ഓർമ്മകളുടെ ഖസാക്ക്…

ഏതൊരു മനുഷ്യന്റെയും ബോധ-അബോധ മണ്ഡലങ്ങളിലും, ചിന്തകളിലും നിറഞ്ഞു നില്‍ക്കുന്നത് അവനു ചുറ്റുമുള്ള സഹജീവികളുടെ ജീവിതസമസ്യകളാണ്. സ്വാനുഭവങ്ങളുടെ തീച്ചൂളയിൽ മനുഷ്യജീവിതസമസ്യകളെ നിര്‍ദ്ധാരണം ചെയ്തു സ്വത്വത്തെ കണ്ടെത്താനുള്ള മനുഷ്യന്റെ പ്രകൃതിദത്തമായ ആന്തരിക ത്വരയാണ് ഇതിന് ആധാരം. ഇത് മനുഷ്യന് ഒരുതരം ഉയർത്തെഴുന്നേൽപ്പ്‌ കൂടിയാണ്.പാമ്പ് പഴയ പടം പൊഴിച്ചുകളഞ്ഞു പുതിയത് സ്വീകരിക്കുന്നത് പോലുള്ള ഒരു പുനരുജ്ജീവനക്രിയ. സഹജീവികളുടെ ജീവിതാനുഭവങ്ങള്‍ കൊണ്ട് സ്വന്തം ജീവിതത്തെ നിര്‍ദ്ധാരണം ചെയ്യുക വഴി മറ്റൊരാളുടെ ജീവിതത്തില്‍ നിന്നും സ്വന്തം ജീവിതത്തെ കൂടുതല്‍ അടുത്തറിയാന്‍ അവന് സാധിയ്ക്കുന്നു.കാലഹരണപ്പെട്ടവയില്‍ നിന്നും പുതുമയെ കണ്ടെത്താനുള്ള യുക്തിപൂര്‍ണ്ണമായ നിര്‍ദ്ധാരണ ക്രിയകളാണ് മനുഷ്യസൃഷ്ടികളായ എല്ലാ കലാരൂപങ്ങളും നിര്‍വ്വഹിച്ചു പോരുന്നത്. കലാരൂപങ്ങളുടെ സ്വഭാവവിശേഷങ്ങള്‍ക്കനുസരിച്ചോ, അതില്‍ വ്യാപരിക്കുന്നവരുടെ അഭിരുചികളുടെ അടിസ്ഥാനത്തിലോ അതിന്റെ നിര്‍ദ്ധാരണ സമവാക്യങ്ങള്‍ മാറിവരുന്നു എന്നു മാത്രം. സാഹിത്യത്തില്‍ സര്‍ഗ്ഗാത്മകതയാണ് നിര്‍ദ്ധാരണ സമവാക്യമായി മാറുന്നത്. മനുഷ്യാവസ്ഥകളെ അതിന്റെ തീവ്രത ഒട്ടും ചോര്‍ന്ന് പോകാതെ ചെറിയൊരു ഭൂമികയിലേയ്ക്ക് അവതരിപ്പിക്കുന്നതിന് സര്‍ഗ്ഗാത്മകത വലിയൊരു സാധ്യതയായി നില കൊള്ളുന്നു. ആ സാധ്യതയെ വിദഗ്ദമായി തന്റെ രചനകളില്‍ ഉപയോഗിക്കുകയും, വ്യത്യസ്ഥമായ എഴുത്ത് ശൈലിയിലൂടെ സാഹിത്യരംഗത്ത് ചലനങ്ങള്‍ സൃഷ്ടിക്കുകയും ചെയ്ത എഴുത്തുകാരില്‍ ശ്രദ്ധേയനായിരുന്നു ഒ .