നാഹിദാ..

സീൻ 9

രാത്രി വൈകിയിട്ടും തിരക്കേറിയ റെയിൽവേ പ്ലാറ്റ് ഫോം. തോളത്തൊരു വലിയ ബാഗുമായി തിരക്കിനിടയിലൂടെ നടക്കുന്ന ഹരിശങ്കർ. നീളൻ കുർത്തയും കോട്ടൺ പാന്റും വേഷം. കൊച്ചിൻ- ഹൗറ അന്ത്യോദയ എക്സ്പ്രസ്സ് ലക്ഷ്യമാക്കി നീങ്ങുന്ന അയാൾ. ആരോ പുറകിൽനിന്ന് വിളിച്ചിട്ടെന്നവണ്ണം തിരിഞ്ഞു നോക്കുന്നു. അരികിലേക്ക് വരുന്ന പരിചയക്കാരന് കൈകൊടുത്ത് ചിരിച്ചു സംസാരിക്കുന്ന അയാൾ. പ്ലാറ്റ്‌ഫോമിലെ ബഹളത്തിനിടയ്ക്കു മുങ്ങിപ്പോകുന്ന അവരുടെ സംഭാഷണം. പശ്ചാത്തലത്തിൽ കേൾക്കുന്ന അനൗൺസ്‌മെന്റ് ശ്രദ്ധിച്ചിട്ടെന്നവണ്ണം കൂട്ടുകാരനോട് യാത്രപറഞ്ഞു വീണ്ടും നടക്കുന്നതിനിടെ ഒരു കുപ്പി വെള്ളം വാങ്ങി കൈയ്യിപ്പിടിക്കുന്നു.
തേർഡ് AC കോച്ചിന്റെ വാതിൽ തുറന്ന് കമ്പാർട്ടുമെന്റിനകത്തേയ്ക്കു വരുന്ന അയാൾ സീറ്റ് കണ്ടെത്തി ബാഗും വെള്ളവും വയ്ക്കുന്നു. കംപാർട്മെന്റിലേയ്ക്ക് ആളുകൾ വന്നുകൊണ്ടിരിക്കുന്നു. ബാഗിന്റെ സൈഡ് അറയിൽ നിന്ന് സിഗരെറ്റ് പാക്കെറ്റ് എടുത്തു പോക്കെറ്റിലിട്ടശേഷം ലൈറ്ററു തപ്പിയെടുത്ത് അതുമായി ഉള്ളിലെ വാതിൽ വലിച്ചുതുറന്നു കംപാർട്മെന്റ് വാതിൽക്കലേയ്ക്ക് നീങ്ങുന്നു. വാതിലിനടുത്തു ഭിത്തിയിൽ ചാരിനിന്നു സിഗററ്റുകത്തിച്ചു പുകവിടുന്ന അയാൾ.
ട്രെയിൻ നീങ്ങാൻ തുടങ്ങുന്നു. ഓവർബ്രിഡ്ജിന്റെ പടിക്കെട്ടിറങ്ങി ഓടിവരുന്ന പെൺകുട്ടി, മെലിഞ്ഞു വെളുത്ത, നിഷ്കളങ്കമായ മുഖമുള്ള അവളുടെ വേഷം ജീൻസിന്റെ കാപ്രിയും സ്ലീവ്‌ലെസ് ടോപ്പും. ഭാരമേറിയ രണ്ടു ഷോൾഡർബാഗുകൾ രണ്ടുതോളിലും തൂങ്ങുന്നുണ്ട്. നീങ്ങാൻ തുടങ്ങുന്ന ട്രെനിനുനേരെ ഓടിവരുന്ന പെൺകുട്ടി, അഭിമുഖമായിവരുന്ന കംപാർട്മെന്റിലേയ്ക്ക് ഓടിക്കയറാൻ നോക്കുന്നു. ആ കംപാർട്മെന്റിന്റെ വാതിൽക്കൽ നിൽക്കുന്ന ഹരിശങ്കർ അവളെ കാണുന്നത് കുറച്ചുകൂടെ വളർന്ന തന്റെ മകൾ അമ്മു ഓടിവരുന്നതായിട്ട്! നിസ്സഹായതയോടെ നോക്കുന്ന അവൾക്കുനേരെ കൈനീട്ടി. ഒട്ടും അമാന്തിക്കാതെ അയാളുടെ കയ്യിൽ പിടിച്ചുകയറാൻ നോക്കുന്ന പെൺകുട്ടിയെ കൈയ്യിലെ സിഗററ്റ് വലിച്ചെറിഞ്ഞു രണ്ടുകൈകൊണ്ടും പിടിച്ചു ട്രെയിനിനകത്തേയ്ക്കു കയറ്റുന്ന അയാൾ. രണ്ടുബാഗിന്റെ ഭാരം കൊണ്ട് രണ്ടാളും വേച്ചുപോകുന്നു.
അതെ നിമിഷത്തിൽ AC കോച്ചിന്റെ വാതിലു തുറന്നു പുറത്തേയ്ക്കിറങ്ങുന്ന T T E.

