കൂടുതൽ ജാഗ്രതവേണം

കോഴിക്കോടും മലപ്പുറത്തും പടർന്നുപിടിക്കുന്ന നിപ്പാ വൈറസിന്റെ വ്യാപനം തടയുന്നതിൽ നാം ഉണർന്നു പ്രവർത്തിക്കേണ്ടതാണ്. ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട എല്ലാ സംവിധാനങ്ങളും കൂടുതൽ ജാഗരൂകരാകണം. മരണസംഖ്യ ഉയർന്നെങ്കിലും ആരോഗ്യവകുപ്പ് ഉണർന്നുപ്രവർത്തിച്ചുവെന്നതു തന്നെയാണ് സത്യം. അപൂർവ്വങ്ങളിൽ അപൂർവ്വമായ ഈ വൈറസ് റിപ്പോർട്ട് ചെയ്തയുടനെ കേന്ദ്രസർക്കാരിനെ സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചിരുന്നു. കേന്ദ്രസംഘം രണ്ടുവിഭാഗങ്ങളായി തിരിഞ്ഞ് ആരോഗ്യവകുപ്പിന്റെ പ്രവർത്തനങ്ങളെ വിലയിരുത്തി. ഭാരതത്തിൽ മൂന്നിടത്താണ് ഇതുവരെ നിപ്പാ വൈറസ് കണ്ടെത്തിയിട്ടുള്ളത്. ശക്തമായ ജാഗ്രതയോടെ തുറന്നു പ്രവർത്തിക്കാൻ സംസ്ഥാനത്തിനായെന്നു കേന്ദ്രം വിലയിരുത്തി

എന്നിരുന്നാലും ചില കാര്യങ്ങൾ പറയാതെ വയ്യാ. നമ്മുടെ നവമാധ്യമങ്ങൾ ഈ വിഷയം കൈകാര്യം ചെയ്തത് അത്യന്തം വികലമായ രീതിയിലാണ്. വാട്സാപ്പ് പോലെയുള്ള നവമാധ്യമങ്ങൾ ശാസ്ത്രീയമായ ഒരു പിൻബലവുമില്ലാതെ ഭാവനകലർത്തിയ മെസേജുകൾ പ്രചരിപ്പിച്ചുകൊണ്ടായിരുന്നു. പലതിലും ഏതെങ്കിലും ഡോക്ടറുടെ പേരും ഉണ്ടാവും. എന്നാൽ ഈ ഡോക്ടർ എവിടെ ജോലി ചെയ്യുന്നയാളാണെന്നോ അദ്ദേഹത്തിന്റെ ഫോൺ നമ്പറോ ഒന്നും കൊടുത്തിരുന്നില്ല. നിപ്പാ വൈറസിനേക്കാൾ വേഗതയുണ്ടായിരുന്നു ഈ വിഷചിന്തകൾക്ക്. ഒടുവിൽ കേന്ദ്ര ആരോഗ്യമന്ത്രിയും മുഖ്യമന്ത്രിയും ഡി.ജി.പി.യും വരെ മുന്നറിയിപ്പ് നൽകി, ഇത്തരം മെസേജുകൾ പടർത്തരുതെന്ന്. മോഹനൻ വൈദ്യരെപ്പോലെയുള്ള ‘മുറിവൈദ്യന്മാർ’ പുരകത്തുന്നതിനിടയിൽ വാഴവെട്ടുന്നതിൽ മുന്നിൽ തന്നെ നിന്ന്. ആദ്യമായി ഇത്തരമൊരു അസുഖം റിപ്പോർട്ട്‌ ചെയ്തതിലുണ്ടായ അന്ധാളിപ്പ് മാത്രമേ നമുക്കുണ്ടായിട്ടുള്ളൂ. കൂടുതല്‍ പടരുന്നത് തടയാന്‍ കഴിഞ്ഞിട്ടുണ്ട്. മെഡിക്കല്‍ പ്രോട്ടോകോള്‍ ഉണ്ടാക്കി കേന്ദ്ര ആരോഗ്യസംഘത്തിന്റെ ശക്തമായ പിന്തുണയും നമുക്ക് കിട്ടി.

ഇത്തരം അസുഖങ്ങള്‍ പല രൂപങ്ങളില്‍ ഇനിയും നമുക്കിടയിലുണ്ടാകും. ഐക്യരാഷ്ട്രസഭയിലെ ദുരന്ത നിവാരണ അതോറിറ്റിയുടെ മേധാവി മുരളി തുമ്മാരക്കുടിയെപ്പോലെയുള്ളവരുടെ സഹായം തേടുന്നത് നല്ലതായിരിക്കും. ശക്തമായ പിന്തുണയുമായി നമ്മുടെ പൊതുബോധം കൂടെയുണ്ടാവണമെന്ന് മാത്രം. ആതുര സേവനത്തിനിടെ വൈറസ്‌ബാധയേറ്റു ജീവന്‍ നഷ്ടപ്പെട്ട പ്രിയസഹോദരി ലിനിക്ക് ആദരാഞ്ജലികളർപ്പിച്ചുകൊണ്ട്…..

അനീഷ് തകടിയിൽ 

Leave a Reply

Your email address will not be published.

error: Content is protected !!