ഞാനന്ന് ജീവിച്ചിരുന്നു..

തിരികെ വരുമ്പോൾ ഇത്രയും വിചാരിച്ചില്ല. ഇങ്ങാനാവും എന്നറിഞ്ഞെങ്കിൽ തിരിച്ചൊരു വരവ് ഉണ്ടാകുമായിരുന്നില്ല. പണ്ടെങ്ങോ നാടുവിട്ടതാണ്. അതെന്നെന്നോ അതിനുള്ള കാരണമോ ഓർമ്മയിലില്ല. വീടെന്നും മനസ്സിലുണ്ടായിരുന്നു. അതുകൊണ്ടാണ് അന്യനാട്ടിലിനി വയ്യ എന്ന് തോന്നിയപ്പോൾ തിരികെ വരാൻ തോന്നിയതും. അമ്മയെ കാണണമെന്നുണ്ടായിരുന്നു, എത്രയൊക്കെയായാലും താൻ മൂത്ത മകനല്ലേ? അച്ഛൻ ഒന്നല്ലെങ്കിലും ഇളയവർക്ക് പറയാമായിരുന്നു ഇത് ഞങ്ങളുടെ ജ്യേഷ്ഠനാണെന്ന്. അവരും അത് ബോധപൂർവ്വം മറന്നുകളഞ്ഞു അന്ന്.

ഇന്ന് അമ്മയില്ല. കാണണമെന്ന് എത്ര ആശിച്ചിട്ടും കാര്യമില്ല,  അതറിഞ്ഞത് കഴിഞ്ഞ നിമിഷങ്ങളിലാണ്..
അഞ്ചുപതിറ്റാണ്ടോ അതിലേറെയോ കഴിഞ്ഞ ശേഷം കയറിവരുമ്പോൾ കാണുന്നത്, പഴയ മാളികപ്പുരയ്ക്കു പകരം ഒന്നാന്തരമൊരു കോൺക്രീറ്റ് വീടാണ്. പിന്നെ ഓർത്തു, അന്നത്തെ വീടൊക്കെ എങ്ങനെ നിൽക്കാനാണ് ഇത്രയും വർഷത്തിനുശേഷം! ഓർമ്മപോലെതന്നെ വാസ്തവവിരുദ്ധമായ ചിന്തകളും ചിലപ്പോഴൊക്കെ വലയ്ക്കാറുണ്ട്. അല്ല, ഇനി യാതൊരു ബന്ധവുമില്ലാത്തവരാണ് ഇപ്പോഴത്തെ താമസക്കാരെങ്കിലോ? ആ ചിന്ത വന്നപ്പോൾ ആകെ വലഞ്ഞു. ഹേയ്! അങ്ങനെവരാനൊരു ന്യായവും കാണുന്നില്ല. ആണുംപെണ്ണുമായി തനിക്കു ശേഷവും അമ്മയ്ക്ക് അരഡസനോളം മക്കളുണ്ടായി. ആരെങ്കിലുമൊരാൾ ഇവിടെ ഉണ്ടാകാതിരിക്കില്ല. എല്ലാം വിറ്റൊഴിഞ്ഞുപോകാൻ തക്കവണ്ണം ഗതികേടൊന്നും കുടുംബത്തിനില്ല. നല്ല ഭൂസ്വത്തുണ്ട്, എണ്ണം പറഞ്ഞ തറവാടുകാരുമാണ്. അമ്മ കാര്യശേഷിയുള്ള സ്ത്രീയായിരുന്നു.

