലേക്കോ കുടിയേറിയതായി പറയപ്പെടുന്നു.
ഒട്ടും മണ്ണാപ്പേടിയില്ലാതിരുന്ന, എന്തിനും ധൈര്യമുള്ള സ്ത്രീയായിരുന്നു ഭവാനി മുത്തശ്ശിയെന്നും പറയപ്പെടുന്നു. തന്നെ ഉപദ്രവിക്കാനെത്തിയ പുരുഷനെ, അരയിൽ കരുതിയിരുന്ന കത്തികൊണ്ട് പാടത്തിലേക്ക് കുത്തിവീഴ്ത്തി, അയൾ മരിക്കുന്നതുവരെ തുറിച്ചുനോക്കിക്കൊണ്ട് നിന്നു എന്നൊരു കഥയുണ്ട്.
 നൂറിലധികം വിവാഹാലോചനകൾ മുത്തശ്ശി നിരസിച്ചു .അതേസമയം ഒരു വിശാലഹൃദയത്തിന്റെ ഉടമയായിരുന്നത്രെ അവർ. ഭ്രമിച്ചു വരുന്നവരോട് നേരിട്ട് ചോദിച്ചുകൊള്ളാൻ വല്യമുത്തശ്ശൻ പറയുമായിരുന്നുവെന്നും അവരോട് വളരെ ആദരവോടെയാണ് മുത്തശ്ശി പെരുമാറിയിരുന്നതെന്നുമാണ് പറഞ്ഞു കേട്ടിട്ടുള്ളത്. കൈകൾ കൂപ്പി പുഞ്ചിരിച്ചുകൊണ്ട് പ്രണയം നിരസിക്കുക എന്നതായിരുന്നത്രെ അവരുടെ  ശൈലി. മാത്രവുമല്ല അവരിൽ പലരുടേയും ക്ഷേമകാര്യങ്ങൾ തിരക്കിക്കൊണ്ട് വയസ്സായതിനുശേഷവും കത്തിടപാടുകൾ നടത്തിയിരുന്നുവെന്നും പറയപ്പെടുന്നു.
ഇതൊക്കെ സാക്ഷ്യപ്പെടുത്താൻ അന്നുള്ളവരാരും ഇന്ന് ജീവിച്ചിരിപ്പില്ല. കാലം മാത്രമാണ് സാക്ഷി. എന്തായാലും കാക്കകളെല്ലാം പറന്നു പോയി. ഞാൻ തിരികെ നടന്ന് വരാന്തയിലേക്ക് കയറി. ശ്രാദ്ധം കഴിഞ്ഞു. നല്ശ്രാദ്ധം.
ഹരിഷ് ബാബു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!