മണം

പെർഫ്യൂമുകളുടെ വലയത്തിൽ
അപരിചിതമായ മണത്തിൽ
എന്നെ കെട്ടിയിട്ട നിന്നോട്
എന്റെ ഉടലിനു
അതിന്റെ ചരിത്രം പറയാനുണ്ട് ;

മാങ്ങയുടെയും ചക്കയുടെയും
മണങ്ങൾ മാറി മാറി അണിഞ്ഞു നടന്ന പകലുകൾ
വൈക്കോൽ മണത്തിൽ കിടന്നുറങ്ങിയ
നട്ടുച്ചകൾ
പച്ചപ്പുല്ലിൻ മണം പടർന്ന വയലിൽ
പുള്ളിപ്പയ്യിന്റെ പിന്നാലെ
പശുമണം തൂവിയ സായന്തനം
ഇരുളിൽ ആരുമറിയാതെ
അടുത്തു വന്നു കിടന്ന മുല്ലമണം
അകത്തുനിന്നും എന്നോട് കയർക്കുന്ന
കാച്ചെണ്ണ മണം
അടുക്കളയിലെത്തി എന്നെ തഴുകിക്കരയുന്ന
കുഴമ്പു മണം
മഴ ചാറുമ്പോൾ പുറത്തിറങ്ങി നോക്കുന്ന
പുതു മണ്ണിൻ മണം
യാമങ്ങൾ തുരന്നു പോകുന്ന ചുണ്ടെലി മണം
ജനല് കടന്ന് അടുത്ത് വന്നു വിളിക്കുന്ന
ദോശ മണം
വടി കുത്തി വയ്യാതെ നടന്നു
കുളക്കടവിലിരിക്കുന്ന രാസ്നാദി മണം
പെട്ടെന്ന് പറന്നെത്തുന്ന കോഴിമണം
പച്ചപ്പായലിൽ പതിയിരുന്നു
പിടികൂടുന്ന പേടിമണം
എന്റെ ചരിത്രം നിന്റെ ഉടലിനു മനസ്സിലാവില്ല
നിലാവിന്റെ മണം കുടിച്ചു വളർന്നവൻന്
നീ കനത്ത ഇരുട്ടാണ്‌
ഇരുട്ടിൽ ചെമ്പക പ്പൂമണമാകാൻ
നിനക്ക് ഒരു കാറ്റിലും സാദ്ധ്യമല്ല
നീ കെട്ടിയ മാന്ത്രിക പ്പൂട്ടുകൾ
അഴിച്ചു വിടുക
പെർഫ്യൂമുകൾ ഓരോന്നായി അഴിച്ചെടുക്കുക
എന്റെ ഉടലിന് അതിന്റെ മണം
തിരിച്ചെടുക്കേണ്ടതുണ്ട്
മനസ്സിന്റെ മണം വയലിലെവിടെയോ
വെച്ചു മറന്നതാണ്
അത് തിരഞ്ഞു പോകേണ്ടതുണ്ട് .

മുനീർ അഗ്രഗാമി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!