വിദ്യാഭ്യാസചിന്തകള്‍

ഭാരതീയ വിദ്യാഭ്യാസ സമ്പ്രദായങ്ങള്‍ വളരെ പുകള്‍പെറ്റതും ലോകമെമ്പാടും വളരെയധികം ചര്‍ച്ചകള്‍ക്കും, പഠനങ്ങള്‍ക്കും വിധേയമായതുമായ ഒരു വിഷയമാണ്‌. ഇന്നും അതിന്മേലുള്ള പഠനങ്ങള്‍ യുറോപിലും മറ്റും കൊണ്ടുപിടിച്ചു നടക്കുകയും, അതിന്റെ മേന്മകളെയും, സാധ്യതകളെയും പൂര്‍ണമായ രൂപത്തിലല്ലെങ്കിലും അവര്‍ക്ക് മനസ്സിലാക്കുവാന്‍ സാധിച്ചിരിക്കുന്നു.

എന്തിനാണ് വിദ്യാഭ്യാസം, ജീവിതത്തില്‍ അതിനുള്ള പങ്കെന്ത്, എങ്ങിനെയാണ്‌ അതിനെ ജീവിതത്തില്‍ ശരിയാംവണ്ണം വിനിയോഗിക്കേണ്ടത്, വിദ്യാര്‍ഥി എങ്ങനെ ആയിരിക്കണം, അദ്ധ്യാപകന്‍ എങ്ങനെ ആയിരിക്കണം എന്നുള്ളത് ചിന്തകന്മാരും, ഉല്‍പതിഷ്ണുക്കളായ ശാസ്ത്രഗവേഷകരും പ്രതിപാദിച്ചിട്ടുള്ളതുമാണ്. അവരുടെ നിരീക്ഷണങ്ങളെ ശരിയായരീതിയില്‍ ഉള്‍ക്കൊണ്ടു അതിനെ ജീവിതത്തില്‍ പകര്‍ത്തിയ ഗുരുവര്യന്മാരുടെയും, ശിഷ്യഗണങ്ങളുടെയും മഹത്തായ ഒരു പാരമ്പര്യത്തിന്‍റെ ഉറവഭൂമിയായിരുന്നു ഭാരതം.

അന്നുകാലത്തെ ഗുരുഷിശ്യബന്ധം ഊട്ടിഉറപ്പിച്ചിരുന്നത് ഗുരു ഭക്തി, ഭയ ഭക്തി,ആദരവ്, ബഹുമാനം, വാത്സല്യം എന്നിവകൊണ്ടായിരുന്നു. അതാരും അടിച്ചേല്‍പ്പിച്ചതും അല്ലായിരുന്നു, ഗുരുനിന്ദ ഏറ്റവും കൊടിയ പാപങ്ങളില്‍ ഒന്നായി നമ്മള്‍ കണ്ടിരുന്നു. ഗുരുവില്‍ നിന്നും ഏറ്റവും കടുത്ത ശിക്ഷകള്‍ ഏറ്റുവാങ്ങുന്ന ശിഷ്യര്‍ അവര്‍ക്ക് ഏറെ പ്രിയപ്പെട്ടവരും ആയിരുന്നു. ആ ശിക്ഷകള്‍ പില്‍ക്കാലത്ത് അവരെ നേര്‍വഴിക്കു നടത്തുവാനും, ഉയരങ്ങളില്‍ എത്തിക്കുവാനും ഉപകരിച്ചപ്പോള്‍ അവര്‍ അത് തിരിച്ചറിയുകയും ഗുരുക്കന്‍മാരോടുള്ള ആദരവും ബഹുമാനവും വര്‍ദ്ധിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ കുറേകാലങ്ങളായിക്കാണും. ഈ ആത്മബന്ധം വിദ്യാഭ്യാസ മേഖലയില്‍ നിന്നും പടിയിറങ്ങി പോയിട്ട്. വിദ്യാഭ്യാസ മേഖലയില്‍ കഴുകന്‍ കണ്ണുകളോടെ പറന്നിറങ്ങിയ മതസ്ഥാപനങ്ങള്‍, ഇതൊക്കെ ഒരു വ്യവസായം ആണെന്നുള്ള കാഴ്ചപ്പാടുകള്‍ ഉള്ള ഭരണവര്‍ഗ്ഗം, വിദേശ വിദ്യാഭാസ സമ്പ്രദായങ്ങളെ പറ്റി നിരീക്ഷണങ്ങളും പഠനങ്ങളും നടത്തി വിദേശത്തുനിന്നു കെട്ടിയിറക്കിയ ബുദ്ധികെട്ട ബുദ്ധിമാന്മാര്‍, ഇവരെല്ലാം ചേര്‍ന്ന് ഇറച്ചികഷ്ണങ്ങള്‍ക്ക് കടിപിടികൂട്ടുന്ന തെരുവ് നായ്ക്കളെ പോലെ ഈ മേഖലയെ ഒരു കശാപ്പുശാലയായി മാറ്റിക്കഴിഞ്ഞു. ഇതിന്റെ ഇരകള്‍ മാത്രമാണ് മാതാപിതാക്കളും, അദ്ധ്യാപകരും, വിദ്യാര്‍ത്ഥികളും എല്ലാം.

