എന്നത്തേയും പോലൊരു സാധാരണ ദിവസമായിരുന്നു അന്നും. പക്ഷെ എപ്പോഴൊക്കെയോ അന്തരീക്ഷത്തിലൊരു യാത്രയുടെ മണമടിച്ചു. വീട്ടിലെ ഒരേയൊരു വിശ്വാസി ഓഫീസ് പൂട്ടിവന്നപ്പോഴാണതിന്റെ ദിശ മനസ്സിലായത്. പിന്നെയും തീർഥാടനം. ഇത്തവണ വിഷയം കുറച്ചുകൂടെ ഡെലിക്കേറ്റാണ് . ഇനിയും കെട്ടാത്ത, പണ്ടേ കെട്ടുപ്രായം കഴിഞ്ഞ അനിയന്റെ കല്യാണക്കാര്യമാണ് വിഷയം. അവിടെയെന്റെ നാവ് ചങ്ങലക്കിട്ടിരിക്കും. അതറിയുന്ന വിശ്വാസി കത്തിക്കയറി. ” ഒറ്റൊരെണ്ണത്തിന് ഒന്നിലും വിശ്വാസമില്ല. പിന്നെങ്ങനെ ഇതൊക്കെ നടക്കും? ഞാൻ വളരെ കഷ്ടപ്പെട്ട് തിരുമാന്ധാംകുന്നിലേക്കൊരു പൂജ ഏർപ്പാടാക്കീട്ടുണ്ട്. ബുക്ക് ചെയ്താൽ മാസങ്ങൾ കഴിഞ്ഞുമാത്രം നമ്മുടെ ഊഴം വരുന്ന പൂജയാ. ഇനിയും തർക്കിച്ചു നിൽക്കാതെ അനുസരിച്ചാൽ നിനക്കൊക്കെ കൊള്ളാം”. രണ്ടു കേഴ്വിക്കാരുണ്ടെന്നതിനാൽ വിശ്വാസി ആത്മവിശ്വാസത്തോടെ മുന്നോട്ട്. ഞാൻ രണ്ടാം പ്രതിയായ അമ്മയുടെ നേർക്ക് ചോദ്യമെറിഞ്ഞു. അമ്മ കണ്ണടച്ചുകാട്ടിയതു ഭക്തിമൂത്തിട്ടല്ലെന്നു നിശ്ചയം. പിന്നാമ്പുറ സംസാരത്തിനു അവസരം കിട്ടിയപ്പോൾ അമ്മ പിറുപിറുത്തു . ” കഴുതേ മിണ്ടാതിരി. നമുക്ക് നഷ്ടപ്പെടാൻ ഉച്ചരിക്കാത്ത ഒരുവാക്കുമാത്രം . കിട്ടിയാലോ ഒരു യാത്ര. നമ്മളിതുവരെ നിലമ്പൂര് പോയിട്ടില്ലല്ലോ. ഇപ്രാവശ്യം അങ്ങോട്ടാവട്ടെ”. ബുദ്ധിമതി. ഞാനും ദയനീയഭാവം എടുത്തണിഞ്ഞു മിണ്ടാതിരുന്നു. യാത്ര എന്ന് എഴുതിക്കാണിച്ചാൽ അപ്പോഴേ പുറപ്പെട്ടിറങ്ങുന്നതാണ് കുടുംബം ഒന്നടങ്കം. അങ്ങനെ തരപ്പെട്ടതായിരുന്നു ആ യാത്ര .
കാറ്റ് വീശിയടിക്കുന്ന ഒരുച്ചത്തുടക്കത്തിൽ നിലമ്പൂർ പാസ്സഞ്ചറിൽ അങ്ങാടിപ്പുറത്തിറങ്ങുമ്പോൾ അതുവഴി കടന്നുപോയിട്ടുള്ളതല്ലാതെ അവിടെ ഇറങ്ങിയൊരു പരിചയവുമില്ലെന്നോർത്തു ; അതുകൊണ്ടുതന്നെ സ്ഥലപരിചയം കമ്മി. സാരമില്ല നമുക്ക് കണ്ടുപിടിക്കാമെന്ന ധൈര്യമുണ്ടാക്കി ചെറിയ സ്റ്റേഷനും പരിസരവും. യാത്രാക്ഷീണമകറ്റി വൈകുന്നേരമാണ് അമ്പലം കാണാനിറങ്ങിയത്. അപ്പോഴും വീശിയടിച്ചുകൊണ്ടിരുന്ന കാറ്റ് അമ്മയുടെ ചങ്ങാതിയായി. കാറ്റുകൊണ്ടുപോകുന്നിടത്തേയ്ക്ക് നമുക്കങ്ങു പോകാമെന്നായി. കുന്നിനുമുകളിലുള്ള അമ്പലം ചുറ്റി കാറ്റുകൊണ്ടെത്തിച്ചതൊരദ്ഭുത ലോകത്തേയ്ക്കായിരുന്നു. അടിച്ചു വൃത്തിയാക്കിയിട്ട കുത്തനെയുള്ള കൽപ്പടവുകൾ നയിക്കുന്നത് വിശാലമായ പാടത്തേയ്ക്. കല്പടവുകൾക്കു തണൽ വിരിച്ചു നിറയെ വൃക്ഷങ്ങളും അവ അവസാനിക്കുന്നിടത്തൊരു കുളവും. എവിടൊക്കെയോ എന്തൊക്കെയോ ഓർമ്മിപ്പിച്ചങ്ങനെ…. രണ്ടാമതൊന്നു ചിന്തിക്കാതെ പടവുകളിറങ്ങുന്ന ഞങ്ങളെ നോക്കി വിശ്വാസി മുരണ്ടു, ” അപ്പൊ അമ്പലത്തിലേക്ക് വന്നതല്ല , സ്ഥലം കാണാൻ വന്നതാല്ലേ? ” മറുപടിയ്ക്കായി തിരിഞ്ഞ എന്നെ അവഗണിച്ച് അമ്മ പടികളോടിയിറങ്ങിപ്പോയി. കുളത്തിൽ തെല്ലിട നോക്കി നിന്ന് പിന്നെ പാടവരമ്പത്തേയ്ക്കിറങ്ങി ചിരപരിചിതമാണ് ഈ വഴി എന്നപോലൊരു പോക്ക്. പണിപ്പെട്ട് കൂടെയെത്തിയ എന്നോട് ഒരു ഡയലോഗും . ” ഡീ … ഈ വഴി നേരെ പോയാൽ ചുമരുകൾ ഇടിഞ്ഞു തുടങ്ങിയ, തറ കൊത്തിത്തേയ്ക്കാത്ത, മേഞ്ഞൊരു മാളികവീട് കാണാം . നമ്മുടെ സേതുവിൻറെ വീട്. ‘കാല’ത്തിലെ വീടെ . എന്റെ മനസ്സ് പറയുന്നു അതെഴുതിയതു ഇവിടം മനസ്സിൽ കണ്ടിട്ടാണെന്ന് .” അമ്മയുടെ കണ്ണിലൂടെ ഞാനും ആ വീടു കണ്ടു. ഇരുട്ടുവീണ വഴിയിലൂടെ തിരികെ നടക്കുമ്പോൾ ഞങ്ങൾ നിശ്ശബ്ദരായിരുന്നു, യാത്ര ഫലം കണ്ട തൃപ്തിയിൽ.
ബിന്ദു
Thanks for sharing. I read many of your blog posts, cool, your blog is very good.
Thank you for your sharing. I am worried that I lack creative ideas. It is your article that makes me full of hope. Thank you. But, I have a question, can you help me?