വാടക മുറി
യാത്രയാകുകയാണ് ….
യാത്രയാണ് ,ചിന്തകളെ നവീകരിക്കാനുതകുന്ന തന്ത്രം.
എന്നും ഒരേ താളത്തിൽ
ചലിച്ചു തളർന്ന
സമയസൂചിക .
സ്വപ്നങ്ങളെ ശുദ്ധീകരിച്ചതിന്റെ അവശേഷിപ്പുകൾക്ക്
മൂകസാക്ഷിയായ
“ഡ്രീം ക്യാച്ചർ “.
നിശ്വാസങ്ങളെ ശിരസ്സിലേറ്റിയ തലയിണ,
അഹന്തയുടെ ഭാരത്തെ താങ്ങി തേഞ്ഞു വാറ് പൊട്ടിയ ചെരുപ്പുകൾ.
എല്ലാം ബാക്കിയാക്കി
എവിടെനിന്നു എവിടേയ്ക്ക്
എന്നുള്ള ചോദ്യമല്ല,
ഒന്നിൽനിന്നും ഒന്നിലേയ്ക്കുമല്ലാത്ത യാത്ര.
വിജനമായ ഒരിടത്ത് മലർന്നു കിടന്നു ആകാശത്തെ കാണാനും .
പകലിൽ നീലിമയുടെ അനന്തതയിലും ,
നിശയിൽ നക്ഷത്രങ്ങളെയും
വെറുതെ നോക്കി കിടക്കാനും യാത്രയൊരുക്കുക.
ഇനിയും വൈകാതെ തുടരട്ടെ..
Nothing is permanent
The world is just a word
It will fade out easily .
ഒന്നും ശാശ്വതമല്ല
ലോകം വെറുമൊരു വാക്ക് മാത്രമാണ്
അത് എളുപ്പം മാഞ്ഞുപോകാം .
മൗനമാണ് മധുരമുള്ള സാന്നിധ്യം.
ഏകാന്തതയാണ് സ്വാതന്ത്ര്യത്തിന്റെ ഉന്മാദം.
സന്തോഷത്തിന്റെയും വിഷാദത്തിന്റെയും ഇടയിലെപ്പോഴാണ് ജീവിതം കുരുക്കിയിടുക?
ആരുടെയും വൈകാരിക
നിമിഷങ്ങളിൽ
‘പിടിതരാത്തവൻ ‘എന്ന പഴിവാക്കുകൾ
കുതറിയോടുന്ന നിറം മങ്ങിയ ഓർമകളും,
പൊട്ടിവികൃതമായ
പലരുടെയും പ്രണയ സമ്മാനങ്ങളും,
വായിച്ചുതീർന്ന അനുഭവ പുസ്തകങ്ങളും.
കേട്ടുമറന്ന കാലം പരിഷ്കരിച്ചപ്പോൾ കറുത്ത സഞ്ചികളിൽ സൂക്ഷിയ്ക്കേണ്ടി വന്ന ഹിന്ദുസ്ഥാനി cd ശേഖരങ്ങളും .
ഇരുട്ടിലേയ്ക്ക് എത്ര വേഗമാണ്
നീ നിസ്സാരമായി വലിച്ചെറിഞ്ഞതെന്ന്
ചോദ്യങ്ങങ്ങളിലെ അർത്ഥമില്ലാത്ത ഫിലോസഫിയെ തമാശകൊണ്ട് മുറിചെറിഞ്ഞു കൊണ്ട് യാത്ര ഒരുങ്ങുകയാണ്..
“ഞാൻ “എന്ന എന്റെ മിഥ്യ (അഹങ്കാരം) ബോധത്തെയും “വേണ”മെന്ന ആഗ്രഹത്തെയും ഇല്ലാതാക്കിയാൽ,
ആനന്ദമെന്ന മഹാ സമുദ്രത്തിന്റെ ആഴം തെളിയുമെന്നു ബുദ്ധൻ!
പൂക്കൾക്ക് വർണ്ണവും,സുഗന്ധവും.
വഴികൾക്ക് വെളിച്ചവും ,
അനന്തതയിൽ അനുഭൂതിയും അറിയുന്നു.
കാരണം ഈ യാത്ര ലക്ഷ്യങ്ങളില്ലാത്ത അപൂർണമായ യാത്രയാണ്.
വരച്ചിട്ടതൊന്നും വർണ്ണങ്ങൾ കൊണ്ടല്ല,
കുറിച്ചിട്ടതൊന്നും തൂലികകൊണ്ടല്ല.
ഇവിടെ ചിരിച്ചുല്ലസിച്ചതും
ഇവിടെ തന്നെ മൗനമായി വിതുമ്പിയതും
ഹൃദയത്തിൽ സൂക്ഷിയ്ക്കാനുള്ളതല്ല.
ആഘോഷങ്ങൾ കൊണ്ടും ആരവങ്ങൾ കൊണ്ടും ഉത്സവമാക്കാനുള്ളതാണ്.