അടച്ചിട്ട ഗേറ്റു കണ്ടപ്പോൾ അതുവരെയുണ്ടായിരുന്ന ധൈര്യം ചോരാൻ തുടങ്ങി.  ഗേറ്റിനും വെളിയിൽ കണ്ട കാളിങ് ബില്ലിൽ വിരലമർത്തിയെങ്കിലും ഒരുപാട് നേരത്തേയ്ക്ക് ആളനക്കമൊന്നും കണ്ടില്ല. രണ്ടാമത്തെ ബെല്ലും കഴിഞ്ഞു പിന്നെയും സമയമെടുത്തു പൂമുഖത്തെ വലിയ വാതിൽ തുറന്നുവരാൻ. പുറത്തേയ്ക്കു വന്നതൊരു കൊച്ചുപെൺകുട്ടിയായിരുന്നു. അവളുടെ മുഖത്ത് അപരിചിതനെ കണ്ട പകപ്പ്! കൊല്ലങ്ങൾക്ക് മുൻപ് അമ്മയെ തേടിവരുമ്പോൾ ഈ പെൺകുട്ടി ജനിച്ചിട്ടുപോലും കാണില്ല. ഇവൾക്ക് അമ്മയുടെ നല്ല ഛായ തോന്നുന്നുണ്ട്! എന്തായാലും അന്യയല്ല.
ഗേറ്റ് കടന്നുചെന്നു ഉമ്മറത്തെ ചാരുപടിയിലിരുന്നു. പെൺകുട്ടി ആരാ ഏതാ എന്നൊക്കെ ചോദിക്കുന്നുണ്ട്. ഒന്നും മിണ്ടാൻ തോന്നിയില്ല. ഇളയവൾ ലളിത വന്ന് മുൻവാതിൽ നിറഞ്ഞുനിൽക്കുന്നത് അപ്പോഴാണ് കണ്ടത്. അവള് ഒന്നിരുത്തി മൂളി. എന്താ പോന്നതെന്നൊരു ധ്വനിയുണ്ടായോ അതിന്? ശ്രദ്ധിക്കാൻ പോയില്ല. സന്ധ്യവരെ ആ ഇരിപ്പിരുന്നു. വയലിന്റെ കാറ്റുമേറ്റ് എത്രനേരം വേണമെങ്കിലും അവിടെങ്ങനെ ഇരിക്കാമെന്നു തോന്നി. ഇടയ്ക്കിടയ്ക്ക് ലളിത വന്നു നോക്കുന്നുണ്ട്, അല്ലാതെ ഒരക്ഷരം മിണ്ടുന്നില്ല. അച്ഛൻ രണ്ടാണെങ്കിലും ഒരേവയറ്റിൽ പിറന്നതല്ലേ, എന്തെങ്കിലുമൊന്ന് ചോദിക്കാം. സന്ധ്യയ്ക്ക് വിളക്കുവയ്ക്കണ നേരത്താണ് അവളൊന്നു മിണ്ടിക്കിട്ടിയത്.

“അണ്ണനെന്ത് കെട്ടും ഭാണ്ഡവുമൊക്കെയായിട്ട്. അന്യ നാട്ടില് മതിയായാ.”

അതിനുമൊന്നും പറഞ്ഞില്ല. ഇന്നത്തെ പേപ്പറ് വായിച്ചില്ല, ഇവിടെ അങ്ങനെ ശീലമൊന്നുമില്ലേ ആവോ? തനിക്കു ഒരുപാടുകാലമായുള്ള പതിവാണ്. ഒന്നും തിന്നില്ലെങ്കിലും സാരമില്ല, പേപ്പറു വായിക്കണം ദിവസവും. അത് ഇംഗ്ലീഷ് ആണെങ്കിൽ അത്രയും നന്ന്, തപ്പിപ്പിടിച്ചു അർഥം മനസ്സിലാക്കി വായിച്ചു തീരുമ്പോൾ ഒരു ദിവസം കഴിഞ്ഞുകിട്ടും!

പത്രംവായനപോയിട്ട് വെള്ളംപോലും കുടിച്ചിട്ടില്ല ഇവിടെ വന്നിട്ട്. ആരെങ്കിലും മിണ്ടാൻ വന്നാലല്ലേ. ഒടുക്കം ലളിതയൊന്നു മിണ്ടിക്കിട്ടിയല്ലോ. ആ ആശ്വാസത്തിൽ അവളോട് പറഞ്ഞു.
“ഒരു ഗ്ലാസ്സ് വെള്ളം താടീ.. നിനക്ക് അണ്ണനാണെന്ന് ഓർമ്മയുണ്ടായത് ഇപ്പഴാണല്ലേ?”
“പിന്നെ ഞാനെന്തെര് വേണം? അണ്ണൻ പെരുമണ്ണിൽ മരിച്ചുപോയെന്നായിരുന്നു ആദ്യം കേട്ടത്. അതുവരേം ജീവിച്ചിരുന്നാ എന്നുപോലും നിശ്ചയമില്ലായിരുന്ന്. അപ്പഴാ അങ്ങനെ കേട്ടത്. ഇതിപ്പം എവിടന്ന് പ്രത്യക്ഷപ്പെട്ടത്?”
ഒന്നും മിണ്ടാൻ പോയില്ല. ഇവളോടൊക്കെ വായിട്ടലച്ചിട്ടെന്തിന്! ആദ്യം കണ്ട പെൺകുട്ടി ഒരു മൊന്ത നിറയെ വെള്ളം കൊണ്ടുതന്നു. അതത്രയും മടമടാ കുടിച്ചുകഴിഞ്ഞപ്പോഴാണ് ഒന്നു ജീവൻ വച്ചത്.
“ഇവിടെങ്ങാനും കൂടാനാ അതേ അന്നത്തെപ്പോലെ നെഴല് കാണിച്ചിട്ട് മുങ്ങാനാ പരിപാടി? ഇവിടെങ്ങാനും കെടക്കുകാണേൽ ഞങ്ങള് ഒള്ളതിപങ്ക് തരാം. ഒറ്റാം തടിയല്ലേ, വലിയ ചെലവൊന്നുമില്ലല്ല്, ഉള്ളതും കുടിച്ച് ഇവിടെങ്ങാനും കെടക്കീൻ.”

