ചാരുലത

കുന്നിൻ മുകളിലെ അമ്പലമുറ്റത്ത് നിൽക്കുന്ന പടുകൂറ്റൻ ആൽമരത്തിനു മുന്നിൽ ഒരു നിമിഷം അവൾ നിന്നു. ഓരോ ചില്ലയിലും താങ്ങുവേരുകളിലുമൊക്കെയായി തൂങ്ങിക്കിടക്കുന്ന ചെറുമണികൾ… ചുവന്ന പട്ടുനാടകളിൽ കൊരുത്തിരിക്കുന്ന കുറേ ആഗ്രഹങ്ങൾ …. സങ്കടങ്ങൾ… പ്രാർത്ഥനകൾ…. അവയ്ക്കിടയിലെവിടെയോ ഒരു ദൈവവും കേൾക്കാതെ, അറിയാതെ പോയ ഒരു പ്രാർത്ഥനയുണ്ട്… ഒരിക്കലും പൂർത്തിയാകാതെ പോയ ഒരു പ്രാർത്ഥന…
നന്നേ ക്ഷീണം തോന്നി മുകളിലെത്തിയപ്പോൾ.. യൗവനം മധ്യവയസ്സിന് വഴിമാറിക്കൊടുത്തിരിക്കുന്നു. ചെറുകാറ്റത്ത് ഉയർന്നു പറക്കുന്ന മുടിയിഴകളിൽ പലതും വൈകുന്നേരത്തെ മഞ്ഞവെയിലിൽ സ്വർണ്ണ നാഗങ്ങളെപ്പോലെ തിളങ്ങി. അല്പം ദൂരേയ്ക്കു മാറി നിറയെ പൂക്കളുള്ള ഒരു ചെമ്പക മരത്തിൻ കീഴിൽ അവളിരുന്നു. ആലിലകൾ കാറ്റിനോട് കിന്നാരം പറഞ്ഞ് കുലുങ്ങിച്ചിരിച്ചു. അമ്പലത്തിനു പിറകിലായി ഇടുങ്ങിയ പാറക്കെട്ടുകൾ… അവിടെ നിന്നും താഴേയ്ക്ക് നോക്കെത്താ ദൂരത്തോളം അതിരില്ലാതെ കാറ്റിനൊത്ത് തിരയടിക്കുന്ന പച്ചക്കടൽ. അങ്ങകലെ പടിഞ്ഞാറേ ചക്രവാളത്തിൽ സൂര്യൻ യാത്രയ്ക്കൊരുങ്ങുകയാണ്.. ആലിൻ കൊമ്പുകളിൽ വിശ്രമിക്കുന്ന, ഊഴം കാത്തു കിടക്കുന്ന പ്രാർത്ഥനകളിലോരോന്നിനേയും ചുംബിച്ചു കൊണ്ട് …
തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ് നാളെ എന്ന ചിന്ത അവളിലേയ്ക്ക് എത്തി. കണ്ണുകൾ കൈയിലിരിക്കുന്ന പുസ്തകത്തിന്റെ പുറംചട്ടയിലേയ്ക്ക് നീണ്ടു. അപൂർണ്ണമായൊരു സ്ത്രീ മുഖം.. കാണാനാവുന്നത് രക്തച്ചുവപ്പിലെ വലിയ സിന്ദൂരപ്പൊട്ടു മാത്രം..’ചാരുലത’… “ഈ മുഖം…. ഇത് താനാണോ?” അവൾ ചിന്തിച്ചു.
‘ചാരൂ…’ കിതപ്പാർന്ന സ്വരത്തിലെ വിളിയൊച്ച അവളെ ചിന്തയിൽ നിന്നുണർത്തി. പുസ്തകത്തിൽ നിന്ന് കണ്ണുകളുയർത്തി. ‘മാഷ്..’ ആലിലകൾ പകർന്നു കൊടുത്ത പുഞ്ചിരി അവളദ്ദേഹത്തിനും പകർന്നു നൽകി. അയാൾ അവളുടെ സമീപത്തായി ഇരുന്നു.
