ഗുരുസാഗരം ….. ഒരു പുനർവായന

“മഹിഷ പിതാമഹാ,ഞാൻ അങ്ങയെ ഓർക്കുന്നു.അങ്ങയുടെ മുതുകിൽ വിരിച്ച കരിന്തൊലി കൊണ്ട് അങ്ങ് ഒപ്പിയെടുത്ത ദുഷ്കൃതം ഞാൻ ഓർക്കുന്നു;എന്നാൽ,ഇന്ന് അങ്ങെനിക്ക് പകർന്നുതന്ന പൊരുൾ എന്റെ അകങ്ങളെ നിറച്ചെങ്കിലും അത് എന്നെക്കവിഞ്ഞ് ഒഴുകിപരന്ന് എങ്ങോ ലയിച്ചു;അറിവില്ലാത്തവനായിത്തന്നെ ഞാൻ ഈ കാതങ്ങളത്രയും നടന്നെത്തി….”..

ഗുരുസാഗരം…
തെറ്റിദ്ധാരണകളുടേയും,ദുർവ്യാഖ്യാനങ്ങളുടെയും തടവറകളിൽ ഇത്രനാൾ പാർത്തൊരു നോവൽ മലയാളത്തിൽ വേറെയില്ല.അന്ന്
വിപ്ലവകാരികളും,ആത്മീയവാതികളും,അരാഷ്ടീയ വാദികളും ഒരു പോലെ തിരസ്കരിച്ച “ഗുരുസാഗരം” അന്നും, ഇന്നും മലയാള സാഹിത്യത്തിൽ
വേണ്ടരീതിയിൽ വായിക്കപ്പെടുകയോ,ചർച്ച ചെയ്യപ്പെടുകയോ ഉണ്ടായിട്ടില്ല.
ഈ നോവലിനെ കുറിച്ചുണ്ടായ ചില വിമർശനങ്ങൾ അടയാളപ്പെടുത്തുന്നത് “വിജയന്റെ കൂറുമാറ്റം” എന്ന സൂചനകളിലേയ്ക്കാണ്.
കരുണാകര ഗുരുവുമായി വിജയനുണ്ടായിരുന്ന ബന്ധം അദ്ദേഹത്തിന്റെ ചിന്തകളെ ഘനീഭവിപ്പിക്കുകയും അത് വിപ്ലവത്തിന്റെ വേനലിലേയ്ക്ക് ആത്മീയതയുടെ മഴയായി പെയ്തിറങ്ങുകയാണ് ഉണ്ടായത് എന്ന് ചിലർ വാദിക്കുന്നു. ആ വാദം ശരിവയ്ക്കുന്നതു പോലെ വിജയൻ തന്റെ “ഗുരുസാഗരം,ധർമ്മപുരാണം” എന്നീ പുസ്തകങ്ങൾ കരുണാകരഗുരു വിന് സമർപ്പിക്കുന്നുണ്ട്
പക്ഷെ..
ഇതെല്ലാം വിജയന്റെ വ്യക്തിപരമായ സ്വാതന്ത്ര്യങ്ങളാണ്.ഒരെഴുത്തുകാരൻ എക്കാലവും ഒരു പ്രത്യയശാസ്ത്രത്തിന്റെയോ,രാഷ്ടീയപാർട്ടിയുടേയോ,മതത്തിന്റെയോ വക്താവായി ജീവിയ്ക്കണം എന്ന് ശാഠ്യം പിടിക്കുന്നതിൽ ഒരു അർത്ഥവുമില്ല.. ഇതെല്ലാം പരിണാമങ്ങളുടെ ഭാഗമാണ്.
ഒരു പക്ഷെ ഈ പരിണാമങ്ങളെ അതിജീവിയ്ക്കാൻ വിജയനും കഴിഞ്ഞിരിക്കില്ല…
വിജയന്റെ ലോകം മറ്റൊന്നായിരുന്നു..

“കൂട് വിട്ട് കൂടുമാറ്റം” എന്ന താന്ത്രികവിദ്യ എഴുത്തിൽ പ്രയോഗിക്കുന്ന ഒരു യോഗിയായാണ് വിജയനെ ഞാൻ മനസിലാക്കിയിട്ടുള്ളത്.
വിപ്ലവത്തിലേയ്ക്കും,ആത്മീയതയിലേയ്ക്കും ഒരേ സമയം വിജയൻ കൂടുമാറുന്നു..
ധർമ്മപുരാണത്തിനും,ഗുരുസാഗരത്തിനു ശേഷം വിജയന്റെ ലേഖനങ്ങളും,കുറിപ്പുകളും ഇതിന് ദൃഷ്ടാന്തങ്ങളാണ്..

