കുട്ടികളെ ശാരീരികമായി ശിക്ഷിക്കണം” എന്ന് ഇന്നും വിശ്വസിക്കുന്ന ഒരു വലിയ വിഭാഗം ആളുകൾ നമ്മുടെ സമൂഹത്തിലുണ്ട്. അത് കാണുമ്പോൾ കേരളം മാനസികാരോഗ്യ ബോധത്തിലും ആധുനിക പാരന്റിംഗിലും ഇനിയും എത്ര പിന്നിലാണെന്ന് മനസ്സിലാക്കാം. വിശ്വസിക്കാൻ പോലും ബുദ്ധിമുട്ടാണ് — ഇന്നും നമ്മുടെ സമൂഹത്തിലെ വലിയൊരു വിഭാഗം ആളുകൾ അധ്യാപകരും മാതാപിതാക്കളും കുട്ടികളെ ശാരീരികമായി ശിക്ഷിക്കുന്നത് ആവശ്യമാണ് എന്ന് ന്യായീകരിക്കുന്നു.
ഇത് വളരെ അപകടകരമായ ഒരു ചിന്താഗതിയാണ്. കാരണം കുട്ടികൾ ബാല്യത്തിൽ കാണുകയും അനുഭവിക്കുകയും ചെയ്യുന്ന കാര്യങ്ങളാണ് അവരുടെ വ്യക്തിത്വത്തെയും വികാരനിയന്ത്രണത്തെയും ബന്ധങ്ങളെയും സ്വാധീനിക്കുന്നത്.
ഒരു കുട്ടിയെ അടിയിലൂടെയും ഭയത്തിലൂടെയും നിയന്ത്രിക്കുമ്പോൾ, കുട്ടി ശരിയായ പെരുമാറ്റം പഠിക്കുന്നതിനേക്കാൾ കൂടുതൽ പഠിക്കുന്നത് “ശക്തിയുള്ളവർക്ക് ദുർബലരെ വേദനിപ്പിക്കാം” എന്ന തെറ്റായ സന്ദേശമാണ്. പ്രശ്നങ്ങൾ സംസാരിച്ചും മനസ്സിലാക്കിയും പരിഹരിക്കാം എന്നതിന് പകരം, കോപവും അക്രമവും ഒരു പരിഹാര മാർഗമാണെന്ന് കുട്ടി ഉൾക്കൊള്ളാൻ സാധ്യതയുണ്ട്.
ബാല്യത്തിലെ ഇത്തരം അനുഭവങ്ങൾ ചില കുട്ടികളിൽ:
* ആത്മവിശ്വാസക്കുറവ്,
* ഭയം,
* കോപനിയന്ത്രണക്കുറവ്,
* ആക്രമണ സ്വഭാവം,
* ബന്ധങ്ങളിൽ ബുദ്ധിമുട്ടുകൾ,
* ലഹരി ഉപയോഗത്തിലേക്കുള്ള പ്രവണത
എന്നിവയ്ക്ക് കാരണമാകാം.
സമൂഹത്തിലെ എല്ലാ അക്രമത്തിന്റെയും ലഹരി പ്രശ്നങ്ങളുടെയും ഒരേയൊരു കാരണം ശാരീരിക ശിക്ഷയാണെന്ന് പറയാനാവില്ല. എന്നാൽ അക്രമത്തെ സാധാരണവും അംഗീകരിക്കാവുന്നതുമായ ഒരു മാർഗമായി കാണുന്ന സംസ്കാരം ഇത്തരം പ്രശ്നങ്ങൾ വർധിപ്പിക്കുന്ന ഒരു പ്രധാന ഘടകമാകാം.
യഥാർത്ഥ വിദ്യാഭ്യാസം കുട്ടിയെ ഭയപ്പെടുത്തുന്നതല്ല; അവന്റെ വികാരങ്ങളെ മനസ്സിലാക്കാനും നിയന്ത്രിക്കാനും, മറ്റുള്ളവരെ ബഹുമാനിക്കാനും, ഉത്തരവാദിത്തമുള്ള മനുഷ്യനായി വളരാനും സഹായിക്കുന്നതാണ്.
അടി കൊണ്ട് കുട്ടിയെ നിശബ്ദനാക്കാം; പക്ഷേ ബോധമുള്ള, കരുണയുള്ള, ആത്മനിയന്ത്രണമുള്ള ഒരു മനുഷ്യനാക്കി മാറ്റാൻ കഴിയില്ല. അതിന് വേണ്ടത് സ്നേഹവും അതിരുകളും ശരിയായ മാർഗനിർദേശവുമാണ്.
ഇന്ന് സമൂഹത്തിൽ കാണുന്ന അക്രമസ്വഭാവം, ഗുണ്ടായിസം, കോപനിയന്ത്രണക്കുറവ്, കുടുംബഹിംസ എന്നിവയുടെ വിത്തുകൾ പലപ്പോഴും ബാല്യകാല അനുഭവങ്ങളിലാണ് വിതയ്ക്കപ്പെടുന്നത്. ഭയവും അടിയും മാത്രം ഉപയോഗിച്ച് വളർത്തപ്പെടുന്ന കുട്ടികൾക്ക് വികാരങ്ങളെ ആരോഗ്യകരമായി കൈകാര്യം ചെയ്യാൻ പഠിക്കാനുള്ള അവസരം കുറയാം.
ഒരു കുട്ടിയെ എങ്ങനെ വളർത്തണം, എങ്ങനെ തെറ്റുകൾ തിരുത്തണം എന്നത് മാതാപിതാക്കളും അധ്യാപകരും പഠിക്കേണ്ട ഒരു കഴിവാണ്. അതിനെയാണ് ‘Positive Parenting’ എന്ന് വിളിക്കുന്നത്.
ശാരീരിക ശിക്ഷയ്ക്ക് പകരം:
* വ്യക്തമായ നിയമങ്ങളും അതിരുകളും നിശ്ചയിക്കുക.
* കുട്ടിയുടെ പ്രായത്തിന് അനുയോജ്യമായ സ്വാഭാവികവും യുക്തിസഹവുമായ പ്രത്യാഘാതങ്ങൾ (Natural & Logical Consequences) നൽകുക.
* നല്ല പെരുമാറ്റത്തെ പ്രശംസിക്കുകയും ചെറിയ റിവാർഡുകൾ നൽകുകയും ചെയ്യുക.
* തെറ്റുകൾ സംഭവിക്കുമ്പോൾ അപമാനിക്കാതെ വിശദീകരിക്കുകയും തിരുത്താൻ അവസരം നൽകുകയും ചെയ്യുക.
* മാതാപിതാക്കളും അധ്യാപകരും സ്വന്തം പെരുമാറ്റത്തിലൂടെ നല്ല മാതൃക കാണിക്കുക.
യഥാർത്ഥ പാരന്റിംഗും യഥാർത്ഥ അധ്യാപനവും കുട്ടിയിൽ ഭയം സൃഷ്ടിക്കുന്നതല്ല; ആത്മവിശ്വാസവും ഉത്തരവാദിത്വബോധവും കരുണയും സ്വയംനിയന്ത്രണവും വളർത്തുന്നതാണ്.
