ഇതൊരു കഥയല്ല

മരണം മുന്നിൽ കാണുന്ന നിമിഷങ്ങളിലാണ് നാം ജീവന്റെ വില അറിയുക.
പ്രാണൻ നിലനിർത്താൻ വേണ്ടി മാത്രം നാം എന്തൊക്കെ ചെയ്യാൻ കഴിയുമോ അതൊക്കെ ചെയ്തു കൊണ്ടിരിയ്ക്കും. അന്നേ വരെ അവൻ പാലിച്ച് പോന്ന പ്രത്യയശാസ്ത്രവും, മതവും, ലോജിക്കും, വിശ്വാസവും, ഉപഭോഗ സംസ്കാരവും എല്ലാം വലിച്ചെറിയുന്ന ചില സമയങ്ങളുണ്ട്.
മനുഷ്യ ചരിത്രത്തിൽ ഇന്നും ശരിയോ തെറ്റോ എന്ന് ഉത്തരം കിട്ടാതെ നിലനിൽക്കുന്ന, അത്തരത്തിലൊരപൂർവ സംഭവം, Andes പർവതനിരയുടെ കൊടും ശൈത്യത്തിൽ വിമാനം തകർന്നു വീണ 45 പേരിൽ 16 പേരുടെ അതിജീവനത്തിന്റെ അത്ഭുതകരമായ അനുഭവങ്ങൾ.
72 ദിവസം (-30 ഡിഗ്രിയിൽ) തങ്ങളുടെ സുഹൃത്തുക്കളുടെയും കുടുംബാഗങ്ങളുടെയും ശവശരീരം തിന്നു ജീവൻ നിലനിർത്തി രക്ഷപെട്ട 16 Rugby കളിക്കാരുടെ അത്യപൂർവമായ ചരിത്രം.
ഇന്നും മനുഷ്യന്റെ മന:ശാസ്ത്രം, “ജീവിതവും അതിന്റെ നിലനിൽപ്പും.”പലരും പലതരത്തിൽ പഠനത്തിന് വിധേയമാക്കിയതാണു ഈ സംഭവം.
48 വർഷങ്ങൾക്ക് മുൻപാണ് സംഭവം നടന്നത്; കൃത്യമായി പറഞ്ഞാൽ. October13, 1972 ൽ.
ഉറുഗ്വേയിലെ പ്രശസ്തമായിരുന്ന Old Christian Rugby Team ഒരു പ്രദർശന മത്സരത്തിനു വേണ്ടി ഉറുഗ്വേയിലെ കരാസ്‌കോ എയർപോർട്ടിൽനിന്ന് ചിലിയിലെ സാന്റിയാഗോ എയർപോർട്ടിലേക്ക് പറക്കുകയായിരുന്നു. 19 റഗ്ബി കളിക്കാരും, അവരിൽ ചിലരുടെ കുടുംബാംഗങ്ങളും പൈലറ്റും കോ -പൈലറ്റും, അടങ്ങുന്ന ഫ്ലൈറ്റ് ജീവനക്കാരും ഉൾപ്പെടെ 45 പേരുമായി ഉറുഗ്വൻ എയർഫോർസിന്റെ ചാർട്ടേഡ് ഫ്ലൈറ്റിൽ ആയിരുന്നു ആ യാത്ര . ഉല്ലാസപൂർവ്വം പാട്ടും ചിരിയും കളിയുമായുള്ള ആ വിമാനയാത്ര റഗ്ബി കളിക്കാരും, അവരുടെ കൂട്ടുകാരും കുടുംബാംഗങ്ങളും ശരിയ്ക്കും ആസ്വദിയ്ക്കുകയായിരുന്നു