വി.വിജയന്‍. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനതയേയും, അവരുടെ ജീവിതത്തേയും വിജയന്‍ തന്റെ നോവലുകളിലൂടെയും, കഥകളിലൂടെയും അവതരിപ്പിച്ചു. ഈയാം പാറ്റകളെ പോലെ പാറിപ്പൊലിഞ്ഞു പോകുന്ന നിസാരജീവിതങ്ങളില്‍ പോലും വിജയന്‍ കണ്ടെത്തിയ ദര്‍ശനങ്ങള്‍, മതാതീതമായ ആത്മീയത ,വേറിട്ട ചരിത്രാവിഷ്കാരങ്ങള്‍, രാഷ്ട്രീയചിന്തകള്‍, അനുഗ്രഹീതമായ പദസമ്പത്തിന്റെ കൃത്യവും സൂക്ഷമവുമായ വ്യയം., ഇതെല്ലാം തന്നെ സാഹിത്യ രംഗത്ത് സമാനതകളില്ലാത്ത ഇതിഹാസകാരനാക്കി ഒ.വി. വിജയനെ വളര്‍ത്തുകയായിരുന്നു. അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്ക് മുമ്പില്‍ ശിരസ് നമിക്കുന്നു.പ്രീഡിഗ്രിക്ക് പഠിക്കുമ്പോളാണ് ഞാന്‍ ‘ഖസാക്കിന്റെ ഇതിഹാസം’ ആദ്യമായി വായിച്ചത്. അക്കാലത്ത് അതിന്റെ അര്‍ഥമൊന്നും പിടികിട്ടിയിട്ടിയിരുന്നില്ല. പിന്നീട് വായനയെ ഗൌരവമായി കണ്ടു തുടങ്ങിയ കാലത്ത് വിജയന്റെ കഥകളും,നോവലുകളും , അതിലെ കഥാപാത്രങ്ങളും എന്നിലേയ്ക്ക് ആവേശിക്കുകയായിരുന്നു. കോളേജ് കാലഘട്ടത്തില്‍ ഒ .വിവിജയൻ മാഷിന്റെ ‘കടല്‍ത്തീരത്ത്‘ എന്ന ചെറുകഥ ഏറേ സ്വാധീനിച്ചിരുന്നുവെള്ളായിയപ്പന്‍ എന്ന കഥാപാത്രം, തന്റെ പാഥേയം മകന്റെ ബലിച്ചോറാക്കി കാക്കകളെ ഊട്ടുന്ന അവസാന ഭാഗത്തൊക്കെ വാക്കുകളുടെ ഇന്ദ്രജാലം ദർശിക്കാൻ കഴിയും. നൈജാമലിയിലേയ്ക്ക് സെയ്യ്ദ് മിയാന്‍ ശേയ്ക്കിന്റെ പ്രേതം ആവേശിച്ചത് പോലെ, കൂട്ടാടന്‍ പൂജാരിയിലേയ്ക് നല്ലോമ ഭഗവതി ആവേശിച്ചത് പോലെയും വായനക്കാരനിലേക്ക് പരകായ പ്രവേശം നടത്താൻ വിജയന്റെ വാക്കുകൾക്ക് കഴിയുന്നു.