അടി അനുസരണം സൃഷ്ടിച്ചേക്കാം; പക്ഷേ അത് ബഹുമാനമോ നല്ല സ്വഭാവമോ സൃഷ്ടിക്കണമെന്നില്ല. സ്നേഹവും സ്ഥിരതയും വ്യക്തമായ അതിരുകളും ചേർന്നുള്ള ശിക്ഷണമാണ് കുട്ടിയെ ഒരു നല്ല മനുഷ്യനാക്കി വളർത്താനുള്ള ഏറ്റവും ഫലപ്രദമായ മാർഗം.”** നിയമപരമായും മനഃശാസ്ത്രപരമായും നോക്കുമ്പോൾ, കുട്ടികളെ ശാരീരികമായി ശിക്ഷിക്കുന്നത് മാതാപിതാക്കൾക്കും അധ്യാപകർക്കും ഒഴിവാക്കേണ്ടതാണ്.
ഇന്ത്യയിൽ കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന നിയമങ്ങളും നയങ്ങളും സ്കൂളുകളിലെ ശാരീരിക ശിക്ഷ നിരോധിക്കുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. അധ്യാപകർക്ക് കുട്ടികളെ അടിക്കാനുള്ള അവകാശമില്ല. മാതാപിതാക്കളുടെ കാര്യത്തിൽ വീട്ടിലെ എല്ലാ സാഹചര്യങ്ങളും ഒരേ നിയമം കൊണ്ട് നിയന്ത്രിക്കപ്പെടുന്നില്ലെങ്കിലും, കുട്ടിക്കെതിരെ ശാരീരിക അതിക്രമമോ പരിക്കേൽപ്പിക്കലോ നിയമപരമായി പ്രശ്നമാകാം.
മനഃശാസ്ത്രപരമായി:
* അടി കുട്ടിയിൽ ഭയം ഉണ്ടാക്കാം, പക്ഷേ നല്ല സ്വഭാവം പഠിപ്പിക്കണമെന്നില്ല.
* സ്നേഹം, വ്യക്തമായ നിയമങ്ങൾ, യുക്തിസഹമായ പ്രത്യാഘാതങ്ങൾ (logical consequences), സ്ഥിരതയുള്ള മാർഗനിർദേശം എന്നിവയാണ് കൂടുതൽ ഫലപ്രദമായ ശിക്ഷണരീതികൾ.
അതുകൊണ്ട്, “മാതാപിതാക്കൾക്ക് അടിക്കാൻ അവകാശമുണ്ട്, അതുകൊണ്ട് അധ്യാപകർക്കും അടിക്കാം” എന്ന വാദം ശരിയല്ല. കുട്ടിയുടെ അന്തസ്സിനും സുരക്ഷയ്ക്കും പ്രാധാന്യം നൽകുന്ന സമീപനമാണ് ആധുനിക വിദ്യാഭ്യാസവും ശിശുമനഃശാസ്ത്രവും പിന്തുണയ്ക്കുന്നത്.
ഈയിടെ നടന്ന ഒരു വാദപ്രതിവാദത്തിൽ നിന്നാണ് ഇത് എഴുതണമെന്നു തോന്നിയത്. ചില കുട്ടികളെ തല്ലി പഠിപ്പിയ്ക്കണം, തല്ലിയില്ലെ ങ്കിൽ അഥവാ പേടിയില്ലെങ്കിൽ അവരൊന്നും പഠിയ്ക്കില്ലയെന്നും അവരുടെ തലയിൽ കയറില്ല എന്നതാണ് ചിലരുടെയെങ്കിലും വിശ്വാസവും വാദവും , മാത്രമല്ല , തങ്ങൾക്കു ചെറുപ്പത്തിൽ നല്ല പോലെ തല്ലു കിട്ടി വളർന്നത് കൊണ്ടാണ് ഇത്രയും നന്നായത് എന്ന് കൂടി അവർ പറഞ്ഞു വെച്ചപ്പോൾ, മാസങ്ങൾക്കു മുൻപത്തെ ഒരോർമ ഇവിടെ കുറിയ്ക്കണമെന്നു തോന്നി.
പലപ്പോഴും നമ്മുടെ തിരക്കുള്ള ജീവിതത്തിനിടയിൽ നാം അറിയാതെ, ശ്രദ്ധിയ്ക്കാതെ പോകുന്ന , നിഴൽ പോലെ മാഞ്ഞു പോകുന്ന ചിലർക്ക് പിന്നിൽ വേദനിയ്ക്കുന്ന ചില ജീവിതങ്ങൾ മറഞ്ഞിരുപ്പുണ്ടാവും . സമൂഹത്തിൽ നാം കണ്ടുമുട്ടുന്ന വിദ്യാസമ്പന്നരായ പലരും അവരാണ് ശരിയെന്നു വാദിയ്ക്കുകയും വിശ്വസിയ്ക്കുകയും ചെയ്യുന്നവരാണ്.
അവർക്കു മുന്നിൽ ഒരു ശാസ്ത്രവും മന:ശാസ്ത്രവും വിലപ്പോവില്ല എന്നതാണ് കഷ്ടം. നിരക്ഷരനായ ഒരു അന്ധവിശ്വാസിയേക്കാൾ അപകടകാരി വിദ്യാസമ്പന്നനായ അന്ധവിശ്വാസ്സിയെന്നു പറയാറുള്ള പോലെ, അത്തരക്കാരെ മാറ്റി മറയ്ക്കാൻ വേണ്ടിയല്ല, പക്ഷെ ചെയ്യുന്നത് തെറ്റല്ല എന്ന് വിശ്വസ്സിയ്ക്കുന്നവർക്ക് സ്വയം ബോധ്യപ്പെടാനോ അതോ അവരിൽ ഈ അനുഭവം ഒരു പക്ഷെ ഒന്ന് മറിച്ച് ചിന്തിയ്ക്കാനെങ്കിലും തോന്നിച്ചെ ങ്കിലോ?.
