അമ്മമൊഴി

“മദഗജ മുഖനേ, ഗിരിജാ സുതനേ ,
ഗണപതി ഭഗവാനേ”.

മിക്ക ക്ഷേത്രങ്ങളിൽ നിന്നും കേൾക്കുന്ന ഒരു സ്തുതിഗീതത്തിലെ വരികളാണിവ. ഗണപതി സ്തുതിയാണ്.
ഗണപതിക്ക്‌ ഗജമുഖൻ എന്നു പേരുണ്ട്. ആനയുടെ മുഖമുള്ളവൻ എന്നര്‍ത്ഥം. മദഗജമുഖന്‍ എന്ന് ഈ പാട്ടിലൂടെയാണ് കേൾക്കുന്നത്.
മദഗജം എന്നാൽ മദമിളകിയ ആന. മദമിളകിയ ആനയുടെ മുഖം ഗണപതിക്കുണ്ടെങ്കിൽ ഭക്തിയോടെ സ്തുതിക്കാൻ തോന്നുമോ? ഭയന്നു നിലവിളിച്ചുകൊണ്ട് ഓടാനല്ലേ തോന്നൂ. എന്തായാലും പ്രയോഗം വിചിത്രമെന്നേ പറയാനാവൂ.

” സ്ത്രീപീഢനക്കേസുകളുടെ അന്വോഷണം തൃപ്തികരമല്ലെന്ന് കോട്ടയം സ്ത്രീപീഢനകേന്ദ്രം”.
– പത്രവാർത്ത –

കോട്ടയത്ത് സ്ത്രീകളെ പീഡിപ്പിക്കുന്ന ഒരു കേന്ദ്രമുണ്ടെന്ന് പത്രം പറയുന്നു. അതിന്റെ പ്രവർത്തകരെ ജയിലിലടയ്ക്കാൻ ഇവിടെ നിയമമില്ലേ?
ഈ വാർത്തയിലെ പിശകുകൾ എന്തൊക്കെയാണ്. പ്രധാന പിശക് ഇതുതന്നെ. സ്ത്രീകളെ പീഡിപ്പിക്കാനായി ഒരു കേന്ദ്രം കേരളത്തിൽ പരസ്യമായി തുടങ്ങാനാവില്ല.
സ്ത്രീപീഡന വിരുദ്ധ കേന്ദ്രമാകാനാണ് സാധ്യത. അതിൽനിന്ന് വിരുദ്ധ എന്ന പദം വിട്ടുപോയതാകാം. നോക്കണേ, അപ്പോഴുണ്ടായ അര്‍ത്ഥവൈരുദ്ധ്യം . രചനയിലെയോ അച്ചടിയിലെയോ അശ്രദ്ധ, ഭാഷയെ എങ്ങനെ വികൃതമാക്കുന്നുവെന്നതിന് ഈ ഒറ്റ ഉദാഹരണം മതിയാകും.

പലരും തെറ്റിച്ച് ഉച്ചരിക്കുകയും എഴുതുകയും ചെയ്യുന്ന ഒരു വാക്ക് ഈ വാർത്തയിലും കണ്ടു.
‘ പീഢനം ‘
ചിലർ ഇങ്ങനെയേ പറയൂ; എഴുതൂ. പീഡനത്തിനെ ശക്തികൂട്ടാൻ തെറ്റിച്ച്‌ ഉച്ചരിക്കുകയും എഴുതുകയും വേണോ? പാവം പീനത്തെ എന്തിനാണ് പീഡിപ്പിച്ച്‌ പീനമാക്കുന്നത്?
മറ്റൊരു തെറ്റ് ‘അന്വോഷണം ‘.
‘അന്വേഷണം’ – ഇതാണ് ശരി.
ശരിരൂപം :- ‘ സ്ത്രീപീഡനക്കേസുകളുടെ അന്വേഷണം തൃപ്തികരമല്ലെന്ന് കോട്ടയം സ്ത്രീപീഡന വിരുദ്ധകേന്ദ്രം’.

‘ശിഷ്യന്മാരെ അജ്ഞാനാന്ധകാരത്തില്‍ നിന്ന് വിജ്ഞാനാന്ധകാരത്തിലേയ്ക്കു നയിക്കുന്നവനാണ് ഗുരു’.
– ഒരു ലേഖനം –
അന്ധകാരത്തിന്റെ അർത്ഥമറിയാതെ പ്രയോഗിച്ചതുകൊണ്ടാണ് അജ്ഞാനവും വിജ്ഞാനവും അന്ധകാരമായത്.
അജ്ഞാനം – അറിവില്ലായ്മ
വിജ്ഞാനം – അറിവ്
അന്ധകാരം – ഇരുട്ട്
അജ്ഞാനം അന്ധകാരമാണ്;
വിജ്ഞാനം വെളിച്ചവും.

അറിവില്ലായ്മയാകുന്ന ഇരുട്ടിൽനിന്ന് അറിവാകുന്ന വെളിച്ചത്തിലേയ്ക്കു നയിക്കുന്നവനാണ് ഗുരു.

ശരിരൂപം :- ശിഷ്യന്മാരെ അജ്ഞാനാന്ധകാരത്തിൽനിന്ന് വിജ്ഞാനത്തിന്റെ വെളിച്ചത്തിലേയ്ക്കു നയിക്കുന്നവനാണ് ഗുരു.

(തുടരും)

വട്ടപ്പറമ്പില്‍ പീതാംബരന്‍

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!