വിജയന്റെ ഓരോ കൃതികളും ഒരോ സാഗരങ്ങളാണ്.
കാലാന്തരങ്ങളിൽ സ്ഫുടം ചെയ്ത്,തെളിവെള്ളം പോലെ ആത്മാവിലൂടെ അത് ഒഴുകുന്നു..

വർഷങ്ങൾക്ക് മുമ്പ്
“ഗുരുസാഗരം” പലയാവർത്തി വായിച്ചപ്പോഴൊന്നും അതിന്റെ പൊരുൾ
എന്റെ അകങ്ങളെ നിറച്ചില്ല. അരർത്ഥത്തിൽ ആ കാലഘട്ടത്തിൽ തികച്ചും യാന്ത്രികമായി ആ പുസ്തകം വായിച്ചു തീർക്കുകയായിരുന്നു എന്നു പറയാം.
വായിച്ചു തീർന്നപ്പോഴൊക്കെ വിജയനോട് വല്ലാത്ത ഈർഷ്യ തോന്നിയിരുന്നു.വിപ്ലവ പ്രസ്ഥാനങ്ങളുടെ വീര്യം സിരകളിലൂടെ നുരഞ്ഞു പതഞ്ഞു ഒഴുകുന്നൊരു കാലത്ത് ഒരു “പിൻതിരിപ്പൻ” സ്രൃഷ്ടിയായി, “ഗുരുസാഗരം”മുദ്രകുത്തപ്പെട്ടപ്പോൾ സത്യത്തിൽ ഞാനും അതിന്റെ ഇരയാകുകയായിരുന്നു…

“എത്ര നിസാരമായിട്ടാണ് സ്ത്രി കഥാപാത്രങ്ങളെ വിജയൻ ആവതരിപ്പിക്കുന്നത്..ലളിത,നിഹാരിക,വോൾഗാ, ശിവാനി..അങ്നനെ ഒരു സ്ത്രീകഥാപാത്രത്തിനു പോലും വിജയൻ നിറം കൊടുക്കുന്നില്ല…
ശിവാനി ഒരു തേവിടിശ്ശിയായി ചിത്രീകരിക്കപ്പെടുന്നു.”
എന്റെയൊരു പെൺ സുഹ്രൃത്ത് ഈ നോവലിനെക്കുറിച്ച് പണ്ട് ഇപ്രകാരം പറഞ്ഞത് ഞാൻ ഓർക്കുന്നു.. എഴുത്തിൽ പുരുഷ മേധാവിത്വത്തിന്റെ ചില പുകച്ചിലുകൾ അവൾ ആരോപിയ്ക്കുന്നു.(അവൾ ഇപ്പോൾ ഒരു എഴുത്തുകാരിയാണ്)

ഇന്ന്..
കാലം ഏറെ കഴിഞ്ഞിരിക്കുന്നു.
എല്ലാം കലങ്ങിത്തെളിയുന്നതു പോലെ..,
കാഴ്ചകൾ സ്ഫുടം ചെയ്യെപ്പെടുന്നു.
വിപ്ലവവും, ആത്മീയതയും ഒരേ മാലയിലെ മുത്തുകളാകുന്നു എന്ന തിരിച്ചറിവ്.സ്നേഹം,സഹാനുഭൂതി,വാത്സല്യം ഇതെല്ലാമാണ് യഥാർത്ഥ വിപ്ലവം എന്ന സങ്കീർത്തനത്തിന്റെ
തെളിവിൽ, സാഗരം വീണ്ടും ഇവിടെ പുനർജ്ജനിക്കുകയാണ്…
സത്യത്തിൽ..
സനാതനമായ ഊർജ്ജം ജൈവരൂപങ്ങളിലൂടെ സഫലീകരിക്കുന്ന പ്രയാണവും,പരിണാമവും ആണ് ഗുരു എന്ന തിരിച്ചറിവുണ്ടാകുന്നത് വായനയുടെ ഈ രണ്ടാമൂഴത്തിലാണ്.
ഇന്ന്…
കുഞ്ഞുണ്ണിയോടൊപ്പം ഞാനും ഗുരുസാഗരം തിരയുന്നു….

‘ഗുരുസാഗരം” എന്ന നോവലിലെ
“കുഞ്ഞുണ്ണീ” എന്ന കേന്ദ്ര കഥാപാത്രം എന്നും മനസിലുണ്ടായിരുന്നു.
തൂതപ്പുഴയുടെ തീരത്ത്..
തന്റെ തറവാട്ട് വീട്ടിൽ,പൊലിഞ്ഞു പോയ തലമുറകളുടെ
അവശിഷ്ടങ്ങൾക്കിടയിലെ സ്മൃതിമാലിന്യങ്ങൾക്കിടയിൽ
അയാൾ ഇന്നും ജീവിയ്ക്കുന്നുണ്ട്.
തച്ചന്മാർ പുരാണകഥകൾ കൊത്തിവച്ച പഴയ തേക്കിൻ തൂണുകളിൽ ചാരിയിരുന്നു അയാൾ ഇന്നും ഉൾക്കാതെറിയുന്നുണ്ട്….
ഗുരുക്രൃപയാൽ ജീവിതത്തിന്റെ അർത്ഥങ്ങൾ കുഞ്ഞുണ്ണിയ്ക്ക് മുൻപിൽ തെളിഞ്ഞു വിളങ്ങുന്നു.