മാസങ്ങൾക്കു മുൻപ് ദുബായിലെ വളരെ ജനത്തിരക്കുള്ള ഒരു ഷോപ്പിംഗ് മാളിൽ വെച്ചാണ് എന്റെ ഒരു പഴയ കാല സുഹൃത്തിനെ കണ്ടുമുട്ടിയത്.വർഷങ്ങൾക്കു മുൻപ് എന്നോടൊപ്പം എറണാകുളത്ത് കമ്പ്യൂട്ടർ കോഴ്സിന് ഒരുമിച്ചു പഠിച്ചിരുന്ന ഒരു പഴയ സുഹൃത്ത് . ഞാൻ അന്ന് എറണാകുളം ടൗണിൽ എംജി റോഡിലുള്ള ഒരു ഹോട്ടലിൽ താമസ്സിച്ചായിരുന്നു പഠനം. ഇവൾ തൃപ്പുണിത്തറയിൽ നിന്ന് ദിവസ്സവും ക്ലാസ്സിലേയ്ക്കു വന്നുപോയ്കൊണ്ടിരുന്ന കൂട്ടുകാരിയായിരുന്നു.അവളെ ഒരിയ്ക്കലും ഞങ്ങൾക്ക് മറക്കാൻ പറ്റില്ലായിരുന്നു,കാരണം, ഞാൻ ഹോട്ടലിൽ റൂമെടുത്ത് stay ചെയ്തു പഠിയ്ക്കുന്നത് കൊണ്ട് തന്നെ , എന്നും റെസ്റ്റോറന്റിൽ നിന്നാണ് ഭക്ഷണം കഴിയ്യ്ക്കുന്നതെന്ന് മനസിലാക്കിയ അവൾ പിന്നീട് എനിയ്ക്കുള്ള ഉച്ച ഭക്ഷണം ഒട്ടു മുക്കാൽ ദിവസ്സങ്ങളും കൊണ്ട് വന്നിരുന്നു. എന്റെ ഒരു പാട് നല്ല സുഹൃത്തുക്കളിൽ ചുരുക്കും ഒരാൾ. അതിനിടയിൽ കുറെ നാളുകൾ അവൾ പിണങ്ങിയിരുന്നെങ്കിലും ഭക്ഷണം ,അവൾ മുടക്കിയില്ല .Tiffin box ടേബിളിൽ വെയ്ച്ച് മുഖം വീർപ്പിച്ച് മാറി പോകുമായിരുന്നു, പിന്നീട് പിണക്കം മാറി. രണ്ടു വർഷത്തോളം നീണ്ട പഠിത്തം കഴിഞ്ഞു .യാ ത്ര പിരിഞ്ഞു.
എറണാകുളം വിട്ടു ,ഗോവ , ബോംബെ , ഒമാൻ ഇപ്പോൾ ദുബായിൽ , പലയിടങ്ങളിലെ ജീവിതം പലദേശത്തും പലഭാഷയിലുമുള്ള സഹൃദങ്ങൾ സ്വന്തമാക്കി ,പക്ഷെ പലരും പലവഴിയിൽ പിന്നീടൊരിയ്ക്കലും കണ്ടുമുട്ടാതെ പിരിഞ്ഞു പോയി .ചിലരെ എവിടെയെങ്കിലും വച്ചു അപൂർവമായി കണ്ടുമുട്ടുന്നു .
വർഷങ്ങൾക്ക് ശേഷം അവളെ ഞാൻ ഈ തിരക്കിനിടയിലും തിരിച്ചറിഞ്ഞപ്പോഴും, പേരു വിളിച്ചു സംസാരിച്ചപ്പോഴും അവളുടെ കണ്ണുകൾ തിളങ്ങിയത് സന്തോഷം കൊണ്ടായിരിയ്ക്കണം .ഇത്തരം നല്ല സൗഹൃദങ്ങൾ അല്ലാതെ ജീവിതത്തിൽ മറ്റെന്താണ് നാം കൂടുതൽ നേടേണ്ടത് ?
അവർ ഗൾഫ് ഉപേക്ഷിച്ച് നാട്ടിൽ പോകുകയാണ് , തിരിച്ചു തൃപ്പൂണിത്തറയിലേയ്ക്ക് .ഏകദേശം 15 വർഷത്തോളമായി അവർ ദുബായിൽ താമസിയ്ക്കുന്നു ,അതിൽ കൂടുതൽ വര്ഷങ്ങളായി ഞാനും ഇവിടെയുണ്ട് . ഗൾഫ് ഉപേക്ഷിച്ച് പോകുന്നതിന്റെ തലേദിവസം ആളുകളിക്കിടയിൽ അവളും ഞാനും കണ്ടുമുട്ടിയത് എന്തിനായിരിയ്ക്കാം എന്നല്ലേ? അതാണ് ഈ കുറിപ്പിന് ആധാരം. അത് കൊണ്ടുതന്നെ പേരുകൾ രേഖപെടുത്താൻ ഞാൻ ആഗ്രഹിയ്ക്കുന്നില്ല.
ഞങ്ങൾ കുറെ സംസാരിച്ച് കൊണ്ടേയിരുന്നു പഴയ പോലെ സംസാര പ്രിയയായിരുന്നു, അവൾ നിർത്താതെ സംസാരം തുടർന്ന് കൊണ്ടേയിരുന്നു . അതിനിടയിൽ ഏകദേശം എട്ടോ ഒമ്പതോ വയസ്സുള്ള ഒരു കുട്ടി അവളുടെ ഡ്രെസ്സിന്റെ തലയ്ക്കൽ പിടിച്ച് ഒളിഞ്ഞു നിൽക്കുന്നു .സംസാരിയ്ക്കന്നതിന്റെ ഇടയിലൊക്കെ അവൻ വളരെ അസ്വസ്ഥനായ എന്നെ ഒളിഞ്ഞു നോക്കുന്നുണ്ട് . ഞാൻ ആ കുട്ടിയെ നന്നായി ശ്രദ്ധിയ്ക്കാൻ തുടങ്ങി . ഓമനത്വമുള്ള മുഖം ,അവന്റെ കണ്ണുകളിൽ എന്നോടുള്ള നേരിയ വെറുപ്പ് നിഴലിയ്ക്കുന്നതു ഞാൻ കണ്ടു . അവൻ്റെ സമയം ഞാൻ അപഹരിയ്ക്കുന്നതിന്റെ വിഷമം , ഞാൻ അവനെ നോക്കാൻ തുടങ്ങിയായപ്പോൾ എൻ്റെ കണ്ണുകളിലേയ്ക്കു തിരിച്ചു നോക്കാനുള്ള മടി ,എൻ്റെ മുഖത്തേയ്ക്കു പോലും അവൻ നേരിട്ട് നോക്കുന്നേയില്ല . ഞാൻ അവളോട് ചോദിയ്ക്കണമെന്നു ചിന്തിച്ചു. ചോദിയ്ക്കാതെ തന്നെ ഉത്തരം അവൾ പറഞ്ഞു. അവളുടെ അനുജത്തിയെ ചൂണ്ടികാട്ടി പരിചയപ്പെടുത്തി, അവളുടെ കുട്ടിയാണ് .അനുജത്തി ഒരു എഞ്ചിനീയർ ആണ് ഭർത്താവും എഞ്ചിനീയർ ,രണ്ടു പേർക്കും ദുബായിൽ നല്ല ജോലി , നല്ല ഉയർന്ന ശമ്പളവും ജീവിതവും , എല്ലാം അവൾ പറഞ്ഞു അറിഞ്ഞു കൊണ്ടിരിയ്ക്കുമ്പോഴും ഞാൻ കൂടുതൽ ശ്രദ്ധിച്ചത് ,ആ കുട്ടിയുടെ കണ്ണുകളിൽ ഒളിഞ്ഞിരിയ്ക്കുന്ന ഭാവമായിരുന്നു .വളരെ ദുർബ്ബലനായ തളർന്നു നിൽക്കുന്ന ഒരു കുട്ടി.എന്താണ് അവൻ്റെ കണ്ണിൽ ഇത്രയും ഭയവും വേദനയും?