T T E: എന്തായിത്? ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ ചാടിക്കേറുന്നോ? അപകടങ്ങൾ
ക്ഷണിച്ചുവരുത്തിക്കോണം.
ഗൗരവത്തിൽ പെൺകുട്ടിയെ നോക്കുന്നു. ചൂളിപ്പോയ പെൺകുട്ടി ഇതിനോടകം നിലത്തുവീണുപോയ തന്റെ ബാഗ് വാരിപ്പിടിച്ചെടുക്കുന്ന തിരക്കിൽ. പെൺകുട്ടിയെ വിട്ടു ഹരിശങ്കറിന്‌ നേരെ തിരിയുന്ന ഉദ്യോഗസ്ഥനിൽ അത്ഭുതം.

.T T E: യ്യോ! ഹരിയേട്ടനോ? ഞാൻ കണ്ടില്ല കേട്ടോ.
ഹരിശങ്കർ പരിചിതഭാവത്തിൽ ചിരിക്കുന്നു.

ഹരി: ആഹാ.. സഞ്ജു.. നീയിതിലാ ഇന്ന്. നന്നായി. ഞാൻ കൽക്കട്ടയ്ക്കാ, ചെറിയൊരു പരിപാടി.

T T E: അതെയോ? ഞാനൊട്ടും പ്രതീക്ഷിച്ചില്ല. തനിയെയാ.. അതോ മോളും ചേച്ചിം ഉണ്ടാ?

ഹരി: ഇല്ലെടാ. തനിച്ചേയുള്ളൂ. പെട്ടെന്നുള്ളൊരു പ്രോഗ്രാം. അവർക്കു രണ്ടാൾക്കും പരീക്ഷാത്തിരക്ക്.
ഒരാൾക്ക് എഴുതുന്നതിന്റെ, മറ്റേയാൾക്കു എഴുതിക്കുന്നതിന്റെ.
രണ്ടാളും ചിരിക്കുന്നു.

T T E: എന്നാൽപ്പിന്നെ ഫ്ലൈറ്റ് എടുക്കാമായിരുന്നില്ലേ? പത്തുനാല്പതു മണിക്കൂർ ഇതിൽ പോവൂല്ലേ?

ഹരി: നാൽപതു മണിക്കൂറില്ലെങ്കിലും ഒരു പകല് ഫ്രീയായി വേണം. അതാ ട്രെയിനെടുത്തത്. അങ്ങെത്തും
മുൻപ് തീർക്കാൻ ഒരൽപം വർക്കുണ്ട്. ഒരു സാഹിത്യത്തെ സിനിമയെടുക്കാൻ പാകത്തിലാക്കണം.
ചിരിക്കുന്നു.
T T E: അങ്ങനാണെങ്കിൽ ok. അധികം തിരക്കൊന്നുമുണ്ടാകില്ല ഇവിടെ. നാളെ ഒരു പകൽ മുഴുവൻ
ഹരിയേട്ടന് സ്വന്തമാക്കാം. സിനിമയ്ക്കാ അല്ലെ? ആരാ സംവിധാനം? കൽക്കട്ടയ്ക്കു
പോകണമെങ്കിൽ…
തെല്ലിട ആലോചിക്കുന്നു.

