അമ്മേ മലയാളമേ…..

“മുടിഞ്ഞ മലയാളമേ,മുല
പറിച്ച പരദേവതേ
നിനക്കു ശരണം മഹാ-
ബലിയടിഞ്ഞ പാതാളമോ”

ഇതൊരു വിലാപമാണ്. നമ്മുടെ ക്ഷുഭിത യൗവനങ്ങളിൽ തീ ചിതറിച്ച ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ വിലാപം. ഇതു നമുക്ക് തള്ളുകയോ കൊള്ളുകയോ ചെയ്യാം. ഉന്നത വിദ്യാഭ്യാസരംഗത്ത് മലയാളം ഒന്നാം ഭാഷയാക്കണമെന്ന് ശുപാർശ ചെയ്യാൻ തീരുമാനമെടുത്ത ദിവസമാണ് ബാലചന്ദ്രൻ ചുള്ളിക്കാട് കൈകൂപ്പി ഒരപേക്ഷ മുന്നോട്ട് വച്ചത്. അക്ഷരത്തെറ്റും വ്യാകരണപ്പിഴവും തിരുത്താത്ത അധ്യാപനവും അക്ഷരശുദ്ധിയും വ്യാകരണജ്ഞാനവുമില്ലാത്ത അധ്യയനവും നടക്കുന്ന സ്‌കൂൾ തൊട്ട് സർവകലാശാല വരെയുള്ള വിദ്യാലയങ്ങളിൽ തന്റെ കവിതകൾ ഇനി പഠിപ്പിക്കുകയോ ഗവേഷണവിഷയമാക്കുകയോ ചെയ്യരുതെന്നാണ് കവി അപേക്ഷിച്ചിട്ടുള്ളത്. ഒരിക്കൽ കൂടി പറയട്ടെ, ഇത് നമുക്ക് തള്ളുകയോ കൊള്ളുകയോ ചെയ്യാം. തള്ളുകയാണെങ്കിൽ ശ്രേഷ്ഠഭാഷയെന്ന നെറ്റിപ്പട്ടവും ചുമന്ന് അബദ്ധപഞ്ചാംഗ രചയിതാക്കളായ കുറെ മലയാളപണ്ഡിതന്മാരാൽ നമ്മുടെ മലയാണ്മ മരിക്കുന്നതിന് നാം നിശ്ശബ്ദസാക്ഷി യാവേണ്ടിവരും. കൊള്ളുകയാണെങ്കിൽ ഇത് കേവലമൊരു ചുള്ളിക്കാടിന്റെ ഉന്മാദം കലർന്ന വിലാപമല്ലെന്നു തിരിച്ചറിഞ്ഞ് നമ്മളാൽ കഴിയുന്നത് മലയാളത്തിന് വേണ്ടി ചെയ്യാൻ തയ്യാറാവണം. ബിരുദവും ബിരുദാനന്തബിരുദവും പി.എച്ച്.ഡി.യുമൊക്കെ മലയാളത്തിൽ ചെയ്ത്, കാര്യം കഴിഞ്ഞ് ഭാഷാപഠനവും ഭാഷാസ്നേഹവും അവസാനിപ്പിക്കുന്ന ‘ശ്രേഷ്ഠമലയാളി’കളേക്കാൾ എത്രയോ മുകളിലാണ് എഴുതിയ ഒരു വരിയിൽ തെറ്റുണ്ടോയെന്ന് ചിന്തിച്ച് ആകുലപ്പെടുന്ന ‘വെറും മലയാളികൾ’.