കൂമന്‍ കാവും ,ഖസാക്കും,അതിനോടു ചേര്‍ന്നുള്ള ചെതലിമലയും, ഏതൊരു വലിയ ചിത്രകാരന്‍ എത്ര വലിയ ക്യാന്‍വാസില്‍ വരച്ചൂണ്ടാക്കിയാലും, വാക്കുകള്‍ കൊണ്ട് ഒ .വി.വിജയന്‍ വരച്ചിട്ടതിനു സമാനമാകുകയില്ല എന്നു ഞാന്‍ വിശ്വസിക്കുന്നു.

‘ തസ്രാക്ക് ‘ എന്ന പാലക്കാടന്‍ ഉള്‍ഗ്രാമത്തെ ആധാരമാക്കിയാണ് ഒ.വി. വിജയന്‍ “ഖസാക്ക്” എന്ന ഇതിഹാസ ഭൂമി സൃഷ്ടിച്ചിരിക്കുന്നത് എന്നുപറയപ്പെടുന്നു. ചരിത്രം,അല്ലെങ്കില്‍ മിത്തുകള്‍ എന്നു വിളിക്കാവുന്ന കഥകള്‍ ഉറങ്ങുന്ന ഭൂമികയാണ് ഖസാക്ക്. സെയ്ദ് മിയാന്‍ ഷേയ്കിന്‍റെ ആയിരം വെള്ള കുതിരമേല്‍ ഏറി വന്ന പട ,ഷേയ്ക്ക് സഞ്ചരിച്ചു വന്ന മുടന്തനായ പാന്ധന്‍ കുതിരയുടെ അന്ത്യ ശുശ്രൂഷയ്ക്കായി ഖസാക്കില്‍ തമ്പടിക്കുകയും. അത് മരണപ്പെട്ടപ്പോള്‍ ഷേയ്ക്ക് തങ്ങള്‍ തന്റെ പ്രിയപ്പെട്ട കുതിരയെ ആ ഭൂമിയില്‍ ഖബറടക്കുകയും, ശിഷ്ടകാലം തന്റെ പടയുമായി അവിടെത്തന്നെ കഴിഞ്ഞു കൂടുകയും ചെയ്തു. അവരിലൂടെയാണ് ഖസാക്കിന്റെ പുതു തലമുറയൂണ്ടായത് എന്നു പറയപ്പെടുന്നു . ആ ഭൂമികയിലെ ചെമ്മണ്ണിന് പറയാനുള്ളത് അധിനിവേശത്തിന്റെയും,കുടിയേറ്റത്തിന്റെയും കഥകളായിരുന്നു.

മനുഷ്യരുടെ പലായനങ്ങളും,തിരിച്ചു വരവുകളുമാണ് ഈ പ്രദേശത്തിന്റെ ഇതിഹാസത്തെ രചിക്കുന്നത് ഖസാക്കിന്റെ ഇതിഹാസം അരനൂറ്റാണ്ടു മുന്‍പുള്ള മനുഷ്യ ജീവിതത്തിന്റെ പരിച്ഛേദമാണ്. ആ കാലഘട്ടത്തിന്റെ വിപ്ളവവും,രാഷ്ട്രീയവും,മതവും, ആത്മീയതയും, ദാര്‍ശനികതയും എല്ലാം ഇതില്‍ കടന്നു വരുന്നു. സമകാലിക ലോകാവസ്ഥയുമായി ഈ നോവലിനെ നിര്‍ദ്ധാരണം ചെയ്യുമ്പോള്‍ ഒട്ടേറെ സാമൂഹിക പരിവര്‍ത്തനങ്ങളിലേയ്ക്കും, പുരോഗതിയിലേയ്ക്കും പ്രവേശിച്ചിട്ടും ഈ പുതുകാലത്തു നമുക്കന്യമായ പലതും ഈ നോവലില്‍ ദര്‍ശിക്കാന്‍ കഴിയും. സാധാരണക്കാരന്റെ ജീവിതാവസ്ഥകളിലൂടെ വലിയ ദാര്‍ശനിക ചിന്തകളിലേയ്ക്കാണ് ഈ നോവല്‍ കൈ പിടിച്ച് കയറ്റുന്നത്. തലയുയര്‍ത്തി നില്‍ക്കുന്ന ചെതലിമലയും, കരിമ്പനകളും, ഞാറ്റു പുരയിലെ ചിലന്തികളും, ഒരക്ഷയ വടത്തെ പോലെ പടര്‍ന്ന് നില്‍ക്കുന്ന പോതിയുടെ പുളിമരവും, അതിന്റെ തിണിര്‍പ്പുകളിലെ പാമ്പുകളും, നോട്ടം കൊണ്ട് രക്തമൂറ്റുന്ന വലിയ ഓന്തുകളും, അപ്പുക്കിളിയുടെ തുമ്പികളും,അറബിക്കുളവും, അങ്ങനെ എല്ലാ സ്ഥാവരജംഗമങ്ങളും കഥാപാത്രങ്ങളാകുന്ന വലിയൊരു ഇതിഹാസമാകുന്നു ഖസാക്കിന്‍റേത്.

വിളക്കിന്റെ നാളത്തിലേയ്ക്ക് ഒരു നിമിഷം കൊണ്ടു പൊലിഞ്ഞു പോകുന്ന ഈയലിനെപ്പോലെ ക്ഷണികമാണ് നമുക്കു ചുറ്റുമുള്ളതെല്ലാം. സ്ഥിരത ഒന്നിലും നമുക്ക് ദര്‍ശിക്കാനും, അവകാശപ്പെടാനും കഴിയില്ല . എല്ലാം പരിവര്‍ത്തനങ്ങള്‍ക്ക് വിധേയമായി കൊണ്ടിരിക്കുകയാണെന്നും, ജീവിതവും ഒരു ക്രമതാളത്തില്‍ അനുദിനം മാറികൊണ്ടിരിക്കുന്നുവെന്നുമുള്ള ദാര്‍ശനികതയാണ് ഈ നോവലിന്റെ കാതല്‍.