T T E: യെസ്! ഹരിയേട്ടന്റെ ആ കഥ ഞാൻ വായിച്ചിട്ടുണ്ട്. കുറച്ചു പഴയതാ ല്ലേ? എങ്കിലും സൂപ്പറാ കേട്ടോ .
ഞങ്ങൾ കാത്തിരിക്കും.

ഹരി: അത്രയ്ക്കൊന്നുമില്ലെടാ എന്റെ റോള് . കഥയൊന്നുകൂടി മിനുക്കുന്ന പണിയെ എനിക്കുള്ളൂ,
ബാക്കിയൊക്കെ അവര് നോക്കിക്കോളും.
സംശയത്തോടെ
T T E : അവരെന്നാൽ…?

ഹരി: ദേബാംശു ചാറ്റർജി.

T T E: യെസ്.. ഞാനൂഹിച്ചു. പുള്ളിക്കാരനത് അവാർഡിനെത്തിക്കും. അത്ര സൂപ്പർ സംവിധായകനാ.
ഞങ്ങൾക്കിടയിൽ ഒരു ഗ്രൂപ്പുതന്നെയുണ്ട് പുള്ളീടെ ആരാധകരായി. നന്നായി
ഹരിയേട്ടാ.. എന്റെ congrats ഇപ്പോഴേ ഇരിക്കട്ടെ!
കൈപിടിച്ചുകുലുക്കുന്നു. ചമ്മിയ ചിരിയോടെ അയാളുടെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങുന്ന ഹരിശങ്കർ.
രണ്ടുപേരെയും മാറിമാറി നോക്കി എന്തുചെയ്യണമെന്നറിയാതെ പെൺകുട്ടി വാതിൽക്കൽ പരുങ്ങി നിൽപ്പാണ്. T T E യുടെ ശ്രദ്ധ പെണ്കുട്ടിയിലേയ്ക്ക് തിരിയുന്നു.

T T E: ഇതാരാ? പരിചയക്കാരാരെങ്കിലുമാണോ?
സംശയത്തോടെ നോക്കുന്നു.

ഹരി: ഹേയ്! ഓടിവരുന്നതുകണ്ടപ്പോൾ പിടിച്ചു കയറ്റിയതാ. ഇല്ലെങ്കിൽ ഇവർക്കീ ട്രെയിൻ മിസ്സായേനെ.

T T E: ഏതു കംപാർട്മെന്റിലാ റിസർവേഷൻ?

പെൺ: മാഫ് കീജിയെ സർ. റിസർവേഷൻ ഇല്ല.

സ്ഫുടതയില്ലാതെ മലയാളത്തിൽ സംസാരിക്കുന്ന കുട്ടിയെ സാകൂതം നോക്കുന്ന ഹരിശങ്കറും T T Eയും.

T T E: കിഥര്‍ ജാനാ ഹൈ?

പെൺ: ഹൗറ. കൽക്കട്ട മേം ജാനാ ഹേ.

T T E: ടിക്കറ്റ് ഹൈ ആപ്‌കി പാസ്?

പെൺ : ഹാംജീ.. ഓർഡിനറി ടിക്കറ്റ് ഹൈ.

T T E: ഇഥർ രഹോ. തൽക്കാലം ഇവിടെ നിൽക്ക്. അടുത്ത വലിയ സ്റ്റേഷൻ വരും ഉടനെ. അപ്പോഴിറങ്ങി
ജനറൽ കംപാർട്മെന്റിൽ കയറിക്കോളണം കേട്ടോ?

പെൺ: ശരി സർ

T T E : ഹരിയേട്ടാ, കാണാം. ഞാനൊന്ന് ഓപ്പൺ ചെയ്തു വരട്ടെ.

തലയാട്ടുന്ന ഹരിശങ്കർ. അടുത്ത കംപാർട്മെന്റിലേയ്ക്ക് കടന്നുപോകുന്ന T T E. പെൺകുട്ടിയെ അവിടെ വിട്ടിട്ടു തന്റെ സീറ്റിലേക്ക് പോകണോ വേണ്ടയോ എന്ന കൺഫ്യൂഷനിൽ ഹരിശങ്കർ അവളെ നോക്കുന്നു.

ബിന്ദു ഹരികൃഷ്ണൻ

Rights reserved@BUDDHA CREATIONS.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!