നിലാവിൽ പറഞ്ഞ നാല് കഥകൾ

1. നിധിവേട്ട
***************
ഞാനൊരു സ്വതന്ത്ര സഞ്ചാരിയാകുന്നു. എന്നാലതിന് ദേശങ്ങൾ തോറും സഞ്ചരിച്ച് പല ഭാഷകൾ, സംസ്കാരങ്ങൾ, അനുഷ്ഠാനങ്ങൾ എന്നിവയെ ഭുജിക്കുന്നവൻ എന്ന അർത്ഥമില്ല. സ്വതന്ത്രമായി മനോസഞ്ചാരം നടത്തുന്നവൻ എന്നേ അർത്ഥമാക്കുന്നുള്ളു. സമൂഹം എന്ന തമോഗർത്തം ,ഓരോ മനുഷ്യജീവിയേയും അതിന്റെ കെട്ടുപാടുകളിലേക്ക് വലിച്ചടുപ്പിക്കുമ്പോൾ അതിൽ നിന്ന് രക്ഷപ്പെടാനുള്ള പരിക്രമണ പ്രവേഗം  ആർജ്ജിക്കുക എന്നതായിരുന്നു എന്റെ താത്വിക നിലപാട്.
പതിനെട്ട് വയസ്സാകുമ്പോൾതന്നെ മാതാപിതാക്കളെ ആശ്രയിക്കാതെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാവുക എന്നതാണ് അതിന്റെ ആദ്യപടി. എന്താ കഥ! എല്ലാം നിമിത്തമെന്നെ പറയേണ്ടതുള്ളു. അറിയാതെ തന്നെ  അതിനുള്ള വിദ്യ ഞാൻ സ്വായത്തമാക്കിയിരുന്നു എന്നുവേണം പറയാൻ. സ്കൂളിൽ പഠിക്കുന്ന കാലത്ത്, വീട്ടിലുണ്ടായിരുന്ന ഒരു റേഡിയോ ഞാൻ പൊളിച്ച് നാരും തൂരുമാക്കി. അതിനെച്ചൊല്ലി ഏറെക്കാലം അച്ഛനിൽ നിന്ന് വഴക്ക് കേൾക്കേണ്ടി വന്നെങ്കിലും  അത്കൊണ്ട് രണ്ട് കാര്യങ്ങൾ സാധിച്ചു. ഒന്ന് എനിക്ക് ഇലക്ട്രോണിക്സിൽ കൈ വയ്ക്കാൻ പറ്റി. പിന്നെ, ബന്ധങ്ങളിൽ വിഷം കലരാതിരിക്കുവാൻ അവയോട് കൂടുതൽ പ്രതിബദ്ധത കാട്ടാതിരിക്കുക എന്ന വ്യക്തിശാസ്ത്രം പഠിക്കാൻ കഴിഞ്ഞു.
പത്താം ക്ലാസ്സിൽ പഠിക്കാനുണ്ടായിരുന്ന ഗാന്ധിജിയുടെ ലേഖനം, ” വേലയിൽ വിളയുന്ന വിദ്യാഭ്യാസം” വായിച്ചപ്പോൾ ഞാൻ ശരിക്കും പറഞ്ഞു:
” ഈ ഗാന്ധിയപ്പൂപ്പന് ഇതെന്തിന്റെ കേടാണ്. ആളുകൾ കോട്ടും സൂട്ടുമിട്ട് പോകേണ്ട പത്രാസ് ജോലികൾ തേടുന്ന ഇക്കാലത്ത്, സ്കൂളിൽ പഠിക്കുമ്പോൾത്തന്നെ മരപ്പണിയും പഠിക്കണം പോലും!”
എന്നാൽ സ്കൂൾ കഴിഞ്ഞ് നാട്ടുകാരുടെ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ റിപ്പയർ ചെയ്തു സമ്പാദിക്കുന്ന കാശുകൊണ്ട്, സമൂഹത്തിലെ സ്വതന്ത്രസഞ്ചാരം എന്ന ആശയം കെട്ടിപ്പടുക്കാൻ തുടങ്ങിയപ്പോഴാണ് രാഷ്ട്രപിതാവിന്റെ വീക്ഷണം അക്ഷരംപ്രതി ശരിയായിരുന്നു എന്ന് മനസ്സിലായത്.
അങ്ങനെ ഓരോരുത്തർ മുപ്പതാം വയസ്സിലും മാതാപിതാക്കളുടെ മുന്നിൽ കൈനീട്ടി നിൽക്കുമ്പോൾ ഞാൻ കോളേജ് പഠനകാലത്ത് തന്നെ സ്വതന്ത്രസഞ്ചാരം തുടങ്ങി. എന്നാലത് ധൂർത്തടിയോ ആദ്ധ്യാത്മിക ജീവിതമോ ആയിരുന്നില്ല. അതു രണ്ടും എന്നെകൊണ്ട് പറ്റിയിരുന്നില്ല. സമൂഹത്തിന്റെ പൊതുവായ ഒഴുക്കിൽപ്പെടാതെ സ്വന്തമായ നിലപാടുകളും അതിന്റെ പരീക്ഷണങ്ങളേയും മുൻനിർത്തിക്കൊണ്ടുള്ള ഒരു ജീവിതം. അതായിരുന്നു ഞാൻ നയിച്ചിരുന്നത്.