തെക്കേ അമേരിക്കയിലെ അര്ജന്റീന, ചിലി, ഉറുഗ്വ മുതലായ രാജ്യങ്ങളിലെ അതിർത്തികളിലെ കൂറ്റൻ പർവ്വതനിരകൾ പൈലറ്റുമാർക്ക് എന്നും വെല്ലുവിളിയുയർത്തിയിരുന്നു. കാലാവസ്ഥ മോശമാണെങ്കിൽ പിന്നെ പറയുകയും വേണ്ട. അന്നത്തെ ആ യാത്രയിൽ കോ പൈലറ്റിന്റെ തെറ്റായ കമാന്റ് വിശ്വസിച്ച പൈലറ്റ് വിമാനത്തിന്റെ ഗതി തിരിച്ചു. അതായിരുന്നു ആ നിർഭാഗ്യത്തിന് കാരണമായത്. തെറ്റായ സ്ഥലത്ത് വച്ചായിരുന്നു. ഫ്ളൈറ്റിന്റെ ഗതി മാറ്റിയത്.
മഞ്ഞിൽ മൂടപ്പെട്ട അതിഭയങ്കരങ്ങളായ കൂറ്റൻ പർവതങ്ങൾ കണ്ടപ്പോൾ പൈലറ്റ് സ്തംഭിച്ചു പോയിയെന്ന് മാത്രമല്ല അവിടെ മറ്റൊന്നും ചെയ്യാൻ സാധ്യതകളും ഇല്ലായിരുന്നു.
മറ്റുമാർഗങ്ങളെക്കുറിച്ച് ചിന്തിക്കാനാകുന്നതിനു മുൻപുതന്നെ ആൻഡസ് പർവതനിരകളിലൊന്നിൽ തട്ടി വിമാനത്തിന്റെ വാലും ചിറകും തകരുകയും, യാത്രക്കാർ ഇരുന്ന ഫ്ലൈറ്റിന്റെ ഭാഗം 725 മീറ്ററോളം മഞ്ഞിലൂടെ അതി ശക്തമായി ഉരഞ്ഞു നീങ്ങി അവസാനം മഞ്ഞു മലയിൽ ഉറച്ചു നിൽക്കുകയുമായിരുന്നു. ഏകദേശം 12000 അടി മുകളിൽ അർജന്റീനയുടെയും ചിലിയുടെയും അതിർത്തിയിൽ ഒരു മനുഷ്യനും എത്തിപ്പെടാൻ പറ്റാത്ത വിധം ചുറ്റുപാടും മഞ്ഞു മലകളാൽ മൂടപ്പെട്ട അതിഭയാനകമായ ഒരിടത്തിലാണ് അവർ കുടുങ്ങി പോയത്.

8 യാത്രക്കാരും 3 flight ജീവനക്കാരും ചതഞ്ഞും തെറിച്ച് വീണും സംഭവസ്ഥലത്തുതന്നെ മരിച്ചു കഴിഞ്ഞിരുന്നു. പിന്നീട് ദിവസങ്ങൾ കഴിയുംതോറും ശക്തമായ തണുപ്പിലും ആഴത്തിലുള്ള മുറിവും അണുബാധയും കാരണം ഓരോരുത്തരായി മരിച്ചുവീണുകൊണ്ടിരുന്നു.
തകർന്ന വിമാനം അന്വേഷിച്ചു രാജ്യങ്ങൾ തിരച്ചിൽ നടത്തിയെങ്കിലും ശക്തമായ മഞ്ഞിനാൽ മൂടപ്പെട്ടതു കൊണ്ടും പ്രതികൂലകാലാവസ്ഥ കാരണവും രാഷ്ടങ്ങളുടെ തിരച്ചിൽ വിഭാഗത്തിന്
ഒന്നു കണ്ടെത്താൻ ആർക്കും കഴിഞ്ഞില്ല. വെള്ളവും ഭക്ഷണവും ഇല്ലാതെ ദിവസങ്ങൾ നീങ്ങിക്കൊണ്ടിരുന്നു.

 

രക്ഷപെടില്ല എന്ന് ഉറപ്പാക്കി എല്ലാവരും മരണം കാത്തു കിടന്നു.
പതിയെ അവരിൽ ആർക്കൊക്കെയോ ജീവിയ്ക്കണം എന്ന അതിയായ മോഹം വളർന്നു വന്നു.
തങ്ങളുടെ നാട്ടിൽ തിരിച്ചു പോയി വീട്ടുകാരെയും കൂട്ടുകാരെയും കാണുന്ന സ്വപ്നങ്ങൾ എന്നും അവരെ അലട്ടിക്കൊണ്ടിരുന്നു. രക്ഷപ്പെടും എന്ന വിശ്വാസത്തിൽ എല്ലാ വിഷമഘട്ടങ്ങളേയും നേരിടാൻ തയ്യാറാവുന്ന മാനസികാവസ്ഥ വീണ്ടെടുക്കുമ്പോഴും ശക്തമായ വെല്ലുവിളികൾ മുന്നിൽ അവശേഷിച്ചിരുന്നു.വീണ്ടും ശക്തമായ കാറ്റിൽ മഞ്ഞു മലകൾ ഇടിഞ്ഞു വീണതിൽ അകപ്പെട്ടും മുറിവേറ്റും പലരും മരിച്ചു.
ഓരോ ദിവസവും ഓരോ ബുദ്ധി മുട്ടുകൾ. എങ്ങനെയെങ്കിലും ഈ വിഷമഘട്ടം നേരിടാൻ അവർ തയ്യാറായിക്കൊണ്ടിരുന്നതു ജീവിയ്ക്കാനുള്ള കൊതികൊണ്ട് മാത്രമായിരുന്നു.

