ശബ്ദോര അമാർ ബഗാനെ – Words in My Garden

കലാകാരന്റെ സാമൂഹികപ്രതിബദ്ധത! ഉപയോഗിച്ചു ശോഷിച്ചുപോയ ആ വാക്കിനുപുറകേ പോകാൻ മനസ്സാക്ഷിക്കുത്തുണ്ട്. അടിച്ചമർത്തലുകൾക്കും നീതിനിഷേധത്തിനുമെതിരെ തന്റെ എൺപതുകളിലും പോരാടിയ ഒരു കലാകാരനെ, മഹാനായ നടനെ, തിയേറ്റർ ആർട്ടിസ്റ്റിനെ, എഴുത്തുകാരനെ, കവിയെ, നാടകകൃത്തിനെ,സർവ്വോപരി സാമൂഹികഇടപെടലുകളിൽ തന്റെ നിലപാടുകളിൽ ഉറച്ചുനിന്ന മഹാവ്യക്തിത്വത്തെ ആ പ്രതിബദ്ധതയുടെ ഭാഗമായിക്കാണാനാഗ്രഹിക്കുന്ന, പഴക്കം വന്ന ഒരു തലമുറയിൽനിന്ന് ഏറെ ആദരവോടെ പ്രണാമം അർപ്പിക്കുന്നു.
സൗമിത്ര ചാറ്റർജി, ആ പേര് മനസ്സിലുയർത്തുന്നൊരു ചിത്രമുണ്ട്; സി.ഐ.എ- എൻ.സി.ആർ വിരുദ്ധമുഖത്ത് ഒപ്പുവയ്ക്കുന്ന അദ്ദേഹത്തിന്റെ പടം. പണ്ട് ഏറെ ഇഷ്ടപ്പെട്ടിരുന്ന സത്യജിത് റായ് ചിത്രങ്ങളിലൂടെ, പരിചിതമായിരുന്നു മുഖം. പുസ്തകങ്ങളിലൂടെയും സിനിമകളിലൂടെയും നമ്മൾ മലയാളികളുടെ മനസ്സിലുണ്ടായ ബംഗാളി അടുപ്പമാവാം ഇത്തരം ചിത്രങ്ങളെ വല്ലാത്തൊരിഷ്ടത്തോടെയേ കാണാനാവൂ. ഒരു എഴുത്തിന്റെ ഭാഗമായി സെർച്ചുചെയ്തപ്പോൾ കിട്ടിയ ആ ചിത്രം ഇന്നിവിടെ ഉപയോഗിക്കുന്നു അദ്ദേഹത്തിനുള്ള ആദരാഞ്ജലിയായി.

പദ്മഭൂഷൺ, ദാദാസാഹേബ് ഫൽക്കെ തുടങ്ങി അനേകം പുരസ്കാരങ്ങൾക്കൊപ്പം അതിലുമെത്രയോ അധികം കഥാപാത്രങ്ങളായി സഹൃദയമനസ്സുകളിലെന്നും അദ്ദേഹമുണ്ടാകും, സൗമിത്ര ചാറ്റർജി.

ബിന്ദു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!