ശവമഞ്ചം!

ഞാന്‍ ഉയിര്‍കൊണ്ടതുതന്നെ എന്റെ അമ്മയുടെ ചോരയില്‍ നിന്നുമാണ്. എന്റെ ജീവന്റെ ഉറവിടം അമ്മയുടെ നോവിൻറെ  നീരായി മാറിയ ഓരോ നിണതുള്ളികളെ കോര്‍ത്തിണക്കിയ ചങ്ങലയില്‍ കണ്ണികളായി മാറിയ ബീജകോശങ്ങളായിരുന്നു.

എന്‍റെ ജന്മവും എന്റെ മാതാവിന്‍റെ ജന്മവും ഏറ്റവും ശപിക്കപ്പെട്ടവയായിരുന്നു.   പ്രായപൂര്‍ത്തി ആകും വരെ അമ്മയുടെ ദേഹത്ത് ഒരുതരി മണല്‍ പോലും വീഴാതെ അവരുടെ വളര്‍ത്തമ്മയും, അച്ഛനും പരിരക്ഷിച്ചു പോന്നിരുന്നു,  ആവശ്യമുള്ളതോ അതിലധികമോ ആയി നല്ല ഭക്ഷണം,  ഓരോ ശരീരഭാഗങ്ങളെയും കണ്ണിലെണ്ണയൊഴിച്ച് നാള്‍തോറും കാത്തുസൂക്ഷിച്ചിരുന്നു.   ഇതെല്ലാം അനുഭവിച്ചാസ്വദിക്കുമ്പോള്‍ അമ്മ വിചാരിച്ചിരുന്നില്ല തന്റെ ശിഷ്ടജീവിതം നൊമ്പരങ്ങളുടെ ശരശയ്യയായി മാറുമെന്നു.   മൃത്യുവിനെ സ്വയംവരിക്കാന്‍ തയ്യാറായൊരു ഭീഷ്മപര്‍വ്വത്തിന്‍റെ ഏടുകളില്‍ ഒന്നായി അമ്മ സ്വയം കത്തിഅമരുകയായിരുന്നു.

താനോ ജന്മംകൊണ്ട അന്നുതന്നെ വറചട്ടിയിലേക്ക് എടുത്തെറിയപ്പെട്ടവന്‍. അമ്മയുടെ മാറില്‍ നിന്നും എന്നെ വലിച്ചെടുത്തു മറ്റമ്മമാരുടെ മക്കളുടെ കൂടെ കൊണ്ടുപോകുമ്പോള്‍ ഉതിര്‍ന്ന എന്റെ അമ്മയുടെ ചുടു നിണത്തില്‍ നിന്നുപോലും അവര്‍ പുത്തന്‍ കച്ചവട താല്പര്യങ്ങള്‍ മെനഞ്ഞെടുത്തിരുന്നു.

ഓരോ ദിവസവും ശരീരം കൊത്തിപ്പറിക്കാന്‍ എത്തുന്ന നരജന്മങ്ങളെ ഓര്‍ത്തു ഉറക്കത്തില്‍ പോലും അമ്മ ഞെട്ടി എഴുന്നേറ്റു പൊട്ടിക്കരയാറുണ്ടായിരുന്നു.   രാത്രി കാലങ്ങളില്‍ ഉദിച്ചുയരുന്ന പൌര്‍ണമി ചന്ദ്രന്‍റെ പൊന്‍നിലാവും,  അമ്മയെ തഴുകി ആശ്വസിപ്പിക്കാന്‍ എത്തുന്ന കുളിര്‍ കാറ്റും മാത്രമായിരുന്നു ആമ്മയ്ക്ക് ആശ്വാസം പകര്‍ന്നിരുന്നത്. എല്ലാവരും സന്തോഷത്തോടെ എതിരേല്‍ക്കുന്ന കതിരവനെ അമ്മ അല്പം ഭയത്തോടെയാണ് നോക്കി കണ്ടിരുന്നത്.  പുലര്‍കാലരശ്മികളുടെ സൌന്ദര്യം ആസ്വദിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നില്ല.  നേരം പുലരുമ്പോള്‍ തന്നെ ചോരക്കണ്ണ് തുറുപ്പിച്ചു,  ആര്‍ത്തിയോടെ അമ്മയുടെ ശരീരവടവില്‍ നോക്കി ചുണ്ടുകള്‍ നനച്ചു അവര്‍ എത്തും അമ്മയെ പ്രാപിക്കാന്‍.   അവരുടെ ദ്രമ്ഷ്ടങ്ങള്‍ ആ ശരീരത്തില്‍ ആഴ്ന്നിറങ്ങുമ്പോള്‍ ഉള്ള ആ വേദനയില്‍ നിലവിളിക്കാന്‍ പോലും ആകാതെ അമ്മ കണ്ണുകള്‍  ഇറുകെപൂട്ടി തന്‍റെ ശരീരത്തില്‍ നിന്നും വേര്‍പിരിയുവാന്‍ മടികാട്ടുന്ന  രുധിരമണികളെ ചേര്‍ത്തുപിടിച്ചു കരയുമായിരുന്നു.  ഞങ്ങള്‍ കുഞ്ഞുങ്ങളെ  അവര്‍ അതികഠിനമായ പീഡനങ്ങള്‍ക്കും ശിക്ഷണങ്ങള്‍ക്കും വിധേയരാക്കി ഏതു കഠിനമായ സാഹചര്യങ്ങളിലും ജീവിക്കുവാന്‍ പ്രാപ്തരാക്കി .  പിന്നീടുള്ള കാലം ഒറ്റപ്പെടീലിന്റെയായിരുന്നു.   അങ്ങനെ എല്ലാവരില്‍ നിന്നും ഒറ്റപ്പെട്ടു ജീവിത ഭാരം തോളിലേറ്റി വെയിലത്തും,  മഴയത്തും രാത്രി എന്നോ പകലെന്നോ ഭേദമെന്ന്യേ ഭാരം പേറി, ശരീരത്തിന്റെ ഓരോ ഭാഗവും അല്‍പ്പാല്‍പ്പമായി ഭൂമിദേവിക്ക് പ്രസാദമായി നല്‍കി അലിഞ്ഞലിഞ്ഞു ഇല്ലാതായി തീരുകയായിരുന്നു.