അവൾ എന്തൊക്കെയോ പഴയ കഥകൾ ,ഓർമ്മകൾ പങ്കുവെയ്ക്കുന്നു.കുറെ പറഞ്ഞു കൊണ്ടിരിയ്ക്കുന്നുവെങ്കിലും എല്ലാം തലയാട്ടി കേൾക്കുമ്പോഴും,ഞാൻ പതിയെ ആ കുട്ടിയുടെ കയ്യിലെ കറുത്തുണങ്ങിയ പാടുകളും നെറ്റിയുടെ രണ്ടു ഭാഗത്തും തെളിഞ്ഞു നിൽക്കുന്ന തടിച്ച അടയാളങ്ങളും തന്നെ വീക്ഷിയ്ക്കുകയായിരുന്നു .
അതെന്താണ് എന്ന് ഞാൻ ചോദിച്ചപ്പോൾ എന്നോടുള്ള വെറുപ്പ് അവൻ്റെ മുഖത്ത് പെട്ടെന്ന് തെളിയുന്നത് ഞാൻകണ്ടു, അവളുടെ ഡ്രെസ്സിൽ മുറുകെ പിടിച്ച അവൻ്റെ തണുത്ത കൈ എൻ്റെ കയ്യിൽ ഒതുക്കിയപ്പോഴേയ്ക്കും അവൻ കൂടുതൽ അസ്വസ്ഥനാവുകയും കണ്ണുകൾ നിറയുന്നതും ഞാൻ കണ്ടു . അവൻ ശബ്ദമില്ലാതെ കരഞ്ഞപ്പോൾ ഞാൻ വല്ലാതായി. ഒടുവിൽ ഓരോന്ന് പറഞ്ഞു ആശ്വസിപ്പിയ്ക്കാൻ പാടുപെട്ടുകൊണ്ട് ഞാൻ പതിയെ അവിടെയിരുന്നു . ഓരോ കാര്യങ്ങൾ ചോദിയ്ക്കുമ്പോഴും ഉത്തരം പറയാതെ അവളുടെ മുഖത്തേയ്ക്കുമാത്രം നോക്കുകയായിരുന്നു ആ പാവം കുട്ടി . തളർന്നു തണുത്ത അവന്റെ കൈതണ്ടയിൽ പതുക്കെ തലോടി ഞാൻ അവന്റെ കണ്ണുകളിലെ ദയനീയ ഭാവം എന്റെ മകനോട് എനിയ്ക്കുതോന്നുന്ന വാത്സല്യംപോലെ, അവനെയും ഞാൻ അറിയാൻ ശ്രമിച്ചു
ചിലരിൽ കാണാൻ കഴിയുന്ന psychological trauma അവനിലും എനിയ്ക്കു എളുപ്പം കാണാൻ കഴിഞ്ഞു
ഞാൻ പതുക്കെ അവൻ്റെ തലയിൽ വാത്സല്ല്യത്തോടെ ഒന്ന് തലോടി നെഞ്ചിലേയ്ക്ക് അടുപ്പിച്ച് സമാധാനിപ്പിച്ഛപ്പോൾ ആ കുട്ടിയുടെ ഹൃദയമിടിപ്പ് ഞാൻ കേൾക്കുന്നുണ്ടായിരുന്നു .അവനെ ഞാൻ അറിയാൻ തുടങ്ങിയിരുന്നു
ഇത്രയും വലിയ കുട്ടി ഇങ്ങനെ കരയുമോ ? കരയാതിരിയ്ക്കാൻ പറഞ്ഞു . ദുർബലമായ അവനെ ചേർത്ത് നിർത്തി കണ്ണുനീർ തുടച്ചു
അത് നോക്കിനിന്നിരുന്ന അവൻ്റെ അമ്മയോടും അവളോടും ഞാൻ പറഞ്ഞു നിങ്ങൾ പർച്ചേയ്സു കഴിയുമ്പോഴേയ്ക്കും ഞങ്ങൾ ഒന്ന് കറങ്ങീയിട്ടു വരാം” എൻ്റെ മൊബൈൽ നമ്പർ അവർക്കു കൊടുത്തിട്ട് . ഞാൻ ആ കുട്ടിയേയും കൂട്ടി നടന്നു. എൻ്റെ കൂടെ വരാൻ ആദ്യംഅവൻ വിസമ്മതിച്ചെങ്കിലും പിന്നീട പ്രത്യേകിച്ച് ഭാവങ്ങളൊന്നും ഇല്ലാതെ വെറുതെ നടന്നു .ഞങ്ങൾ ആ ഷോപ്പിംഗ് മാൾ മുഴുവൻ കറങ്ങി നടന്നു . അവനു എന്നോടുള്ള പേടി മാറി, മാറ്റിയെടുത്തു എന്ന് പറയാം .വളരെ പെട്ടന്ന് അവൻ എന്നെയുമായി അടുത്തു , ഞങ്ങൾ കൂട്ടുകാരെ പോലെയായി
അവനിഷ്ടമുള്ള മാങ്കോ മിൽക്ക് ഷെയ്ഖും , Baskin Robbins ഐസ് ക്രീമുംഒക്കെ മേടിച്ചു കൊടുത്തു .ഞങ്ങൾ കുറേ സംസാരിച്ചു കൊണ്ടിരുന്നു , ആദ്യമൊക്കെ അവൻ മൗനമായിരുന്നു പിന്നെ തലയാട്ടലും മൂളലുമായി .പിന്നെപിന്നെ മിടുക്കനായ ഒരു കുട്ടിയായി അവൻ മാറി .അവന് ഒരേ ഒരു കൂട്ടുകാരനേയുള്ളൂ , അവൻ്റെ ക്ലാസ്സിൽ പഠിയ്ക്കുന്ന കൂട്ടുകാരനെ മൊബൈലിൽ വിളിച്ച് ഞങ്ങൾ രണ്ടു പേരും സംസാരിച്ചു . പതുക്കെ പതുക്കെ അവൻ്റെ വിശ്വസ്ഥനായ ഒരു കൂട്ടുകാരനെ പോലെയായി ഞാൻ .അവൻ സത്യം പറയാൻ തുടങ്ങി ,അപ്പോഴും അവൻ്റെ തണുത്തു തളർന്ന കൈകളിൽ വാത്സല്യപൂർവ്വം ഞാൻ തലോടി കൊണ്ടിരുന്നു .അവൻ്റെ കണ്ണുകളിൽ വിരിയുന്ന ദയനീയത ഞാൻ കാണുന്നുണ്ടയിരുന്നു ആ കൊച്ചു കൈത്തണ്ടകളിലെ തെളിഞ്ഞു നിൽക്കുന്ന കറുത്ത പാടുകൾക്ക് പിന്നിലെ സത്യം ഞാൻ അറിഞ്ഞു .
