നാഹിദാ..

സീൻ 7

 

കഴിഞ്ഞ സീനിന്റെ തുടർച്ച. വീടിനകത്തുനിന്ന് ഉമ്മറത്തേക്ക് കടന്നുവരുന്ന ഹരിശങ്കർ. ഉമ്മറത്തെ വട്ടമേശയിൽനിന്ന് പത്രമെടുത്തു നിവർത്തിക്കൊണ്ടു വാതിലിനു ഒരുവശത്തിട്ട കസേരയിലിരിക്കുന്നു. അല്പംകഴിഞ്ഞു പുറത്തുനിന്നു വന്നുകയറുന്ന ബാലകൃഷ്ണൻ മാഷ് ഹരിശങ്കറിനെ ഒന്ന് നോക്കിയശേഷം ചാരുകസേരയിൽ പോയിരിക്കുന്നു. ഒന്നുരണ്ടുനിമിഷം നിശബ്ദമായിരുന്നശേഷം,

ബാല: ഇയാളുടെ എഴുത്തുകളെപ്പറ്റിയൊക്കെ പുറത്ത് നല്ല അഭിപ്രായമാണല്ലോ. അത്                  കേൾക്കുന്നതൊക്കെ സുഖമാണെങ്കിലും എനിക്ക് ചിലപ്പോഴൊക്കെ പേടിയും തോന്നാറുണ്ട്. ആളുകൾക്ക് ഇക്കാലത്തു ശത്രുത തോന്നാൻ അധികമൊന്നും വേണ്ട. പ്രത്യേകിച്ചും സ്വാധീനമുള്ളവർക്ക്. രാഷ്ട്രീയക്കാരുടെ പ്രധാന ആയുധംതന്നെ അക്രമങ്ങളല്ലേ. എഴുത്തുകളുടെ പുറകേയാരെങ്കിലും പോയി കുഴപ്പമൊന്നുമുണ്ടാക്കാതെയിരുന്നാൽ മതി.

പത്രംതാഴ്ത്തി നോക്കിയശേഷം വായനതുടരുന്ന ഹരിശങ്കർ. മറുപടിയില്ലെന്നു കണ്ട് അല്പം നീരസത്തോടെ സംസാരം തുടരുന്ന മാഷ്.

ബാല: നിങ്ങൾ, ഇപ്പോഴത്തെ ചെറുപ്പക്കാർക്ക് ഒന്നിലുമൊരു പേടിയില്ലെന്നറിയാം. എന്നാലും     ഒന്ന് ശ്രദ്ധിക്കുന്നത് നന്ന്.

ഹരി: ഉം.

പത്രം അടുത്തപേജ് മറിച്ചു വായന തുടരുന്നു. അത് ശ്രദ്ധിക്കാതെ ബാലകൃഷ്ണൻ മാഷ്,

ബാല: ഞാൻ വീടുപണി നടക്കുന്നിടത്ത് പോയി രാവിലെ. അവസാനം പോയ ജോലിക്കാര് ആ ഗേറ്റ് പൂട്ടാതെയാ പോയത്. അകത്തുകിടന്നിരുന്ന എന്തൊക്കെപ്പോയെന്ന് ആർക്കറിയാം. പണിയേറ്റവർ ആവശ്യപ്പെട്ടതെല്ലാം അവിടെ കൊണ്ടെത്തിച്ചുകൊടുക്കുകയല്ലാതെ ഇതിന്റെയൊക്കെ കണക്കാര് വയ്ക്കുന്നു. ഹരി വല്ലപ്പോഴുമെങ്കിലും പോയിനോക്കുന്നുണ്ടെന്നാ ഞാൻ വിചാരിച്ചത്.

ഹരി: ഞാനിടയ്ക്കു പോകാറുണ്ട്. ഒന്നും പോയിക്കാണില്ല, അത്രയ്ക്കൊന്നും ബാക്കിയുണ്ടായിരുന്നില്ലല്ലോ. പണിമുക്കാലും കഴിഞ്ഞതല്ലേ. പത്രം മടിയിലേക്കു താഴ്ത്തി വച്ചുകൊണ്ടു സംസാരിക്കുന്ന ഹരിശങ്കർ.

ഒരു ദീർഘശ്വാസത്തോടെ ചാരുകസേരയിലേയ്ക്കു ചായുന്ന ബാലകൃഷ്ണൻ മാഷ്. ഒരുകപ്പ് ചായയുമായി വരുന്ന സരസ്വതിയമ്മ അത് മാഷിനു കൊടുത്തിട്ടു ഹരിശങ്കറിനോടായി,

സരസ്വതി: ഹരിക്കൊരു ചായകൂടെ വേണോ?