അവരുടെ ചിന്താശക്തിയെ ബുദ്ധിയെ എല്ലാം ഇക്കൂട്ടര്‍ വിലയ്ക്കെടുത്തു കഴിഞ്ഞിരിക്കുന്നു, ക്ലാസ്സ്‌ മുറികളുടെ വാതിക്കല്‍ വരെ കുട്ടികളെ എത്തിക്കാന്‍ വാഹനങ്ങള്‍, ഭാരംകൂടിയ പുസ്തകങ്ങള്‍ കുത്തിനിറച്ച ബാഗുകള്‍, ശ്വാസം വിടാന്‍ പാകത്തില്‍ മാത്രം കുരുക്കിട്ടുമുറിക്കിയ നെക്ക്ടൈ ചേര്‍ന്ന യുണിഫോര്‍മുകള്‍, കമ്പ്യൂട്ടറുകള്‍, ലാബുകള്‍, പഠനഭാരങ്ങള്‍…എല്ലാം..എല്ലാം..എല്ലാം തന്നെ ആവശ്യത്തിലോ അതിലധികമോ ആണ് ഇന്നത്തെ കുഞ്ഞുങ്ങള്‍ക്ക്‌ ലഭിക്കുന്നത്. ഇതിന്റെയൊക്കെ   നിലവാരത്തിനനുസരിച്ച് ആണ് ഫീസ് കൊടുക്കുന്നത് എന്ന് മേനിപറയുന്ന മാതാപിതാക്കളും .

പരീക്ഷണങ്ങളുടെതാണ് ഈ മേഘല ഇന്ന് ……വിദ്യാലയങ്ങളില്‍ കാലു കുത്തുന്നതു മുതല്‍ അത് തുടങ്ങുകയായി ….ഗിനി പന്നികളില്‍ പരീക്ഷണം നടത്തുംപോലെ ഓരോര പരീക്ഷണങ്ങള്‍ കുഞ്ഞുങ്ങളില്‍ കാലാകാലം , ഭരണാധികാരികളും, വ്യാപാരികളും ചേര്‍ന്ന് നടത്തുന്നു…..ഇത്രയധികം ബാല വേലകളും, പീഡനങ്ങളും നടക്കുന്ന മറ്റൊരു മഖലയില്ല …..ഇക്കൂട്ടരെയാണ് ബാലവേല ശിക്ഷാനിയമ പരിധിയില്‍ കൊണ്ട് വരേണ്ടത് ……..ഈ കുഞ്ഞുങ്ങള്‍ പരിക്ഷീണിതരായി വീട്ടില്‍ എത്തിയാല്‍ പിന്നെ മാതാപിതാക്കളുടെ ഊഴമായി ….അത് അവസാനിക്കുന്നത്‌ കുഞ്ഞുങ്ങള്‍ മുഖം കുത്തി പാഠപുസ്തകങ്ങളില്‍ കുഴഞ്ഞു വീഴുന്നത് വരെ ആയിരിക്കും …അപ്പോഴും ഇറച്ചി കോഴികള്‍ക്കു തീറ്റ കുത്തിനിറച്ചുകൊടുക്കുന്നതുപോലെ അവരുടെ വായില്‍ ഭക്ഷണാവശിഷടങ്ങള്‍ നിറഞ്ഞിരിക്കും.

വിദ്യാഭ്യാസത്തെ ശത്രുതയോടെ കാണുവാന്‍ മാത്രമേ ഇത് ഉപകരിക്കുന്നുള്ളൂ. അതിനാല്‍ അവന്‍റെ ഏറ്റവും വലിയ ശത്രു അവന്‍റെ അദ്ധ്യാപകനായി മാറുകയും അവര്‍ തമ്മില്‍ ഉണ്ടാകേണ്ട ആത്മ ബന്ധം നഷ്ടപ്പെടുകയും ചെയ്യുന്നു. ഇവിടെ തുടങ്ങുന്നു ഇന്നത്തെ വിദ്യാഭാസത്തിന്റെ തകര്‍ച്ച.