പതിയെ വിമാനാവശിഷ്ടങ്ങളിലെ ഓരോ ഭാഗങ്ങളും അവർ അതിജീവനത്തിനുള്ള ഉപാധികളാക്കി മാറ്റി.
സീറ്റ്‌ ലെതർ കൊണ്ടും കോപ്പർ വയർ കൊണ്ടും സ്ലീപ്പിങ് ബാഗുകളും ഉണ്ടാക്കി. സീറ്റ്‌ കുഷ്യൻ കൊണ്ട് സ്നോ ഷൂസ് ഉണ്ടാക്കി. കാലിയായ വൈൻ ബോട്ടിൽ കൊണ്ട് അവർ സ്നോ ബ്ലൈൻഡ്‌നെസ് മാറ്റാൻ ശ്രമിച്ചു. അവശേഷിച്ചവരിൽ 13 പേർ കൂടി അപ്പോഴേക്കും മരിച്ചു കഴിഞ്ഞിരുന്നു.
ആകെ ഉണ്ടായിരുന്നത്‌ 8 ചോക്ലേറ്റ് ബാറും ഒരു ടിൻ museles 3 ചെറിയ കുപ്പി ജാമും ഒരു ടിൻ ബദാമും കുറച്ചു ഈന്തപ്പഴവും അഞ്ചോ ആറോ കുപ്പി വൈനും മാത്രമായിരുന്നു.

പലരും ഒരു കഷ്ണം ചോക്ലേറ്റ് കൊണ്ടാണ് ഓരോ ദിവസ്സവും തള്ളി നീക്കിയത് ഒടുവിൽ അതും കഴിഞ്ഞു. ഭക്ഷണം കിട്ടാതെ തളർന്നു. ഒരു പച്ചില പോലും ഇല്ലാത്ത ആ വിജന മായ മഞ്ഞു മലയിൽ അകപ്പെട്ടു പോയപ്പോൾ വിശപ്പ്‌ മാറ്റാൻ വേറൊരു വഴികളും ഇല്ലാത്തതു കൊണ്ട് ആദ്യം വിമാനത്തിലെ
സീറ്റിലെയും, ലഗേജിന്റെയും ലെതറും കോട്ടണും കടിച്ചുമുറിച്ചു കഴിയ്ക്കാൻ ശ്രമിച്ചു. അത് അവരെ കൂടുതൽ അസുഖബാധിതരാക്കിയതുകൊണ്ട് അതുനിർത്തി.

ജീവിയ്ക്കണം, തിരിച്ചുപോയി അച്ഛനെ കാണണം, കൂടെ യാത്ര ചെയ്തിരുന്ന അമ്മയുടെയും അനുജത്തിയുടെയും ശവശരീരങ്ങൾ സംസ്കരിയ്ക്കണം എന്ന അതിയായ ആഗ്രഹം കൊണ്ടാണ് Roberto Canesso എല്ലാവരെയും ഈ പ്രതിസന്ധികൾ തരണം ചെയ്യാൻ പഠിപ്പിയ്ക്കുക എന്ന ഉദ്യമം സ്വയം ഏറ്റെടുത്തത്.

അയാൾ പറഞ്ഞു,” രണ്ടു വഴികളേയുള്ളു, ഒന്നുകിൽ സ്വയം പരാജയമേറ്റെടുത്ത് ലോകത്ത് ഒരാൾ പോലും ഒന്നുമറിയാതെ ഈ മഞ്ഞിൽ മരിച്ച് വീഴുക. അല്ലെങ്കിൽ, മരിയ്ക്കുന്നതു വരെ പ്രതീക്ഷയോടെ ജീവിയ്ക്കാൻ വേണ്ടി പടപൊരുതുക.”
റോബർട്ടോ പറഞ്ഞു,” നമ്മൾ ആരെയും കൊല്ലുന്നില്ല; മരിച്ചവരുടെ മാംസം ജീവിതം നിലനിർത്താൻ വേണ്ടി മാത്രം കഴിയ്ക്കുക.”
സംസ്കാരസമ്പന്നരായ മനുഷ്യകുലം ഒരിയ്ക്കലും ചിന്തിയ്ക്കാൻ പോലും കഴിയാത്തത്.‌ കറകളഞ്ഞ റോമൻ കാത്തോലിക് വിശ്വാസികളായിരുന്നിട്ടും ആ സന്ദർഭത്തിൽ അവർ ചിന്തിയ്ക്കാനും അങ്ങേയറ്റം വേദനയോടെയും അറപ്പോടെയും ചെയ്യാനും തുടങ്ങി.
ആദ്യം പൈലറ്റിന്റെയും പിന്നെ മരിച്ച സുഹൃത്തുക്കളെയും പിന്നീട് മരിച്ച കുടുംബാംഗങ്ങളെയും മാംസം കഴിച്ച് ജീവിതം നിലനിർത്തുക, അതായിരുന്നു തീരുമാനം. മാത്രമല്ല തങ്ങളിലാരു മരിച്ചാലും അവരുടെ ശരീരം ഭക്ഷണമായി മാറ്റാം എന്ന് അവർ കൂട്ടുകാർക്ക് സ്വ യം വാക്കു കൊടുക്കുകയായിരുന്നു.