‘ കാത്തിരുന്നു മുഷിഞ്ഞോ ? ‘ അയാൾ ചോദിച്ചു. അവൾ നിശബ്ദം തല ചെരിച്ച് അയാളുടെ കണ്ണുകളിലേയ്ക്ക് നോക്കി. തനിക്കു വേണ്ടി കാത്തിരിക്കാൻ ഈ ജന്മം മുഴുവൻ മാറ്റി വച്ചവളാണ് തനിക്കു മുന്നിലിരിക്കുന്നതെന്ന് അയാൾ ഓർത്തു. തെല്ലൊരു കുറ്റബോധത്തോടെ അയാൾ തലതാഴ്ത്തി.അവളുടെ മനസ്സിൽ എന്താണെന്ന് അയാൾക്ക് ഊഹിക്കാനായില്ല.
അങ്ങകലെ അവർക്കു പിന്നിൽ പച്ചക്കടൽ കറുക്കാൻ തുടങ്ങി. അടുത്ത പുലരിയിലേയ്ക്കുള്ള കാത്തിരിപ്പിന്റെ ഇടത്താവളം തേടി കിളികൾ എത്തുകയായി…
‘ നാളെയല്ലേ?’ അയാൾ ആരോടെന്നില്ലാതെ ചോദിച്ചു. ‘അതെ…’ എന്ന ഒറ്റവാക്കിൽ അവൾ ഉത്തരം ചുരുക്കി. അവളുടെ മനസ്സിൽ ഒരു കടലിരമ്പുന്നത് ആ കണ്ണുകളിൽ നിന്ന് അയാൾ വായിച്ചു. പണ്ടും അയാളോട് സംസാരിച്ചിരുന്നത് നാവിനേക്കാൾ കൂടുതൽ അവളുടെ കണ്ണുകളായിരുന്നു. വീണ്ടും മൗനത്തിന്റെ തുരുത്തിൽ ….
‘ഇരുട്ടു വീഴും മുൻപ് പോകാം നമുക്ക്. കണ്ണുകൾ കാഴ്ച കണ്ടു മടുത്തെന്നു തോന്നുന്നു. അവർ ഇടയ്ക്കിടെ പണിമുടക്കുന്നു.’ കൂടി വരുന്ന പ്രായത്തെപ്പറ്റി അയാൾ അങ്ങനെ പറഞ്ഞു നിർത്തി.
‘പോകുന്നതിന് മുൻപ് മാഷെ ഒന്നു കാണണംന്നു തോന്നി, ഒപ്പം എന്റെ കൈ കൊണ്ട് ഇതു മാഷിനു തരണമെന്നും … ഇനിയെന്നാ കാണുക എന്നറിയില്ലല്ലോ?.’ എന്നു പറഞ്ഞ് കൈയിലിരുന്ന പുസ്തകം അയാൾക്കു നേരേ നീട്ടി. അയാളതിന്റെ പുറംചട്ട നോക്കി വായിച്ചു… ‘ചാരുലത..’ അവളുടെ കണ്ണുകൾ അയാളുടെ മുഖത്തായിരുന്നു. അല്പസമയത്തിനു ശേഷം അവൾ പറഞ്ഞു ‘ പോകാം ‘
മുന്നോട്ടു നടക്കാൻ തുടങ്ങവേ കൈയിലുണ്ടായിരുന്ന പൊതി അയാൾ അവൾക്കു നൽകി.’ ഇനി ഇത് ചാരു സൂക്ഷിച്ചോളൂ… വർഷങ്ങളായി കൊണ്ടു നടക്കുകയാണ് മറ്റാർക്കും കൈമാറാൻ കഴിയാതെ …’. അത്ഭുതമാണ് അതു വാങ്ങുമ്പോൾ അവൾക്കു തോന്നിയത്. പുസ്തകങ്ങളല്ലാതെ ഒന്നും അയാൾ അവൾക്ക് കൊടുത്തിട്ടില്ല. പക്ഷേ ഇത്….!