മഴക്കാലത്ത്  ഞാൻ വീട്ടിൽ പോകുന്നതുതന്നെ വിരളമായി. നന്നാക്കാനുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങളും ടൂൾബോക്സുമൊക്കെയായി ഞാൻ കുരിശുമുട്ടത്തെ പുന്നൂസച്ചായന്റെ പുരയിടത്തിൽ അന്തിയുറങ്ങി. ദുബായിയിൽ ബാർ ബുസിനസ്സ് നടത്തുന്ന അച്ചായൻ നാട്ടിലോട്ടേ വരാറില്ല. എങ്കിലും എന്റെ കിടപ്പ് അച്ഛൻ പറഞ്ഞ് അങ്ങേർക്കറിയാം. ആദ്യമോന്നു സംശയിച്ചെങ്കിലും ഞാൻ വലിയ ശല്യക്കാരനൊന്നുമല്ല എന്നു മനസ്സിലായപ്പോൾ  എതിർക്കാനും പോയില്ല. മാത്രമല്ല ഒരിക്കൽ നാട്ടിൽ വന്നപ്പോൾ, ഞാനുള്ളതുകാരണം വസ്തുവിൽ കഞ്ചാവ് വലിക്കാൻ ആന്റിസോഷ്യൽസ് കയറില്ല  എന്നുപറഞ്ഞ് എന്നെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. നഗരത്തിൽ ഏക്കർ കണക്കിന് വസ്തുവകകളുള്ള അച്ചായൻ ഒരു സുപ്രഭാതത്തിൽ ഈ പൂഞ്ചോലയിൽ വന്ന് പുരയിടം വാങ്ങിയതെന്തിനെന്ന് എനിക്കും പിടികിട്ടിയിരുന്നില്ല. പക്ഷെ വളരെ ശാന്തമായ സ്ഥലമായിരുന്നു അത്. നിലാവുള്ള രാത്രികളിൽ അവിടെ കഴിയുന്നത്ര സുഖം വേറെയൊരിടത്തും കിട്ടില്ല. മൂന്നുവശം മതിൽ. ഒരു വശം കാണിത്തോട്. പശ്ചിമഘട്ടത്തിൽ നിന്നുള്ള ശുദ്ധജലം. പുരയിടത്തിലില്ലാത്ത പൂച്ചെടികളും വൃക്ഷങ്ങളുമില്ല. പൂവാങ്കുരുന്ന്, തെച്ചി, വാക, അശോകം, മഞ്ഞമന്ദാരം എന്നുവേണ്ട എല്ലാമുണ്ട്. കൂടാതെ അച്ചായന്റെ ഭാര്യ എൽസിയാന്റി വച്ചുപിടിപ്പിച്ച കുറേ വള്ളിച്ചെടികളും. എന്നാലവരാരും അങ്ങോട്ട് തിരിഞ്ഞുനോക്കാറുപോലുമില്ല.
പറഞ്ഞുവരുമ്പോൾ സുപ്രധാനമായ കാര്യങ്ങളിനിയുമുണ്ട്. അവിടെയൊരു യക്ഷി വസിച്ചിരുന്നു. മാതു എന്നോ മാതുല എന്നോ പേര്. പാലമരമുണ്ടായത് കൊണ്ടാകണം. പാലമരം ഒന്നല്ല. നിരവധിയുണ്ട്. യക്ഷിയുടെ സാന്നിധ്യം എനിക്കറിയാനെ കഴിഞ്ഞിരുന്നില്ല. പാലയുടെ ചുവട്ടിലാണ് കരിമ്പടം പുതച്ചുകൊണ്ടുള്ള എന്റെ കിടപ്പ്. ഒരു ദിവസം രാത്രി എന്റെ പുറത്തേക്ക് അരളിപ്പൂക്കളും വാകയും അശോകവുമൊക്കെ വന്നു  വീണു. നോക്കുമ്പോഴല്ലെ വിശേഷം! അതായിരിക്കുന്നു മുടിയഴിഞ്ഞ യക്ഷി. ആദ്യമൊന്ന് പേടിച്ചെങ്കിലും ഞാൻ ഗൗനിക്കാനേ പോയില്ല. എന്നെക്കണ്ടഭാവം യക്ഷിയും നടിച്ചില്ല.
രാവിലെയാകുമ്പോൾ ഞാൻ റിപ്പയർ ചെയ്ത ടാബുകളും ഫോണുകളുമായി നഗരത്തിലേക്ക് പോയി തിരക്കുകളിലലിയും. രാത്രിയിൽ അലഞ്ഞ് ക്ഷീണിച്ചു വന്നുകിടക്കുമ്പോൾ യക്ഷി പാലയൊഴിഞ്ഞ് പോകുന്നത് കാണാം. ചിലപ്പോൾ പാതിരാവരെ പൂകെട്ടിക്കൊണ്ടോ നാലുംകൂട്ടി മുറുക്കിക്കൊണ്ടോ മുകളിലിരിക്കും. പാതിരാകഴിയുമ്പോൾ കാണിത്തോട് കടന്ന് എങ്ങോട്ടോ പോകും. പുലരുമ്പോൾ മടങ്ങിവരും. അങ്ങനെ ഒരു ഷിഫ്റ്റ് പോലെയായിരുന്നു ഞങ്ങളുടെ വാസം എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
എന്തെല്ലാം വിശേഷങ്ങളുണ്ട് യക്ഷിയെപ്പറ്റി പറയാൻ!  കേൾക്കണ്ടേ? എന്റെ കൈയ്യിൽ എന്തിരിക്കുന്നു?  കേടായ കുറച്ചു ടാബുകളും ,ഫോണൂകളും, സോൾഡെറിംഗ് മെഷീനും , ബാറ്ററികളും പിന്നെ കുറച്ച് ഈയവും. എന്തെല്ലാം സാധനങ്ങളുണ്ട് യക്ഷിയുടെ കൈയ്യിൽ! അതല്ലെ കഥ. ഒരു ദിവസം നിനച്ചിരിക്കാതെ ഒരു ആമാടപ്പെട്ടിയും കൊണ്ട് യക്ഷി എന്റെ അടുത്തുവന്നു. ഈ ഉപകരണങ്ങളൊക്കെ കണ്ടപ്പോൾ ഞാനൊരു മരപ്പണിക്കാരനോ ചെരുപ്പുകുത്തിയോ ആയിരിക്കാമെന്ന് യക്ഷി കരുതിയിട്ടുണ്ടാവണം. ഞാനതിനെ ശരിയാക്കി ഒരു സാക്ഷയിട്ടുകൊടുത്തു. അന്നാണാദ്യമായിട്ട് ഞങ്ങൾ അന്യോന്യം മിണ്ടിയത്. കൂടുതൽ സംസാരിക്കുന്ന പ്രകൃതക്കാരിയല്ല യക്ഷി. അന്തർമുഖിയാണ്. എപ്പോഴും മുറുക്കിക്കൊണ്ടോ താംബൂലത്തട്ടത്തിൽ നഖം കൊണ്ട് ശബ്ദമുണ്ടാക്കിക്കൊണ്ടോയിരിക്കും. എന്തൊക്കെയുണ്ടെന്നറിയാമോ യക്ഷിയുടേതായ സാധനങ്ങൾ! നിലാവത്ത് മുകളിലോട്ട് നോക്കിയാൽ കാണാം.  എണ്ണിയാലൊടുങ്ങില്ല. വട്ടത്തളിക,  താംബൂലച്ചെല്ലം, അടയ്ക്കാപ്പെട്ടി, പച്ചപ്പട്ട്, ദീപസ്തൂപം, ചന്ദനമുരയ്ക്കുന്ന ചിത്രക്കല്ല്, കളഭച്ചട്ടി, കാഞ്ചനക്കൊലുസ്, വെള്ളുടയാട, പവിഴക്കല്ല്, വൈഡൂര്യം, പൂക്കുട, വിശറി, ആമാടപ്പെട്ടി, പൂകെട്ടാൻ നൂൽ, പനയോല, നാരായം, രത്നം പതിച്ച അരഞ്ഞാണം, വെറ്റിലപ്പാത്രം, കുങ്കുമച്ചെപ്പ്, രാമച്ചമെത്ത… ഇനിയുമുണ്ട്. വലിയ എഴുത്തുകാരിയായ ആമിപോലും ഇത്രയും ഗംഭീരമായ  ലാസ്യ, ആലസ്യ  പെൺവിശേഷത്തെ വർണ്ണിച്ചിട്ടില്ല.
