അരങ്ങൊഴിഞ്ഞ ‘നിഷേധി’

ആദ്യന്തമില്ലാത്ത ഒഴുക്കുപോലെയുള്ള ജീവിതം, അർപ്പണമനോഭാവത്തോടെയുള്ള കലാസപര്യ, തുടക്കം മുതൽ ഒടുക്കം വരെയും അറ്റുപോകാതെ സൂക്ഷിച്ച പ്രതിഭ, ഒടുവിൽ വലിയൊരു ശൂന്യത അവശേഷിപ്പിച്ചുള്ള മടക്കം, അതായിരുന്നു എം.ജി.സോമൻ എന്ന മഹാനടൻ. വിടപറഞ്ഞ് ഇത്രയും കൊല്ലം കഴിഞ്ഞിട്ടും സോമൻ അവതരിപ്പിച്ച കഥാപാത്രങ്ങൾക്ക് പകരക്കാരെ കണ്ടെത്താൻ സിനിമാലോകത്തിന് കഴിഞിട്ടില്ല.

കെ.എൻ.ഗോവിന്ദപ്പണിക്കരുടെയും പി.കെ.ഭവാനിയമ്മയുടെയും മകനായി 1941 ഒക്ടോബർ 28 ന് തിരുവല്ല മണ്ണടിപ്പറമ്പിലാണ് എം.ജി.സോമശേഖരൻ നായർ എന്ന എം.ജി.സോമൻ ജനിച്ചത്. വിദ്യാഭ്യാസത്തിനു ശേഷം ഇരുപതുവയസ്സ് തികയും മുൻപ് ഇന്ത്യൻ എയർഫോഴ്സിൽ ജോലിക്കുചേർന്നു. വ്യോമസേനയിൽ ജോലി തുടരുമ്പോഴും ഉള്ളിൽ അഭിനയിക്കാനുള്ള മോഹം അടക്കിവയ്ക്കാൻ ആവാത്ത നിലയിലായിരുന്നു. ഒടുവിൽ ഒമ്പത് വർഷത്തെ ഔദ്യോഗിക ജീവിതത്തിനു വിടപറഞ്ഞ് നാട്ടിൽ മടങ്ങിയെത്തി. വീട്ടുകാരുടെ എതിർപ്പ് വകവയ്ക്കാതെ നാടകസമിതികളിൽ സജീവമായി. കൊട്ടാരക്കര ശ്രീധരൻ നായരുടെ സമിതിയിലെ നാടകങ്ങളിൽ സോമൻ തന്റെ വേഷങ്ങൾ ഭംഗിയാക്കി മുന്നോട്ടുപോയി.

 

‘രാമരാജ്യം’ എന്ന പ്രൊഫഷണൽ നാടകത്തിലെ സോമന്റെ പ്രകടനം കണ്ട മലയാറ്റൂർ രാമകൃഷ്ണൻ സംവിധായകൻ പി.എൻ.മേനോനോട് ഇക്കാര്യം പറഞ്ഞു. അദ്ദേഹം ആ സമയം ഗായത്രി എന്ന സിനിമയുടെ പ്രാരംഭ ജോലികളിലായിരുന്നു. സോമന്റെ അഭിനയം കണ്ട പി.എൻ.മേനോന് രണ്ടാമതൊന്നു ചിന്തിക്കേണ്ടിവന്നില്ല. 1973 ൽ റിലീസായ ‘ഗായത്രി’യിൽ രാജാമണി എന്ന ബ്രാഹ്മണയുവാവിന്റെ വേഷമാണ് സോമൻ ചെയ്തത്. ഒരു റിബൽ സ്വഭാവമുള്ള യുവാവായിരുന്നു രാജാമണി. സോമന്റെ പൗരുഷമുള്ള രൂപവും പരുക്കൻ കണ്ണുകളും രാജാമണിക്ക് അനുയോജ്യമായിരുന്നു. ദിനേശ് എന്ന പേരിലാണ് സോമൻ ഈ സിനിമയിൽ അഭിനയിക്കുന്നത്. പിന്നീട് സോമൻ എന്ന സ്വന്തം പേരുമായി അദ്ദേഹം മലയാള സിനിമകളിൽ നിറയാൻ തുടങ്ങി. അഹന്തയും ചങ്കൂറ്റവും താൻപോരിമയും ഒപ്പം തന്റേടവും; അതായിരുന്നു സോമന്റെ കഥാപാത്രങ്ങളുടെ പ്രത്യേകത. ‘യക്ഷിപ്പാറു’വിലെ പോലീസ് ഓഫീസറുടെ വേഷം ഏറെ പ്രശംസ പിടിച്ചുപറ്റി. ഡയലോഗ് പ്രസന്റേഷനിലുള്ള സോമന്റെ ചടുലത ഈ സിനിമയിൽ കാണാം