പതുക്കെ പതുക്കെ ഓരോ ചോദ്യങ്ങൾക്കും സമയം എടുത്ത് ,അവൻ സത്യം പറഞ്ഞു ,കൈ കാലുകളിലെ പാടുകൾ കാണിച്ച് തന്നു . പഠിയ്ക്കാത്തതിന് , ക്ലാസ്സിൽ ഏറ്റവും ഒന്നാമനാവാൻ വേണ്ടി അവൻ്റെ ഏറ്റവും ഇഷ്ടമുള്ള കൂട്ടുകാരനെ തോല്പിയ്ക്കാത്തതിന് , ഗൗരവക്കാരനായ അച്ഛൻ കൊടുക്കുന്ന ശിക്ഷയാണതെന്ന്
ഓരോ ദിവസ്സവും അചഛൻ പഠിയ്ക്കാൻ വിളിയ്ക്കുമ്പോഴും ആ കുട്ടി പേടികൊണ്ടു വിങ്ങുകയായിരുന്നു ഹൃദയമിടിപ്പുകൂടി വിറയ്ക്കുകയായിരുന്നു .
സ്റ്റീൽ സ്കെയിൽ കൊണ്ട് അടികിട്ടുമ്പോൾ കൈ വല്ലാതെ നോവുമെന്ന് ഷോള്ഡറിലും സ്കെയിൽ കൊണ്ട് അടിച്ച് പാടുകൾ വ്യക്തമായി ഞാൻ കണ്ടു. എനിയ്ക്കു വിഷമവും അതോടൊപ്പം അവൻ്റെ അച്ഛനോടുള്ള വെറുപ്പും കൂടി
എല്ലാം മടിച്ച് പേടിയോടെയാണ് ആ കുട്ടി പറഞ്ഞത് . അച്ഛൻ അറിയുമോ അതോ അമ്മ അറിയുമോ എന്ന് വല്ലാത്ത പേടിയുണ്ടായിരുന്നു അവന് . അടികിട്ടുമ്പോൾ എന്ത് ചെയ്യും എന്ന് ചോദിച്ചപ്പോൾ അവൻ അൽപ്പം ജാള്യതയോടെ പറഞ്ഞു.
“ഞാൻ എന്നും ദൈവത്തോട് അച്ഛൻ മരിച്ചു പോകാൻ പ്രാർത്ഥിയ്ക്കും ” അല്ലാതെ ആ പാവം കുട്ടിയ്ക്ക് എന്ത് ചെയ്യാനാണ് കഴിയുക ?
പിന്നെ അമ്മയും അച്ഛനും എപ്പോളും പറയും “നീ നന്നാവാനല്ലേ അടിയ്ക്കുന്നതു അടി കിട്ടിയാലേ ചിലകുട്ടികൾ പഠിയ്ക്കുകയുള്ളു ” അവൻ വേദനയോടെ അതു പറഞ്ഞു തീർത്തപ്പോൾ എനിയ്ക്കറിയില്ലായിരുന്നു ആ മോനോട് എന്ത് പറഞ്ഞാണ് ഒന്ന് സമാധാനിപ്പിയ്ക്കുകയെന്ന്
“ഞാൻ അത്തരത്തിലുള്ള ഒരു കുട്ടിയാണ് അങ്കിൾ, അടികിട്ടി വേദനിച്ചാലേ എനിയ്ക്കു ഓർമയുണ്ടാകൂ ”
പഠിച്ചാലല്ലേ അച്ഛനെ പോലെ വലിയ ആളാവാൻ പറ്റുള്ളൂ ”
എന്ന് നിഷ് കളങ്കമായി പറയുന്നത് കേട്ടപ്പോൾ , ഞാൻ അവനെ ഒന്ന് ചേർത്ത് പിടിച്ചു .
ഇത്തരം കുട്ടികൾ പലതരത്തിലുള്ള സ്വഭാവങ്ങളാണ് കാണിയ്ക്കുക , ചിലർ പേടികൊണ്ടു വിറച്ചു മൂലയിൽ ഒതുങ്ങുമ്പോൾ, മറ്റു ചിലർ അവർ suppress ചെയ്യുന്ന എല്ലാ വെറുപ്പും ദുർബ്ബലരായ മറ്റുള്ളവരോട് അകാരണമായി കാണിച്ച് കൊണ്ടിരിയ്ക്കും . എങ്കിൽ ഈ കുട്ടി അവൻ്റെ അച്ഛൻ ഉപദ്രവിയ്ക്കുമ്പോഴൊക്കെ എന്നും കുറേ നേരം കരഞ്ഞു പ്രാർത്ഥിയ്ക്കുമത്രെ !!
പിന്നീട് അവനു സ്വയം കുറ്റ ബോധം തോന്നും . അച്ഛന്‍ മരിച്ചാൽ അമ്മയ്ക്കും അനുജനും പിന്നെ ആരാ ഉള്ളത് എന്നോർത്ത് ഒറ്റയ്ക്കാവുമ്പോൾ ബാത്ത് റൂമിൽ പോയി അവൻ തലയിൽ സ്വന്തം കൈ കൊണ്ട് ശക്തിയായി അടിയ്ക്കും. തല വേദനിയ്ക്കുന്നതു വരെ രാത്രിയിൽ ഒറ്റയ്ക്ക് കിടക്കുമ്പോൾ വീണ്ടും ഓർത്തു തലയ്ക്കു അടിയ്ക്കും പിന്നീട് ആ തല വേദനയുടെ ശക്തിയിലാണ് അവൻ ഉറങ്ങുക എന്നും അവൻ പറയുന്നു
“അടിച്ചത് നല്ലതിനാണ് അങ്കിൾ പക്ഷേ എനിയ്ക്കു വേദനിയ്ക്കുന്നുണ്ട് ,പിന്നെ വിഷമവും .പിന്നീട് എല്ലാം നല്ലതിന് വേണ്ടിയാണല്ലോ എന്ന് തോന്നുമ്പോൾ എനിയ്ക്കു മനസ്സിലാവും അടി അത്യാവശ്യമാണ്, എങ്കിലേ ഞാൻ നല്ല കുട്ടിയാവുകയുള്ളു. എന്റെ അച്ചനും അമ്മയ്ക്കും ചെറുപ്പത്തിൽ ഒരു പാടു അടികിട്ടിയതു കൊണ്ടാണത്രെ അവർ നന്നായത് .
അച്ഛനമ്മമാർ അവരുടെ കുട്ടികളെ എത്ര മോശം മാനസ്സിക അവസ്ഥയിലേയ്ക്കാണ് നയിയ്ക്കുന്നതെന്ന് ആലോചിച്ചു നോക്കൂ . കുട്ടികളെ സംബന്ധിച്ച് അവൻറെ മാതാ പിതാക്കളാ ണ് മാതൃകപരമായ വ്യക്തികൾ അവർ തെറ്റായാലും ശരിയായാലും അവരെ അവർ അതേ പടി പിന്തുടരുന്നു
ഞാൻ ചോദിച്ചു മോന് ആരെയാണ് കൂടുതൽ ഇഷ്ടം ?