ഈ അവസാന നാളുകളിലും അമ്മയെ കുറിച്ചുള്ള ഓര്‍മ്മകള്‍ പിന്തുടര്‍ന്നുകൊണ്ടിരുന്നു.  ഇനി ഒരിയ്ക്കലും അമ്മയെ കാണുവാനും ആ വാത്സല്യ പുഷ്പങ്ങള്‍ അണിയാനും ഇടവരികയില്ലല്ലോ എന്നോര്‍ത്തപ്പോള്‍ ഉള്ളില്‍ നിന്നും ഒരു തേങ്ങല്‍ പുറത്തേക്കു വന്നു.

നാളെ അതിരാവിലെ തന്നെ ഒരു ദൂരയാത്രയുണ്ട് എന്ന് ഡ്രൈവര്‍ വന്നു പറഞ്ഞു.   അതിനുള്ള തയ്യാറെടുപ്പുകളും നടത്തി.   രാവിലെ തന്നെ ഞങ്ങള്‍ പുറപ്പെട്ടു.   നഗരത്തിന്റെ വിഷപ്പുകയില്‍ നിന്നും രക്ഷതേടി സുഖശീതളയെ പുല്‍കിനില്‍ക്കുന്ന ഗ്രാമാന്തരീക്ഷത്തില്‍ കടന്നപ്പോള്‍ തന്നെ മനസ്സും ശരീരവും ഉണര്‍ന്നു.   ഗ്രാമം പിന്നിട്ടപ്പോള്‍ മനോഹരമായ വനമേഘലയിലൂടെയായി യാത്ര,  എത്ര ഹൃദ്യമായിരുന്നു ആ അനുഭവം.   ഏതോ ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മ്മകള്‍ തന്നെ വന്നു പോതിയുന്നുവോ.  എന്തോ ഒരു ഉന്മേഷം തന്നില്‍ ഗ്രസിക്കുന്നുവോ?  ഒന്നും അറിയില്ല ഒരു സ്വപ്നാടനത്തില്‍ എന്ന പോലെ ഒഴുകുകയാണോ താന്‍.  അങ്ങ് ദൂരെ കോടമഞ്ഞിന്‍ വെളുത്ത കംബളം വാരി പുതച്ച മല നിരകള്‍ തന്നെ മാടിവിളിക്കുംപോലെ തോന്നി.   അവരുടെ പുതപ്പിനടിയില്‍ ചുരുണ്ടുകൂടി ഒരു കുഞ്ഞു പൈതലെപ്പോലെ ഉറങ്ങുവാന്‍ ഒരു മോഹം.   കുളിര്‍കാറ്റിന്റെ ശീതളയില്‍ അറിയാതെ കണ്ണുകള്‍ അടഞ്ഞു.   അമ്മയുടെ മടിയില്‍ താരാട്ടിന്റെ ഈണം കേട്ട് ഉറങ്ങുന്ന കുഞ്ഞുവാവയായി താന്‍ മാറി.