” നിങ്ങളീ ദേശത്ത് വന്നിട്ടെത്ര നാളായി?” ഒരിക്കൽ മുകളിലോട്ട് നോക്കി ഞാൻ ചോദിച്ചു.
” ഇളംചെഞ്ചൻ തമ്പ്രാന്റെ കാലത്ത്. തിരുക്കുറൾ എന്നുകേട്ടിട്ടുണ്ടോ ചെറുപ്പക്കാരാ?”
വെറ്റിലയെടുത്ത് ഞരമ്പ് കളയുന്നതിനിടയിൽ യക്ഷി ചോദിച്ചു.
“പിന്നില്ലാതെ. തിരുവള്ളുവാറിന്റെ. ക്രിസ്തുവിന് മുൻപ് രണ്ടാം ശതകം. അപ്പോൾ സംഘകാലപാരമ്പര്യമുള്ള യക്ഷിയാണല്ലേ. ഞാൻ ജനിച്ചിട്ട് ഇരുപത്തിമൂന്ന് കൊല്ലമായി. ബി.ടെക് പോയകൊല്ലം കഴിഞ്ഞു” ഞാൻ പറഞ്ഞു.
ഒരിക്കൽ പടിക്കമെടുക്കുന്ന ശബ്ദം കേട്ടപ്പോൾ ഞാൻ പറഞ്ഞു:
” യക്ഷിമാതൂ ഞാൻ ചുവട്ടിലിരിയ്ക്കാണെന്ന്ള്ള ഓർമ്മവേണേ. മുറുക്കിത്തുപ്പുമ്പോൾ സൂക്ഷിക്കണേ”
പൂക്കൾ വീഴുന്നതല്ലാതെ മുറുക്കുമ്പോൾ ഒരു തുള്ളിപോലും വീഴുന്നതായി തോന്നിയിട്ടില്ല. രാത്രിയിൽ കാണിത്തോടിനപ്പുറത്ത് നിന്ന് ചില ശബ്ദങ്ങൾ കേൾക്കുമ്പോൾ ഞാൻ പറയും:
” യക്ഷീ നിങ്ങളെയതാ മാടനോ മറുതയോ വന്ന് പൂചൂടാൻ വിളിക്ക്ണ്”
കുറച്ചൊരു നിശബ്ദതയ്ക്കുശേഷം യക്ഷി മറുപടി പറയും:
” അത് മാടനല്ല ചെറുപ്പക്കാരാ. കാലൻകോഴി കൂവുന്നതാണ്”
എന്നാൽ പാലപൂക്കുന്ന നാളുകളിൽ പരിമളവും പൂപ്പടപ്പാട്ടും നിറയുമ്പോൾ യക്ഷി മാടനുമായി രമിക്കുന്നതല്ലേയെന്ന് ഞാൻ സംശയിക്കാതിരുന്നില്ല. ഇവരുടെ ലോകം ആർക്ക് മനസ്സിലാക്കാൻ കഴിയും.
അവധി ദിവസങ്ങളിൽ, കൂടെ പഠിച്ച , വീർത്തുരുണ്ട്, വടിവൊത്ത നിതംബങ്ങളുള്ള പെൺസുഹൃത്തുക്കൾ എന്നെ വന്നു കാണുമായിരുന്നു. എല്ലാം സോഫ്റ്റ്വയർ എഞ്ചിനിയർമാർ. ആരും കാണാതെ മദ്യപിക്കുവാനും കൊക്കെയ്ൻ കയറ്റാനുമാണ് ഇവളുമാരുടെ വരവ്. ഞാൻ ഇതൊന്നും ഉപയോഗിച്ചിരുന്നില്ല. എന്നല്ല ഒന്നിനോടുമെനിക്ക് ആസക്തിയുണ്ടായിരുന്നില്ല.  വല്ലപ്പോഴുമൊരിക്കൽ, നിർബന്ധിച്ചാൽ മാത്രം, ഇവളുമാരെയാരെയെങ്കിലും ഭോഗിച്ചാലായി. പെൺകാമനകളിൽ, പുരുഷന്റെ യഥാർത്ഥ സ്ഥാനമെന്തെന്ന് അവരുടെ വികാരങ്ങളിൽ നിന്നുതന്നെ മനസ്സിലാക്കാൻ , ഞാൻ പെൺസുഹൃത്തുക്കളുമായി പാവക്കൂത്താടുമായിരുന്നു. പക്ഷെ ഒന്നും യക്ഷിയുടെ മുമ്പിൽ വച്ചല്ല.  ഈ പെൺസുഹൃത്തുക്കളേക്കാളും എത്രയോ സൗന്ദര്യവും വശ്യതയുമുള്ള യക്ഷിയെ അത്തരത്തിൽ കാണാൻ തുനിഞ്ഞില്ല എന്നുമാത്രമല്ല ആ രൂപത്തെയോർത്ത് സ്വയംഭോഗം ചെയ്യരുതെന്നും ഞാൻ ദൃഢനിശ്ചയമെടുത്തിരുന്നു. അങ്ങനെയായാൽ ഞാൻ പ്രണയത്തിൽ വീഴുമെന്നും അത് പ്രതിബദ്ധത സൃഷ്ടിക്കുമെന്നും  ഞാൻ ഭയന്നു. ഭോഗത്തിനും പ്രണയത്തിനും വ്യത്യസ്ത ലക്ഷ്യങ്ങളാണുള്ളത് എന്ന നിലപാടിനൊന്നും മാറ്റം വരുത്താൻ ഞാൻ തയ്യാറുമായിരുന്നില്ല.  യക്ഷിയെ കാണുമ്പോൾ നടിമാരായ അലീഷ്യ സിൽവർസ്റ്റോണിനേയും കേയ്റ്റ് വിൻസ്ലെറ്റിനേയുമൊക്കെ ഓർമ്മവരുമെന്നതിനാൽ ഇവർ ആര്യവംശത്തിലെ ഏതോ സ്ത്രീയായിരുന്നിരിക്കണം എന്നുഞാൻ ഉറച്ചു വിശ്വസിച്ചു.