അവസാന വാചകം തെല്ലാശ്വാസം തന്നു. ആദ്യവാചകത്തിലെ അടുപ്പമില്ലായ്മ ഒരു നിർദ്ദേശം കൊണ്ട് ലളിത നികത്തി.
“ശിഷ്ടകാലം നിങ്ങടെയൊക്കെ ഒപ്പം തന്നെ.”
“എന്നാ നല്ലത്. അമ്മ ങ്ങളെയോർത്ത് എന്തുപാട് വിഷമിച്ചിരിക്കണ്. അവസാനമൊക്കെ ആയപ്പഴ് എന്നും തെരക്കുമായിരുന്ന്. ഞാൻ എന്ത് പറയാൻ. അണ്ണനെ അറിയിച്ചിട്ടുണ്ട്, വരും എന്നും പറഞ്ഞിരുന്നിരുന്ന് കണ്ണടയുകേം ചെയ്ത്.”
ലളിത തോളിലെ തോർത്തുകൊണ്ട് കണ്ണും മൂക്കും തുടയ്ക്കുന്നത് കണ്ടപ്പോൾ വിഷമം തോന്നി.
“അനിയത്തി കരയാതെ, അങ്ങനൊക്കെ പറ്റിപ്പോയി. അമ്മയെ വന്നൊന്നു കാണേണ്ടതായിരുന്നു.”
“പഴയ പത്തായപ്പുര അങ്ങന തന്നൊണ്ട്. പുതിയ വീട് വച്ചപ്പ പിള്ളേര് പൊളിക്കാനൊരുങ്ങിയതാണ്. അതിന് ഇങ്ങനൊരവകാശി വരുമെന്ന് വിചാരിച്ചേയില്ല. അവിടെ കെടന്നോളിൻ. ബാക്കിയൊക്ക അവരൊക്കെ വന്നിട്ട് തീരുമാനിക്കാം.”
“എനിക്കതു തന്നെ ധാരാളം.”
ലളിത തന്നെ പത്തായപ്പുരവരെ കത്തിച്ചുപിടിച്ച വിളക്കുമായി വന്നു . വിളക്ക് കൈമാറിയിട്ട് പറഞ്ഞു.
“അവിടെ ലൈറ്റൊന്നുമില്ല. വിളക്ക് വച്ചോളീൻ. അടിച്ചുവാരീട്ടും കൊറേയായി. ഇന്നിങ്ങനെ പോട്ട്. നാളെ വൃത്തിയാക്കിത്തരാം.”
“ഞാൻ വൃത്തിയാക്കിക്കോളാമല്ലോ. കൊച്ചു വിഷമിക്കണ്ട.”
“കഞ്ഞിയാവുമ്പോ വിളിക്കാം. അണ്ണൻ കുളിക്കോ മറ്റോ ചെയ്യണങ്കി പൊറത്ത് കുളിമുറിയൊണ്ട്.”
“അതൊന്നും വേണ്ട. ഇന്നത്തെ വർത്തമാന പത്രം കിട്ടോ? ഇംഗ്ലീഷ് പേപ്പറെന്നാ അത്രേം നല്ലത്. ഒരു ഇത്തിരി എണ്ണ കൂടെ തന്നേര്, ഇതിലുള്ളത് എളുപ്പം തീർന്നുപോണെങ്കിലാ?”
ജീവിച്ചിരിക്കുന്നോ എന്നുപോലും വീട്ടുകാർക്ക് തീർച്ചയില്ലാതെ, അങ്ങെവിടൊക്കെയോ തന്റെ നല്ല കാലം പൊലിച്ചുകളഞ്ഞ അണ്ണനെ നോക്കി ലളിത അന്തിച്ചു നിന്നു. അയാൾക്ക് ഒന്നും അറിയേണ്ടായിരുന്നു, അമ്മയെക്കുറിച്ചോ വേണ്ടപ്പെട്ടവരെക്കുറിച്ചോ ഒന്നും.. അയാളപ്പോൾ ആശിച്ചത് അന്നത്തെ ന്യൂസ്‌പേപ്പർ മാത്രമായിരുന്നു.. അതും ഇംഗ്ലീഷ് പേപ്പറുകളേതെങ്കിലും!!

ബിന്ദു

Leave a Reply

Your email address will not be published.

error: Content is protected !!