ഒരു തെറ്റുവന്നെങ്കിലെന്ത്, കാര്യം മനസിലായാൽപ്പോരെയെന്നു ചിന്തിക്കുന്നവരും അബദ്ധത്തിൽ വന്ന തെറ്റിനെ ന്യായീകരിച്ച് അതിനെ നിയമമാക്കാൻ പാടുപെടുന്നവരും ഇതേ സമൂഹത്തിൽ തന്നെയുണ്ട്. നവമാധ്യമങ്ങളുടെ കടന്നുവരവോടെ നമുക്ക് എഴുത്തുകാരുടെ എണ്ണത്തിൽ നൂറുമടങ്ങുവർദ്ധനയും വായനക്കാരുടെ കാര്യത്തിൽ നൂറിരട്ടി കുറവും വന്നിട്ടുണ്ടെന്നു പറഞ്ഞാൽ അതിശയോക്തിയാവില്ല. നമുക്ക് വേണ്ടത് എഴുത്തുകാരേക്കാൾ കൂടുതൽ വായനക്കാരെയാണ്. എഴുത്തുകാരൻ വായനയും പഠനവും നിർത്തുന്നിടത്ത് അയാളുടെ എഴുത്ത് മരിക്കുന്നു. സാംസ്കാരികരംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഈ വിഷയത്തിൽ ഉത്തരവാദിത്തം കൂടുതലാണുള്ളത്. പത്രമാധ്യമങ്ങൾക്കും ഉത്തരവാദിത്തത്തിൽ നിന്നും ഒളിച്ചോടാനാവില്ല. പത്രമുത്തശ്ശികളെന്നവകാശപ്പെടുന്ന നമ്മുടെ അരനൂറ്റാണ്ട് പിന്നിട്ട പത്രങ്ങളിലെല്ലാം ഒരു ദിവസം പത്തുതെറ്റുകളിൽ കൂടുതൽ കടന്നുവരുന്നുണ്ട്. ദൃശ്യമാധ്യമങ്ങളുടെ കാര്യം പറയാതിരിക്കുകയാണ് ഭേദം. വായിൽ തോന്നിയത് കോതയ്ക്ക് പാട്ട് എന്നാണ് മനോഭാവം.

തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ യാത്രചെയ്താൽ വഴിയരുകിൽ സ്ഥാപിച്ചിരിക്കുന്ന ബോർഡുകളിലേക്ക് ഒന്ന് കണ്ണോടിയ്ക്കണം. ഹൃദയം തകർന്നുപോകും. മലയാളത്തിന്റെ ഏറ്റവും സുന്ദരമായ ‘ഇരട്ടിപ്പു’കളെ ‘സ്‌പെയ്‌സ്’ വച്ച് വികലമാക്കുന്ന ദയനീയകാഴ്ച കാണാം. ‘ഉണ്ടച്ചേട്ടന്റെ കട’
‘ഉണ്ട ചേട്ടന്റെ കട’യാവുന്നതും ‘കോഴിക്കട’ ‘കോഴി കട’യാവുന്നതും ‘ചക്കപ്പഴം’ ‘ചക്ക പഴ’മാവുന്നതുമൊക്കെ ചെറിയ ഉദാഹരണങ്ങൾ മാത്രം. ഇങ്ങനെ പലരീതിയിൽ നാം മലയാളത്തെ പീഡിപ്പിക്കുന്നത് ഒരു വശത്ത് തുടരുകയും മറുവശത്ത് ക്‌ളാസിക്കൽ പദവിയിൽ അഹങ്കരിക്കുകയും ചെയ്യുന്ന കാലത്താണ് ബാലചന്ദ്രന്റെ ഇടിമുഴക്കം കേട്ടത്. മുമ്പ് തെറ്റുതിരുത്താൻ ധാരാളം ഗുരുനാഥന്മാരുണ്ടായിരുന്നു. പന്മന രാമചന്ദ്രൻ നായരും കുട്ടിക്കൃഷ്ണമാരാരുമൊക്കെ നമ്മെ വിട്ടുപോയിക്കഴിഞ്ഞു. വട്ടപ്പറമ്പിൽ പീതാംബരനെയും നാരായണൻ വല്യാത്തേലിനെയും പ്രൊഫസർ അലിയാരെയും പോലെയുള്ളവർ നിരന്തരം ഭാഷാശുദ്ധിക്കുവേണ്ടി ശബ്ദിച്ചുകൊണ്ടേയിരിക്കുന്നു. അത്തരം ഒറ്റപ്പെട്ട ശബ്ദങ്ങൾ മാത്രം പോരാ. ഭാഷാജ്ഞാനമുള്ളവർ ധാരാളം പേർ നമുക്കിടയിലുണ്ട്. അവർ മുന്നോട്ടുവന്നേ മതിയാവൂ. ഭാഷയെ സ്നേഹിച്ച, അതിൽ ജീവിച്ച ഒരു കവിയുടെ, പച്ച മനുഷ്യന്റെ ഗതികെട്ട അപേക്ഷയാണിത്. അതിനെ ഉൾക്കൊള്ളാൻ നാം തയ്യാറാവണം. എന്തെഴുതിയാലും സാരമില്ലെന്ന് വാദിക്കുന്ന പ്രായോഗിക വാദികളേക്കാൾ ശുദ്ധമലയാളത്തെ സ്നേഹിക്കുന്ന മഹാമനീഷികളെയാണ് കൈരളിക്കുവേണ്ടത്. അവരുടെ നോട്ടം ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്.

 

അനീഷ് തകടിയിൽ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!