ഹരി          :  എടുത്തതുണ്ടെങ്കിൽ ഒന്നൂടെ തന്നോളൂ. വേറെ ഉണ്ടാക്കണമെങ്കിൽ വേണ്ട.

സരസ്വതി : ഇല്ല, ചായ കൂട്ടിയതുണ്ട്.

അകത്തേയ്ക്കുപോകുന്നു.

ചായകുടിക്കുന്ന ബാലകൃഷ്ണൻ മാഷ്. വായിച്ചുകഴിഞ്ഞ പേപ്പർ മടക്കി ടീപ്പോയിൽ ഇട്ടുകൊണ്ട് ഹരിശങ്കർ സംസാരിക്കുന്നു.

ഹരി: വീടിന്റെ ബാക്കിപ്പണി എത്രയുംവേഗം തീർക്കാം. പക്ഷെ അച്ഛനുംകൂടൊന്നുത്സാഹിക്കണം.

ചോദ്യരൂപേണ നോക്കുന്ന മാഷ്.

ഹരി: കാശിന്റെ കാര്യത്തിൽ ബുദ്ധിമുട്ടുണ്ടാവില്ല. ലോണിന്റെ അവസാന ഗഡു രണ്ടുദിവസത്തിനകം അക്കൗണ്ടിൽ ക്രെഡിറ്റാകുമെന്നു ബാങ്കിൽ വിളിച്ചപ്പോൾ പറഞ്ഞു.

ബാല: പിന്നെന്താ പ്രശ്‍നം?

ഹരി: എനിക്കൊരു യാത്ര പോകേണ്ടിവരും. കൽക്കട്ടയിലേയ്ക്ക്. ഒരു സുഹൃത്തുണ്ട്, ദേബാംശു ചാറ്റർജി. ബംഗാളിലെ അറിയപ്പെടുന്ന സിനിമാ സംവിധായകനാണ്. എന്റെ പഴയൊരു കഥയിൽ അയാൾക്ക്‌ വലിയതാല്പര്യം. സിനിമയാക്കാനാണ്.എന്റെ പാർട്ടിസിപേഷൻ ഉണ്ടെങ്കിലേ ചെയ്യൂ എന്ന് ഒരേനിർബന്ധം. തിരക്കഥ അവരുണ്ടാക്കിക്കോളും, ഞാനൊന്ന് അവിടെവരെ ചെല്ലണം, അയാളുടെ എഴുത്തുകാർക്ക് കഥ പറഞ്ഞുകൊടുക്കണം, ഒന്നൂടെ ഡിസ്‌കസ് ചെയ്യണം  അത്രേയുള്ളൂ ആവശ്യം.

ഒരു നിമിഷം നിശബ്ദത. ഹരിശങ്കർ തുടരുന്നു.

ഹരി: ഒറ്റൊരാഴ്ചയിലെ കാര്യമേയുള്ളൂ,  അത്രയേ എനിക്കു നിൽക്കാനാവൂ എന്ന് പറഞ്ഞിട്ടുണ്ട്. ആ ദിവസങ്ങളിൽ പണിനടക്കുന്നിടത്ത് അച്ഛനുണ്ടാവണം. ശേഷമുള്ളതു ഞാൻതന്നെ നോക്കിക്കോളാം.

ഒരുനിമിഷം കഴിഞ്ഞു മാഷ്,

ബാല: കാര്യമൊക്കെക്കൊള്ളാം. സിനിമയെഴുത്തൊക്കെ എനിക്കും ഇഷ്ടമാണ്. പക്ഷെ അലച്ചിലുകൾ ഇനിയും കൂടാതെ നോക്കണം. ഇവിടുത്തെ പണികൾ ഞാൻ നോക്കിക്കോളാം. പക്ഷെ ഹരി ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ മടിച്ച്‌ എഴുത്തെന്നും സാഹിത്യമെന്നും പറഞ്ഞൊക്കെ നടക്കുന്നതിൽ അതൃപ്തി എനിക്കുമാത്രമല്ല ഉള്ളത്. ഇവിടെ അത് തന്നോട് നേരിട്ട് പറയുന്നത് ഞാൻമാത്രമാണെന്ന് കൂട്ടിക്കോളൂ. ശങ്കരേട്ടന്റെ ഏട്ടൻ കൂടെ ഈയ്യിടെ ഒന്നു സൂചിപ്പിക്കുകയുണ്ടായി. തന്റെ വീട്ടിലും ഇതൊക്കെ ചർച്ചയാകുന്നുണ്ടെന്നു സാരം. അതിനെടേൽ സിനിമാക്കാര്യം കൂടെ കേട്ടാൽ…

ഒരുകപ്പ് ചായയുമായി വരുന്ന നിത്യ. ഹരിശങ്കറിന്‌ ചായക്കപ്പ്‌ കൈമാറി അച്ഛന്റെ ഒഴിഞ്ഞ കപ്പുമെടുത്തു നിവരുന്നു . തൽക്കാലത്തേക്ക് സംസാരം നിർത്തി ഹരിശങ്കറും മാഷും നിത്യയെനോക്കുന്നു.

