നാളം പടരാൻ..

നാളം പടരാൻ..

ഒരു ചെറുകാറ്റിന്റെ ചലനം പോരെ,
നെഞ്ചിലണയുന്നൊരു കനലിനു നാളം പടരാൻ..
ഒരു മുളം തണ്ടിന്റെ ചെറുമൂളൽ പോരെ,
മൂകമാം കവിതയ്‌ക്കു ശ്രുതി പകരാൻ…

ഒരു വാക്കിൽ ഇടർച്ചയുടെ തേങ്ങൽ പോരെ,
പറയാതെ കരുതിയ സത്യമറിയാൻ ..
പുഞ്ചിരി മായാത്ത നിൻ നിഴൽ പോരെ,
പിരിയുന്ന നേരത്തെ നെഞ്ചിടിപ്പറിയാൻ..

പെയ്തൊഴിഞ്ഞൊരു മേഘത്തിൻ നനവുപോരെ,
പെയ്യാൻ കൊതിക്കുന്ന മോഹഭാരമറിയാൻ..
കരിഞ്ഞുപോയ ഒരു പൂവിതളിന്റെ ഗന്ധം പോരെ,
പടി കടന്ന വസന്തത്തിന്റെ വിഷാദമറിയാൻ .

ഒരു മൺചിരാതിന്റെ നേർത്ത വെളിച്ചം പോരെ,
വിടപറഞ്ഞ സൂര്യന്റെ മനസ്സറിയാൻ .
മധുരസ്‌മരണയുടെ ഒരു പിടി ചാരം പോരെ,
എന്നും തെളിയുന്ന സ്നേഹ ചിത്രം എഴുതാൻ..

പാതി വഴിയിൽ മുറിഞ്ഞ സ്വപ്നം പോരെ
കാത്തിരിപ്പിന്റെ യാതനയറിയാൻ..
ഈ കടലാസ്സുതുണ്ടിലെ കേഴുന്ന വരികൾ പോരെ
ആത്മാവിനാഴത്തിലെ മുറിവറിയാൻ

ഒരു ചെറുകാറ്റിന്റെ ചലനം പോരെ
നെഞ്ചിലണയുന്നൊരു കനലിനു നാളം പടരാൻ..
ഒരു മുളം തണ്ടിന്റെ ചെറുമൂളൽ പോരെ,
മൂകമാം കവിതയ്‌ക്കു ശ്രുതി പകരാൻ.

ഷാജി എൻ പുഷ്‌പാംഗദൻ

error: Content is protected !!