പൊതി തുറന്ന അവൾ അമ്പരന്നു. മാമ്പഴനിറത്തിൽ പച്ച കൊണ്ട് അരികു തീർത്ത ഒരു പട്ടുസാരി. വർഷങ്ങളുടെ പഴക്കം മണക്കുന്ന സാരി. ആ പൊതി അവളുടെ കൈയിലിരുന്ന് വിറച്ചു. അർത്ഥമറിയാത്തൊരു നോട്ടം അയാൾക്കു നേരേ നീണ്ടു.’നമുക്ക് പ്രിയപ്പെട്ടതെന്നും പ്രിയപ്പെട്ടവരുടെ കൈയിൽ ഭദ്രമാണെന്ന ചിന്ത വലിയൊരാശ്വാസമാണ് മനസ്സിന് …’ അയാൾ പറഞ്ഞു. അവൾ മൗനം പൂണ്ടു.
പോകാനുള്ള വഴി തിരിയുന്നിടത്ത് ഒരു നിമിഷം ഇരുവരും നിന്നു. ‘ നാളെ എപ്പോഴാ പുറപ്പെടുക ?’ ‘പുലർച്ചെ .. ‘ അവൾ പറഞ്ഞു. ‘ഞാനും വരുന്നുണ്ട് ഒപ്പം..’ അയാൾ പറഞ്ഞതു കേട്ട് അവളമ്പരന്നു. ഒന്നും മിണ്ടാതെ വീട്ടിലേയ്ക്ക് നടന്നു അവൾ. താൻ നടക്കുന്നതല്ലാതെ മുന്നോട്ടു പോകുന്നില്ലെന്ന് അവൾക്കു തോന്നി.. അവൾക്കു പിന്നിൽ അയാളുടെ ചുമയുടെ ക്ഷീണിച്ച ശബ്ദം അകന്നുപോയി.
പഠനത്തോടൊപ്പം പരന്ന വായനയും ഒരു ജോലി നേടാൻ ആവശ്യമാണെന്നു പറഞ്ഞ് വൈകുന്നേരങ്ങളിൽ വായനശാലയിലേയ്ക്ക് ഒപ്പം കൂട്ടിയത് അച്ഛനായിരുന്നു. അവിടെ വച്ചാണ് ആദ്യമായി മാഷിനെ കണ്ടത്. പ്രായത്തിലുള്ള വ്യത്യാസം സൗഹൃദത്തിന് തടസ്സമായില്ല. ആദ്യം വിളിച്ചത് ‘മാഷേ ‘ എന്നായിരുന്നു. പിന്നീട് അതു മാറിയില്ല. മാഷിന്റെ പ്രേരണയിലാണ് എഴുതിത്തുടങ്ങിയത്.കുറെയൊക്കെ എവിടൊക്കെയോ അച്ചടിച്ചു വന്നു. ആരോടും പ്രണയം തോന്നിയിരുന്നില്ല. പക്ഷേ പോകെപ്പോകെ മാഷിനെയല്ലാതെ ജീവിതത്തിലേയ്ക്ക് മറ്റൊരാളെ കൂട്ടാൻ തോന്നിയില്ല. അന്നൊക്കെ അമ്പലമുറ്റത്ത് ആലിൻ ചോട്ടിലിരുന്ന് പങ്കുവച്ചിരുന്ന കഥകളും കാര്യങ്ങളുമൊക്കെ തനിക്ക് അക്ഷരങ്ങളായി … ഒരുമിച്ചു ജീവിക്കാനുള്ള ആഗ്രഹത്തെ ജാതിയുടേയും കുടുംബ മഹിമയുടേയും പ്രായ വ്യത്യാസത്തിന്റേയും പേരുപറഞ്ഞ് ഇരുവീട്ടുകാരും എതിർത്തു. കാലം കുതിച്ചുപാഞ്ഞു പോയപ്പോൾ സാഹചര്യങ്ങളോടു പൊരുത്തപ്പെട്ടിട്ടാവാം മാഷ് മറ്റൊരു ജീവിതം തെരഞ്ഞെടുത്തു.ചെറുപ്പത്തിലേ അമ്മ നഷ്ടപ്പെട്ടിരുന്നു. ഈ അടുത്തായി അച്ഛനും മരണപ്പെട്ടു. സഹയാത്രികരൊക്കെ വഴി പിരിഞ്ഞു. ഒടുവിൽ താനും കുന്നിൻ പുറവും ആൽമരവും മാത്രം ബാക്കിയായി…
