നാഹിദാ..

സീൻ 6

മൊബൈലിൽ സംസാരിച്ചുകൊണ്ടു അടുക്കളയിലേയ്ക്ക് കയറിവരുന്ന ഹരിശങ്കർ. കൈയ്യിൽ ഒഴിഞ്ഞ ചായക്കപ്പ്‌. പഴയരീതിയിലുള്ള അടുക്കള, അത്യാവശ്യം modify ചെയ്തിട്ടുള്ള സൗകര്യങ്ങൾ. അടുക്കളയിൽ ജോലിയിലേർപ്പെട്ടിരിക്കുന്ന നിത്യയും അമ്മയും. അമ്മ, സരസ്വതിയമ്മ, സെറ്റുമുണ്ടുടുത്ത 65 നോടടുത്ത പ്രായക്കാരി.
ചായക്കപ്പ്‌ അടുക്കള കൗണ്ടറിൽ വച്ച് സംസാരം തുടരുന്ന ഹരിശങ്കർ.

ഹരി: അതേ.. അതുകുറച്ചുകൂടി കടുപ്പിക്കണം. ലേറ്റസ്റ്റ് സംഭവികാസങ്ങൾ കൂട്ടിച്ചേർക്കണം. ദിനംപ്രതി ഡെൽഹിയിൽമാത്രം 12-14 പ്രൊട്ടസ്റ്റുകളുമായി സംഭവം ചൂടുപിടിച്ചിരുന്നതാ. പുതിയ കെടുതികളിൽപ്പെട്ടു തീയൊന്നടങ്ങി. കൊറോണ തൽക്കാലം തടയിട്ടൂ എന്നേയുള്ളൂ. സി എ എ-എൻ ആർ സിക്കു പുറമെ പഴയ ജെ എൻ യു ഇഷ്യൂവും കത്തിനിൽക്കയായിരുന്നല്ലോ, ഹോസ്റ്റൽ ഫീയും ഉന്നാവോ റേപ്പുമൊക്കെയായി. എഴുത്തിൽ, രാജ്യമൊട്ടാകെ പടർന്നുപിടിച്ച പ്രക്ഷോഭങ്ങളെയൊക്കെ ഒരോർഡറിൽ കൊണ്ടുവരണം.

തെല്ലിട മറുസൈഡിലെ സംസാരം ശ്രദ്ധിക്കുന്നു.

ഹരി: അതെ. ഡോ. കഫീൽഖാന്റെ സ്പീച് അതേപടികയറ്റാൻ മാർഗ്ഗമുണ്ടോ?
മറുപടി ശ്രദ്ധിക്കുന്നു. ശേഷം,

ഹരി: എന്തു കുഴപ്പം?
തെല്ലിടകഴിഞ്ഞു തുടരുന്നു.
ഹരി: നമ്മളൊന്നും അറിയാത്തതാണ്. താൽക്കാലത്തേയ്ക് കെട്ടടങ്ങിയെന്ന് നമ്മളാശ്വസിക്കുന്നു. ബംഗാളിന്റെ അതിർത്തിഗ്രാമങ്ങളിൽ സ്ഥിതി വഷളാണ് ഇപ്പോഴും. പരിഭ്രാന്തരായ ഗ്രാമവാസികൾ എങ്ങോട്ടുപോകുമെന്ന അങ്കലാപ്പിൽ ഉള്ളതെല്ലാം കെട്ടിപ്പെറുക്കിയെടുത്തു ബംഗ്ലാദേശിലേക്ക് പലായനം ചെയ്യുന്നു. വെസ്റ്റ് ബംഗാളിലെ, നോർത്ത് 24 പരഗണസ് ജില്ലയിൽനിന്നൊക്കെ ജനുവരിമുതൽ നൂറുകണക്കിനാളുകളാണ് ഇങ്ങനെ ഓടിപ്പോകുന്നത്. ബംഗ്ലാദേശിലെത്തിയാലും അവരുടെ അവസ്ഥ അങ്ങുമിങ്ങുമില്ലാ എന്നതുതന്നെ. ജനിച്ചതും വളർന്നതുമായ ഇടം വിട്ട് സ്റ്റേറ്റ്ലെസ്സ് പീപ്പിൾ ഗണത്തിലേക്ക്, എന്തൊരു ഗതികേടാണത്.
തന്റെ ജോലിക്കിടയിൽ അയാളെ ഇടംകണ്ണിട്ടു നോക്കുന്ന നിത്യ. കൈയ്യിലൊരു ടെഡിയുമായി അടുക്കളയിലെത്തുന്ന അമ്മുവിനെ കിച്ചൻ കൗണ്ടറിൽ കയറിയിരിക്കാൻ സഹായിച്ചുകൊണ്ട് ഫോൺ സംഭാഷണം തുടരുന്ന ഹരിശങ്കർ. ഇതൊന്നും ശ്രദ്ധിക്കാതെ അടുക്കളജോലിയിലേർപ്പെട്ടിരിക്കുന്ന സരസ്വതിയമ്മ.
മൊബൈൽ കട്ട് ചെയ്യാതെ മാറ്റിപ്പിടിച്ചുകൊണ്ട്, അമ്മ കേൾക്കാതെ നിത്യയുടെ കാതിൽ ചോദിക്കുന്നു,