നിത്യ : എന്താ അച്ഛാ ഒരു സീരിയസ് ഡിസ്കഷൻ? വീടുപണിയാണോ?

ബാല :  അതെ മോളെ. അതിനിയിങ്ങനെ നീട്ടിക്കൊണ്ടുപോകണ്ട. അതുതന്നെയാണ് ഞങ്ങളുടെ

രണ്ടാളിന്റേം അഭിപ്രായം. ഹരിക്കു സമയമില്ലാത്തപ്പോൾ ഞാൻ നോക്കിക്കോളാമല്ലോ.

അതങ്ങുതീരട്ടെ.

നിത്യ: ങാ.. ബ്രേക്‌ഫാസ്റ്റ് റെഡിയാണ്. അച്ഛന് കഴിക്കാറായില്ലേ? വന്നോളൂ. ഹരിയേട്ടന്

സമയമായിട്ടുണ്ടാകില്ല. രണ്ടാമത്തെ ചായ ആയല്ലേയുള്ളൂ.

പ്രസന്നതയോടെ അകത്തേയ്ക്കുപോകാൻ തുടങ്ങുന്നു. ഒരു പുസ്തകവുമായി വരാന്തയിലേയ്ക്കു വരുന്ന അമ്മുവിനോട് എന്തോപറയുന്നു. കുട്ടി വന്നു ചാരുപാടിയിൽ പാതിചാഞ്ഞുകിടന്ന് പുസ്തകം വായിക്കുന്നു. സംസാരം തുടരുന്ന ബാലകൃഷ്ണൻ മാഷ്.

ബാല : എന്റെ മോളെ എനിക്ക് നന്നായറിയാം.

നിത്യപോയ വഴിയേ ഒരുനിമിഷം നോക്കിയശേഷം തുടരുന്നു.

ബാല: തന്റെ എഴുത്തുകൾക്കും യാത്രകൾക്കും സിനിമയ്ക്കുമെല്ലാം ഇപ്പോൾ പൂർണ്ണമനസ്സോടെ അവൾപിന്തുണയ്ക്കും. അവളെ ഏതെങ്കിലും അർത്ഥത്തിൽ താൻ അവഗണിക്കുന്നു എന്നുകണ്ടാൽ സർവ്വപിന്തുണയും പിൻവലിക്കുമെന്ന് മാത്രമല്ല കാര്യമില്ലാത്തതിനുകൂടി മുടക്കുമായി നിൽക്കും. സർവ്വത്ര എതിർപ്പാവും പിന്നെ. അമ്മയുടെ അതെ സ്വഭാവമാ ഇവൾക്കും. സരസ്വതിയെക്കൊണ്ട് മുന്കാലങ്ങളിലൊക്കെ ഞാനെന്തുമാത്രം ബുദ്ധിമുട്ടിയിരിക്കുന്നു.

പെട്ടെന്നുണ്ടായൊരു അടുപ്പത്തിന്റെ നിറവിൽ രണ്ടുപേരും ചിരിക്കുന്നു.

ബാല: മുന്നറിയിപ്പും ഭീഷണിയുമായൊന്നും എടുക്കണ്ട, യാഥാർഥ്യമാണ്. ഒരു ഒരുപ്പോക്ക് സ്വഭാവമാ രണ്ടിനും. പ്രശ്നങ്ങൾ ഉണ്ടായിട്ട് പറയുന്നതിലും നന്നല്ലേ അവ ഒഴിവാക്കാനുള്ള കരുതൽ എടുക്കുന്നത്..

ഹരിശങ്കർ തലയാട്ടി ചിരിക്കുന്നു.

ബാല  : (കുട്ടിയോട്) മോളെ നീ കാപ്പികുടിച്ചില്ലല്ലോ. വാ നമുക്ക് ഒന്നിച്ചാവാം.

അമ്മുവും ബാലകൃഷ്ണൻ മാഷും അകത്തേയ്ക്കുപോകുന്നു. വെളിയിലേക്കു നോക്കി ചിന്തിച്ചിരിക്കുന്ന ഹരിശങ്കർ. ക്രമേണ ഗൗരവപൂർണ്ണമാകുന്ന അയാളുടെ മുഖം.

ബിന്ദു ഹരികൃഷ്ണൻ

Rights reserved@BUDDHA CREATIONS

Leave a Reply

Your email address will not be published.

error: Content is protected !!