രണ്ടു പേരെയും ഇഷ്ടമാണ് .അച്ഛനെയാണ് കൂടുതൽ ഇഷ്ടം കാരണം അച്ഛനല്ലേ എന്നെ നല്ലകുട്ടിയാവാൻ അടിയ്ക്കുന്നതു” എന്ന് അവൻ എന്തൊരു സംതൃപ്തിയോടെയാണത് പറഞ്ഞത്.
മകൻ പഠിയ്ക്കാത്തനിന്റെ പേരിൽ ,മാർക്ക് കുറയുന്നതിന്റെ പേരിൽ, കുട്ടിയെ ക്രൂരമായി ശിക്ഷി യ്ക്കുന്ന അച്ഛൻ .അമ്മ അത് ശരി വെയ്ക്കുന്നു .പക്ഷെ കുട്ടി അറിയുന്ന സ്നേഹത്തിൻ്റെ മുഖം ശിക്ഷയാണ് വേദനയാണ് എന്ന ബോധം കുട്ടി തൻ്റെ Sub conscious mind ഇൽ എക്കാലവും സൂക്ഷി യ്ക്കുന്നു .
അത് കുട്ടിയുടെ വ്യക്തിത്വവികസനത്തിൻ്റെ ഭാഗമായി സ്വഭാവമായി മാറുന്നത് കൊണ്ടാണ് .ഇന്നും ഇത്തരത്തിലുള്ള മാതാപിതാക്കൾ കുട്ടികളെ ശിക്ഷിയ്ക്കണം എന്ന പ്രാകൃതമായ സ്വഭാവം ശരിയാണെന്ന് വാദിയ്ക്കുന്നതും അത് പിന്തുടരുന്നതും.
മാതാപിതാക്കൾ കുട്ടിയെ ശാരീരികമായി ശിക്ഷിയ്ക്കുന്നതു മാനസ്സികമായി അവനെ എത്ര ദോഷമായി ബാധിയ്ക്കുന്നു എന്നറിയാതെ അവൻ്റെ ഉയർച്ചയ്ക്കും ഭാവിയ്ക്കും വേണ്ടിയാണ് അടിയ്ക്കുന്നതെന്ന ബോധം അവുരുടെ പാവം കുട്ടികളിൽ അടിച്ചെൽപ്പിയ്ക്കുന്നു.
ഞങ്ങൾ പരസ്പരം യാത്ര പറഞ്ഞു പിരിയുമ്പോഴും .ഞാൻ എൻ്റെകൂട്ടുകാരിയോട് പോകുന്നതിനു മുൻപ് ഒന്ന് കാണണമെന്നും കുറച്ച് സംസാരിയ്ക്കാനുണ്ടെന്നും ഓർമ്മപ്പെടുത്തി .
ഞാൻ തിരിച്ചു പോരുമ്പോഴും കുട്ടി എൻ്റെ കയ്യിൽ തന്നെ പിടിവിടാതെ ചേർന്നുനിന്നു . വേദനിയ്ക്കുന്ന അവൻ്റെ തളർന്നു കണ്ണുകളിൽ ഞാൻ കണ്ട ദയനീയത .എന്ത് ചോദിയ്ക്കുമ്പോഴും അമ്മയുടെ മുഖത്തേയ്ക്കു നോക്കി മിണ്ടാതെ നിൽക്കുന്ന നിഷ്‌കളങ്കമായ ആ കുട്ടിയുടെ മുഖം എന്നെ പിന്തുടർന്നു .ഇന്നും
കൂട്ടുകാരി പിറ്റേ ദിവസ്സം നാട്ടിലേയ്ക്ക് പോകേണ്ടതാണെങ്കിലും എൻ്റെ നിർബന്ധം കാരണം അവൾ രാവിലെ തന്നെ വന്നു. കൂടെ അവളുടെ അനുജത്തിയും .അനുജ ത്തിയെ അല്പം മാറ്റി നിർത്തി എന്റെ ഫ്രണ്ടിനോട് കാര്യം പതുക്കെ അവതരിപ്പിച്ചപ്പോളാണ് അവൾ പോലും സത്യം അറിയുന്നത്. എനിയ്ക്കത് പെട്ടെന്ന് വിശ്വസിയ്ക്കാൻ പ്രയാസം തോന്നി .
കാര്യത്തിൻ്റെ ഗൗരവം അവൾ അറിഞ്ഞപ്പോൾ അവളുടെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു അവനെന്നു തലവേദനയുണ്ട് എന്ന് പറയുന്നതിൻ്റെ രഹസ്സ്യം അറിഞ്ഞപ്പോൾ അവൾ വിതുമ്പി
” അയ്യോ എന്റെ കുഞ്ഞു ഇത്ര വേദനിച്ചിട്ടും എപ്പോൾ കണ്ടാലും ഒന്നും പറയാതെ എന്നെ ചുറ്റിയാണ്
നിൽക്കുക എന്നിട്ടും ഒന്നും എനിയ്ക്കു മസസ്സിലാക്കാൻ പറ്റിയില്ലല്ലോ.”
അവർ സ്വയം പിറുപിറുത്തു .
കുട്ടിയുടെ അമ്മ നേരെ വിപരീതമായാണ് പ്രതികരിച്ചത്
കുട്ടികൾക്ക് ശിക്ഷ അത്യാവശ്യമാണ് . ചിലർക്ക് പഠിയ്ക്കണമെങ്കിൽ അടി കിട്ടിയേ പറ്റു . അവളും അടി കിട്ടിയിട്ടാണ് പഠിച്ചതു അതുകൊണ്ടാണ് അവൾ നന്നായതെന്നു വളരെ പെട്ടെന്ന് ആ സ്ത്രീയിൽ വല്ലാത്ത ഒരു വൈകാരികതയും ന്യായീകരണവും . ഒരു വാദ പ്രതിവാദ ത്തിനു ഞാൻ ശ്രമിച്ചു പരാജയം സ്വീകരിച്ചു. അല്ലെങ്കിലും വാദങ്ങളിൽ ഞാൻ എപ്പോഴും തോറ്റുകൊടുക്കാറാണ് പതിവ് .
ഞാൻ അവിടെ നിന്ന് പോരുമ്പോൾ .നാളെ ദുബായിയോട് വിട പറയുന്ന എ ൻ്റെ ഒരു പഴയ സുഹൃത്ത് എനിയ്ക്കു വിറയാർന്ന കൈതന്നു യാത്ര പിരിഞ്ഞത് ഞാൻ പറഞ്ഞ സത്യം അതേ പടി ഉൾകൊണ്ടിട്ടാണെങ്കിൽ .
