എല്ലാം വൃത്തിയാക്കി

എല്ലാം വൃത്തിയാക്കി .
ശുചിയാക്കൽ ഇപ്പോൾ
ഒരു നേരം പോക്കല്ല
സമയോചിതമായ ഒരിടപെടലാണ്.
കാലം കഴിഞ്ഞ കലണ്ടറുകൾ
അടഞ്ഞൊരു അദ്ധ്യായത്തിലെ
കത്തി ചാമ്പലായ അവസാന താളിൽ
എരിഞ്ഞടങ്ങാത്തൊരക്ഷരത്തെയും
എല്ലാം വൃത്തിയാക്കി .

എന്റെ സത്യേനേഷണ പരീക്ഷയിലെ
പേജുകൾക്കിടയിൽ ഒരെട്ടുകാലി
ആത്മഹത്യ ചെയ്തിരിയ്ക്കുന്നു.
ഞാനാ പേജ് കീറിയെടുത്തു
തൂത്തുവാരലിനു തുടക്കമിട്ടു.
ആദ്യം ബാൽക്കണിയിൽ
മുട്ടയിട്ടു പറന്നു പോയ
ഉപേക്ഷിയ്ക്കപെട്ട കിളിക്കൂട്.
കൊഴിഞ്ഞു വീണ കന്നി തൂവലുകൾ.
മുരടിച്ച ചെടികൾ
ഉണങ്ങിയ ഇലകൾ
ദ്രവിച്ച് പോയ കസേരയുടെ
ഇളകിപ്പോയ കാലുകൾ
തളിർക്കാതെ പോയ ബോഗൺ വില്ല.
എല്ലാം വൃത്തിയാക്കി .

സ്വീകരണ മുറിയിലെ
എന്നോ കുടിച്ചു വെയ്ച്ച
കറ പിടിച്ച ചായകപ്പ് ‌.
ഒഴിഞ്ഞ പ്ലേറ്റിലെ അവശിഷ്ടത്തിൽ
കുറെ കുഞ്ഞനുറുമ്പുകൾ.
വറ്റിയ ബോംബെ സഫയറിന്റെ നീലക്കുപ്പി.
ഇരുന്നു നരച്ച സോഫയിൽ വായിച്ചു
തീർക്കാത്ത ദാസ് ക്യാപിറ്റൽ.
സോഫയ്ക്കടിയിൽ
ചെഗുവരെയുടെ ഒളി താവളങ്ങൾ.
കൊഴിഞ്ഞ മുടികൾ.
ചക്രം പോയ കളി കാറുകൾ.
കാലൊടിഞ്ഞ സ്‌പൈഡർമാൻ

തലപോയ ബാർബി ഡോൾ
ചരടുപൊട്ടിയ സ്പാനിഷ് പമ്പരം.
പൊട്ടിപോയ ടാൻസാനിയൻ
കാട്ടു പോത്ത് കൊമ്പ് കൊണ്ടുണ്ടാക്കിയ
ബിയർ ഓപ്പണർ.,
ഗ്രീസിലെ കടിഞ്ഞാൺ പൊട്ടിയ ബ്രൂസെഫലിസ്
അമേരിക്കയിലെ ഫ്രെയിo ഒടിഞ്ഞ ഹോളിവുഡ് സിംബൽ.
എത്ത്യയോപ്പ്യയിലെ
വാരിയെല്ലില്ലാത്ത ലൂസി.
റോമിലെ കുരിശിൽ നിന്നും
തെറിച്ചു പോയ ജീസസ് .
പാരീസിലെ വിള്ളൽ വീണ ഈഫൽ ടവർ.
എല്ലാം വൃത്തിയാക്കി .

പ്രസിദ്ധീകരിയ്ക്കാതെ തിരിച്ചു വന്ന
രചനകളിലെ അക്ഷര തെറ്റുകൾ .
വായിയ്ക്കാതെ പോയ അടക്കിവെച്ച പുസ്തകങ്ങൾ.
പുഴുക്കുത്ത് വീണ മതഗ്രന്ഥങ്ങൾ.
അച്ചുതണ്ടിൽ നിന്ന് വിട്ടുപോയ ഭൂഗോളം.
താഴെ വീണു തകർന്ന ശിലാഫലകങ്ങൾ,
കണ്ണടയിൽ നിന്നും
തെറിച്ചു പോയ വെള്ളെഴുത്ത് ലെൻസ്‌.
ഡിസ്പ്ലേ മരവിച്ച മൊബൈൽ ഫോൺ,
സൂചികൾ അറ്റുപോയ ഘടികാരം .
ജയിലഴികളുടെ കാഠിന്യമുള്ള ക്രെഡിറ്റ് കാർഡുകൾ .
എല്ലാം വൃത്തിയാക്കി .

2020 ലെ ന്യൂയെർ സമ്മാനം
പൊടി പിടിച്ച പ്രിയപ്പെട്ട
ബുദ്ധ വിഗ്രഹത്തിന്റെ അണഞ്ഞ വെളിച്ചം .
നിലച്ച ജല സംഗീതം.
അർത്ഥ ശൂന്യമായ
ആത്മ സംഘർഷങ്ങൾക്കു
മുകളിലെ വെളുത്ത തുണി കൊണ്ട് മൂടി കെട്ടി
ഓർമ്മകളൊക്കെയും അടക്കം ചെയ്തു .
മേശയിൽ കത്തി തീർന്ന
മെഴുകുതിരിയുടെ അവശിഷ്ടം.
ക്ലാവ് പിടിച്ച ടിബറ്റൻ ചാന്റിങ് ബൗൾ.
യാത്ര പറഞ്ഞു പിരിഞ്ഞ പാതി വഴിയിലെ മൗനം .
കണ്ണിൽ നിന്നും അടർന്നു വീണ
കൃഷ്ണമണിയിൽ സ്വപ്നങ്ങൾ പിടഞ്ഞു തീരുമ്പോൾ .
പ്രണയത്തിന്റെ അവസാന തുള്ളി മഷികൊണ്ട്
അറ്റുപോയ വിരലുകൾ കൂട്ടി ചേർത്ത്
എഴുതി തീർക്കാത്ത ഒരു ചിത്രം കൂടി
എല്ലാ വൃത്തിയാക്കി

ഒരിയ്ക്കലും കത്തിയ്ക്കാത്ത വിളക്കിൽ
ഒരു കരിന്തിരി അണയുബോഴാണ്
ആത്മാവ് ഒരു വെള്ളപുക പോലെ പറന്നു പോകുന്നത്
മാസ്കിട്ട ഡൈയോജീനിസ് എന്നെ നോക്കി കണ്ണിറുക്കുന്നു.
എല്ലാ വൃത്തിയായി
എല്ലാം ശുദ്ധി യായി
ഇനി ഒന്നും ബാക്കിയില്ലല്ലോ .

ഷാജി എൻ പുഷ്‌പാംഗതൻ

Leave a Reply

Your email address will not be published.

error: Content is protected !!