വലിയൊരു കുഴിയില്‍ ലോറി ചെന്നു വീണിട്ടുള്ള ആഘാതത്തില്‍ ഞെട്ടിയുയര്‍ന്നു .   ശരീരം നന്നായി വേദനിച്ചു.   വണ്ടി ഒരു വലിയ കയറ്റം കയറുകയാണ്.   കുറച്ചകലെ മരങ്ങള്‍ മുറിക്കുന്ന ഈര്‍ച്ച യന്ത്രങ്ങളുടെ ഒച്ച കേള്‍ക്കാം.   ആദ്യമായാണ് ഇവിടെ വരുന്നതെങ്കിലും,  ഏതോ മുന്ജ്ജന്മ ബന്ധം ആ ഭൂമിയുമായി തനിക്കുള്ളപോലെ തോന്നുന്നു.   ഏതോ അദൃശ്യ ശക്തി തന്നെ ഇവിടെ എത്തിച്ചപോലെ.   തനിക്കു പകരം ഇവിടെ എത്തെണ്ടവന്‍ ഇന്നലെ അപകടത്തില്‍ പെട്ടത് ഇതിന്റെ ഒരു നിയോഗമായിരിക്കും.   സ്ലോട്ടര്‍ ടാപ്പിംഗ് കഴിഞ്ഞു മുറിച്ചു മാറ്റുന്ന റബ്ബര്‍ മരങ്ങളുടെ നിലവിളികളാല്‍ അവിടെ മുഖരിതമായിമായിരുന്നു അന്തരീക്ഷം.   ഒരു ശ്മശാനത്തില്‍ നില്‍ക്കുന്ന പ്രതീതി അവിടെ സംജാതമായിരുന്നു.   ഓര്‍മ്മവച്ച നാള്‍മുതല്‍ മനുഷ്യര്‍ ചൂഷണം ചെയ്ത ആ വന്ദ്യവയോധികരുടെ കണ്ണുനീര്‍ അവിടെയാകെ ഒഴുകി നടന്നിരുന്നു.   ഇവരുടെ ശാപം മനുജരുടെ പിന്തലമുറയില്‍ അഗ്നിപാതം പോലെ പതിക്കുമല്ലോ ഈശ്വരാ  കബന്ധങ്ങള്‍ അറ്റു ചോര വാര്‍ന്നൊഴുകുന്ന ഇപ്പോഴും ജീവന്‍ തുടിക്കുന്ന ആ ശരീരങ്ങളെ തങ്ങളുടെ ലോറിയില്‍ അടുക്കി നിറച്ചു തുടങ്ങി .   തന്റെ ശരീരത്തില്‍ ആരുടെയോ ചുടു കണ്ണീര്‍ പതിക്കുന്നല്ലോ.   തലയുയര്‍ത്തി നോക്കിയപ്പോള്‍ കണ്ടത് ഒരു വൃദ്ധയായ വൃക്ഷത്തിന്‍ പിടച്ചിലായിരുന്നു.

”മകനെ നിനക്കെന്നെ മനസ്സിലായോ?” ആയമ്മ ചോദിച്ചു

”ഞാന്‍ നിന്റെ അമ്മയാണ്, നിന്നെ പെറ്റൂ വളര്‍ത്തിയ അമ്മ”

എന്താണ് പറയേണ്ടതെന്നറിയാതെ ഞാന്‍ നിന്നു.

”അമ്മേ എനിക്ക് സഹിക്കാനാക്കുന്നില്ല ഈ കാഴ്ച, ലോകത്തോരുമകനും ഇത്രയും ഭീദിതമായ ഒരനുഭവം സമ്മാനിക്കരുതേ ഈശ്വരാ”

”അമ്മയുടെ അവസാന ശ്വാസം നിലയ്ക്കുംമുന്‍പ് നിന്നെ കാണാന്‍ എനിക്ക് വിധിയുണ്ടായി,  ഇനി ഞാന്‍ സ്വസ്ഥമായി പോകട്ടെ”

അമ്മയില്‍ അവശേഷിച്ചു ചുടുരക്തവും തനിക്കു നല്‍കിയിട്ട് അമ്മ കണ്ണുകള്‍ അടച്ചു.   ഇത് ദൈവ നിയോഗമായിരിക്കും അമ്മയുടെ ശവമഞ്ചല്‍ ചുമക്കാന്‍ ഈ വാഹനത്തിന്റെ ചക്രമാകാന്‍ തനിക്കു സാധിച്ചതില്‍.   ഞാന്‍ വരും എന്റെ അമ്മേ താമസിയാതെ.   നാരാധമ ജന്മം മാത്രം പുല്കാതെ ഭൂമിയില്‍ വീണ്ടും പിറവിയെടുക്കാന്‍.   അമ്മയുടെ സ്നേഹവായ്പ്പുകള്‍ ആസ്വദിക്കുവാന്‍ ഞാന്‍ അമ്മയുടെ മകനായി ഇനിയും പിറക്കും…………

 

ബിജുനാരായണൻ

Leave a Reply

Your email address will not be published.

error: Content is protected !!