അവളുടെ അനുജത്തി എല്ലാം നിരസിച്ചു അവൾ ചെയ്യുന്നത് ശരിയാണെന്നും ലോകത്തിലെ മുഴുവൻ രാജ്യങ്ങളും പാലിയ്ക്കുന്ന , കുട്ടികളെ ശാരീരികമായി മാതാപിതാക്കൾ പോലും ദ്രോഹിയ്ക്കുന്നതിനെതിരെയുള്ള നിയമങ്ങൾ തെറ്റാണെന്നും , ശാരീരികമായ ശിക്ഷ അനിവാര്യമാണെന്നും, നിലനിൽക്കുന്ന മനഃശാസ്ത്ര പഠനങ്ങൾ തെറ്റാണെന്നും വാദിച്ച് കൊണ്ടായിരുന്നു . ഒരേ വീട്ടിൽ , ഒരേ മാതാപിതാക്കൾക്ക് ജനിച്ച രണ്ടു സഹോദരിമാർക്കും രണ്ട് അഭിപ്രായങ്ങൾ ,,,അനുജത്തിയ്ക്കും വിയോജിയ്ക്കാൻ അവകാശമുണ്ടല്ലോ. പക്ഷെ ഇവിടെ കുട്ടികളെ വലിയവർ മർദ്ദിയ്ക്കുബോൾ സമൂഹത്തിലേയ്ക്ക് അറിഞ്ഞു കൊണ്ട് ഒരു മർദ്ദകനെയാണ് നാം സംഭാവനചെയ്യുന്നതെന്ന സത്യം മനസ്സിലാക്കിയെങ്കിൽ
വലിയവർ കുട്ടികളെ ശിക്ഷിയ്ക്കുമ്പോൾ അവൻ തിരിച്ചു തല്ലില്ലയെന്ന ബോധം വലിയവർക്കുണ്ട് .
തല്ലു കിട്ടി വേദനിച്ചു കരയുന്ന കുട്ടിയ്ക്കറിയാം ശാരികമായി അവരെ തിരിച്ചു തോല്പിയ്ക്കാനുള്ള് ബലം അവനില്ലെന്നു .പക്ഷെ അവനത് മനസ്സിൽ suppress ചെയ്യും എന്നുള്ളത് 100 % സത്യമാണ്. മാത്രമല്ല ആ ഓരോ അടിയും അവൻ അവൻ്റെ മനസ്സിൽ സൂക്ഷിയ്ക്കുന്നു . തീർച്ചയായും സമയമാവുമ്പോൾ അവനത് സമൂഹത്തിലെ അർക്കെങ്കിലും എതിരെ ഏതെങ്കിലും രീതിയിൽ തിരിച്ചു കൊടുക്കും, അതൊരു പക്ഷെ മാനസിക പീഡനങ്ങളിലൂടെയാകാം , ബലഹീനരെ ശാരീരികമായി ഉപദ്രവിച്ചു കൊണ്ടുമാകാം .
കുട്ടികൾ നിങ്ങളുടെ സ്വകര്യ സ്വത്തല്ല , അവർ നിങ്ങളിലൂടെ ജനിയ്ക്കാൻ കാരണമായി എന്നേയുള്ളൂ.
ഒരിയ്ക്കലും ഭീതിയിലൂടെയല്ല കുട്ടികളെ നന്മ പഠിപ്പിയ്ക്കേണ്ടത്, സ്നേഹത്തോടെയും വാത്സല്ല്യത്തോടെയൂം ആകണം , നന്മയും തിന്മയും എങ്ങനയെയാണ് ജീവിതത്തിൽ നമുക്ക് ഉപകരിയ്ക്കുക എന്ന് കൃത്യമായും ബോധ്യപ്പെടുത്തുക . വിദ്യ കൊണ്ട് നമുക്ക് ഉണ്ടാകുന്ന ഗുണം കുട്ടികളെ മനസ്സിലാക്കി കൊടുക്കുക എന്നതാണ്. അത് ഒരു വ്യക്തിയുടെ ജീവിതത്തിൽ എങ്ങനെ ഭാവിയിൽ ഉപകരിയ്ക്കുമെന്നും കുട്ടികൾക്ക് മനസ്സിലാക്കാൻ കഴിയുന്ന കളിയിലൂടെയും കാര്യത്തിലൂടെയും കഥകളിലൂടെയും ബോധ്യപ്പെടുത്തുക , വിദ്യയെ ഒരു രസകരമായ ഒരു ചര്യയാക്കി മാറ്റാനാണ് .അതിലൂടെ നല്ലൊരു വ്യക്തിയെ വാർത്തെടുക്കാനാണ് മാതാപിതാക്കളും , അദ്ധ്യാപകരും ശ്രമിയ്‌ക്കേണ്ടത് . വിദ്യ ഒരു ഉപദ്രവും ശിക്ഷയും ഭാരവും ആയി കുട്ടിയ്ക്ക് തോന്നാൻ തുടങ്ങിയാൽ അവൻ വിദ്യയെ നെഗറ്റീവായി മാത്രമേ കാണൂ , ഒരുതരത്തിലും കുട്ടികളത് ആസ്വദിയ്ക്കാൻ തരമില്ല .അവർക്കതു ഒട്ടും താല്പര്യമില്ലാത്തതായി മാറുന്നു അത് കൊണ്ട് തന്നെ അടിച്ചു പഠിപ്പിയ്ക്കുമ്പോൾ , അടിയെപേടിച്ച് മാത്രം പഠിയ്ക്കുകയാണ് ചെയ്യുന്നത് , പകരം വിദ്യ enjoy ചെയ്യാൻ തുടങ്ങിയാൽ അവരതിൽ പൂർണ്ണമായും ആത്‌മവിശ്വാസ്സത്തോടെ മുന്നേറുന്നത് കാണാം. കുട്ടികൾ ജനിയ്ക്കുന്നതു ഒരു blank paper പോലെയാണ് .ഒരു കുട്ടിയുടെ സ്വഭാവരൂപീകാരണത്തിൻ്റെ അടിസ്ഥാനപരമായ സമയം എന്നത് 0 to 12 വയസ്സാണ് .ആ കാലഘട്ടത്തിൽ കുട്ടി ജനി ച്ച് വളരുന്ന കുടുംബാന്തരീക്ഷം , ചുറ്റുപാട് അവൻ്റെ മാതാപിതാക്കൾ എല്ലാം ഒരു കുട്ടിയുടെ വ്യക്തിത്വത്തെ അറിഞ്ഞും അറിയാതയെയും സ്വാധീനിയ്ക്കുന്നു . അവരെ എങ്ങനെയാണൊ നാം പഠിപ്പി യ്ക്കുന്നത് എങ്കിൽ കുട്ടി അതും ശീലമാക്കി വരും തലമുറയിലേയ്ക്ക് അതേപടി പകരുന്നു . ലോകത്തിലെ എല്ലാ കുറ്റവാളികൾക്കും ബാല്യത്തിൽ ശാരീരിക പീഡനം ഉണ്ടായിരുന്നുവെന്ന് പറയാൻ കഴിയില്ല. കുറ്റകൃത്യങ്ങൾക്ക് പല കാരണങ്ങളുണ്ട് — വ്യക്തിപരമായ, സാമൂഹിക, സാമ്പത്തിക, മാനസിക ഘടകങ്ങൾ എല്ലാം പങ്കുവഹിക്കുന്നു.
