ഉറുമ്പുപുരാണം (തുടർച്ച)

അപ്രാവശ്യത്തെ വരവിലെന്തോ കൊച്ചമ്മച്ചി രണ്ടുദിവസത്തിൽ കൂടുതൽ നിന്നില്ല. മാറ്റിയുടുക്കാൻ ആകെയുള്ള വെള്ളമുണ്ടും റൗക്കയും പത്രക്കടലാസിൽ പൊതിഞ്ഞു കെട്ടുന്നത് നോക്കി വിഷമത്തോടെ ഞാനിരുന്നു.
“എന്തിനാ ഇത്രയും നേരത്തെ പോണേ? എല്ലാ വട്ടവും ഒരാഴ്ച കഴിഞ്ഞല്ലേ പോകാറുള്ളൂ?”
“അമ്മൂമ്മയ്ക്ക് പോയിട്ടൊരത്യാവശ്യമുണ്ട് മക്കളേ. കുഞ്ഞൻ തേങ്ങയിടാൻ വരുമ്പോ അമ്മൂമ്മയില്ലാതെ പറ്റില്ല. അടുത്ത തവണ നേരത്തെ വരാം കേട്ടോ”.
“അടുത്ത പ്രാവശ്യം കൂടുതൽ ദിവസം നിൽക്കോ? ഒരു രണ്ടാഴ്ച”. പോകാനിറങ്ങുമ്പോൾ ഞാനും കൊച്ചമ്മച്ചിയും അങ്ങനെയൊരു ഒത്തുതീർപ്പിലെത്തിയിരുന്നു.
എനിക്കെന്തോ കൊച്ചമ്മച്ചി വീട്ടിലുണ്ടാകുന്നത് സന്തോഷമാണ്. സ്‌കൂൾ വിട്ടുവരുമ്പോൾ വഴിക്കണ്ണുമായി കാത്തിരിക്കാനൊരാളുണ്ടാവുക, അതല്പം കടന്ന ആഡംബരമായിരുന്നു എനിയ്ക്കന്ന്! അടിപിടി അക്രമങ്ങളിൽ നിന്നെല്ലാം കൂട്ടിക്കൊണ്ടുപോയി നല്ല നല്ല കഥകൾ പറഞ്ഞുകേൾപ്പിക്കുക, പിന്നെയിപ്പോഴത്തെ രഹസ്യമായ കോന്തലയിലൊളിപ്പിച്ച മുട്ടായി! അങ്ങനെ കൊച്ചമ്മച്ചിയെ സംബന്ധിക്കുന്നതെന്തും എനിക്ക് നല്ല അനുഭവങ്ങളാണ്; എന്തിന് കൊച്ചമ്മച്ചിയുടെ ഉപദേശങ്ങൾ പോലും എനിക്കിഷ്ടമാണ്!!
“നീയിങ്ങനെ എല്ലാരോടും അടിയുണ്ടാക്കാനും മുഖംവീർപ്പിക്കാനുമൊന്നും പോകണ്ട മക്കളേ. അവസാനമെപ്പോഴും കരയുന്നതു എന്റെ മക്കളല്ലേ. വഴക്കിനൊന്നും പോകാതിരുന്നാൽ ആ പൊല്ലാപ്പൊന്നുമില്ലല്ലോ!”
അത് പരമാർത്ഥം!! വേദനിക്കുന്നതെപ്പോഴും എനിക്കുതന്നെ.
“അതുപിന്നെ എന്നോട് വഴക്കിനുവന്നിട്ടല്ലേ?”
എന്നാലും ഞാൻ ഇനിമേൽ കൊച്ചമ്മച്ചിയെ അനുസരിക്കാൻ തന്നെ തീരുമാനിച്ചു. സദാ വൃത്തിയും വെടിപ്പുമായി,ഐശ്വര്യം തുളുമ്പുന്ന മുഖത്തെപ്പോഴും മായാത്തൊരു ചിരിയും മങ്ങാത്തൊരു ഭസ്മക്കുറിയുമായി സന്തോഷവതിയായിരിക്കുന്ന കൊച്ചമ്മച്ചിയെ എനിക്കൊരുപാടിഷ്ടമായിരുന്നു. കൊച്ചമ്മച്ചി വന്നുകഴിഞ്ഞാൽ ഒരു പ്ലാവില പോലും പാറിവീഴാത്ത മുറ്റമായിരിക്കും ഞങ്ങളുടേത്! അതിരാവിലെ അടിച്ചുവൃത്തിയാക്കി വെള്ളം തളിച്ചിട്ട മുറ്റവും കൊച്ചമ്മച്ചിയെപ്പോലെ ഐശ്വര്യമായി തിളങ്ങിക്കിടക്കും!!