അങ്ങനെയിരിക്കെ, സംക്രാന്തി കഴിഞ്ഞ് ഒരു ദിവസം ഞാൻ സോൾഡെറിംഗ് മെഷീനുകൾ വൃത്തിയാക്കി കൊണ്ടിരിക്കുകയായിരുന്നു. ചെറിയതോതിൽ വീശിയടിക്കുന്ന കാറ്റ് കാട്ടുപൂക്കളുടെ ഗന്ധം പരത്തുന്നുണ്ട്. യക്ഷിമാതു പാലയൊഴിഞ്ഞ് താഴേക്ക് വരുന്നതിനിടയിൽ പെട്ടെന്നെന്നോട് പറഞ്ഞു:
” ചെറുപ്പക്കാരാ നിന്നോടൊരു കാര്യം പറയാനുണ്ട്”
യക്ഷി രാഹുകാലം കഴിയാൻ വേണ്ടി കാത്തിരിക്കുകയായിരുന്നു എന്നുതോന്നും.  കൈയ്യിൽ കൊഴുന്തും കമുകിൻ പൂക്കുലയും പിടിച്ചിട്ടുണ്ട്. കൊഴുന്തിന്റെ മാസ്മരിക ഗന്ധം കാട്ടുപ്പൂക്കളെ അന്യരാക്കി.
” നീ ഇരിക്കുന്നതിനടുത്തായി നിധി കുഴിച്ചിട്ടുണ്ടെടാ”
യക്ഷി പറഞ്ഞു.
ഞാൻ വെറുതെ ഉപചാരമെന്നവണ്ണം മുഖമുയർത്തി നോക്കിയതിനു ശേഷം പഞ്ഞി സ്പിരിട്ടിൽ മുക്കി സോൾഡെറിംഗ് മെഷീനിൽ പുരട്ടുന്നത് തുടർന്നു. യക്ഷി തോട് കടന്ന് പോവുകയും ചെയ്തു. എനിക്കീ നിധിയിലും വിധിയിലുമൊന്നും വിശ്വാസമുണ്ടായിരുന്നില്ല. നിധിമോഹമെല്ലാം അലസൻമാരുടെ ചിന്തകളാണെന്നായിരുന്നു എന്റെ പക്ഷം. എന്നാൽ യക്ഷി,  പട്ടണിയുമ്പോഴും, ചന്ദനമുരയ്ക്കുമ്പോഴും, ആമാടപ്പെട്ടി തുറക്കുമ്പോഴുമെല്ലാം ഇതേ പല്ലവിതന്നെ തുടർന്നുകൊണ്ടിരുന്നു.
” നിധിയുണ്ടെടാ ചെറുപ്പക്കാരാ.. പൂവാങ്കുരുന്നിന്റെ ചോട്ടിൽ നിധിയുണ്ടെടാ”
ചെറുമഴത്തുള്ളികൾ നിരന്തരമായി വർഷിച്ച് വൻമരങ്ങൾ കടപുഴകുന്നതുപോലെ എന്റെ മനസ്സിലും ചാഞ്ചല്യമനുഭവപ്പെട്ടു. തുടർന്നുള്ള രാത്രികളിൽ  ഞാൻ സ്വർണ്ണമരാളങ്ങളെ സ്വപ്നം കണ്ടു. എന്തെങ്കിലും കിട്ടുകയാണെങ്കിൽ ഈ നശിച്ച അലച്ചിലൊഴിവാക്കാമല്ലോ എന്നോർത്തു. ഇനി വീട്ടിൽ പോയി മടങ്ങുമ്പോൾ മൺവെട്ടിയോ മറ്റോ സംഘടിപ്പിച്ചുകൊണ്ട് വരണമെന്ന് നിശ്ചയിച്ചിരിക്കുകയായിരുന്നു.
എന്നാൽ അതുകഴിഞ്ഞുള്ള തിങ്കളാഴ്ച പാതിരാ കഴിഞ്ഞപ്പോൾ കാണിത്തോടിനപ്പുറം ആളനക്കം കേട്ടു. എന്നെക്കണ്ടതും ഏതാനും കാലുകൾ കാട്ടിനുള്ളിലേക്ക് മറഞ്ഞ് അപ്രത്യക്ഷമായി. കുറച്ച് മാറി, തോട് രണ്ടായി പിരിയുന്നിടത്ത്, കുളിയ്ക്കാനും, രാത്രിയിൽ വരാലുവെട്ടാനുമൊക്കെയായി ആളുകൾ വരാറുണ്ടെന്നെനിക്കറിയാം. രാത്രിയിൽ മീൻവെട്ടാൻ വന്നവരാണെന്ന് ഞാനാദ്യം കരുതി. പക്ഷെ രണ്ട് ദിവസം കഴിഞ്ഞ്, പൂവാങ്കുരുന്നിന്റെ മേൽ ടോർച്ചിന്റെ പ്രകാശം വീണപ്പോൾ ഞാനുറപ്പിച്ചു. ഭോഗിക്കാൻ വന്ന ഏതോ ഒരുമ്പിട്ടോള് രഹസ്യം ചോർത്തിക്കൊടുത്തിരിക്കുന്നു. ഞാനിക്കാര്യം ആരോടും പറയരുതായിരുന്നു. തോട്ടിനപ്പുറത്തെ തേക്കിൻ മരങ്ങൾക്ക് പുറകിൽ പതുങ്ങുന്നവരുടെ കൈയ്യിൽ, പിക്കാക്സും പാരയും ഞാൻ വ്യക്തമായി കണ്ടു. നിധിവേട്ടക്കാർ ഇനി എന്നെ കൊന്നിട്ട് നിധി കവരാനുംമതി.