ഹരി: നിന്റെ അച്ഛൻ ഉമ്മറത്തുണ്ടോ? അല്ല അതുവഴി പോകാൻപറ്റ്വോന്നറിയാനാ. രാവിലെതന്നെ പുള്ളി ഇന്നലത്തെബാക്കി തുടങ്ങിയാൽ ശരിയാവില്ല.
frown ചെയ്യുന്ന നിത്യ. ഒരുനിമിഷം കഴിഞ്ഞു ഒന്നുമറിയാത്ത മട്ടിൽ അമ്മയോട്,

നിത്യ: അച്ഛൻ രാവിലെ പുറത്തിറങ്ങിയോ അമ്മെ? അതോ ഉമ്മറത്തുണ്ടോ?

അമ്മ: രാവിലെ എങ്ങോട്ടേക്കോ ഇറങ്ങീട്ടുണ്ട്. നിങ്ങടെ വീടുപണീടെ ആൾക്കാരെത്തപ്പിയാന്നാ തോന്നുന്നേ.

ഹരി: അതിനിങ്ങനെ ധൃതിപ്പെട്ടുപോകേണ്ട ആവശ്യമൊന്നുമില്ല. പണിക്കാരെ ഞാനേർപ്പാടുചെയ്തോളാം. അമ്മ പറഞ്ഞേക്കൂ അച്ഛനോട്, അതിനിങ്ങനെ വേവലാതിപ്പെടെണ്ടന്ന്. ഒരുപാടൊന്നുമില്ലല്ലോ ഇനി, ഞാൻ തന്നെ തീർത്തോളാം.
ഈർഷ്യയോടെ മൊബൈൽ ചെവിയോടുചേർത്ത്‌ അടുക്കളവാതിൽകടന്നുപോകുന്ന ഹരിശങ്കർ. ആ പോക്കു നോക്കിനിൽക്കുന്ന നിത്യ. അത് ശ്രദ്ധിക്കാതെ, ഒരുനിമിഷം അയാളെ തിരിഞ്ഞുനോക്കിയിട്ട് പണിയിലേയ്ക്ക് തിരികെപ്പോകുന്ന സരസ്വതിയമ്മ. തെല്ലിടകഴിഞ്ഞു തന്നോടുതന്നെയെന്നവണ്ണം പറയുന്നു,

അമ്മ: ഇങ്ങനെ ഏറ്റുപറഞ്ഞതുകൊണ്ടു മാത്രമായില്ല, ചെയ്തുതീർത്താലേ പണി പൂർത്തിയാവൂ.

വല്ലായ്മയോടെ നിത്യ അമ്മയെ നോക്കുന്നു.

ബിന്ദു ഹരികൃഷ്ണൻ

Rights reserved@BUDDHA CREATIONS

Leave a Reply

Your email address will not be published.

error: Content is protected !!