കറുത്ത ദിനങ്ങൾ

ഇന്ത്യാചരിത്രത്തിലെ കറുത്തദിനങ്ങളിലൂടെയാണ് കഴിഞ്ഞമാസം രാജ്യം കടന്നുപോയത്. ലോകരാഷ്ട്രങ്ങളുടെ ഇടയിൽ ഇന്ത്യ കുനിഞ്ഞുനിന്ന മാസം. ഐക്യരാഷ്ത്ര സഭപോലും ഭാരതത്തിലെ സ്ഥിതിഗതികളെ ചൊല്ലി അപലപിക്കുകയും ആശങ്ക രേഖപ്പെടുത്തുകയും ചെയ്ത നാളുകൾ. കത്വയിൽ ഒരു കുഞ്ഞുജീവനെ കശക്കിയെറിഞ്ഞതിനു പിന്നിൽ കാമാർത്തി മാത്രമായിരുന്നില്ല, പകകൂടിയായിരുന്നു. ഒരു മതത്തോടും സമുദായത്തോടുമുള്ള വെറുപ്പ്. അതിനു കൂട്ടുപിടിച്ചതാകട്ടെ മറ്റൊരു മതത്തിന്റെ ആരാധനാലയത്തെ. ഇത് കേവലമൊരു വൈകാരിക പ്രശ്നം മാത്രമല്ല,. ദിവസങ്ങളോളം ഒരു കുഞ്ഞിനെ ഒരു ക്ഷേത്രത്തിന്റെ പവിത്രമെന്നു കരുതുന്ന സ്ഥലത്ത് സവർണ്ണ സമുദായത്തിൽ പെട്ട കുടുംബങ്ങൾ പീഡിപ്പിക്കുകയും പിന്നീട് അതിദാരുണമാം വിധം കൊലപ്പെടുത്തുകയും ചെയ്തിരിക്കുന്നു. ഇതിനേക്കാൾ ഭീകരരായിരുന്നു അതിനെ ന്യായീകരിച്ചുകൊണ്ട് രംഗത്തിറങ്ങിയവർ. ദേശീയപതാകയുമേന്തി പ്രതികൾക്ക് വേണ്ടി രംഗത്തിറങ്ങിയ ബി.ജെ.പി മന്ത്രിമാർ ഈ നാടിന്റെ പ്രതീകമാവുകയാണ്. ഉടഞ്ഞുതുടങ്ങിയ ഒരു ദേശത്തിന്റെ യഥാർത്ഥ മുഖം.
കത്വയിലെ പെൺകുട്ടിക്ക് വേണ്ടി സംസാരിക്കുന്നവർ എന്തുകൊണ്ട് ആസാമിലെ കുട്ടിക്കുവേണ്ടി സംസാരിച്ചില്ല,എന്തുകൊണ്ട് കാശ്മീരിലെ പണ്ഡിറ്റുകൾക്കു വേണ്ടി സംസാരിച്ചില്ല തുടങ്ങിയ ചോദ്യങ്ങൾ നിഷ്പക്ഷരെന്നു നടിക്കുന്ന പലരിൽ നിന്നും ഉയരുന്നുണ്ട്. അവരോട് പറയാനുള്ളത് ഒന്നുമാത്രം.നിങ്ങളെല്ലാം നിലാവുകണ്ടപ്പോൾ സ്വയം മറന്ന് ഓലിയിട്ട നീലക്കുറുക്കന്മാരാണ്. എത്ര നടിച്ചാലും ഉള്ളിലുള്ളത് ചിലപ്പോൾ പുറത്തുവരും. കടുത്ത പുരോഗമന പക്ഷക്കാരനായ ഒരു സുഹൃത്ത് പറഞ്ഞത് മരിച്ച കുട്ടി മുസ്ലീമായതുകൊണ്ടാണ് ഇത്രയും വികാരമുണ്ടാകുന്നതെന്നാണ്. ഡൽഹിയിൽ പണ്ടൊരു രാത്രി തെരുവിലെറിഞ്ഞ് നമ്മുടെ സഹോദരിയെ കൊന്നപ്പോൾ നാം അവളുടെ മതമോ കുലമോ ഏതാണെന്ന് ചിന്തിച്ചിരുന്നില്ല.അവൾക്കുവേണ്ടി മെഴുകുതിരി കത്തിച്ചപ്പോൾ അവൾ നമുക്ക് കൂടപ്പിറപ്പ് തന്നെയായിരുന്നു.

ഈ സംഭവത്തിന്റെ പേരിൽ കേരളത്തിലെ എസ് .ഡി. പി.ഐ പ്രവർത്തകർ നടത്തിയ അഴിഞ്ഞാട്ടം പുരകത്തുമ്പോൾ വാഴവെട്ടുന്ന വൃത്തികെട്ട രാഷ്ട്രീയം മാത്രമായിരുന്നു. ആ കുഞ്ഞിനെ വീണ്ടും നിങ്ങൾ തെരുവിലേക്ക് വലിച്ചെറിയുകയായിരുന്നു. അവളുടെ ചോരകൊണ്ട് നിങ്ങൾ നിങ്ങളുടെ പ്രസ്ഥാനത്തിന്അടിത്തറയിട്ടു. അതിൽ കട്ടള വച്ചു. ഇനി ചുമരുകൾ കെട്ടിപ്പൊക്കിയാൽ മതി. അതിനാവശ്യമുള്ളത് ഇനിയുമുണ്ടാവും. അതാണല്ലോ നിങ്ങൾക്ക് വേണ്ടതും.

രാജ്യമൊന്നാകെ ഒറ്റക്കെട്ടായി കൈകോർക്കേണ്ടിടത്ത് ഇരയുടെ ജാതിയും മതവും കുലവും ചർച്ച ചെയ്യപ്പെടുന്ന ഈ ദേശത്തെയോർത്ത് വിലപിക്കാതെ നിവർത്തിയില്ല. നമ്മൾ പരാജയപ്പെട്ട ജനതയാവുകയാണ്. കണ്ണടച്ചു തലകുനിച്ചിരിക്കണം.

അനീഷ് തകടിയിൽ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!