രംഗബോധം തീരെയില്ലാത്ത കോമാളി

ഏറെ വേദനകൾ തന്ന ഒരാഴ്ചയാണ് കടന്നുപോയത്. വേദനകൾ കടിച്ചമർത്തി മുന്നോട്ടുപോവുകയാണ് വേണ്ടത്. എങ്കിലും അത് നൽകുന്ന ആഘാതങ്ങളിൽ നിന്നും കരകയറുക വലിയ കടമ്പയാണ്. ഈ കുറിപ്പ് ആദ്യം പേപ്പറിൽ പകർത്തുമ്പോഴും പിന്നീട് ഡിജിറ്റലാവുമ്പോഴും ആ നീറ്റലിനു കുറവൊന്നുമില്ല.

കഴിഞ്ഞ തിങ്കളാഴ്ച അനുജൻ പോയി. അനുജനെന്നുപറഞ്ഞാൽ കുഞ്ഞമ്മയുടെ മകൻ. ഒരുമിച്ചുകളിച്ചു വളർന്നവൻ. ഏതു പാതിരാത്രിയും ‘അണ്ണോ’ എന്നു സ്നേഹത്തോടെ വിളിക്കുന്നവൻ. എന്നും കാണുന്നില്ലെങ്കിലും കേൾക്കുന്നില്ലെങ്കിലും ആ വിളിയുടെ ‘താളം’ അതുപോലെ കാത്തവൻ. ആശയങ്ങളിലും പ്രവർത്തികളിലും രണ്ടു ധ്രുവങ്ങളിലാണെങ്കിലും രക്തബന്ധത്തിന്റെ ആ ‘ബന്ധനം’ അവസാനം വരെയും കാത്തവൻ. ഓരോരുത്തരുടെയും ഉയർച്ചയും താഴ്ചയും ഭാഗ്യവും നിര്ഭാഗ്യവും തമ്മിൽ നോക്കി നിന്നിട്ടുണ്ട്, രണ്ടുപേരും. ചിലപ്പോഴൊക്കെ നെടുവീർപ്പിട്ടു; ചിലപ്പോൾ പൊട്ടിച്ചിരിച്ചു.

ഒരുവർഷം മുന്നേ, ഒരു വിവാഹച്ചടങ്ങിൽ കണ്ടപ്പോൾ അവൻ നന്നേ ക്ഷീണിച്ചിരുന്നു.

‘ടാ നിന്റെ മുഖമെന്താ ഇങ്ങനെ ഒരുവശത്തേയ്ക്ക് വളഞ്ഞു കോടിപ്പോകുന്നത്?’

‘ഒന്നു പോ അണ്ണാ നിങ്ങളിങ്ങനെ കാണാതിരുന്നു കാണുന്നുണ്ടാ പലതും തോന്നുന്നത്. പിന്നെ, നമുക്ക് വയസായി തുടങ്ങിയണ്ണാ. ഇപ്പോഴും കൊച്ചുപിള്ളയെന്നാണോ നിങ്ങളുടെ വിചാരം? നിങ്ങളുടെ മുഖത്തും ചുളിവ് വീണു തുടങ്ങി.’

അവനിങ്ങനെ നിസാരമട്ടിൽ പറയാനുള്ളതൊക്കെ പറഞ്ഞു.

ഞാൻ നിശബ്ദനായി. പണ്ടും അങ്ങനെയാണ്. തമ്മിൽ കാണുമ്പൊൾ കൂടുതൽ സംസാരിക്കുന്നത് അവനാണ്. കുറച്ചുനാൾ കഴിഞ്ഞപ്പോൾ അറിഞ്ഞു, അവന്റെ കഴുത്തിലേക്ക് അർബുദം ആഴ്ന്നിറങ്ങിയെന്ന്…
കേട്ടത് സത്യമാകരുതെന്ന് വെറുതെ വിചാരിച്ചു. അന്നത്തെ ആ മുഖം ഓർമ്മവന്നു. പിന്നെയെല്ലാം വളരെ വേഗത്തിലായിരുന്നു. ഒന്നും ബാക്കിവയ്ക്കാതെ അവനെക്കൊണ്ടുപോയി. അവസാനമായി ഒന്നുകാണാൻ പോലും കഴിയാത്തതിന്റെ വിങ്ങൽ ഇപ്പോഴുമുണ്ട്. ഇതെഴുതുമ്പോൾ അവൻ കാണുന്നുണ്ടാവും. എന്നിട്ട് ചിരിച്ചുകൊണ്ട് പറയാൻ പോകുന്നത് എന്താണെന്നും എനിക്കറിയാം.

‘നിങ്ങളെന്തരണ്ണാ ഇങ്ങനെ? നമ്മളൊക്കെ വയസ്സന്മാരായിത്തുടങ്ങി!’

ഇല്ലെടാ, അത്രയ്ക്കൊന്നുമായില്ല. ജീവിച്ചുതുടങ്ങിയതേ ഉള്ളൂ. നീ സമ്മതിച്ചാലും ഇല്ലെങ്കിലും അതാണ് സത്യം. അത്ര പെട്ടെന്നൊന്നും പോകാൻ പാടില്ലായിരുന്നു. നേരെ ഒന്നുറങ്ങിയിട്ട് കുറെ ദിവസമായെടാ, അന്നുതുടങ്ങിയ തലവേദന ഇന്നുമുണ്ട്. ഇതെഴുതിക്കഴിഞ്ഞാലെങ്കിലും സമാധാനം കിട്ടട്ടെ.
നീ പോ……. ..വേദനകളിലാത്ത ലോകത്തേയ്ക്ക് പോ….
അല്ലാതെന്തുപറയാൻ…..

അനീഷ് തകടിയിൽ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!