നോവല്‍ ആരംഭിക്കുന്നതും,അവസാനിക്കുന്നതും രവിയിലൂടെയാണ്. അയാള്‍ കൂമന്‍കാവിലെത്തുന്നത്തിലൂടെയാണ് ഇതിഹാസകഥനം ആരംഭിക്കുന്നത് . അത് അവസാനിക്കുന്നത് അയാള്‍ തിരിച്ചു പോകുന്നു എന്ന പ്രതീകാത്മകതയിലുമാണ്! വേവട പിടിപ്പിച്ച ഒരു നരക പടവും, കൂമന്‍കാവിലെ ഏറുമാടങ്ങളും, മാവുകളും രവിയെ സ്വാഗതം ചെയ്തത് അപരിചിതമായ ഒരു ലോകത്തിലേയ്ക്കായിരുന്നില്ല. കൂമന്‍കാവും, ചെതലിമലയും, ഖസാക്കും ഒന്നും അയാള്‍ക്കും അപരിചിതമായിരുന്നില്ല. നോവലില്‍ ഒരു ഭാഗത്തും രവി ഒന്നിനോടും അപരിചിതത്വം കാണിക്കുന്നില്ല. അക്കാലത്തെ സര്‍ക്കാരിന്റെ വികസന പദ്ധതിയായ ഏകാദ്ധ്യാപക വിദ്യാലയത്തില്‍ അദ്ധ്യാപകനായിട്ടാണ് രവി ഖസാക്കില്‍ എത്തുന്നത് , രവി സ്ക്കൂള്‍ തുടങ്ങുന്നതും അതുമായി ബന്ധപ്പെട്ട ചില സംഭവങ്ങളും, ഖസാക്കിലെ സാധാരണ മനുഷ്യരുടെ ജീവിതത്തില്‍ നേരിട്ടും, അല്ലാതെയും രവി നടത്തുന്ന ഇടപെടലുകളുമാണ് നോവലിന്റെ ഇതിവൃത്തം.