ഓർമ്മകൾ അവിടെയെത്തിയപ്പോൾ കൈയിലെ പൊതിയിൽ മുറുകെപ്പിടിച്ചു. ഇഷ്‌ടങ്ങളും മോഹങ്ങളുമൊക്കെ പറഞ്ഞ കൂട്ടത്തിലെപ്പോഴോ പറഞ്ഞതാണ് മാമ്പഴനിറത്തിലെ പട്ടുസാരി …. തന്റെ ജന്മം സഫലമായെന്ന് അവൾക്കു തോന്നി. താൻ കുത്തിക്കുറിച്ച അക്ഷരങ്ങൾ തന്റെ തന്നെ ജീവിതമായിരുന്നു. അക്ഷരങ്ങൾക്കു ജീവൻ വച്ചു.. നോവൽ ആയി.. ചാരുലത … നാളെ പുസ്തക പ്രകാശനമാണ്.. അവളുടെ ഓർമ്മയിൽ മാഷിന് ഏറെ പ്രിയപ്പെട്ട , വേർപിരിഞ്ഞ നാളുകളിൽ താനുപേക്ഷിച്ച ആ വലിയ സിന്ദൂരപ്പൊട്ട് തെളിഞ്ഞു. വീട്ടിലേയ്ക്ക് ഒരു ജന്മം നടന്നാലും തീരാത്ത ദൂരമുണ്ടെന്ന് അവൾക്കു തോന്നി.
പുലർച്ചെ വീട്ടിൽ നിന്നറങ്ങുമ്പോൾ പുസ്തകവും മാഷിന്റെ കൈയിലുണ്ടായിരുന്നു.ചടങ്ങുകഴിഞ്ഞ് ആൽ മരച്ചോട്ടിൽ ചാരു വിനോടൊപ്പമിരുന്ന് വായിക്കണം.. അത്രയെങ്കിലും താനവൾക്കു വേണ്ടി ചെയ്യണ്ടേ.. ഒരു നെടുവീർപ്പ് അയാളിൽനിന്നുയർന്നു…..
അവളുടെ വീട്ടുമുറ്റത്ത് കണ്ട ആൾക്കൂട്ടം അയാളെ ഒന്നമ്പരപ്പിച്ചു .. ആൾക്കൂട്ടത്തെ വകഞ്ഞു മാറ്റി ഉമ്മറത്തേക്കു കയറിയ മാഷിന്റെ കണ്ണിൽ ആദ്യം തെളിഞ്ഞത് അവളുടെ വലിയ സിന്ദൂരപ്പൊട്ടാണ് .. പിന്നെ മാമ്പഴനിറവും.. മനോഹരമായൊരു സ്വപ്നം കണ്ടിട്ടെന്ന പോലെ പുഞ്ചിരിയുണ്ട് ചാരുവിന്റെ ചുണ്ടിൽ…
ഒരു നിലവിളി അയാളുടെ തൊണ്ടയിൽ കുരുങ്ങി …. പിന്തിരിഞ്ഞു നടക്കവേ കണ്ണുകളിൽ ഇരുട്ടു പടരുന്ന പോലെ…. എന്നിട്ടും വീണുപോകാതെ അയാൾ കുന്നിൻചരിവിലെ ആൽമരച്ചോട്ടിലേയ്ക്ക് നടന്നു.. അവളെ വായിക്കാൻ.. ‘മാഷേ..’ എന്നുള്ള വിളിയോടെ അവൾ ഒപ്പമുണ്ടെന്ന വിശ്വാസത്തിൽ …

പ്രസുമ നിഷാന്ത്

Leave a Reply

Your email address will not be published.

error: Content is protected !!