ഏതാനും ദിവസങ്ങൾക്കുള്ളിൽത്തന്നെ കാര്യങ്ങൾ കൈവിട്ടുപോകുമെന്ന മട്ടായി. അവിടമാകെ ആൾമണം നിറഞ്ഞു. നിശബ്ദതയൊക്കെ എങ്ങോ പോയിമറഞ്ഞു. മാത്രവുമല്ല  ജംഗ്ഷനിലെ കുരിശടിക്കടുത്തുവച്ച് കണ്ടപ്പോൾ പഞ്ചായത്ത് മെംബർ ശശാങ്കണ്ണൻ ചോദിക്കുകയും ചെയ്തു.
“ഹരി ..ഡേയ് പുന്നൂസിന്റെ വിളയില് നിധിയുണ്ടെന്ന് കേട്ട്. നീ വല്ലതും കണ്ടായിരുന്നാ?”
എന്റെ സാമ്രാജ്യം അധഃപതിക്കുകയാണെന്ന് എനിക്ക് മനസ്സിലായി. ഞാൻ ബൈബിളിലെ വരികളോർത്തു:
” മഹതിയാം ബാബിലോൺ വീണുപായി; ദുർഭൂതങ്ങളുടെ പാർപ്പിടവും, സകല അശുദ്ധാത്മാക്കളുടെയും തടവും, അശുദ്ധിയും അറെപ്പുമുള്ള സകല പക്ഷികളുടേയും തടവുമായിത്തീർന്നു.”
ദുബായിലേക്ക് വിളിച്ചപ്പോൾ പുന്നൂസച്ചായൻ ആദ്യം കർത്താവേ എന്ന് വിളിച്ചൊന്ന് ഞെട്ടി.
“അവിടെ നിധിയുമില്ല ഒന്നുമില്ലെടാ. നീ കാര്യങ്ങള് കൂടുതലിട്ട് കുഴപ്പിക്കാതെ”
അച്ചായൻ പറഞ്ഞു. യക്ഷിയുടെ കാര്യവും ആൾക്കാർ നിധിവേട്ടക്കിറങ്ങിത്തിരിച്ചിരിക്കുന്ന കാര്യവുമൊന്നും ഞാൻ പറയാൻ പോയില്ല.
“അച്ചായാ പന്തളം രാജകുടുംബത്തിന്റെ ഏതോ നിധിയാണെന്നും എന്നാൽ അതല്ല ഏതോ ഒരു ചന്ത്രക്കാറൻ തേടിനടന്നിരുന്ന നിധിയാണെന്നുമൊക്കെ ചിലർ പറയുന്ന്ണ്ട്. പുരാവസ്തു വകുപ്പുകാർ ഒന്നുരണ്ടു തവണ വിളിച്ചിരുന്നു”
ഞാൻ പറഞ്ഞു. അച്ചായൻ ചെറുതായിട്ടൊന്ന് അസ്വസ്ഥനാകുന്നത് ഫോണിലൂടെ ഞാൻ തിരിച്ചറിഞ്ഞു.
ഈ ദിവസങ്ങളിലെല്ലാം യക്ഷി വരുകയും മുകളിലിരുന്ന് മാലകോർക്കുകയുമെല്ലാം ചെയ്തുകൊണ്ടിരുന്നു. ആരുമൊട്ട് കണ്ടതുമില്ല.
രണ്ട് ദിവസം കഴിഞ്ഞ് ഒരു പകൽ, ഞാനില്ലാത്ത നേരം നോക്കി നിധിതേടിയിറങ്ങിയ ചില മാന്യൻമാർ എന്റെ ബാറ്ററികൾ മോഷ്ടിച്ചതോടെ എനിക്ക് പിന്നെ പോലീസിൽ പരാതികൊടുക്കാതെ തരമില്ലെന്നായി. കുരിശുമുട്ടം എസ്.ഐ, ചെമ്പൻ ജബ്ബാറെന്ന് അറിയപ്പെടുന്ന ജബറുദ്ദീൻ  രണ്ട് കോൺസ്റ്റബിൾമാരുമായി വന്ന് തെളിവെടുപ്പ് നടത്തി തിരിച്ചുപോയി. പോകുന്നതിനുമുമ്പ്  ഒരു ഫോൺ നമ്പർ തന്നിട്ട് ജബ്ബാർ പറഞ്ഞു:
” കാര്യങ്ങള് സർക്കാറിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നാണ് തോന്നണത്. എന്തായാലും നിന്നെ ആരെങ്കിലും വിളിച്ച് ഭീക്ഷണിപ്പെടുത്തുകയോ, ഇവിടെ വരുകയോ ചെയ്യാണേൽ വിളിക്ക്”
ആ ആഴ്ചയിൽത്തന്നെ രണ്ട് ജീപ്പുകളിലായി കുറേ പുരാവസ്തു വകുപ്പുകാർ  വന്ന് സ്ഥലം പരിശോധിച്ച് അടയാളപ്പെടുത്തുകയും ബോർഡുകൾ തൂക്കുകയും ചെയ്തു. സർക്കാറിൽ നിന്ന് നിരന്തരമായി ഈമെയിൽ പ്രവഹിച്ചപ്പോൾ പുന്നൂസച്ചായന് ബുസിനസ്സിൽ നിന്ന് ലീവെടുത്ത് നാട്ടിൽ വരേണ്ടിവന്നു. വന്നയുടൻതന്നെ അച്ചായൻ, പുരയിടത്തിൽ നിധിയൊന്നുമില്ലെന്നും എല്ലാം വ്യാജവാർത്തകളാണെന്നുമൊക്കെ സമർത്ഥിക്കാൻ, ഫോണിലൂടേയും അല്ലാതെയും വകുപ്പുതലത്തിൽ ചില ശ്രമങ്ങളൊക്കെ നടത്തിയെങ്കിലും ഒന്നും ഫലം കണ്ടില്ല.
