അമ്മമൊഴി

അന്താരാഷ്ട്ര നാളീകേര സമ്മേളനം ഇന്നു തുടങ്ങും
– പത്രവാര്‍ത്ത

ഇതില്‍ നാളീകേരം എന്ന പ്രയോഗം ശരിയല്ല. നാളികേരം എന്നതാണ് ശരിയായ പദം. നാളികേരത്തിന് തെങ്ങ്, തേങ്ങ എന്നീ അര്‍ത്ഥങ്ങളാണുള്ളത്.
സമ്മേളനത്തിന് ചേര്‍ച്ച, ഒന്നിച്ചുകൂടല്‍, സഭ എന്നിങ്ങനെ ശബ്ദതാരാവലി അര്‍ത്ഥം നല്‍കുന്നു.
അപ്പോള്‍ നാളികേര സമ്മേളനത്തിന് തെങ്ങുകളുടെ കൂടിച്ചേരല്‍ തേങ്ങകളുടെ കൂടിച്ചേരല്‍ എന്നിങ്ങനെ അര്‍ത്ഥം. ലോകമെമ്പാടുമുള്ള തെങ്ങുകളുടെ അഥവാ തേങ്ങകളുടെ സമ്മേളനം ഇന്നു തുടങ്ങുമെന്നാണ് പത്രവാര്‍ത്ത. ഒന്നോര്‍ത്തുനോക്കൂ, ലോകരാഷ്ട്രങ്ങളില്‍ നിന്ന് വ്യത്യസ്ത വേഷങ്ങളില്‍ തെങ്ങുകാളോ തേങ്ങകളോ തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്നിറങ്ങുന്നു; കാറുകളില്‍ കനകക്കുന്നിലെത്തി കുണുങ്ങിക്കുണുങ്ങി ഹാളിനുള്ളിലേയ്ക്കു പോകുന്നു; ജനം മിഴിച്ചുനില്‍ക്കുന്നു.
പ്രയോഗിക്കുന്ന പദങ്ങളുടെ ശുദ്ധിയോ അര്‍ത്ഥമോ പരിശോധിക്കാതെ പത്രറിപ്പോര്‍ട്ടര്‍മാര്‍ എഴുതിക്കൊടുക്കുന്നത് അപ്പടി അച്ചടിച്ചുവിടുന്നത്‌ പല പത്രങ്ങളുടെയും രീതിയായി മാറിയിരിക്കുന്നു. ഇവിടെ എന്താണ് ശരിയായ വാര്‍ത്ത?
” നാളികേരക്കര്‍ഷകരുടെ അന്താരാഷ്‌ട്ര സമ്മേളനം ഇന്നു തുടങ്ങും.”

വേനല്‍ച്ചൂട്‌ അധികരിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.
– ആകാശവാണി -02- 01- 2017 –7. 05 am

അധികമാകുന്ന എന്ന അർത്‌ഥത്തിലാണ് അധികരിച്ചുവരുന്ന എന്ന് ഇവിടെ പ്രയോഗിച്ചിരിക്കുന്നത്.

അധികരിക്കുക എന്നതിന് അടിസ്ഥാനപ്പെടുത്തുക ,പരാമർശിക്കുക, അധികാരം നടത്തുക എന്നിങ്ങനെയാണ് ശബ്ദതാരാവലി അര്‍ത്ഥം നൽകിയിരിക്കുന്നത്. മാത്രവുമല്ല, ‘അധികമാവുക’ എന്ന അർത്‌ഥത്തിൽ അധികരിക്കുക എന്ന പദം പ്രയോഗിക്കുന്നത് തെറ്റ് എന്നും ശബ്ദതാരാവലി സൂചിപ്പിക്കുന്നു. (ശ. താ.പേജ് 108 )

ശരിയായ പ്രയോഗം :- വേനൽച്ചൂട് അധികമാവുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.

മന്ത്രി , ഭാര്യയോടൊപ്പം ഗുരുവായൂരമ്പലത്തിൽ വച്ച് ഷഷ്ഠിപൂർത്തിയാഘോഷം നടത്തി
– പത്രവാർത്ത

ഷഷ്ഠി – എന്ന വാക്കിന്റെ അർത്‌ഥമറിയാതെയുള്ള പ്രയോഗമാണിത്.
ഷഷ്ഠി – ആറാമത്തെ തിഥി, ആറാമത്തെ വിഭക്തി (ശ . താ . പേജ് 1672)

ആറ് എന്ന സംഖ്യയുമായി ബന്ധപ്പെട്ട പദമാണ് ഷഷ്ഠി.
ഷഷ്ഠി പൂർത്തി – ആറുവയസ്സു തികയൽ.

മന്ത്രി ആറാം വയസ്സ് തികയുന്നത് ഭാര്യയോടൊപ്പം ആഘോഷിച്ചു എന്നു പത്രവാർത്ത ധ്വനിപ്പിക്കുന്നു.
മന്ത്രിക്ക് ആറാം വയസ്സിൽ ഭാര്യയുണ്ടെങ്കിൽ മന്ത്രിയെ ജയിലിലടയ്ക്കണം.