വിമാനത്തിന്റെ പൊട്ടിയ വിൻഡോഗ്ലാസ് കൊണ്ട് കത്തിയുണ്ടാക്കി ശവശരീരം മുറിച്ച് മാംസം തിന്നു വിശപ്പടക്കി. അങ്ങനെ ദിവസങ്ങളും മാസങ്ങളും കഴിഞ്ഞു. 60 ദിവസ്സം കഴിഞ്ഞിട്ടും ആരും ഇവരെ കണ്ടെത്താൻ ഇവിടെ എത്തിച്ചേർന്നില്ല. ഇനി ഒരിയ്ക്കലും അതു പ്രതീ ക്ഷിയ്‌ക്കേണ്ട എന്ന് മനസ്സിലാക്കിയ റോബർട്ടോവിന്റെ നേതൃത്വത്തിൽ അവർ ഒരു തീരുമാനം കൂടി എടുത്തു.
61 കിലോമീറ്ററോളം അകലേക്ക്‌ 16000 ഓളം അടിയുള്ള ഭയാനകമായ മഞ്ഞു മലകളിലൂടെ . ഈ ശീതക്കാറ്റും മലയിടിച്ചിലും കൊടും ശൈത്യവും തരണം ചെയ്തു അടുത്തുള്ള ഏതെങ്കിലും സ്ഥലത്ത് എത്തിച്ചേരാൻ ശ്രമിയ്ക്കണം. ഒരു വലിയ ജീവൻമരണപ്പോരാട്ടമാണെങ്കിലും അതല്ലാതെ രക്ഷനേടാൻ വേറെ മാർഗമില്ല. എയർകണ്ടിഷനിൽ ഉപയോഗിയ്ക്കുന്ന വാട്ടർപ്രൂഫ് ഫാബ്രിക്കും കോപ്പർ വയറും കൊണ്ട് തുന്നി രണ്ടു സ്ലീപ്പിംഗ് ബാഗുകൾ ഉണ്ടാക്കി കൂട്ടുകാർ റോബർട്ടോയ്ക്കു സമ്മാനിച്ചു
രണ്ടു പേർ മാത്രം പോകുക. എന്നിട്ട് എല്ലാവരെയും ലോകത്തെയും അറിയിച്ച് ബാക്കി 14 പേരെ എങ്ങനെയെങ്കിലും രക്ഷപ്പെടുത്തുക എന്ന ഭഗീരഥ പ്രയത്നം.

മരിയ്ക്കുന്നതിനു മുൻപ് പൈലറ്റ് പറഞ്ഞുകൊടുത്തിരുന്ന ദിശയിലേക്ക് അവർ നടന്നു കയറി. ഒരു മഞ്ഞു മല കഴിഞ്ഞാൽ മറ്റൊന്ന്; അതവരെ നിരാശപ്പെടുത്തികൊണ്ടിരുന്നു.
ഒരു തരത്തിലുള്ള സാഹസികയാത്രയും അറിയാത്ത രണ്ടു പേർ പർവതം കയറിയിറങ്ങി കൊണ്ടിരുന്നു, ഒരു ടെക്നിക്കൽ ഉപകരണങ്ങളുമില്ലാതെ, ഒരു മാപ്പോ കോമ്പസോ ഇല്ലാതെ, ജീവിയ്ക്കണം തിരിച്ചു പോയി വീട്ടുകാരെ കാണണം എന്ന ഒരൊറ്റ ലക്ഷ്യത്തിന്റെ മാത്രം പിൻബലത്തിൽ.
റോബർട്ടോ കൂട്ടുകാരനോട് പറഞ്ഞുകൊണ്ടിരുന്നു “നമ്മൾ രക്ഷ പെടുകയാണെങ്കിൽ ചരിത്രത്തിൽ ഇതു അടയാളപ്പെടും. പരീക്ഷിച്ചു മരിക്കുകയാണെങ്കിൽ നമുക്ക് ധീരതയോടെ ഒരുമിച്ച് അത് നേരിടാമെന്നു പ്രതിജ്ഞ എടുക്കാം”.

