അമ്മമൊഴി

‘കുട്ടികളുടെ ഉടുപ്പഴിച്ച്‌ അകത്തു കൊണ്ടുവരുക’.
— ആശുപത്രി ബോർഡ് —
ഗ്രാമപ്രദേശത്തെ ആശുപത്രിയിലെ ബോർഡിൽ കണ്ട വാക്യമാണിത്. സാമാന്യ വിദ്യാഭ്യാസമുള്ള ഒരു സ്ത്രീ കുട്ടിയെ ഡോക്ടറെക്കാണിക്കാനായി ആശുപത്രിയിലെത്തി. ബോർഡു കണ്ട ഉടനെ കുട്ടിയുടെ ഉടുപ്പ് അഴിച്ചുമാറ്റി, കുട്ടിയെ അവിടെ നിർത്തി, ഉടുപ്പുമായി ഡോക്ടറുടെ മുന്നിലെത്തി, അവ അദ്ദേഹത്തിന്റെ മുന്നിൽ വച്ചു. 
ഡോ :- (അത്ഭുതത്തോടെ) എന്താ ഇത്? രോഗി എവിടെ?
സ്ത്രീ :- (വിനയത്തോടെ) അവിടെ എഴുതിവച്ചിരിക്കുന്നതുപോലെയാണ് ചെയ്തത്.
ഡോക്ടർ പുറത്തുപോയി ബോർഡുവായിച്ചു തെറ്റുമനസ്സിലാക്കി. പ്യൂണിനെ വിളിച്ച്‌ ആ ബോർഡ് എടുത്തുമാറ്റിച്ചു.
പുതിയ ബോർഡ് എഴുതിവയ്പ്പിക്കാൻ ഡോക്ടർ നിർദ്ദേശിച്ചു.
പുതിയ ബോർഡ്
‘കുട്ടികളെ, ഉടുപ്പഴിച്ച് അകത്തുകൊണ്ടുവരുക’.

‘ഭിക്ഷാടന പുനരധിവാസപദ്ധതിയുമായി സഹകരിക്കുക’.
— പത്രവാർത്ത —
ഒറ്റനോട്ടത്തിൽ സാധാരണ വായനക്കാർ ഇതിലെ ശരിയും തെറ്റുമൊന്നും ശ്രദ്ധിക്കുകയില്ല.
ഭിക്ഷാടനം എന്ന പദത്തിന്റെ അര്‍ത്ഥം അറിയാതെയുള്ള പ്രയോഗമാണിത്.
ഭിക്ഷാടനം – ഭിക്ഷ യാചിക്കൽ.
ഭിക്ഷാടനപുനരധിവാസം – ഭിക്ഷയാചിക്കൽ പുനരധിവസിപ്പിക്കുക – ഭിക്ഷയാചിക്കൽ പുനഃസ്ഥാപിക്കുക.
ഭിക്ഷയാചിക്കുന്നവരെ പുനരധിവസിപ്പിക്കുക എന്നതാണെങ്കിൽ ഭിക്ഷാടക പുനരധിവാസം എന്നല്ലേ വേണ്ടത്. വാക്യം ഇങ്ങനെ തിരുത്താം
‘ഭിക്ഷാടക പുനരധിവാസപദ്ധതിയുമായി സഹകരിക്കുക’.

‘മനസ്സിലും ശരീരത്തിലും നഗ്നരായ ദിഗംബരന്മാർ….’
— ലേഖനം —
ദിഗംബരൻ എന്ന പദത്തിന്റെ അര്‍ത്ഥമറിയാതെയുള്ള പ്രയോഗമാണിത്.
ദിഗംബരൻ – ദിക്കാകുന്ന വസ്ത്രത്തോടുകൂടിയവൻ, നഗ്നൻ, ഉടുവസ്ത്രമില്ലാത്തവൻ എന്നൊക്കെയാണർത്ഥം.
നഗ്നരായ ദിഗംബരന്മാർ എന്ന പ്രയോഗം പൗനരുക്ത്യദോഷമുള്ളതാണ് – നഗ്നരായവർ എന്നോ ദിഗംബരന്മാർ എന്നോ പ്രയോഗിച്ചാൽ മതി.
മനസ്സിലും ശരീരത്തിലും നഗ്നരായവർ… ഈ പ്രയോഗത്തെക്കാൾ ഭംഗി മനസ്സും ശരീരവും നഗ്നരായവർ … എന്നതാണ്. പിന്നീട് അതിനോടു ചേർന്ന് ദിഗംബരന്മാർ എന്നു പ്രയോഗിക്കേണ്ടതില്ല.

‘ ഭാഷയും സംസ്കാരവും നഷ്ടപ്പെടുന്ന മനുഷ്യൻ സ്വന്തം സ്വത്വനഷ്ടം തന്നെയാണ് സ്വയം ഏറ്റുവാങ്ങുന്നത്. ‘
— ലേഖനം —
സ്വത്വം എന്ന പദത്തിന്റെ ശരിയായ അര്‍ത്ഥം അറിയാതെയുള്ള പ്രയോഗമാണ് ഈ വാക്യത്തെ തെറ്റിച്ചത്.
സ്വത്വം – തന്റെ തന്നെ ഭാവം, സ്വന്തം സത്ത.
സ്വന്തം – തനിക്കുള്ളത്.
സ്വന്തം സ്വത്വം – തെറ്റായ പ്രയോഗം.
സ്വന്തം സത്തയെന്നോ, സ്വത്വമെന്നോ പ്രയോഗിച്ചാൽ മതിയായിരുന്നു.
സ്വയം – തനിയേതന്നെ, താനേതന്നെ , സ്വമേധയാ.
ഇവിടെ ഈ പദം ഇല്ലാതെതന്നെ ആശയം വ്യക്തമാകും.

ശരിരൂപം :- ‘ ഭാഷയും സംസ്കാരവും നഷ്ടപ്പെടുന്ന മനുഷ്യൻ സ്വത്വനഷ്ടം തന്നെയാണ് ഏറ്റുവാങ്ങുന്നത്’.

(തുടരും)

വട്ടപ്പറമ്പിൽ പീതാംബരൻ

Leave a Reply

Your email address will not be published.

error: Content is protected !!