‘അരങ്ങേറ്റങ്ങൾ പലതുകഴിഞ്ഞിട്ടും അരങ്ങിൽ കളിക്കു പാടാൻ അവസരം നിഷേധിക്കപ്പെടുന്ന കലാകാരൻ’,
തന്നെ തേടിയെത്തുന്ന കുഞ്ഞാരാധകന് ഒറ്റവരിയിൽ കൈയ്യൊപ്പ് ചാർത്തിക്കൊടുക്കുന്നു, ‘തിരസ്കാരങ്ങളുടെ തിരനോട്ടം- ഹൈദരാലി’. അതു തന്നെയാണ് കലാമണ്ഡലം ഹൈദരാലി എന്ന സിനിമ പറഞ്ഞുവയ്ക്കുന്നതും. ജാതിമത ചിന്തയാൽ വേലികെട്ടിത്തിരിക്കുന്ന കോമരങ്ങൾക്കു നടുവിൽ നിസ്സഹായനായിപ്പോകുന്ന കലാകാരൻ, അതും വാഗ്ദേവത കനിഞ്ഞനുഗ്രഹിച്ചൊരു കഥകളി സംഗീതജ്ഞൻ, നാം കണ്ടും കേട്ടും അറിഞ്ഞിട്ടുള്ള കലാമണ്ഡലം ഹൈദരാലിയെ വെള്ളിത്തിരയിൽ ഭംഗിയായിത്തന്നെ അവതരിപ്പിച്ചിരിക്കുകയാണ് സംവിധായകൻ കിരൺ. ജി.നാഥ്. കഥകളി സംഗീതത്തിൽ മറ്റാരെയും വെല്ലുന്ന പ്രതിഭയുണ്ടായിട്ടും കലാമണ്ഡലം ഹൈദരാലി എന്ന കലാകാരനെ മതത്തിന്റെ പേരിൽ അമ്പലത്തിന്റെ മതിലു പൊളിച്ചു മതിലിനപ്പുറം നിന്ന് പാടിപ്പിക്കുന്ന സാമൂഹിക വ്യവസ്ഥിതി ഇന്ന് അവതരിപ്പിക്കുമ്പോൾ അതിനുള്ള കാലിക പ്രാധാന്യവും ശ്രദ്ധേയമാകുന്നു.
“ഈ മതിലും വരമ്പും വേലീമൊക്കെ മനുഷ്യരുണ്ടാക്കുന്നതല്ലേ? അവരു തന്നെയതിനെപൊളിക്കയോ പൊളിപ്പിക്കുകയോ ചെയ്യു”മെന്നൊരു അമ്പലവാസിയെക്കൊണ്ട് പറയിക്കുമ്പോൾ സിനിമ അതിന്റെ ശക്തമായ സാമൂഹിക നിലപാടും വ്യക്തമാക്കുന്നു. മത ഭ്രാന്തിൽ സ്വബോധം നഷ്ടമാകുന്നൊരു സമൂഹത്തിനു കൊടുക്കാനാവുന്ന ‘തലയ്ക്കിട്ടൊരു കൊട്ട്’; ഇതിത്രേയുള്ളൂ എന്ന് തോന്നിപ്പിക്കുന്നത്ര ലളിതമായി പറഞ്ഞുവയ്ക്കുന്നു.
‘ഞാൻ മതിലിനിപ്പുറമായിരുന്നെങ്കിലും ദൈവമെന്റെ തൊട്ടടുത്തുണ്ടായിരുന്നു, ഒന്ന് കൈനീട്ടിയാൽ എനിക്ക് ദൈവത്തെ തൊടാമായിരുന്നു. ശരീരം മതിൽക്കെട്ടിനു പുറത്താണെങ്കിലും ശാരീരം അകത്തുണ്ടായിരുന്നു’. അദ്ദേഹത്തിന്റെ വാക്കുകളായി അത് കേൾക്കുന്നത് ഏതൊരു സംഗീതപ്രേമിയേയും ആഹ്ളാദിപ്പിക്കും; അദ്ദേഹമാഗ്രഹിച്ചിരുന്ന, സാമ്പ്രദായിക രീതിയിൽ നിന്നുള്ള വ്യതിയാനം എത്രതന്നെ പ്രാവർത്തികമാക്കാനായി എന്ന സംശയത്തോടെ!
സംഭാഷണത്തിലെ അതിഭാവുകത്വം അങ്ങിങ്ങു കല്ലുകടിപ്പിക്കുമെങ്കിലും ആസ്വദിക്കാൻ പറ്റുന്നൊരു സിനിമ തന്നെയാണ് ‘കലാമണ്ഡലം ഹൈദരാലി’. എടുത്തു പറയേണ്ടുന്നത് സ്വാഭാവികമായും ഇതിലെ സംഗീതംതന്നെ, കോട്ടയ്ക്കൽ മധു തന്റെ ആലാപനം കൊണ്ടു മനോഹരമാക്കിയ ഗാനങ്ങൾ. മൺമറഞ്ഞുപോയ പ്രശസ്ത ഛായാഗ്രാഹകൻ ശ്രീ. എം. ജെ രാധാകൃഷ്ണൻ അവസാനം ഛായാഗ്രഹണം നിർവ്വഹിച്ച ചിത്രമായി ഹൈദരാലി
ബിന്ദു
Can you be more specific about the content of your article? After reading it, I still have some doubts. Hope you can help me.