ഉടനെ തിരിച്ചുവരാമെന്നു വാക്കുപറഞ്ഞുപോയവരെ മാസങ്ങൾ കഴിഞ്ഞും കാണാതായപ്പോൾ എനിക്ക് വിഷമമായി. വീട്ടിലാർക്കും അതൊന്നുമൊരു വിഷയമാണെന്ന് തോന്നിയില്ല. ഒരു അവധിദിവസ സന്ധ്യയിൽ നാമജപം കഴിഞ്ഞു തന്റെ തട്ടുപടിയിലേക്കു ചാഞ്ഞ അച്ഛമ്മയുടെ മുതുകുപറ്റിക്കിടക്കുമ്പോൾ ഞാനെന്റെ വേവലാതി പങ്കുവച്ചു.
“കൊച്ചമ്മച്ചിയെന്താ വരാത്തത്? ഉടനെവരാമെന്നു പറഞ്ഞല്ലേ പോയത്? കണ്ടിട്ടൊരുപാട് കാലമായല്ലോ”.
“നിന്റെ വല്യമ്മൂമ്മയാ. എന്റെ കൊച്ചമ്മച്ചിയല്ലേ. നിനക്കും അങ്ങനെ വിളിക്കാനാണിഷ്ടമെങ്കിൽ ആയിക്കോ. ആ പാവത്തിന് അതൊന്നുമൊരു പ്രശ്നമല്ല”.
“എനിക്കിഷ്ടാ കൊച്ചമ്മച്ചിയെന്ന വിളി. കൊച്ചമ്മച്ചിയ്ക്കെന്താ മക്കളില്ലാത്തത്? വീട്ടിലവര് ഒറ്റയ്ക്കാണെന്നല്ലേ പറഞ്ഞത്”.
അച്ഛമ്മയെ എങ്ങനേയും വിഷയത്തിൽ പിടിച്ചു നിർത്തിയേ മതിയാവൂ, എന്നാലേ കൊച്ചമ്മച്ചിയിനി എന്നുവരുമെന്നറിയാനാവൂ.
“അവര് കല്യാണം കഴിച്ചിട്ടില്ല.പിന്നെങ്ങനാ മക്കള് കാണ്വാ?”
“അതെന്താ കല്യാണം കഴിക്കാത്തത്?”
എന്റെ ജിജ്ഞാസ ഉണര്‍ന്നു.
“അതുപിന്നെ പിള്ളേരറിയണ്ട വിഷയമൊന്നുമല്ല അതൊക്കെ. അവര് കല്യാണം കഴിച്ചിട്ടില്ല, നീയിപ്പോ അത്രമാത്രം അറിഞ്ഞാൽ മതി”.
അച്ഛമ്മ ഉടക്കി.
“പോരാ, എനിക്കറിയണം കൊച്ചമ്മച്ചീടെ കഥ. ഇല്ലെങ്കിൽ അച്ഛമ്മയ്ക്ക് ഇൻസുലിനെടുക്കാൻ പോവാൻ കൂട്ടിന് എന്നെ വിളിക്കണ്ട, വരില്ല തീർച്ച”.
അതേറ്റു. എന്റെ നിർബന്ധത്തിനു വഴങ്ങി അച്ഛമ്മ ആ കഥ പറഞ്ഞു.
