അമ്മമൊഴി

ഇതിന്റെ ശക്തിവിശേഷത്തിൽ ആരും ആശ്ചര്യചകിതനായിപ്പോകും.

-ഹനുമാൻ മുദ്രയുടെ T.V .പരസ്യം-
ചകിതൻ – ഭയന്നുവിറയ്ക്കുന്നവൻ, ഭീരു എന്നിങ്ങനെ അര്‍ത്ഥം.
ആശ്ചര്യം -അത്ഭുതം, വിസ്മയം.
അത്ഭുതത്തിന്റെ സ്ഥായി ഭാവമാണ് ആശ്ചര്യം. ഭയാനകത്തിന്റെ സ്ഥായീഭാവം ഭയം.
ആശ്ചര്യം കൊണ്ട് ഭയന്ന് വിറയ്ക്കുന്നത് എങ്ങനെയെന്നു മനസ്സിലാകുന്നില്ല. പല പരസ്യവാക്യങ്ങളും ഇപ്രകാരം തോന്നിയതുപോലെ തന്നെ.

ചിലർ പ്രയോഗിക്കുന്ന ഒരു വികലപദമാണ്, ഭയചകിതൻ. ഭയന്നവൻ എന്നോ ചകിതൻ എന്നോ പ്രയോഗിച്ചാൽ മതി.
ആശ്ചര്യംകൊണ്ട് എങ്ങനെയാണ് ഭയക്കുന്നത്? അതും ഹനുമാൻ മുദ്രയുടെ ശക്തിവിശേഷമാണോ?

ഒരു ആശുപത്രിയിൽ എഴുതിവച്ചിരിക്കുന്ന ബോർഡിലെ വാക്യം നോക്കുക:

‘ഗർഭിണികളായ സ്ത്രീകളെ ചികിത്സിക്കുന്ന ഇടം.’

ഇതുകണ്ടാൽ ‘എന്താണു തെറ്റ്?’ എന്ന് ചിലർ ചോദിക്കും. മറ്റുചിലർ “ങേ! ഗർഭിണികളായ പുരുഷന്മാരുണ്ടോ?” എന്നായിരിക്കും ചോദിക്കുക.

ഗർഭിണി എന്നാൽ ഗര്‍ഭമുള്ള സ്ത്രീ എന്നാണര്‍ത്ഥം. പിന്നെയെന്തിനാണ് ‘ സ്‍ത്രീകളെ’ എന്ന് അതേ വാക്യത്തിൽത്തന്നെ പ്രയോഗിച്ചത്?
ശരി; ഗർഭിണികളെ ചികിത്സിക്കുന്ന ഇടം.

ക്ഷയരോഗനിവാരണത്തിനെതിരേ എല്ലാവരും ഒത്തൊരുമിച്ചു പ്രവർത്തിക്കണമെന്ന് മന്ത്രി പറഞ്ഞു.
– പത്രവാർത്ത

മന്ത്രി പറഞ്ഞത് ‘ക്ഷയരോഗത്തിനെതിരേ’ എന്നാകാനാണ് സാധ്യത. ക്ഷയരോഗനിവാരണവുമായി ബന്ധപ്പെട്ടായിരിക്കും മന്ത്രി ഈ പ്രസ്താവന നടത്തിയത്. പത്രവാർത്തയിൽ കണ്ടതുപോലെയാണെങ്കിൽ മന്ത്രിയെ ജനം വെറുതെ വിടുമോ?

ക്ഷയരോഗനിവാരണം- ക്ഷയരോഗം ഇല്ലാതാക്കൽ. അതിനെതിരേ പ്രവർത്തിക്കാനാണോ മന്ത്രിയുടെ പ്രഖ്യാപനം?
മന്ത്രിയുടെ പ്രസ്താവനയാണോ, പത്രപ്രവർത്തകന്റെ രചനാവൈകൃതമാണോ? രണ്ടായാലും വായനക്കാരൻ കുഴങ്ങിയതുതന്നെ.
ശരിരൂപം: ക്ഷയരോഗത്തിനെതിരേ ഒത്തൊരുമിച്ചു പ്രവർത്തിക്കണമെന്ന് മന്ത്രി പറഞ്ഞു.

ഇരുട്ടിനെ തമസ്കരിച്ചുകൊണ്ട് ചൂട്ടുകറ്റയുടെ വെളിച്ചത്തിൽ തെയ്യങ്ങൾ ഉറഞ്ഞുതുള്ളി.
-ദൂരദർശൻ-
പടയണിയെക്കുറിച്ചുള്ള ഡോക്കുമെന്ററി സംപ്രേഷണം ചെയ്തപ്പോൾ വാചികത്തിലൂടെയും രചനയിലൂടെയും പ്രകടമാക്കിയതാണ് ഈ വാക്യം.
തമസ്സ് – ഇരുട്ട്
തമസ്കരിക്കുക- ഇരുട്ടാക്കുക
ഇരുട്ടിനെ തമസ്കരിക്കുക – ഇരുട്ടിനെ ഇരുട്ടാക്കുക.

ഇരുട്ടിനെ ഇരുട്ടാക്കുന്നതായി ഇവിടെ പറയുന്നത് ചൂട്ടുകറ്റയുടെ വെളിച്ചമാണ്. വെളിച്ചം ഇരുട്ടിനെ ഇരുട്ടാക്കുന്നുവെന്ന് പ്രയോക്താവ് ഈ വാക്യത്തിലൂടെ പ്രഖ്യാപിക്കുകയാണ്. വാഗർത്ഥം അറിയാതെയുള്ള വികല പ്രയോഗമാണിത്. ആശയപ്രകാശനം നിർവ്വഹിക്കാനാണ് ഭാഷ; ആശയക്കുഴപ്പമുണ്ടാക്കാനല്ല.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് നിർല്ലോഭമായി സംഭാവന ചെയ്യുക.
– പത്രപ്പരസ്യം-

നിർലോഭം എന്ന പദത്തിന്റെ അർത്ഥമറിയാതെയുള്ള പ്രയോഗമാണിത്.
ലോഭം – അത്യാഗ്രഹം , പിശുക്ക് ,ധനാഗ്രഹം, കൊതി എന്നിങ്ങനെ അർത്ഥം.
നിർലോഭം – അത്യാഗ്രഹമില്ലാതെ, കൊതിയില്ലാതെ എന്നാണർത്ഥം.
സംഭാവന കൊതിയില്ലാതെ, പിശുക്കില്ലാതെ, അത്യാഗ്രഹമില്ലാതെ നൽകണം എന്ന് പറയുന്നത് അത് നൽകുന്നവരെ കളിയാക്കുന്നതിനു തുല്യമാണ്.

കുറവില്ലാതെ സംഭാവന നല്കണം എന്നായിരിക്കും സംഭാവന ചോദിക്കുന്നവരുടെ ആഗ്രഹം. അതിന് പ്രയോഗിക്കേണ്ടത് ‘നിർലോപം’ എന്ന പദമാണ്.

ലോപം – കുറവ്
നിർലോപം – കുറവില്ലാതെ

ശരി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് നിർലോപമായി സംഭാവന ചെയ്യുക.

(തുടരും )

 

വട്ടപ്പറമ്പില്‍ പീതാംബരന്‍

Leave a Reply

Your email address will not be published.

error: Content is protected !!