രവി ഈ നോവലിന്റെ ഹൃദയമാണ്. വളരെ വിദഗ്ദമായി വിജയന്‍ സൃഷ്ടിച്ച ഒരു കഥാപാത്രമാണ് രവി എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. തന്റെ ഭാവനയുടേയും, വാക്ചാതുര്യത്തിന്‍റെയും അനന്ത സാധ്യതകളെ ഉപയോഗിച്ച് വിജയന്‍ അനവധി കഥാപാത്രങ്ങളെ ഈ നോവലിലൂടെ സൃഷ്ടിക്കുന്നു. അപൂര്‍ണ്ണമായി ഒന്നിനേയും നമുക്കിവിടെ ദര്‍ശിക്കാന്‍ കഴിയില്ല. എന്നാല്‍ മുഖ്യ കഥാപാത്രമായ രവിയെ വിജയന്‍ കൈകാര്യം ചെയ്തിരിക്കുന്നത് വ്യത്യസ്തവും,സങ്കീര്‍ണവുമായ രീതിയിലാണ്. ഏതാനും ചില വാക്കുകളിലൂടെ ,കാവ്യാത്മകമായ രീതിയില്‍, ചിലപ്പോള്‍ ചില ബിംബങ്ങള്‍ മാത്രമുപയോഗിച്ച് കൊണ്ട് ബാക്കിയെല്ലാം വായനക്കാരന്റെ യുക്തിക്ക് വിട്ടു കൊടുക്കുന്ന രീതിയാണ് അദ്ദേഹം അവലംബിച്ചിരിക്കുന്നത്. ആ രംഗങ്ങള്‍ ഒറ്റവായനയില്‍ വായനക്കാരനെ ആശയക്കുഴപ്പത്തിലാക്കുന്നു. അങ്ങനെ ഒട്ടേറെ സന്ദര്‍ഭങ്ങള്‍ നോവലില്‍ ഉടനീളം കടന്നു വരുന്നുണ്ട്. ബോധാനന്ദ സ്വാമികളുടെ ആശ്രമത്തില്‍ നിന്നും ഖസാക്കിലേയ്ക്ക് പുറപ്പെടുമ്പോള്‍ അന്തേവാസിനിയായ സ്വാമിനിയുടെ കാവിക്കച്ചയുമായി രവിയുടെ ഉടുവസ്ത്രം മാറിപ്പോകുന്നതും, കർമ്മ ബന്ധങ്ങളെ കുറിച്ചുള്ള അയാളുടെ അവ്യക്ത ചിന്തകളും, ചാന്തുമ്മയെ കൊണ്ട് അവളുടെ ചാരിത്ര ശുദ്ധി ചോദ്യം ചെയ്യപ്പെട്ട കഥ പറയിപ്പിക്കുമ്പോള്‍ രവി അനുഭവിക്കുന്ന ഇരുണ്ട കൃതജ്ഞതയും ,മൈമുനയുമായുള്ള രവിയുടെ അടുപ്പം, നോവലിന്റെ അവസാനത്തില്‍ പാമ്പിന്റെ പത്തി വിടരുന്നതും,അതിന്റെ പല്ലുകള്‍ രവിയുടെ പാദങ്ങളില്‍ അമരുന്നതും, ആ നിമിഷം രവി മരണപ്പെട്ടു എന്നു നാം കരുതുമ്പോള്‍ അടുത്ത വരിയില്‍ അയാള്‍ ബസ് കാത്തു കിടക്കുന്നു എന്നു പറഞ്ഞു കൊണ്ട് വിജയന്‍ അവസാനിപ്പിക്കുന്നതും.എല്ലാം ഭ്രമാത്മകതകളാണ്. ഇവയെ വായനക്കാരന് അയാളുടെ ഹിതം പോലെ പൂരിപ്പിക്കാം. അങ്ങനെ ചിന്തിക്കുമ്പോള്‍ ഓരോ വായനയിലും ഓരോ വായനാനുഭവങ്ങള്‍ നമുക്ക് തുറന്നു തരാന്‍ വിജയന്‍ കരുതി വച്ച മാന്ത്രിക താക്കോല്‍ ആണ് രവി.

ഓരോ വായനയിലും രവി നമുക്ക് മുന്നില്‍ തുറന്നു തരുന്നത് പുതിയ പുതിയ ഇതിഹാസങ്ങളാണ് അനാഥത്വവും, ഏകാന്തതയും രവിയെ എന്നും വേട്ടയാടിയിരുന്നു. പിതാവിന്‍റെ ദൈന്യത അയാള്‍ക്കെന്നും സങ്കടമായി ഭവിക്കുന്നു. ചിറ്റമ്മയുടെ കാമാസക്തി രവിയുടെ മേല്‍ ഫണമുയര്‍ത്തുന്നു. രോഗിയും,വൃദ്ധനുമായ പിതാവ് ശ്വാസമെടുക്കാന്‍ കഷ്ടപ്പെടുന്ന ശബ്ദത്തെക്കാള്‍ രവിയെ തളര്‍ത്തിയത് ചിറ്റമ്മയുടെ കാമത്തിന്റെ നിശ്വാസങ്ങളായിരുന്നു.അത് അയാളുടെ ജീവിതം തകര്‍ത്തു കളയുന്നു. പഠിപ്പുപേക്ഷിച്ച് ആശ്രമങ്ങളിലും,ധര്‍മ്മ സ്ഥാപനങ്ങളിലും അയാള്‍ അലഞ്ഞുതിരിയുന്നു. ഒടുവില്‍ ഏകാധ്യാപക വിദ്യാലയത്തില്‍ അദ്ധ്യാപകനായി ഖസാക്കില്‍ എത്തിച്ചേരുകയായിരുന്നു. രവി സ്നേഹസമ്പന്നനായ ഒരു ചെ റുപ്പക്കാരനാണ്. അയാള്‍ക്ക് ആരോടും യാതൊരു വിരോധവും ഉണ്ടായിരുന്നില്ല.മറിച്ചും അങ്ങനെതന്നെയായിരുന്നു. അയാള്‍ക്ക് എന്തിനോടും,എതിനോടും സ്നേഹം മാത്രമായിരുന്നു.