ഗാനരംഗങ്ങളിലെ സോമന്റെ അഭിനയം വേറിട്ടതായിരുന്നു. സത്യനെയോ നസീറിനെയോ പോലെ ഗാനരംഗങ്ങളിൽ അദ്ദേഹം ഇഴുകിച്ചേർന്നില്ല. ജയന്റെ ശരീര ചലനങ്ങളോ മധുവിന്റെ ഭാവാഭിനയമോ സോമൻ പ്രകടിപ്പിച്ചില്ല. മിക്കപ്പ്പോഴും അഭിനയം ഉള്ളിൽ ഒളിപ്പിച്ച, ആഴം തോന്നുന്ന കണ്ണുകളുടെ നിസ്സംഗത മുഖമുദ്രയാക്കിയുള്ള വേറിട്ട അഭിനയമായിരുന്നു അദ്ദേഹത്തിന്റേത്. ഒരുപക്ഷെ അന്നുവരെ മലയാളി പരിചയപ്പെടാത്ത ഒരു അഭിനയ ശൈലി. ‘ഗുരുവായൂർ കേശവനി’ലെ ‘സുന്ദര സ്വപ്നമേ’ എന്ന പാട്ട് തന്നെയാണ് ഇതിനു ഉദാഹരണം. ജി.ദേവരാജന്റെ സംഗീതത്തിൽ യേശുദാസും പി.ലീലയും ആലപിച്ച അതിമനോഹരഗാനമാണ് ഇത് ]

1975 ൽ ചുവന്ന സന്ധ്യകൾ, സ്വപ്നാടനം എന്നീ ചിത്രങ്ങൾക്ക് മികച്ച സഹനടനുള്ള സംസ്ഥാന അവാർഡും 1976 ൽ തണൽ, പല്ലവി എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് മികച്ച സഹനടനുള്ള പുരസ്കാരവും സോമനെ തേടിയെത്തി. 1977 ൽ മാത്രം 47 ചിത്രങ്ങളിൽ സോമൻ അഭിനയിച്ചു. ചട്ടക്കാരിയിലെ റിച്ചാർഡ്, ഇതാ ഇവിടെ വരെയിലെ വിശ്വനാഥൻ, രാസലീലയിലെ ദത്തൻ തമ്പുരാൻ, അനുഭവത്തിലെ ബോസ്‌കോ ഇങ്ങനെ സോമൻ ജീവൻ നൽകിയ കഥാപാത്രങ്ങൾ നിരവധിയാണ്. ‘എന്റെ ഗ്രാമം’ എന്ന ചിത്രത്തിലെ ‘കൽപ്പാന്ത കാലത്തോളം കാതരേ നീയെൻ മുന്നിൽ’ എന്ന ഗാനം ഇന്നും ഗാനാസ്വാദകർ ഹൃദയത്തിൽ സൂക്ഷിക്കുന്നു.

 

കമലഹാസനും ഐ വി ശശിയുമായിരുന്നു സോമന്റെ ഉറ്റ ചങ്ങാതിമാർ. നാൽപ്പതോളം ചിത്രങ്ങളിൽ സോമനും കമലഹാസനും ഒന്നിച്ചഭിനയിച്ചു . ഐ വി ശശിയുടെ ഇഷ്ടനായകനായിരുന്നു സോമൻ. ഇടയ്ക്ക് സൗഹൃദം മുറിഞ്ഞെങ്കിലും ചെറിയ ഇടവേളയ്ക്ക് ശേഷം അവർ വീണ്ടും ഒന്നിച്ചു. ഒരുപിടി നല്ല സിത്രങ്ങൾ ഈ കൂട്ടുകെട്ടിൽ പിറന്നു. എം.ജി.ആറിനൊപ്പം ‘നാളൈ നമതേ’ എന്ന ചിത്രത്തിലും അദ്ദേഹം അഭിനയിച്ചു. ചിത്രം സൂപ്പർ ഹിറ്റായിരുന്നു. നൂറു ദിവസത്തിലേറെ ഓടിയ അവൾ ഒരു തുടർക്കഥ, കുമാരവിജയം എന്നിവയും ശ്രദ്ധേയമായി. ഷീല, ജയഭാരതി, അംബിക, ശ്രീവിദ്യ, വിധുബാല, സീമ, ഉണ്ണിമേരി, ലക്ഷ്മി, ശ്രീദേവി, ഭാനുപ്രിയ, പൂർണ്ണിമ, രാധിക സുമലത തുടങ്ങി അന്നത്തെ ഒരുവിധം എല്ലാ നടിമാരും സോമന്റെ നായികമാരായി. ഒരുപക്ഷെ പ്രേംനസീറിന് ശേഷം ഏറ്റവുമധികം നായികമാരോടൊത്ത് അഭിനയിച്ചത് സോമൻ ആയിരിക്കണം. മല്ലികാ സുകുമാരനും സോമനും അഭിനയിച്ച ‘ജയിക്കാനായി ജനിച്ചവൻ’ എന്ന സിനിമയിലെ ചാലക്കമ്പോളത്തിൽ എന്ന് തുടങ്ങുന്ന ഗാനം ഹൃദ്യമാണ്.