റോബർട്ടോയും കൂട്ടുകാരനും ഓരോ ദിവസവും കഷ്ടപ്പെട്ട് ഓരോ പർവ്വതങ്ങളും കയറി ഇറങ്ങി. ഒരു മനുഷ്യനും ഒരിയ്ക്കലും ചെയ്യാൻ പറ്റാത്ത സാഹസങ്ങൾ. കരുതിയ ഭക്ഷണം കഴിഞ്ഞു.
വൈനും തീർന്നു. അവർ മരണം മുന്നിൽ കണ്ടു അവശരായി
ഒടുവിൽ പത്താമത്തെ ദിവസ്സം അവർ പച്ചപ്പ്‌ കണ്ടു, പുല്ലുകൾ കണ്ടു. പിന്നീട് ഒരു പശുവിനെ കണ്ടു. സന്തോഷവും വിഷമവും ക്ഷീണവും കൊണ്ട് ഒന്നുറക്കെ ശബ്ദിക്കാൻ പോലും കഴിയാതെ അവർ അവിടെ നിന്നു. അപ്പോഴാണ് അവർ ഒരു ചെറിയ നദി കാണുകയും അതിനപ്പുറം കുതിരപ്പുറത്ത് വരുന്ന ഒരാളെ കണ്ടെത്തുകയും ചെയ്തു.
അവിടെ നിന്നും അവർ ചിലിയുടെ ഏതോ ഒരു ഭാഗത്ത് എത്തിച്ചേർന്നു എന്ന് മനസ്സിലായി . പിന്നീട് എല്ലാം പെട്ടെന്നായിരുന്നു. ലോകം അത്ഭുതത്തോടെയാണ് എല്ലാം അറിഞ്ഞതു.
രണ്ടു ഹെലികോപ്റ്റർ ഉപയോഗിച്ച് സ്ഥലം കണ്ടെത്തി ബാക്കി ഉണ്ടായിരുന്ന 14 പേരെയും രക്ഷപ്പെടുത്തുകയായിരുന്നു. റോബർട്ടൊയും കൂട്ടുകാരനും കൂടി ഹെലികോപ്റ്ററിൽ അനുഗമിച്ചിട്ടാണ് അവരെ രക്ഷപ്പെടുത്തിയത്. മിക്കവരും പാതിയിലേറെ ഭാരം കുറഞ്ഞു ജീവച്ഛവമായി മാറിയിരുന്നു.
അങ്ങനെ 45 പേരിൽ 16പേർക്ക് ജീവിതം തിരിച്ചു കിട്ടി.രക്ഷപെട്ട 16 പേർ ദൈവത്തിനോട് നന്ദി പറഞ്ഞു.
മരണമടഞ്ഞ ബാക്കി 29 പേരുടെ ബന്ധുക്കൾ ദൈവത്തിനോട് മൗനമായി എന്തോ പറഞ്ഞു കൊണ്ടിരുന്നു.

ഒരുമിച്ചുള്ള 29 പേരുടെ സംസ്കാര ചടങ്ങിൽ 15 പേരുടെ എല്ലുകൾ മാത്രമായി മറവ് ചെയ്യുമ്പോൾ ദൈവപുത്രന്റെ നാമത്തിൽ പാതിരിമാർ മൗനമായി ചോദിച്ചിട്ടുണ്ടാകണം ആരാണ് തെറ്റുകാർ? ആ 15 പേരുടെ മാംസം തിന്നു ജീവിച്ച 16 പേർ കരയുവാനും ചിരിയ്ക്കാനും കഴിയാതെ മൂകമായി പതിയെ തിരിഞ്ഞു നടന്നു.

” I had to survive ” എന്ന റോബർട്ടോ കനേസ്സയുടെ ജീവചരിത്രം വർഷങ്ങൾക്ക് ശേഷവും ഏറെ പ്രസക്തമാണ്.

ഷാജി എൻ പുഷ്‌പാംഗതൻ

Leave a Reply

Your email address will not be published.

error: Content is protected !!