ഉടലാഴം

അവന് എല്ലാവരോടും സ്നേഹമാണ്, നിഷ്കളങ്കമായ സ്നേഹം. അതുമായവൻ സ്വന്തം കാട്ടിലും പിന്നെ കാടരായവർ വാഴുന്ന നാട്ടിലും പിന്നെ തന്നിൽനിന്നു തന്നെയും ഓടിക്കൊണ്ടിരിക്കുകയായിരുന്നു. ഒരർത്ഥത്തിൽ, ഒളിച്ചോട്ടം. ആ ഒളിച്ചോട്ടം അവന്റെ മാതിയിൽ നിന്നായിരുന്നു. ആണായി അവൾക്കു തുണയാവാൻ അവനാവില്ലായിരുന്നു. ഒരു പെണ്ണാവാൻ വെമ്പുന്നവന്റെ ധർമ്മസങ്കടം. ഉടലാഴം എന്ന സിനിമ ഉടലുകളുടെ ഉഴലലുകളുടെ കഥപറയുന്നു, അതിന്റെ ആഴം പ്രേക്ഷകമനസ്സിലെത്തിച്ചുതരുന്നു, ഒട്ടും അതിഭാവുകത്വമില്ലാതെതന്നെ.
‘ഞാൻ മരവും നീ ജലവുമായിട്ടും നമുക്കിടയിൽ തൊട്ടുനിൽക്കാനൊരു വേരു തന്നില്ല ജീവിത’ മെന്ന് ഉഴറി നടക്കുന്നവന്റെ വേദന. ഗുളികനെന്ന തനി മനുഷ്യന്റെയും മാതിയെന്ന അവൻ വേട്ട പെണ്ണിന്റെയും കഥ, ഒരുപിടി മനുഷ്യത്വങ്ങളെയും അവയില്ലാതെ മനുഷ്യരൂപത്തിൽ കാടിന്റെ മക്കളെ മുതലെടുക്കുന്ന നാട്ടുമൃഗങ്ങളുടേയും കഥകൂടിയായിട്ടും അതിലെ ഏച്ചുകെട്ടില്ലാത്ത സത്യസന്ധമായ കഥപറച്ചിൽ, ഒരു സിനിമ പ്രേക്ഷകമനസ്സു കീഴടക്കുന്നതെങ്ങനെയെന്നു കാട്ടിത്തരുന്നു. അവന്റെ മണ്ണിനെ, വെള്ളത്തെ, അവന്റെ കാടിന്റെ പച്ചപ്പിനെ, അവന്റെ സ്വൈര്യജീവിതത്തെത്തന്നെ ഇല്ലാതാക്കുന്നതറിഞ്ഞിട്ടും നിസ്സഹായരായി നോക്കിനിൽക്കുന്ന കോളനിനിവാസികളെ, പുകയിലയും മദ്യവും കൊണ്ട് നാമാവശേഷമാക്കുന്ന പരിഷ്കൃതന്റെ ബുദ്ധിക്കു മുന്നിൽ അടിയറവു പറയിക്കാതെ കാട്ടിലേയ്ക്കുതന്നെ മടങ്ങുന്ന ഗുളികൻ, മനുഷ്യനെ കെണിവച്ചു കൂട്ടിലടച്ചു പുറമെനിന്ന് ആർത്തുചിരിക്കുന്ന മൃഗങ്ങളുടെ ലോകം.
എടുക്കാനറിയുന്നവന്റെതാണ് സിനിമയെന്ന് അടിവരയിട്ടു പറയാൻ വീണ്ടുംആഗ്രഹിക്കുന്നു. ശക്തമായ തിരക്കഥയും സംവിധാനമികവും കൂടെ നിൽക്കുന്ന സിനിമാറ്റോഗ്രഫിയും സംഗീതവും കാടിനെ മനസ്സിലുറപ്പിക്കുന്ന അനവധി ഷോട്ടുകളുമായി ,സംവിധായകന്റെ മാത്രമല്ല ഒരുപറ്റം കലാകാരന്മാരുടേതായി ഒരു സിനിമ. മണിയും രമ്യ വത്സലയും വെറും കഥാപാത്രങ്ങളെന്ന് എണ്ണാനാകുന്നില്ല, അത്രയും തന്മയത്വത്തോടെ സിനിമയിൽ ജീവിച്ചു. ചൂഷണത്തിന്റെയും അധിനിവേശത്തിന്റെയും കൈകടത്തൽ മുന്നിട്ടു നിൽക്കുമ്പോഴും ഗുളികനെ സ്നേഹിക്കുന്ന ഒരു കൂട്ടം നാട്ടുകാരിലൂടെ മനസ്സിൽ നന്മ നിറയ്ക്കാനും ഒരുപോലെ ചിത്രത്തിനാകുന്നുണ്ട്. മികച്ചൊരു ചിത്രം വെള്ളിത്തിരയിലെത്തിച്ചതിൽ സംവിധായകന് അഭിമാനിക്കാം.

Direction :  Unnikrishnan Avala

Producers: Manoj K T, Dr. Rajesh Kumar, Dr. Sajish M

Production Company: Doctor’s Dilemma
Music Directors: Sithara Krishnakumar, Mithun Jayaraj
Background Music Composer: Bijibal
Cinematographer: Mohammed A
Editor: Appu Bhattathiri
Art Designer: Suresh Chaliyath
Screenplay : Unnikrishnan Avala

ബിന്ദു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!