തന്റെ ജോലിയിലും, വായനയിലും മുഴുകി ഞാറ്റു പുരയിലെ ആ ഏകാദ്ധ്യാപക വിദ്യാലയത്തിലും ,അതിന്റെ താഴ്വാരത്തിലുമായി ഓര്‍മ്മകളുടെ ചിലന്തിവലകളില്‍ കുടുങ്ങി അയാള്‍ ഒതുങ്ങി കൂടുകയായിരുന്നു . മൈമൂന, ചാന്തുമ്മ, കാശി, പത്മ എന്നീ സ്ത്രീ കഥാപാത്രങ്ങളും,അവരുടെ മേല്‍ രവിയുടെ കാമവും ഒരു ദാര്‍ശനികതലത്തില്‍ കാണാനാണ് ഞാന്‍ ശ്രമിച്ചത് . അതിനെ സൂക്ഷമവും,ഹൃസ്വവുമായ വാക്കുകള്‍ കൊണ്ട് ഒ.വി.വിജയന്‍ അവതരിപ്പിച്ചിരിക്കുന്നു എന്നു വിശ്വസിക്കുന്നു. നല്ലമ്മ ദേവിയോട് തോന്നുന്ന വിധേയത്വം വസൂരിരോഗമായി രവിയിലേയ്ക്ക് അവതരിപ്പിക്കുന്നതും ആ ദര്‍ശനികതയുടെ ദൃഷ്ടാന്തമാണ്. രവി തന്റെ പഴയ കൂട്ടുകാരിയായ പത്മയെ കണ്ടു മുട്ടുമ്പോള്‍.,അവള്‍ അയാള്‍ക്കൊരു പുതിയ ജീവിതം വാഗ്ദാനം ചെയ്യുന്നുണ്ട് . ഒരു പക്ഷേ രവി അത് നിരസിച്ചിരിക്കാം,അല്ലെങ്കില്‍ സ്വീകരിച്ചിരിക്കാം. അതിനെ കുറിച്ച് വ്യക്തമായ സൂചനകള്‍ ഒന്നും നോവലില്ല .എങ്കിലും, അയാള്‍ അത് നിരസിക്കുക തന്നെയാണ് ചെയ്തിട്ടുണ്ടാവുക എന്നു നാം ഉറപ്പിക്കുന്നു. സ്വന്തം ജീവിതത്തില്‍ നിന്നും ഒളിച്ചോടാന്‍ ആഗ്രഹിക്കുന്ന അയാള്‍ക്ക് അത് നിരസിക്കാനെ കഴിയൂ. കൂമന്‍കാവും, ചെതലി മലയും, ഖസാക്കും, അവിടുത്തെ മനുഷ്യരായ അള്ളാപ്പിച്ച മൊല്ലാക്കയും, അപ്പുക്കിളിയും, നൈസാമലിയും, മൈമുനയും, കുപ്പുവച്ചനും, മുങ്കാകോഴിയും, ആബിദയും മറ്റെല്ലാ കഥാപാത്രങ്ങളും അവസാനം രവിയിലേയ്ക്ക് തന്നെയാണ് വന്നു ചേരുന്നത്. തൂതപ്പുഴ ഒഴുകുന്നത് പോലെ രവി എല്ലാവരേയും തന്നിലേയ്ക്ക് ചേർത്തുപിടിച്ച് ഒഴുകുന്നു. ഒന്നിനും അയാളില്‍ നിന്നും വേര്‍പെടാന്‍ കഴിയില്ല. രവിയ്ക്കും അങ്ങനെ തന്നെയായിരിക്കണം. കാരണം ഇതിഹാസം തുടങ്ങിയതും , ഇനി തുടരേണ്ടതും,അവസാനിക്കേണ്ടതും അയാളിലൂടെയാണ്.

അനീഷ് ശ്രീകുമാർ

Leave a Reply

Your email address will not be published.

error: Content is protected !!