പറഞ്ഞ ദിവസംതന്നെ പുരാവസ്തുക്കാർ വന്ന് പര്യേഷണം തുടങ്ങി. ആളുകൾ പ്രവഹിച്ചുകൊണ്ടിരുന്നു. മതിലിനുചുറ്റും ജനപ്രളയമായി. തോട്ടിനരികിൽ ചെറുകൂട്ടങ്ങളായി സംസാരിച്ചുകൊണ്ട് നിന്നവരുടെ ഇടയിൽ, ഏതാനും നാളുകൾക്കുമുൻപ് പൂവാങ്കുരുന്നിന്റെമേൽ ടോർച്ചടിച്ച നിധിവേട്ടക്കാരുമുണ്ടെന്ന് എനിക്കുറപ്പുണ്ടായിരുന്നു. പുരാവസ്തു ടീമുകളായതിനാൽ ചിട്ടയനുസരിച്ച് ഓരോ കല്ലും വ്യക്തമായി പരിശോധിച്ച് മെല്ലെയാണ് മണ്ണ് നീക്കുന്നത്. പൂത്തുനിന്നിരുന്ന മുക്കുറ്റികളേയും തെച്ചിയേയുമെല്ലാം അവർ പിഴുതെറിഞ്ഞു. പോലീസുകാരുടെ  ബൂട്ടുകൾക്കിടയിൽപ്പെട്ട് ഞെരിഞ്ഞമരുന്നതിനുമുൻപ് മഞ്ഞമന്ദാരങ്ങൾ എന്നെ നോക്കി ഒരു ചോദ്യം ചോദിക്കുന്നതായി തോന്നി:
” മനുഷ്യാ നീ ആർജ്ജിച്ച വിജ്ഞാനത്തിന്റെ മണിപ്രാവുകളെവിടെ?”
ഇരുട്ട് വീഴുന്നതുവരെ തിരഞ്ഞിട്ടും അന്നൊന്നും കിട്ടിയില്ല. അവിടവിടെ കിടന്നിരുന്ന സിഗററ്റുകുറ്റികൾ പെറുക്കിക്കൂട്ടി എനിക്ക് മതിലിന്നപ്പുറം കളയേണ്ടി വന്നു. യക്ഷി അന്ന് വന്നില്ല. തുടർന്നുള്ള ദിവസങ്ങളിലും നിധിവേട്ട തുടർന്നു. മൂന്നാം നാൾ അവർ പാലമരങ്ങളിൽ കൈവയ്ക്കാൻ തുടങ്ങിയപ്പോൾ ഞാൻ ഫോണിലൂടെ  ചിപ്കോ മൂവ്മെന്റിലുള്ള ചില സുഹൃത്തുക്കളെ വിളിപ്പിച്ച് മരങ്ങളെ കെട്ടിപ്പിടിച്ചു  നിർത്തിച്ചു. കൂടെ കുറേ പരിസ്ഥിതിവാദികൾ  പ്ലക്കാർഡുകളുമായുമെത്തി. അങ്ങനെ പുരാവസ്തു വേട്ടക്കാർ വൃക്ഷങ്ങളെ വിട്ടൊഴിഞ്ഞു.
ഇത്രയുമായപ്പോൾ ആളുകളുടെ ഇടയിൽ മൂപ്പുചെന്ന  ചിലരെല്ലാം വന്ന് പഞ്ചായത്ത് മെംബറോട് ഓരോ കാര്യങ്ങൾ തിരക്കിതുടങ്ങി.
“ശശാങ്കാ ഇതേതടെ പയ്യൻ?”
” ഇവനെ നിങ്ങൾക്കറിയില്ലേ? ഹരീഷ് ബാബു. ബോർഡിലെ എഞ്ചിനിയറായിരുന്ന നമ്മടെ ഗോപകുമാരൻ സാറിന്റെ മോൻ. കളത്തറത്തെ.”
“കളത്തറത്തെ ഗോപകുമാരൻനായരെ മോനാ? എന്നിട്ട് അവിടെയൊന്നും കണ്ടിട്ടില്ലല്ല്.”
“ഇവനവിടെ വന്നാലല്ലെ നിങ്ങള് കാണു. ഇവന്റെ കുടിയും കിടപ്പുമൊക്കെ ഇവിടെത്തന്നെ”
ഞാനാകെ ക്ഷീണിതനായിരുന്നു. തോട്ടിലേക്കിറങ്ങിച്ചെന്നുകൊണ്ട് കാലുകൾ വെള്ളത്തിലിട്ടുകൊണ്ട് ഞാൻ കുറേനേരമവിടെയിരുന്നു.
നിധിവേട്ട ദിവസങ്ങളോളംനീണ്ടുനിന്നു. അവസാനം വേട്ടയുടെ ഏഴാം നാൾ ക്ഷമനശിച്ച ആൾക്കൂട്ടത്തെ അത്ഭുതപ്പെടുത്തിക്കൊണ്ട് നിധി കിട്ടി. നിധിയല്ല ഒരസ്ഥികൂടം. ദ്രവിച്ച ഒരു കൊന്തയുമുണ്ട്. തറയിൽ വീണ് ആരെയോ നമസ്കരിക്കുന്നതുപോലെ  എല്ലുകളെല്ലാം ചുരുണ്ട് ഒതുങ്ങിയിരിക്കുന്നു. ആളുകളിൽ ചിലർ മതിലിൽ നിന്ന് താഴോട്ട് ചാടി, പോലീസ്കാരെ വെട്ടിച്ച് അടുത്തേക്ക് വരാൻ നോക്കി.  ചെമ്പൻ പതുക്കെ അസ്ഥിക്കടുത്ത് വന്ന് മണം പിടിച്ച് പാലമരം ചുറ്റി അച്ചായന്റെ അടുത്ത് വന്ന് ചെമ്പുരുളുന്നത് പോലെ ഒന്നു ചിരിച്ചു.
” ഹ ഹ ഹ അച്ചായോ വേല എന്നോടിറക്കരുത്. പുന്നൂസ് മുതലാളിയുടെ മമ്മി മരിച്ചപ്പോൾ പ്രാർത്ഥനയും മെഴുകുതിരിയുമൊന്നുമില്ലെന്ന് ആൾക്കാർ അടക്കം പറഞ്ഞപ്പോഴേ ഞാൻ സംശയിച്ചതാ. സത്യം പറ അച്ചായാ നിങ്ങള് മൂപ്പത്തിയാരെ അടിച്ച് കൊന്ന് കുഴിച്ചു മൂടിയതല്ലേ?”