അറുപതു വയസ്സു പൂർത്തിയാകുന്ന ആഘോഷമാണെങ്കിൽ,
‘ഷഷ്ടിപൂർത്തിയാഘോഷം’ എന്നാണു വേണ്ടത്.

ശരിയായ പ്രയോഗം :-
മന്ത്രി ഗുരുവായൂരമ്പലത്തിൽ വച്ച്, ഭാര്യയോടൊപ്പം ഷഷ്ടിപൂർത്തിയാഘോഷം നടത്തി.

…….വിവർത്തനത്തെ ഭാഷാന്തരണം എന്നു വിളിക്കുന്നു….. നല്ല ഭാഷാന്തരണം
– ആകാശവാണി- നല്ലമലയാളം
– 17.05.17.

ആകാശവാണിയുടെ നല്ലമലയാളം പരിപാടിയിലും ‘വികൃതമലയാളം’ കടന്നുകയറുന്നു.

‘ഭാഷാന്തരണം’- ഒരു പുതിയ പ്രയോഗം. ഇത് രണ്ടുവാക്കു ചേർന്ന പദമാണ്. ഭാഷ+അന്തരണം.
എന്താണ് അന്തരണം? നിഘണ്ടുക്കൾ പരിശോധിച്ചു. അങ്ങനെയൊരു വാക്ക് കണ്ടെത്താനായില്ല.
അന്തരിക്കുക – (അ.ക്രി.) വ്യത്യാസം വരിക, മറയുക, മരിക്കുക.
(ശബ്ദതാരാവലി)

ഈ വാക്കിന്റെ നാമരൂപം അന്തരം എന്നാണ്. വ്യത്യാസം എന്നും അർത്ഥം. ഭാഷയുടെ വ്യത്യാസപ്പെടുത്തൽ എന്ന അർത്ഥത്തിൽ -( വിവർത്തനം, തർജ്ജമ, പരിഭാഷ എന്നീ പദങ്ങൾ ഉള്ളപ്പോൾ അർത്ഥരഹിതമായ ഭാഷാന്തരണം എവിടെനിന്നു വന്നുവോ ആവോ?)
ഭാഷാന്തരമാണ് ശരി രൂപം.
തർജ്ജമയ്ക്ക് ഭാഷാന്തരം എന്ന പദമാണ് ശബ്ദതാരാവലി നൽകിയിട്ടുള്ളത്. (പേജ്.1347)
മറ്റൊരുകാര്യം- തർജ്ജമ എന്ന പദം തർജ്ജിമ, തർജ്ജുമ എന്നിങ്ങനെ അച്ചടിച്ചു വിടുന്നവരുണ്ട്.
‘തർജ്ജമ’യാണ് ശരിയായ രൂപം.

ഭാഷാന്തരണം പോലെ മറ്റൊരു പ്രയോഗം +2-മലയാളം പാഠ്യപുസ്തകത്തിൽ കണ്ടു.
“താഴെപ്പറയുന്ന വാക്യങ്ങളിലെ രചനാന്തരണം നിർവഹിക്കുക.”

പുതിയ പടങ്ങൾ ഭാഷയിൽ പ്രയോഗിക്കുന്നതു നല്ലതുതന്നെ. നല്ലപദങ്ങൾ ഉള്ളപ്പോൾ പുതിയ പദങ്ങളിലൂടെ ആശയക്കുഴപ്പങ്ങളുണ്ടാക്കുന്നത് എന്തിനാണ്.

പുസ്തകത്തിൽ വിശദീകരണത്തിലും അഭ്യാസത്തിലും ‘രചനാന്തരണവ്യാകരണം’ എന്ന പ്രയോഗം കണ്ടു. വാക്യരചനയുടെ മാറ്റങ്ങളെ സൂചിപ്പിക്കുന്നതാണ് ആ പദം.

രചനാന്തരണവ്യാകരണത്തിനു കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് രൂപം Transformational Grammer എന്നാണ്. Transformation എന്ന പദത്തിന് നിഘണ്ടു നൽകിയിരിക്കുന്ന അർത്ഥം രൂപം മാറ്റൽ അഥവാ രൂപാന്തരീകരണം എന്നാണ്. അങ്ങനെയെങ്കിൽ Transformational Grammer എന്നതിന് രൂപാന്തരീകരണ വ്യാകരണം, രചനാന്തരീകരണ വ്യാകരണം ഇവയിൽ ഏതെങ്കിലും ഉപയോഗിച്ചാൽ പോരേ?
പരിഭാഷയ്ക്ക് ഭാഷാന്തരം എന്ന് പ്രയോഗിക്കുന്നതുപോലെ രചന മാറ്റുന്നതിന് രചനാന്തരം എന്നു പറയാമല്ലോ.

തുടരും

വട്ടപ്പറമ്പിൽ പീതാംബരൻ

Leave a Reply

Your email address will not be published.

error: Content is protected !!