ഞാൻ കണ്ട ഋതു – സത്യാന്വേഷി

             

ഋതുപർണഘോഷ് സംവിധാനം ചെയ്ത് ശ്രീകാന്ത് മൊഹ്ത, മഹേന്ദ്ര സോണി എന്നിവർ ചേർന്നു നിർമ്മിച്ച് 2013-ൽ പുറത്തിറങ്ങിയ ബംഗാളി മിസ്റ്ററി-ത്രില്ലർ ചിത്രമാണ് സത്യാന്വേഷി . ഒരു സംവിധായകനെന്ന നിലയിൽ ഘോഷിന്റെ അവസാനത്തെ മുഴുനീള ചിത്രമായിരുന്നു ഇത്. ഇന്ത്യൻ ചലച്ചിത്ര സംവിധായകൻ സുജോയ് ഘോഷ് ഈ ചിത്രത്തിൽ ബ്യോംകേഷ് ബക്ഷിയെന്ന ഡിക്ടറ്റീവിനെ അവതരിപ്പിച്ചു.

ബലബന്ത്പൂർ എന്ന നാട്ടുരാജ്യത്തിന്റെ ഭരണാധികാരിയായിരുന്ന മഹാരാജാ അരുണാങ്ഷു, മരണക്കിടക്കയിൽ വെച്ച്, കുടുംബ വൈദ്യനായ കാളിഗതിയുടെയും പ്രധാന പുരോഹിതന്റെയും സാന്നിധ്യത്തിൽ ഒരു വിൽപ്പത്രം തയ്യാറാക്കി. അദ്ദേഹത്തിന്റെ മകൻ ഹിമാങ്ഷുവിന് രാജ്യത്തിന്റെ അവകാശിയാകുന്നതിന് ചില വ്യവസ്ഥകൾ അത് മുന്നോട്ടുവച്ചു. ആദ്യത്തെ വ്യവസ്ഥ ഹിമാങ്ഷു ഒരു അഹിന്ദു പെൺകുട്ടിയെ വിവാഹം കഴിക്കാൻ പാടില്ല, രണ്ടാമത്തേത് വിവാഹത്തിന് മൂന്ന് വർഷത്തിനുള്ളിൽ ഒരു നിയമാനുസൃത അവകാശി അവർക്കുണ്ടാകണം.

പിതാവിന്റെ പിന്തുടർച്ചാവകാശ വ്യവസ്ഥകൾ കാരണം, ഹിമാങ്ഷു നടിയായ അളകയെ വിവാഹം കഴിക്കാൻ നിർബന്ധിതനാകുന്നു. വിവാഹം കഴിഞ്ഞ് ഒന്നര വർഷത്തിനുശേഷം, അളകയുമായി സൗഹൃദത്തിലായ കൊട്ടാരത്തിലെ യുവ ലൈബ്രേറിയൻ ഹരിനാഥ് അപ്രത്യക്ഷനാകുന്നു. ഈ നിഗൂഢതയ്ക്ക് തുമ്പുണ്ടാക്കാൻ രഹസ്യാന്വേഷകനായ ബയോംകേഷും അദ്ദേഹത്തിന്റെ എഴുത്തുകാരനായ സുഹൃത്ത് അജിത്തും ബലബന്ത്പൂരിലേക്ക് വരുന്നു. അവരുടെ വരവ് ഹണ്ടിങ്ങിനുള്ള ക്ഷണത്തിന്റെ ഭാഗമായ സന്ദർശനമാക്കി തീർത്ത് അന്വേഷണത്തിന്റെ രഹസ്യാന്മകത സൂക്ഷിക്കുന്നു.

കൊട്ടാരഭിഷഗ്വരനായ കാളിഗതിയുടെ കഥാപാത്രത്തിൽ ബ്യോംകേഷ് പ്രത്യേകിച്ചും ആകൃഷ്ടനാകുന്നു. അദ്ദേഹം ഹരിനാഥിന്റെ തിരോധാനവുമായി ബന്ധിപ്പിക്കുന്ന നിരവധി സൂചനകൾ കാളിഗതിയുമായി ബന്ധപ്പെട്ടു കിടക്കുന്നതായി കണ്ടെത്തുന്നു. തന്റെ വൈവാഹിക ജീവിതത്തിൽ സംതൃപ്തനല്ലാത്ത ഹിമാങ്ഷു കാളിഗതിയുടെ മകളായ ലീലയിലേക്ക് ആകർഷിക്കപ്പെടുന്നു. അങ്ങനെ ലീല ഹിമാങ്ഷുവിന്റെ കുഞ്ഞിനെ ഗർഭം ധരിക്കുന്നു. 

എന്നാൽ ലൈബ്രേറിയനായ ഹരിനാഥ് ലീലയെ സ്നേഹിച്ചു. ഹിമാങ്ഷുവിന്റെ കുഞ്ഞിനെ അവൾ വഹിക്കുന്നുണ്ടെന്ന് അറിഞ്ഞിട്ടും അവളെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചു. ലീലയുടെ മകൻ ഔദ്യോഗികമായി ഹിമാങ്ഷുവിന്റെ മകനായിട്ടല്ല, ഹരിനാഥിന്റെ മകനായി അറിയപ്പെടുമെന്നതിനാൽ കാളിഗതിക്ക് ഇത് സ്വീകാര്യമല്ലായിരുന്നു. രാജകീയ സന്തതിയുടെ മുത്തച്ഛനാകാൻ കാളിഗതി ആഗ്രഹിച്ചു. അങ്ങനെ, ഹരിനാഥ് ലീലയെ വിവാഹം കഴിച്ചതായി കണ്ടെത്തിയ രാത്രിയിൽ ഹരിനാഥിനെ ജീവനോടെ കുഴിച്ചുമൂടാൻ അയാൾ പദ്ധതിയിട്ടു. ബലബന്ത്പൂരിന്റെ നിഗൂഢതയ്ക്ക് പിന്നിലെ കുറ്റവാളിയായി കാളിഗതിയെ ഡിറ്റക്ടീവ് വെളിപ്പെടുത്തുന്നതിനെ ചുറ്റിപ്പറ്റിയാണ് തുടർന്നുള്ള കഥ.

സത്യാന്വേഷി ആയിരുന്നു ഋതുപർണഘോഷ് സംവിധാനം ചെയ്ത അവസാനത്തെ മുഴുനീള ചിത്രം. 2013 മെയ് 30 ന് മരിക്കുന്നതിന് മുമ്പ്, അദ്ദേഹം ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചു കഴിഞ്ഞിരുന്നു. ചിത്രത്തിന്റെ ബാക്കി ജോലികൾ ഘോഷിന്റെ കോർ ടീമാണ് ചെയ്തത്. ചിത്രത്തിന്റെ നായകനായ സുജോയ് ഘോഷ് (അദ്ദേഹം ഒരു സംവിധായകൻകൂടിയാണ്) സഹായവുമായി ടീമിനൊപ്പമുണ്ടായിരുന്നു. ധന്യകുരിയയിലെ ഗെയിൻ രാജ്ബാരിയിലാണ് ചിത്രീകരണം നടന്നത്. അദ്ദേഹത്തിന്റെ മരണാനന്തരം ചിത്രം റിലീസ് ചെയ്തു.

ബിന്ദു ഹരികൃഷ്ണൻ