ജീവിതം സുന്ദര സുരഭിലമാകുന്നതിങ്ങനെയാണ്.
മഴയാണെങ്കിൽ കുട വലിച്ചെറിഞ്ഞു മഴ ആസ്വദിക്കുന്നതും,
കുടയില്ലെങ്കിൽ അതുപോലെ നനയുന്നതും,
അല്ലെങ്കിൽ മറ്റുള്ളവർക്ക് നനയാതിരിക്കാനുള്ള അവസരം ഒരുക്കുന്നതുമൊക്കെ ജീവിതം തന്നെയല്ലേ?
നടന്ന പാദമുദ്രകൾക്ക് മുകളിൽ
പുതിയ കാൽപ്പാടുകൾ
വർണ്ണം വരയ്ക്കട്ടെ ,
പുതിയ മുഖങ്ങൾ തേടുക .
ആ ഇരിപ്പിടങ്ങളിൽ പുതിയവിരികൾ വിരിക്കുക
പുതിയവ വാടകക്കാർക്കു
സമ്മത പത്രം മുദ്രവെയ്ച്ചു നൽകുക.
വരച്ച ചിത്രങ്ങൾ ,
പ്രഗൽഭരുടെ കയ്യൊപ്പുകൾ
കവിതാശകലങ്ങൾ,
ആശംസകൾ
എഴുതിയതൊക്കെ മായ്ച്ചു കളയുക.
ഒരു പുതു വത്സരം കൂടി നിശ്വാസമിട്ടുണരുന്നു
ഒരു കണ്ണീർ കാണം കൂടി കവിളിലൂടെ ഒലിച്ചിറങ്ങുന്നു എന്ന്
എഴുതി ഈണം നൽകി പാടിയ ന്യൂ ഇയർ ദിനം.
കൂട്ടമായ് ലോകത്തിലെ സകലമാന പ്രശ്നങ്ങളും ചർച്ചയും കലഹങ്ങളും.
ഓരോ ആഘോഷങ്ങളും കേക്കിന്റെ മധുരവും
വീഞ്ഞിന്റെ ചവർപ്പും
സ്നേഹ മുദ്രകളുടെ തേൻ തുള്ളികളും
പിണക്കങ്ങളുടെ തേങ്ങലും മായ്ച്ചു കളയുക
മറ്റൊന്ന് തുങ്ങട്ടെ .
താളം പിടിയ്ക്കാൻ
പാടുന്നവരോടൊപ്പം കൂടി പാടുക ,
നൃത്തം ചെയ്യുന്നവരൊപ്പം
കൂടെ ചേരുക ,
പുതിയ കൈകളിൽ കോർക്കുക ,
പ്രശസ്തരുടെ ആർദ്രത തൊട്ടുണർത്തുക.
അവരെ ചേർത്തു നിർത്തി ചിത്രം പകർത്തി ആ ചുമരിൽ ചാർത്തുക.
അവർ അവിടം വിടില്ലെന്നും മറ്റൊരിടം തേടാതിരിയ്ക്കാൻ,
പിടി വിടാതിരിയിരിക്കുക
യാത്ര തുടരുക .
തിരിഞ്ഞു നോക്കുന്നത്
വിഡ്ഢിത്തരമാണ് .
അങ്ങേയറ്റത്തെ വിഡ്ഢിത്തം .
യാത്ര തുടരുക.അവരുടെ കൂടെ ചേരുക ..പഴയൊരാൾ പടികടക്കുന്ന അതേ വാതിൽ പാളിയിലൂടെ പുതിയൊരാൾ വരുകതന്നെ ചെയ്യും.
കൂടുതൽ ഉന്മേഷത്തോടെ
പുതിയ പരവതാനിയിൽ ആരവത്തിൽ
പ്രശസ്തിയോടെ തലയുയർത്തി നടന്നു കയറുമ്പോൾ
മറ്റൊരാൾ തലതതാഴ്ത്തി മൗനമായി യാത്രയാകും
ഒരേ വാതിൽ
ഒരേ മുറി
രണ്ട് പേർക്ക്
രണ്ട് പേരുകൾ സമ്മാനിക്കും
ഒരാൾക്ക് സ്വാഗതം നൽകുന്ന ആഗമനവും
മറ്റൊരാൾക്ക് യാത്രയയപ്പ് നൽകുന്ന പുറപ്പെടലും.
നിങ്ങളായാത്രയുടെ ഭാഗമയില്ലെങ്കിൽ പോലും ..ലോകക്രമം യാത്രയിലാണ്
രൂപപെടുത്തിയിരിക്കുന്നത്.
വാടക മുറിയിലെ വാതിലുകൾ അങ്ങനെയാണ് അടഞ്ഞു തുറക്കുന്നത്..
പ്രപഞ്ചം, ഭൂമി,നിമിഷം,കാലുകൾ ,കാലങ്ങൾ,
ആ യാത്ര തുടരുക തന്നെ ചെയ്യും..
ഷാജി എൻ പുഷ്പാംഗദൻ