തിരികെയണയുമ്പോൾ

മറവിയിൽനിന്നു തെളിയുന്ന ബാല്യമേ,
നിന്നിലേക്ക് നടക്കണം.
തിരികെയെത്തണം കനവ് പൂവിട്ട തട്ടകങ്ങളിൽ, സ്ഥലികളിൽ.
ഒഴിവുകാലങ്ങളുത്സവപ്പറമ്പവിടെയൊക്കെയുമെത്തണം

ഒത്തിരുന്നാടിയൂഞ്ഞാലതിലിരുന്നൊത്തു പങ്കിട്ട മധുരങ്ങൾ,
അവിടെയെത്തണമവയിലലിയണ-
മിനിയുമുണർവ്വു തിരയണം.

കൊയ്ത്തു തീർന്നൊരു പൂന്തൽ വയലിലെ ചേറിനൊപ്പവുമലിയണം
ചേർത്തുനിർത്തിയ സ്നേഹ വഴികളിലെന്തു ബാക്കിയതറിയണം.
പേലവങ്ങളാം വയൽ വസന്തങ്ങളിതളുതീർത്ത വരമ്പതിൽ,
പൂത്ത കാക്കപ്പൂവുകളുമായ് കഥ പറഞ്ഞു നടക്കണം.

അരുമയായി കരുതിവച്ചൊരു “ദൈവക്കല്ലി”നെയോർക്കണം,
അതിനുമുന്നിൽ തപസ്സു ചെയ്ത വിശപ്പിന്നുച്ചകളോർക്കണം.

ഉഴുതു തീർന്നൊരു വയലിൽ കരുതലോടി നിയുമൊന്നു പരതണം,
ഒത്തുചേർന്നു പിടിച്ച ‘നത്തയ്ക്ക’ക്ക് പങ്കുപകുക്കണം.

കാവിലുത്സവമോർമ്മയിൽ കൊടിനാട്ടിനിൽപ്പതു കാണണം,
കാവ് തീണ്ടിയ മോഹാവേശങ്ങളോർത്തു ഗദ്ഗദമാളണം.

തെരുവു പെണ്ണിൻ ചിരിയിൽ നിന്നും പെങ്ങളോർമ്മയെയ റിയണം,
തരിമണലിൽ തനിയെ നിൽക്കേ, തകരും നെഞ്ചിനെ തഴുകണം.

തണലു തന്ന മരങ്ങൾ നിന്നോരോർമ്മ മേട്ടിലുമണയണം,
തരിശു പോലായ് വറുതി വേവും തപ്ത മാനസമുരുകണം.

തനിമയോടെ തനിക്ക് താങ്ങായുയിരിലൂട്ടിയ നിനവുകൾ
തകരുമിന്നിൻ പകൽ വഴികളിൽ വെയിലിൽ വെന്തു തപിപ്പു ഞാൻ.

തകരുമിടനെഞ്ചറി വതുണ്ടെന്നുയിരില്‍ വറ്റിയൊരുണ്മയെ.
ചേർത്തു പുൽകാൻ പേർത്തുനിൽപ്പാണോ ർമ്മയിൽ മമ ഗ്രാമവും,
നേർമയോടെ ചിരാതി ലെരിയും പ്രാർത്ഥനയുടെ തിരികളും.

ഇരുളുറഞ്ഞ തൊടികളിൽ നിന്നുയരും ഭീതികൾ, ഓർമ്മകൾ,
ഒടുവിൽ അവിടീയിടവഴിയിൽ
ഞാൻ കൊഴിയുമൊരു ചെറു മലരു പോൽ.

നഗര വീടില്‍ ചുമരിലുണ്ടിന്നേറെ പഴകിയ നോവുകൾ,
വെള്ളയിൽ കറുപ്പ് ചാലിച്ചെഴുതി വച്ചതാം സ്മരണകൾ.
അവയിലൂടെ മിഴികളോടിയെന്നുമെന്നും കരയവേ,
ഓർമ്മകൾ വന്നോമനിക്കാറുണ്ടദൃശ്യ കരങ്ങളാൽ.

ചുമരു പേറും ചിത്രമേറും “തീയതിക്കളങ്ങ”ളിൽ
പരതി നോക്കിയിരിപ്പൂ ഞാനിനിയൊഴിവുകാലമതണയുമോ?

അവധിയെത്തുകിൽ അവിടെയെ –
ത്തണമിനിയുമുണ്ട് കിനാവുകൾ.

പാതിയിൽ കളി നിർത്തിയോരു പകൽ സ്മൃതികളിലെത്തണം,
വീണ്ടെടുക്കണം പാതി മാഞ്ഞോ-
രോർമ്മകൾ തന്നിഴകളെ.

കഷ്ടമേറും ജീവിതത്തിൽ സ്വപ്നം പോലുമനർത്ഥമായ്,
നഷ്ടമായി പണ്ട് നമ്മൾ കണ്ടുവച്ച കിനാവുകൾ.

എന്നുമെന്നും മത്സരത്തിൻ നഗര യാത്രയിലുരുകവേ,
പകൽ മയക്കമിടയ്ക്ക് നൽകാറുണ്ട് സ്വപ്‍നദ്യുതികളെ.

പഴയ കാലവുമതിലെ ഞാനും പാതി മാഞ്ഞ കിനാക്കളും,
അവിടെ നിൽപ്പുണ്ടെന്റെ നാട്ടിലെയതിരു കാണാവഴികളിൽ.

വീണുകിട്ടിയൊര വധിയാണിന്നൊഴിവു പറയാതിറങ്ങണം,
ഇടയിൽ നിർത്തിയൊരീണമൊക്കെ-
യുമേറ്റുപാടാനെത്തണം.

ഇനിയുമുണ്ട് ശതങ്ങൾ, ദൂരത്തിന്റെ ഗണന നിരക്കുകൾ,
ഇടയിൽ നിർത്താതോടിയെത്താം നിഴലായ് നീറുമാഗ്രാമത്തിൽ.

ബാല്യമവിടെ മറഞ്ഞു നിൽപ്പുണ്ടാകണ മിടവഴികളിൽ.
നിയതി കാണാതുഴരറുമീ യുവ നാദഭരിതമാം പകലിതിൽ
പതിയെ ഞാനും മൗനിയാകാം, പാത വിട്ടു ചരിച്ചിടാം.

വീണു കിട്ടിയൊ രവധിയിതിൽ ഞാൻ വീണ്ടെടുക്കണമെന്നെയാ
പകുതി മാത്രം തെളിയുമോർമ്മകൾ നീറി നിൽക്കണ വഴികളിൽ.

ദൂരെ നിന്നു വിളിക്കയാണാ ബാല്യവും മമ ഗ്രാമവും,
അവിടെയെത്താം തണലിൽ മേവാം, ഇതൾ വിടർത്തുകെൻ ഹൃദയമേ.

സതീഷ് ബി എസ്

error: Content is protected !!