ഇങ്ങനെ ശ്വാസം മുട്ടി ബാല്യം നഷ്ടപ്പെടുന്ന വിദ്യാര്‍ഥി സമൂഹത്തിനിടയി ലേക്കാണ് അദ്ധ്യാപക സമൂഹം എന്തുചെയ്യണം എന്നറിയാതെ പകച്ചു നില്‍ക്കുന്നത്. പഴയകാലത്ത് ദ്രവ്യദാരിദ്ര്യം ആയിരുന്നു അദ്ധ്യാപകരെ ഗ്രസിച്ചിരുന്നത് എങ്കിലും അവര്‍ സമ്പന്നര്‍ ആയിരുന്നു. .ആശയ സമ്പന്നരും, സ്ഥിരോല്‍സാഹികളും, ആനന്ദതുന്തിലരും, നല്ലൊരു ശിഷ്യ സമ്പത്തിനു ഉടമകളും ആയിരുന്നു അവര്‍. ഇന്നോ ദ്രവ്യ ദാരിദ്ര്യം ഇല്ല. മുകളില്‍ പറഞ്ഞ എല്ലാ ദാരിദ്രങ്ങളും വേണ്ടുവോളം ഉണ്ടുതാനും. അതിനാല്‍ ശമ്പള വര്‍ദ്ധനവിനുവേണ്ടി മാത്രം ഉപരിപഠനങ്ങളും, റിസേര്ച്ചുകളും നടത്തി പുതിയ ബിരുദങ്ങളും, ഡോക്ടരേറ്റുകളും നേടുന്ന അദ്ധ്യാപകരുടെ എണ്ണം കൂടുന്നു ഈ ബിരുദങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ലാത്ത ജീനിയസ്സുകളായ അനേകം പ്രശസ്തരുടെ കൃതികളെ അധികരിച്ച് പഠിച്ചുകൊണ്ടാണ് ഈ ബിരുദ ധാരണങ്ങളെല്ലാം എന്നതും കൌതുകം ഉളവാക്കുന്നതാണ്. ഇങ്ങനെ ലഭിച്ച ഈ സമ്പത്തുകള്‍ ഒരിക്കല്‍പോലും വിദ്യാര്‍ഥി സമൂഹത്തിന്റെ അജ്ഞത മാറ്റുവാന്‍ ഉപകരിച്ചിട്ടില്ല എന്നതും ഒരു യാഥാര്‍ത്യമാണ്…പകരം വ്യക്തിഗത നേട്ടമായ ഉയര്‍ന്ന ശംബളവും , സ്ഥാനക്കയറ്റവും ലഭിക്കുന്നു.

ഈ മേഖലയിലെ മൂല്യച്യുതിക്കു ആക്കം കൂട്ടുന്ന മറ്റൊരു കൂട്ടായ്മയാണ് P.T.A എന്നതും ഇത്തരുണത്തില്‍ ചിന്തിക്കേണ്ടതുണ്ട്. ഇവിടെ കയറികൂടുന്ന പല തുഗ്ലക്ക്മാരുടെയും വിലകുറഞ്ഞ കാഴപ്പാടുകള്‍ പ്രാവര്‍ത്തികമാക്കാന്‍ നിര്‍ബന്ധിതരാകുന്നു അദ്ധ്യാപകര്‍. അതുമൂലം ഏറ്റവും കൂടുതല്‍ ഇത് പ്രത്യക്ഷമായി ബാധിച്ചിതും അവരെ തന്നെയാണ്. അതില്‍ പ്രധാനം കുട്ടികള്‍ തെറ്റുകള്‍ ചെയ്താല്‍ ശിഷിക്കപ്പെടാന്‍ പാടില്ല എന്ന വികലമായ നയമാണ്. അങ്ങനെ ശിക്ഷിച്ചിട്ടുള്ള നിരവധി ഗുരുക്കന്മാരെ  മാനസികമായും, ശാരീരികമായും പീഡിപ്പിക്കയും, സര്‍വീസില്‍ നിന്ന് പോലും പിരിച്ചയക്കുകയും ചെയ്ത ധാരാളം സംഭവങ്ങള്‍ ഉണ്ടായിക്കഴിഞ്ഞു …ഇത് ഗുരു-ശിഷ്യ ബന്ധങ്ങളെ സാരമായി ബാധിക്കയും ചെയ്യുന്നു ……ഇന്ന് വിദ്യാര്‍ഥികളേക്കള്‍ ഭയവും ,വെറുപ്പും ആണ് അദ്ധ്യാപകര്‍ക്ക്സ്കൂളുകളില്‍ എത്തുവാന്‍. അതുകൊണ്ട് ഈ മേഘല കൂപ്പുകുത്തിക്കൊണ്ടിരിക്കും ….വെളുക്കാന്‍ തേച്ചത് പാണ്ടായിമാറിയ ഒരവസ്ഥ …..ഈ അവസ്ഥാവിശേഷം മാറിയെ തീരൂ …അല്ലെങ്കില്‍ ഈ നവ മുകുളെങ്ങളെ വിടരാനും, സുഗന്ധം പരത്താനും അനുവദിക്കാതെ മുകുളമായി ഇരിക്കുന്ന അവസ്ഥയില്‍ തന്നെ വാടിക്കരിഞ്ഞു നശിച്ചുപോകുവാന്‍ നമ്മള്‍ കൂട്ടുനില്‍ക്കുന്ന ഒരു കാലമാണ് സംജാതമാകുന്നത്. സാമൂഹ്യപ്രതിബധതയുള്ള ഒരു വിദ്യാഭാസ സമൂഹത്തെ കെട്ടിപ്പടുക്കുവാനും അവരെ ലോകനന്മക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ പ്രാപ്തരാക്കുവാനും ഉള്ള ശ്രമങ്ങളുടെ തുടക്കം കുറിക്കുന്നതാകട്ടെ

ബിജുനാരായണൻ

Leave a Reply

Your email address will not be published.

error: Content is protected !!