ആദ്യമൊക്കെ അച്ചായനത് നിരസിക്കാൻ ശ്രമിച്ചെങ്കിലും ക്രമേണ ആളൊന്ന് വിരണ്ടു. ദൈവത്തിന് മുന്നിൽ ആദമെന്ന് പോലെ അച്ചായൻ ജബ്ബാറിന് മുന്നിൽ നിന്ന് വിറയ്ക്കാൻ തുടങ്ങി.
” ജബ്ബാർ സാറെ അതേ അമ്മച്ചിക്ക് മറവിരോഗമായിരുന്നല്ലോ. വലിയ പാടായിരുന്നു. ഭക്ഷണം കഴിക്കാനൊക്കെ. എവിടെയെങ്കിലുമൊക്കെ ഇറങ്ങി പോകും. എൽസിക്കൊരു കൈയ്യബദ്ധം. എന്നെ കുടുക്കരുത്. എന്തു സഹായം വേണേലും ചെയ്യാം.
തുടർന്നുള്ള അടക്കി സംസാരത്തിൽ  ജബ്ബാർ അച്ചായനെ കൈവെടിയുകയില്ലെന്ന് എനിക്ക് മനസ്സിലായി. അതിനോടകംതന്നെ മണംപിടിച്ച്  ശശാങ്കണ്ണനും അവിടെയെത്തി.
” അച്ചായാ ഉഗ്രൻ നിധിയല്ലേ കിട്ടിയിരിക്ക്ണത്. പെറ്റമ്മേക്കാളും വലിയ നിധിയുണ്ടാ” ശശാങ്കണ്ണൻ ഒന്ന് അടക്കിച്ചിരിച്ചു.
” എന്നാലും പാർട്ടിക്ക് അച്ചായനെ മറക്കാൻ പറ്റ്വോ” അണ്ണൻ തുടർന്നു പറഞ്ഞു.
പുന്നൂസ് മുതലാളിയുടെ പുരയിടമെന്നറിഞ്ഞപ്പോൾ പുരാവസ്തുക്കാരും മനക്കോട്ട കെട്ടി തുടങ്ങിയിരുന്നു. അവർ പര്യേക്ഷണം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചു.
” പോയിനെടാ” ജബ്ബാർ ആൾക്കാരെ തുരത്താൻ നോക്കി.
“നില്ല് ജബ്ബാറെ” ശശാങ്കണ്ണൻ പറഞ്ഞു. ” ദൈവത്തിനുള്ളത് ദൈവത്തിനും കൈസറിനുള്ളത് കൈസറിനും ജനങ്ങൾക്കുള്ളത് അവർക്കുംഎന്നാണല്ലോ ഇവരുടെ പ്രമാണം. ആൾക്കാർക്ക് രാഷ്ട്രീയപരമായൊരു സമാധാനം പറച്ചിലാണാവശ്യം. അല്ലെങ്കിൽ ഇവൻമാർ കവലകളിൽ ചെന്ന് നിന്നുകൊണ്ട് അടക്കം പറഞ്ഞുകളയും.
തുടർന്ന് അങ്ങേരൊരു പ്രഭാക്ഷണം നടത്തി. കണ്ട്കിട്ടിയത് പണ്ടവിടെ താമസിച്ചിരുന്ന ആരുടേയോ കല്ലറയാണെന്നും പാവംപിടിച്ച പുന്നൂസ് മുതലാളിയെ വിളിച്ചുവരുത്തി ബുദ്ധിമുട്ടിച്ചത് സർക്കാറിന്റെ ഭാഗത്തെ വീഴ്ചയാണെന്നുമായിരുന്നു അതിന്റെ സാരം. തുടർന്ന് പിടിച്ചടക്കപ്പെട്ട എന്റെ രാജ്യത്ത് നിന്ന് ആളുകളൊഴിയാൻ തുടങ്ങി. അസ്ഥികൂടത്തെ ഒരു ചാക്കിൽ കെട്ടി അവിടെത്തന്നെ കുഴിച്ചിട്ടു.
പിറ്റേന്ന് , എന്റെ മുന്നിൽ ഒരു തടസ്സമെന്നവണ്ണം കിടക്കുന്ന മൺകൂമ്പാരങ്ങളേയും, കരിഞ്ഞുണങ്ങി നിർജ്ജീവങ്ങളായി കിടക്കുന്ന പൂച്ചെടികളേയും നോക്കി ഞാനിരിന്നു.  കൊന്ന പാപം തീർക്കാനായിരിക്കണം അച്ചായൻ അമ്മച്ചിയെ കൊന്തയണിയിച്ച് പറഞ്ഞയച്ചത്.  മന്ദാരപ്പൂക്കളുടെ ചോദ്യം വീണ്ടും എന്റെ മനസ്സിലേക്കെത്തി.
” ഞാൻ ആർജ്ജിച്ച വിജ്ഞാനത്തിന്റെ കപോലങ്ങളെവിടെ?”
ഹൃദയത്തിൽ എന്തെന്നില്ലാത്ത ഒരു നീറ്റൽ അനുഭവപ്പെട്ട് തുടങ്ങിയിരുന്നു. ഏറെ നാളുകൾക്ക് ശേഷം അന്ന് വൈകുന്നേരം മഴപെയ്തു. അവിടെ തങ്ങി നിന്നിരുന്ന പുകയും ,പൊടിപടലങ്ങളും, മനുഷ്യഗന്ധവും പതിയെ മാഞ്ഞുതുടങ്ങി. മഴ, മണ്ണിന്റെ പുതുമണവും കാടിന്റെ ഗന്ധത്തോടുമൊപ്പം  വിരഹവും കൊണ്ട് വന്നു. യക്ഷിയുണ്ടായിരുന്നെങ്കിൽ! യക്ഷി പോയിട്ട് ഒരാഴ്ചയോളം കഴിഞ്ഞിരുന്നു. അന്നാദ്യമായി വിരഹത്തിന്റെ നോവ് ഞാനറിഞ്ഞു. പെൺകുട്ടികളുടെ വരവും ഭോഗവുമെല്ലാം ഞാൻ നിർത്തിയിരുന്നു. വീട്ടിൽ പോകാതെ ഞാൻ കുറേനേരം അവിടെ നിന്ന് മഴനനഞ്ഞു. തളിർച്ചെടികളെ വീണ്ടും നട്ടുപിടിപ്പിക്കണമെന്ന് എന്റെ മനസ്സ് പറയുന്നുണ്ട്. പിറ്റേദിവസം വൈകുന്നേരവും മഴപെയ്തു. യക്ഷി ഇനി വരില്ലേ? പൂഞ്ചോല മുഴുവനായും അപഹരിക്കപ്പെട്ട് പോയതാണോ യക്ഷി പോകാൻ കാരണം? എന്റെ മനസ്സിൽ ആശങ്കയും ദുഃഖവും നിറഞ്ഞുനിന്നു. എല്ലാത്തിൽ നിന്നും രക്ഷപ്പെടാൻ വീണ്ടും ജോലിയിൽ വ്യാപൃതനാകണമെന്ന് ഞാൻ നിശ്ചയിച്ചുറച്ചു. നഗരത്തിന്റെ തിരക്കുകളിലലയുമ്പോൾ ഒരുപക്ഷെ കുറച്ചൊരു ആശ്വാസം കിട്ടുമായിരിക്കും.