കുഞ്ഞുണ്ണിയുടെ അന്വേഷണങ്ങളാണ് “ഗുരുസാഗരം”.
ശിഥിലമായ കുടു:ബ ബന്ധം അയാൾക്ക് നൽകിയ
ഒറ്റപ്പെടലിന്റെ ദീർഘ സഞ്ചാരങ്ങളിൽ, ആയാൾ കണ്ടുമുട്ടുന്ന കഥാപാത്രങ്ങളും, അയാൾക്കൊപ്പം അവർ അനുഭവിയ്ക്കുന്ന വേദനയിലൂടെയും,പ്രണയനൈരാശ്യത്തിന്റെയും,നിരവധി ദു:ഖ ദ്രൃശ്യങ്ങളിലൂടെയും ആകെത്തുകയാണ് ഈ നോവൽ….
ഈ കഥയിൽ ഉടനീളം കുഞ്ഞുണ്ണി തന്റെ ഗുരുവിനെ തേടുകയാണ്..ഗുരു ഒരു സാഗരം പോലെ അയാൽക്ക് മുന്നിലുണ്ട്.
ആ സനാതനമായ ഊർജ്ജം അയാളിലേയ്ക്ക് വ്യാപരിക്കുന്നു…

ഈ നോവലിൽ ഉടനീളം ഗുരുസാന്നിദ്ധ്യങ്ങൾ കടന്നുവരുന്നു.നോവലിന്റെ തലക്കെട്ട് അർത്ഥമാക്കുന്നതു പോലെ
ഒരു മഹാസാഗരം പോലെ ഗുരു ചൈതന്യം പടർന്നു കിടക്കുന്നു.സർവ്വജീവജാലങ്ങളിലും “വിജയൻ” അതിന്റെ പ്രഭ പരത്തുന്നു.പുല്ലിലും,പൂച്ചയിലും,മനുഷ്യരിലും ഇവിടെ ഗുരു വെളിപ്പെടുന്നു..
കുട്ടിക്കാലത്ത്..
തനിച്ചിരിക്കുമ്പോളും,തനിച്ചു നടക്കുമ്പോൾ,പൂ പറിയ്ക്കുമ്പോൾ,നാസാഗ്രഖഡ്ഗങ്ങളുമേന്തി തൂതപ്പുഴയുടെ തെളിവെള്ളത്തിൽ പാലായനം ചെയ്യുന്ന ചെറുമത്സ്യങ്ങളെ നോക്കി കമഴ്ന്നു കിടക്കുമ്പോളും,തൊടികയുടെ പിൻപറമ്പിലെ ആലിൻ ചോട്ടിൽ സന്തതികളുടെ ദീപാരാധനയേൽക്കാൻ എത്തുന്ന പിത്രൃ പരമ്പരകളെ കുഞ്ഞുണ്ണീ തിരിച്ചറിയുന്നു.
പിത്രൃക്കളുടെ സ്നേഹവും,വാത്സല്യവും ഗുരുകടാക്ഷമായി കുഞ്ഞുണ്ണി തിരിച്ചറിയുന്നു..

“നോക്കു അച്ഛാ!”കുഞ്ഞുണ്ണി പറഞ്ഞു,”ആ പോത്തിനെ അടിയ്ക്കണത് കണ്ട്വോ..?
“രണ്ടു പോത്തുകളെ ഉണ്ണി കണ്ടില്യേ..? അച്ഛൻ പറഞ്ഞു.
ശ്രദ്ധിച്ചോളു,വലത്തെ പോത്തിനാ അടി മുഴോനും.വലത്തെ കൈയ്യിലല്ലെ വണ്ടിക്കാരന്റെ വടി”
“വലത്ത് എന്നും ഒരേ പോത്തെന്ന്യാവ്വോ,അച്ഛാ?”
“അതങ്ങനെ വരു.അതിന്റെ കർമ്മം ഏറ്റ് വാങ്ങാൻ അതവിടെ തന്നെ വന്നല്ലേ പറ്റു….
ഇവിടെ,വിജയൻ വാക്കുകൾ കൊണ്ട് തികഞ്ഞൊരു യോഗിയായി മാറുന്നു.

അനീഷ്‌ ശ്രീകുമാര്‍

Leave a Reply

Your email address will not be published.

error: Content is protected !!