അച്ഛമ്മയുടെ തറവാട്ടിൽ പെണ്മക്കൾ മാത്രമായിരുന്നു, എട്ടുമക്കളിൽ അച്ഛമ്മയുടെ അമ്മ മൂന്നാമത്തെയാളും. ഏറ്റവും ഇളയതായിരുന്നു ‘പാറോതി’യെന്നു ചുരുക്കപ്പേരുള്ള പാർവ്വതിയെന്ന കൊച്ചമ്മച്ചി. മക്കളിൽ ഏറ്റവും സുന്ദരിയും അവരായിരുന്നു. വിവാഹപ്രായമെത്തും മുൻപേ കല്യാണാലോചനകൾ വരാൻ തുടങ്ങിയിരുന്നു. അതിലേറ്റവും നന്നെന്നു തോന്നിയ ഒരു പ്രവർത്തിയാരുടെ ആലോചന വീട്ടുകാരങ്ങുറപ്പിച്ചു. പ്രവർത്തിയാരെന്നാൽ ഗവണ്മെന്റുദ്യോഗസ്ഥനാണ്, കരമൊക്കെ തീരുമാനിക്കാനും പിരിച്ചെടുക്കാനുമൊക്കെയായി സർക്കാര് നിയമിച്ചിരിക്കുന്ന ആൾ. അന്നത് വലിയ ഉദ്യോഗമാണ്. കാണാനും വലിയ തെറ്റൊന്നുമില്ലാത്ത ആളെ പാറോതിക്കുട്ടിയ്ക്കും ഇഷ്ടമായി. ഇഷ്ടമായെന്നുമാത്രമല്ല, അവരയാളെ കേറിയങ്ങു സ്നേഹിക്കാനും തുടങ്ങി. പുടവകൊടയ്ക്കുള്ള ഒരുക്കങ്ങളൊക്കെ വീട്ടിൽ നടക്കുന്നതിനിടയിൽ, കല്യാണപ്പെണ്ണിന്റെ തൊട്ടുമൂത്ത സഹോദരിയെയും വിളിച്ചിറക്കി പ്രവർത്തിയാര് സ്ഥലം വിട്ടു. വിവാഹിതയായ സ്ത്രീ, അനിയത്തിയുടെ പ്രതിശ്രുത വരനുമായി ഒളിച്ചോടിയത് തറവാടിന് തീർത്താൽ തീരാത്ത നാണക്കേടായി. ആരും പാർവ്വതിയുടെ സങ്കടം കണ്ടില്ല. ഇതല്ലെങ്കിൽ മറ്റൊരു സംബന്ധം അവൾക്ക് വരും എന്നേ കാരണവന്മാർ ചിന്തിച്ചുള്ളൂ. പാർവ്വതി പക്ഷെ വേറൊരു വിവാഹത്തിന് തയ്യാറായില്ല. ജീവിതത്തിൽ ഒറ്റയ്ക്കുമതിയെന്നവർ തീരുമാനിച്ചു. ക്രമേണ മൂത്തവരൊക്കെ അരങ്ങൊഴിഞ്ഞു, പുത്തൻ തലമുറയിലുള്ളവർ തറവാടുപേക്ഷിച്ചു അവരവരുടെതായ ലോകങ്ങളിലേക്ക് ചേക്കേറി. അവസാനം കൊച്ചമ്മച്ചി അവിടെ തനിച്ചായി. ബന്ധുക്കളാരും തന്നെ അവരെ തിരിഞ്ഞു നോക്കിയില്ല, അവരും ആരെയും ബുദ്ധിമുട്ടിക്കാൻ പോയില്ല. അച്ഛമ്മയോടുമാത്രം പണ്ടേയൊരടുപ്പമുണ്ടായിരുന്നു. അതുകൊണ്ടുമാത്രം വല്ലപ്പോഴും ഇങ്ങോട്ടു കയറിവരുമെന്നായി.
അച്ഛമ്മ കഥപറഞ്ഞു നിർത്തി. എനിക്ക് കണ്ണീരടക്കാനായില്ല. മനസ്സ് കൊച്ചമ്മച്ചിയോടുള്ള സ്നേഹത്തിൽ നിറഞ്ഞുകവിയുകയായിരുന്നു.
