മിഴികളിൽ നിറകതിരായി സ്നേഹം..

നേർത്ത മഞ്ഞിൻപാളി കട്ടിയുള്ള മൂടൽമഞ്ഞായി രൂപപ്പെട്ടതിന്റെ ഇടയിലൂടെ നടന്നുവരുന്നതായാണ് ആദ്യം കണ്ടത്. മെലിഞ്ഞുനീണ്ട ഉടലിന്റെ ഉടമയ്ക്ക് അങ്ങനെയാണ് എന്റെ കണ്ണിലും മനസിലും എന്നും മഞ്ഞിന്റെ നിറവും തണുപ്പുമായത്. തനിച്ച്‌ ആദ്യമായിക്കണ്ട നിമിഷങ്ങളായിരുന്നു അത്. സങ്കോചമെന്റെ നാവിനെ കെട്ടിയിട്ടിരുന്നു. കൈയ്യുറകളെ തോൽപ്പിച്ചു വിറച്ചുകൊണ്ടിരുന്ന കൈകൾ മഞ്ഞിനെ വെറുതെ കുറ്റപ്പെടുത്തി. മരവിച്ചുപോയ കാലുകൾ വീഴ്ത്തിക്കളയുമോ എന്നു ഭയന്ന് മുഖംകുനിച്ച എന്നിലേയ്ക്ക് ഹസ്തദാനത്തിനെന്നോണം നീണ്ടുവന്ന കൈകൾ താങ്ങായി വളരെനേരം അവിടെത്തന്നെയുണ്ടായിരുന്നു. അത്ഭുതമെന്നപോലെ പിന്നെപ്പോഴോ ഓർത്തു, ആ കൈകളും വിറച്ചിരുന്നു എന്ന്! കവിളുകളിലേയ്ക്ക് അത്രയെളുപ്പത്തിൽ രക്തമിരച്ചു കയറുന്ന പ്രായമായിരുന്നു അത്.. ഒരു വാക്കിൽ, ഒരു നോട്ടത്തിൽ ഉള്ളിൽനിന്ന് ഒരുനൂറു പൂമ്പാറ്റകൾ ഇളകിപ്പറക്കുന്ന കാലം. ഓർക്കുമ്പോഴെപ്പോഴും അരികിലെത്തുന്ന സ്നേഹം! വാക്കുകളില്ലാതെ മഞ്ഞും കാലവും ഞങ്ങൾക്കുചുറ്റും ഇന്നും ഘനീഭവിച്ചു കിടക്കുന്നു.

ബിന്ദു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!