മൂന്നാം നാൾ ആകാശം തെളിഞ്ഞു. നഗരത്തിന്റെ പെടാപ്പാടുകളിലലഞ്ഞ് തിരികെയെത്തിയപ്പോൾ നേരമേറെ വൈകി. നിലാവുദിച്ചിരുന്നു.  ഏറെ ക്ഷീണമുണ്ടായിരുന്നെങ്കിലും ഞാൻ വന്നപാടെ, പുന്നൂസച്ചായൻ ഏല്പിച്ചിട്ടുപോയ  പഴയൊരു ലാപ്ടോപ്പെടുത്ത് പൊളിക്കാൻ തുടങ്ങി. കുറേക്കഴിഞ്ഞപ്പോൾ അവിടെമാകെ പൂക്കളുടെ നേരിയ സുഗന്ധം പരന്നു. നോക്കുമ്പോഴല്ലേ വിശേഷം. അതാ യക്ഷി വരുന്നു! കൈയ്യിൽ കൈതപ്പൂക്കളും താഴമ്പൂവുമൊക്കെയുണ്ട്. പറഞ്ഞറിയിക്കാനാവാത്തൊരു ആഹ്ലാദം എന്നിലുണ്ടായി. യക്ഷി അടുത്തുവന്നപ്പോൾ ഞാനാ കണ്ണുകളിൽ നോക്കിയിരുന്നു. യക്ഷി എന്റേയും. മനോഹരമായ നീലക്കണ്ണുകൾ. അന്യോന്യം ദാഹിക്കുന്നുണ്ടെന്ന് ഞങ്ങൾക്ക് രണ്ടുപേർക്കുമറിയാം. പക്ഷെ ഞാനൊന്നും പുറത്തുകാട്ടാതെ പരിഭവമഭിനയിച്ചുകൊണ്ട് ലാപ്ടോപ് പൊളിക്കുന്നത് തുടർന്നു. യക്ഷി എന്റെയടുത്തിരുന്ന് വെറ്റിലയെടുത്ത് ഞരമ്പ് കളഞ്ഞു. ഞാൻ പതുക്കെ ഉറക്കച്ചടവ് നടിച്ചു . കള്ളം മനസ്സിലായി എന്ന ഭാവേന കൈപൊത്തി അടക്കിച്ചിരിച്ചുകൊണ്ട് യക്ഷി നാലും കൂട്ടി മുറുക്കാൻ തുടങ്ങി. ഞാൻ ലാപ്ടോപ് മടക്കി വച്ചിട്ട് ഉറങ്ങാനുള്ള വട്ടംകൂട്ടി. മുറുക്കിക്കഴിഞ്ഞ് മുകളിലേക്ക് പോകുന്നേരം യക്ഷി പറഞ്ഞു:
” പാലയുടെ പുറകിൽ ഇനിയും നിധിയുണ്ടെടാ ചെറുപ്പക്കാരാ”
ഉപചാരമെന്നവണ്ണം ഞാനൊന്ന് സമ്മതം മൂളി,
“ങ്ഹും”
പക്ഷെ ഉള്ളിലുണ്ടായ രോക്ഷത്തിന്റെ തള്ളിച്ചകാരണം ഞാൻ മനസ്സിൽ  നിശബ്ദനായൊന്ന് അലറിയൊതുങ്ങി:
” പോടീ കോപ്പേ! അവൾടെ അമ്മേര..”
പാലമരത്തിൽ ചാരിയിരുന്നുകൊണ്ട് ഞാൻ കരിമ്പടമെടുത്ത് ചുറ്റി. എന്നിട്ട് തോട്ടിലെ വെള്ളത്തിൽ നിലാവാടുന്നത് നോക്കിയിരുന്നു.
” ങ്ഹും നിധിയുണ്ടുപോലും!  ഒരു തലമുറയുടെ അസ്ഥികളെല്ലാം പെറുക്കിക്കൂട്ടാൻ ഞാനാര് ചാവുമാടങ്ങളുടെ കാവൽക്കാരനോ?”
ഉറങ്ങാൻ കിടന്ന് കുറച്ചുകഴിഞ്ഞപ്പോഴുണ്ട് മുകളിൽ നിന്ന് വാകപ്പൂവും മുല്ലയും വീഴുന്നു. ഹൃദയത്തിൽ ഹർഷത്തിന്റെ പൂക്കൾ വിടരുന്നതായി എനിക്ക് തോന്നി. യക്ഷി മാലകോർക്കുകയോ മന:പൂർവ്വം പൂവെറിയുകയോ ചെയ്യുകയാണ്. എന്തായാലും യക്ഷി തിരികെ വന്നൂലോ.
ഒരിക്കൽ അസ്ഥികൾക്ക് മുകളിൽ എന്റെ മന്ദാരവും മുക്കുറ്റിയും വീണ്ടും പൂത്തുതളിർക്കും. പൂക്കളുടെ വശ്യമായ സുഗന്ധത്തിൽ ഞങ്ങളുടെ മനം നിറയും. ഉറക്കത്തിലേക്ക് വഴുതി വീഴുന്നതിന് മുൻപ് ഞാനോർത്തു.
ഹരീഷ് ബാബു നായര്‍

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!