ജോൺപോളിനൊപ്പം ചേർന്ന് ഭൂമിക എന്ന സിനിമ സോമൻ നിർമ്മിച്ചിട്ടുണ്ട്. ചലച്ചിത്ര താരസംഘടനയായ അമ്മയുടെ ആദ്യകാല പ്രസിഡന്റായും ചലച്ചിത്രവികസന കോർപ്പറേഷൻ അംഗമായും അദ്ദേഹം പ്രവർത്തിച്ചു. 1981 ൽ റിലീസായ ഇതാ ഒരു ധിക്കാരി എന്ന ചിത്രത്തിലെ എൻറെ ജന്മം നീയെടുത്തു എന്ന ഗാനം ഇന്നും പ്രണയികളുടെ പ്രിയഗാനമാണ്.

മോഹൻലാലും മമ്മൂട്ടിയും റഹ്മാനും ശങ്കറുമൊക്കെ ഉദയം ചെയ്തതോടെ സോമൻ പൂർണ്ണമായും സ്വഭാവനടനായി മാറി. ഏതുവേഷവും തനിക്ക് ഇണങ്ങുമെന്ന് അദ്ദേഹം തെളിയിച്ചു. പ്രിയദർശൻ ചിത്രങ്ങളിലും സോമൻ സജീവ സാന്നിധ്യമായിരുന്നു.

‘ചിത്രം’ എന്ന സിനിമയിൽ മോഹൻലാൽ അവതരിപ്പിച്ച വിഷ്ണുവിനെ കൂട്ടിക്കൊണ്ടുപോകാൻ വന്ന അന്വേഷണ ഉദ്യോഗസ്ഥന്റെ വേഷം സോമൻ അവിസ്മരണീയമാക്കി. കൊലക്കയറുമായി വരുന്ന മരണത്തിന്റെ മുഖമായിരുന്നു ആ സിനിമയിൽ സോമന്. വളരെ കുറച്ച് ഡയലോഗുകൾ മാത്രമുള്ള വേഷമായിട്ടും ആ കഥാപാത്രത്തെ പ്രേക്ഷകർ ഭയന്നു . അതാണ് സോമൻ എന്ന മഹാനടന്റെ വിജയം. ഹാസ്യപ്രാധാന്യമുള്ള ഒട്ടേറെ സിനിമകൾ അദ്ദേഹം ചെയ്തു. അക്കരെ അക്കരെ അക്കരെയിലെ പോലീസ് ഓഫീസറും പൂച്ചയ്‌ക്കൊരു മൂക്കുത്തിയിലെ ഹരി എന്ന കഥാപാത്രവും നമ്മെ കുടുകുടാ ചിരിപ്പിച്ചു. ഹിറ്റ്ലർ എന്ന സിദ്ദീഖ് ലാൽ സിനിമയിലെ പ്രൊഫസറുടെ വേഷത്തെ നമ്മൾ വെറുത്തു. ലേലം എന്ന സിനിമയിലെ ആനക്കാട്ടിൽ ഈപ്പച്ചൻ മുതലാളി നമ്മെ ത്രസിപ്പിച്ചു.

പുതുതലമുറ സോമനെ പരിചയപ്പെടുന്നത് ഈ സിനിമയിലൂടെയാണ്. അക്ഷരാർത്ഥത്തിൽ ആവേശം കൊള്ളിച്ച കഥാപാത്രം. ആദ്യ ചിത്രമായ ഗായത്രിയിലെ രാജാമണി എന്ന റിബൽ ബാലനിൽ നിന്നും ലേലത്തിലെ ഈപ്പച്ചൻ മുതലാളി എന്ന റിബൽ മുതലാളിയിലെത്തുമ്പോൾ സോമൻ എന്ന മഹാമേരുവിന്റെ വളർച്ച കാണാം.

അവസാന നാളുകൾ വരെയും അദ്ദേഹം അഭിനയരംഗത്ത് സജീവമായിരുന്നു. ഏറെക്കാലം വിവിധ രോഗങ്ങൾ അലട്ടിയ സോമൻ അമ്പത്തിയാറാമത്തെ വയസിൽ മഞ്ഞപ്പിത്തത്തെ തുടർന്ന് 1997 ഡിസംബർ 12 നു അന്തരിച്ചു. ലേലം തിയേറ്ററുകളിൽ തകർത്തോടുമ്പോൾ തന്നെയായിരുന്നു അദ്ദേഹത്തിന്റെ വിടവാങ്ങൽ. ചുരുങ്ങിയ കാലം കൊണ്ട് എക്കാലവും ഓർക്കാൻ കുറെ അഭിനയ മുഹൂർത്തങ്ങൾ സമ്മാനിച്ച അതുല്യപ്രതിഭയായിരുന്നു സോമൻ. നിഷേധിയായി തുടങ്ങി നിഷേധിയായി തന്നെ ഒടുങ്ങിയ, കാലം കാത്തുവച്ച നടൻ. സോമൻ അവശേഷിപ്പിച്ചുപോയ ശൂന്യത ഇന്നും ഇവിടെ അവശേഷിക്കുന്നു.

അനീഷ് തകടിയിൽ

Leave a Reply

Your email address will not be published.

error: Content is protected !!