നാഹിദാ..

സീൻ 3

രണ്ടാം സീനിന്റെ തുടർച്ച. പകുതിയും ഇരുട്ടിലായ വീടിനുള്ളിലേക്ക് കയറിവരുന്ന ഹരിശങ്കർ. പഴയവീടിന്റെ ഉൾദൃശ്യങ്ങൾ മങ്ങിയ വെളിച്ചത്തിൽ കാണാം. അകത്തളത്തിൽ ലൈറ്റ് തെളിയുന്നു. ഒരു മുറിയുടെ വാതിലു കടന്ന് ഇറങ്ങിവരുന്ന നിത്യ.

നിത്യ: എന്താ വന്നപാടെ വെളിയിൽനിന്നുകൊണ്ടുതന്നെയൊരു സംസാരം? അച്ഛനെന്താ പറയുന്നത്?

ഹരി: നമുക്കീ പഴയവീടൊന്നും ചേരില്ല, പുതിയതൊന്നുതന്നെ വേണമെന്ന് പറയാരുന്നു നിന്റെ അച്ഛൻ.

അല്പം മുൻപുണ്ടായ സംസാരത്തിലെ അലോസരമടക്കി അയാൾ തമാശപറയുന്നു. ഫലം കാണാതെപോകുന്ന തമാശ. ഗൗരവത്തോടെ നിത്യ സംസാരം തുടരുന്നു.

നിത്യ: ഇവിടെ ഇന്നുച്ചമുതൽ ഇതൊന്നുമാത്രമാണ് സംസാരം. രാവിലെ നമ്മളിറങ്ങിയ ശേഷം മനുവേട്ടൻ വിളിച്ചിരുന്നു, അവര് വരുന്നത് ഫൈനലൈസ് ചെയ്തത് പറയാൻ. മാറിക്കൊടുക്കേണ്ടതുതന്നെയാണ് മര്യാദ. ഞാനിവിടെ ഉറപ്പുംകൊടുത്തു, നമ്മളുടനെ ‘കുളിർമ’യിലേക്ക് മാറുമെന്ന്.

ഹരി: നീയിങ്ങനെ ടെൻഷനടിക്കേണ്ടുന്ന ഒരുകാര്യവുമില്ല.നമുക്കുടനെ പോംവഴിയുണ്ടാക്കാം. വീടിന്റെ കാര്യം ഞാൻ ഗൗരവത്തിൽതന്നെയെടുത്തിട്ടുണ്ട്.

ഒരു നിമിഷത്തെ നിശബ്ദത.

ഹരി: ഭയങ്കര ക്ഷീണം. കിടക്കാൻ നോക്കട്ടെ. നീ വാ.

നിത്യ: നിങ്ങൾക്ക് കഴിക്കാനെടുക്കട്ടെ? ഞാൻ മോളോടൊപ്പം കഴിച്ചു.

ഹരി: വേണ്ട, വിശപ്പില്ല. രാത്രിവൈകി ചായകുടിച്ചു. ഒന്ന് കിടന്നാൽമതി.

ബെഡ്‌റൂം ലക്ഷ്യമാക്കി നടന്നുനീങ്ങുന്ന അയാൾ. തെല്ലിട ആ പോക്കുനോക്കി നിന്നശേഷം തൊട്ടുമുൻപ് ലൈറ്റ് തെളിയിച്ച ഇടത്തേക്ക് നടക്കുന്ന നിത്യ.

ബിന്ദു ഹരികൃഷ്ണൻ

Rights reserved@BUDDHA CREATIONS.

Leave a Reply

Your email address will not be published.

error: Content is protected !!