എന്നാൽ ഗവേഷണങ്ങൾ കാണിക്കുന്നത് ബാല്യത്തിലെ അതിക്രമം, അവഗണന, സ്ഥിരമായ അപമാനം, കുടുംബത്തിലെ അക്രമം തുടങ്ങിയ പ്രതികൂല അനുഭവങ്ങൾ (Adverse Childhood Experiences – ACEs) പിന്നീട് ചിലരിൽ ആക്രമണ സ്വഭാവം, കോപനിയന്ത്രണക്കുറവ്, ലഹരി ഉപയോഗം, മാനസികാരോഗ്യ പ്രശ്നങ്ങൾ, നിയമലംഘന പ്രവണതകൾ എന്നിവയുടെ സാധ്യത വർധിപ്പിക്കാം എന്നതാണ്.
ഇത് ഇങ്ങനെ മനസ്സിലാക്കാം:
ഒരു കുട്ടി ചെറുപ്പത്തിൽ “പ്രശ്നങ്ങൾക്ക് പരിഹാരം അക്രമമാണ്” എന്ന മാതൃക നിരന്തരം കാണുമ്പോൾ, അത് അവരുടെ ചിന്താഗതിയിൽ സ്വാധീനം ചെലുത്താം.
സ്നേഹത്തിന്റെയും സുരക്ഷയുടെയും പകരം ഭയവും ശിക്ഷയും കൂടുതലായാൽ, ചില കുട്ടികളിൽ ഉള്ളിലെ കോപവും വേദനയും പിന്നീട് പുറത്തേക്ക് ആക്രമണമായി പ്രകടിപ്പിക്കാം.
ബാല്യത്തിലെ മുറിവുകൾ പരിഹരിക്കപ്പെടാതെ പോയാൽ, അത് അവരുടെ ബന്ധങ്ങളെയും വികാരനിയന്ത്രണത്തെയും ബാധിക്കാം.
എന്നാൽ, ബാല്യത്തിൽ പീഡനം അനുഭവിച്ച എല്ലാ കുട്ടികളും കുറ്റവാളികളാകുന്നില്ല. പലരും അതിജീവിച്ച് വളരെ നല്ല, കരുണയുള്ള, ഉത്തരവാദിത്തമുള്ള മനുഷ്യരായി വളരുന്നു. അതുപോലെ, കുറ്റകൃത്യങ്ങൾക്ക് ജനിതക ഘടകങ്ങൾ, കൂട്ടുകാർ, പരിസ്ഥിതി, ലഹരി, അവസരങ്ങൾ, വ്യക്തിയുടെ തീരുമാനങ്ങൾ തുടങ്ങിയ നിരവധി കാരണങ്ങളും ഉണ്ട്.
പ്രധാന സന്ദേശം:
കുട്ടികളെ ഭയത്തിലൂടെ വളർത്തുന്നത് സമൂഹത്തിന് അപകടകരമായ വിത്തുകൾ വിതയ്ക്കാം. കുട്ടികൾക്ക് സുരക്ഷ, ബഹുമാനം, ആരോഗ്യകരമായ അതിരുകൾ, വികാരങ്ങൾ കൈകാര്യം ചെയ്യാനുള്ള പരിശീലനം എന്നിവ നൽകുന്നത് കൂടുതൽ ആരോഗ്യകരമായ സമൂഹം സൃഷ്ടിക്കാൻ സഹായിക്കും.
കുട്ടിക്കാലങ്ങളിൽ നാം കുട്ടികളെ എങ്ങനെ ശീലിപ്പിയ്ക്കുന്നു ,നാം പറയുന്ന ഒരു വാക്കുപോലും ,ഒരു ചെറിയ ചലനം പോലും ആകുട്ടിയുടെ sub conscious mind ൽ സ്റ്റോർ ചെയ്യുന്നു. ഓരോ ചെറിയ event പോലും അവൻ്റെ സ്വഭാവ രൂപീകരണത്തെ വലിയ രീതിയിൽ സ്വാധീനിയ്ക്കുന്നു. കുട്ടികളെ ACE (Adverse Childhood Experiences) സ്‌കോറിൻ്റെ അടിസ്ഥാനത്തിൽ കുട്ടികളുടെ Mental Health Risk നെ തരം തിരിയ്ക്കാറുണ്ട് , ഒരു കുട്ടിയെ നാം ശാരീരികമായി ഉപദ്രവിയ്ക്കുംമ്പോൾ രണ്ടു കാര്യമാണ് അവിടെ സ്ഥിരീകരിയ്ക്കുന്നതു .ഒന്ന് മാതാപിതാക്കൾക്ക് കുട്ടികളെ അവരുടെ property ആയി കാണുകയും . ശാരീരികമായി വലിയ ഒരാൾക്ക് ചെറിയവരെയും ദുർബ്ബലരായവരെയും ശാരീരികമായും മാനസ്സികമായും ഉപദ്രവിയ്ക്കാൻ അർഹതയുണ്ട് എന്നുള്ള ബോധത്തെ കുട്ടികൾ ശരിവയ്ക്കുകയും മനസ്സിൽ സൂക്ഷിയ്ക്കുകയും ചെയ്യുന്നു . ശാരീരികമായ ഉപദ്രവവും ശിക്ഷയും അനുഭവിച്ച കുട്ടികളിൽ അക്രമവാസനയും , anti social behaviour ഉം അതും അല്ലെങ്കിൽ depression മറ്റുള്ള മാനസ്സിക അസ്വാസ്ഥ്യങ്ങൾ കൂടിയും കുറഞ്ഞും കാണുന്നു .ഇത് ഇന്ന് നിലവിലുള്ള എല്ലാ പഠനങ്ങളും ശാസ്ത്രീയമായി ശരിവെയ്ക്കുകയും എല്ലാ രാഷ്ട്രങ്ങളും നിയമപരമായും കുറ്റമാണെന്നും അംഗീകരിയ്ക്കുകയും ചെയ്യുന്നു . അത്രയ്ക്കധികം പഠനങ്ങളും, പരീക്ഷണങ്ങളും ,ലേഖനങ്ങളും, തെളിവുകളും, അനുഭവങ്ങളും ഈ വിഷയത്തിൽ ലഭ്യമുണ്ടായിട്ടും അതൊന്നും ചെവികൊടുക്കാത്ത ഇത്തരക്കാർ ഇന്നും വാദപ്രതിവാദങ്ങളിൽ മുഴുകുന്നു . ഒരു കുട്ടിയയെ ഉപദ്രവിച്ചു നാം പഠിപ്പിച്ചു ഒരു പദവിയിൽ എത്തിയ്ക്കുമായിരിയ്‌ക്കാം . ഒരു പക്ഷെ അയാൾ പൂർണമായും ഒരു വ്യക്തിയെന്ന രീതിയിൽ പരാജയം ആയിരിയ്ക്കാം എന്നുള്ളതു നാം മറന്നുപോകരുത്
Snps-Shaji NPushpangathan
ഷാജി എൻ പുഷ്‌പാംഗദൻ