പിന്നെ കൊച്ചമ്മച്ചി വരാതെയായി. അതെന്നെ തെല്ലൊന്നുമല്ല വിഷമിപ്പിച്ചത്. എന്നും സ്‌കൂൾവിട്ടു വരുന്ന വഴിയിൽ ഞാനാഗ്രഹിച്ചുകൊണ്ടിരിക്കും വീട്ടിലെത്തുമ്പോൾ കൊച്ചമ്മച്ചി വന്നിരിക്കണേയെന്ന്. ഒരാറുമാസത്തോളം അവർ വീട്ടിലേയ്ക്കു വന്നതേയില്ല. ആഗ്രഹിച്ചാഗ്രഹിച്ച്‌ അവസാനം മറവിയുടെ കനത്ത പുതപ്പുകൊണ്ട് കൊച്ചമ്മച്ചിയെ മൂടിയിട്ട്, ഞാനെന്റെ ‘കറുത്ത വ്യഥ’കളിലേയ്ക്ക് തിരിച്ചുപോയി!
ഒരു സന്ധ്യയ്ക്ക്‌ വീട്ടിലെ മുതിർന്നവരെല്ലാം കുട്ടികളെക്കൂട്ടാതെ എവിടെയോ പോകാൻ തിരക്കിട്ടൊരുങ്ങുന്നു. സാധാരണ ഞങ്ങൾ കുട്ടികളെയും നോക്കി വീട്ടിലിരിക്കാറുള്ള അച്ഛമ്മ പോലും മുണ്ടും നേര്യതുമൊക്കെ ചുറ്റി ധൃതികൂട്ടിയിറങ്ങുന്നു. എവിടെപ്പോകുകയാണെങ്കിലും ഞാനുമുണ്ട് എന്ന് നിർബന്ധം പിടിച്ചുനിൽക്കുന്ന എന്നെ മാറ്റിനിർത്തി അച്ഛമ്മ പറഞ്ഞു.
“മക്കള് കൂടെവരാൻ നിർബന്ധം പിടിക്കല്ലേ, അച്ഛനുമമ്മയും ദ്വേഷ്യപ്പെടും. നമ്മുടെ കൊച്ചമ്മച്ചിയില്ലേ, അവര് ഇന്നുരാവിലെ മരിച്ചുപോയി. ഞങ്ങളെല്ലാവരും കൂടി അങ്ങോട്ടാ പോകുന്നത്, കൊച്ചുകുട്ടികളെ കൊണ്ടുപോകാനാവില്ല. നല്ല കുട്ടികളായി ഇവിടെ നിൽക്കണം, ഞങ്ങൾപോയി പെട്ടെന്ന്‌ തിരിച്ചുവരും”.
എന്റെ മുഖം ശ്രദ്ധിച്ചിട്ടാവാം, അച്ഛമ്മ കൂട്ടിച്ചേർത്തു,
“കൊച്ചമ്മച്ചിയെ ഇഷ്ടമുള്ളവരൊന്നും ഇന്ന് കരയാനോ വാശിപിടിക്കാനോ പാടില്ല. അതവർക്ക് ഒരിക്കലും ഇഷ്ടമാവില്ല”.
അച്ഛമ്മ പിന്നെയും എന്തൊക്കെയോ പറഞ്ഞു. അതിൽ ഒരു വാചകം മാത്രമേ എന്റെ പ്രജ്ഞയിൽ നിന്നുള്ളൂ, ‘കൊച്ചമ്മച്ചി മരിച്ചുപോയി’….
ചെവി അപ്പോഴേയ്ക്കും കൊട്ടിയടച്ചിരുന്നു. തൊണ്ടയിൽ വന്നു വിലങ്ങിയ വലിയൊരു കരച്ചിൽ അടക്കി, മുണ്ടിന്റെ കോന്തലയ്ക്കൽ കെട്ടി ഇനിയൊരിക്കലും എന്നെ തേടിവരാത്ത മഞ്ഞയും ഓറഞ്ചും നിറമുള്ള നാരങ്ങാ മുട്ടായികളിൽ ചിരിക്കുന്നൊരു മുഖം തേടുകയായിരുന്നു ഞാൻ, ഭസ്മക്കുറിയിട്ട എന്റെ കൊച്ചമ്മച്ചിയുടെ മുഖം!

ബിന്ദു

Leave a Reply

Your email address will not be published.

error: Content is protected !!