ട്രാന്‍സ്

ഭയം എന്ന വികാരമാണ് ദൈവസൃഷ്ടിക്ക് മനുഷ്യനെ പ്രാപ്തനാക്കിയതിൽ പ്രധാനപ്പെട്ട ഒരു കാരണമായി പൊതുവെ കരുതപ്പെടുന്നത് . അതിന്റെ ഉപോല്പന്നമാണ് തന്റെ രക്ഷകനുമായി ആശയവിനിമയം എന്ന മനുഷ്യന്റെ എല്ലാക്കാലത്തേയും ആഗ്രഹം .പുരാതന ഗ്രീസിൽ ദൈവ അരുളപ്പാടുകൾ ജനങ്ങളെ അറിയിക്കാൻ തെരഞ്ഞെടുക്കപ്പെട്ട ഒരു വിഭാഗം തന്നെയുണ്ടായിരുന്നു.പച്ചിലകൾ കൂട്ടിയിട്ട് കത്തിച്ചു അത് ശ്വസിച്ചാണ് ഇവർ ട്രാൻസ് സ്റ്റേജിലെത്തപ്പെട്ടിരുന്നത് എന്നാണ് പൊതുവെ വിശ്വസിച്ചിരുന്നത് . ഇവർ വിളിച്ചു പറയുന്നതെന്തും വിശ്വസിക്കുവാനും അതിനില്ലാത്ത അർഥങ്ങൾ കൽപ്പിച്ചു കൊടുത്ത് അതനുസരിച്ചു ജീവിതവും ആരാധനാ സമ്പ്രദായങ്ങളും രൂപപ്പെടുത്തിയുമാണ് അത്തരം സമൂഹങ്ങൾ നൂറ്റാണ്ടുകളോളം മുന്നോട്ടു പോയിരുന്നത് .കേരളത്തിലെ വെളിച്ചപ്പാടുകളുടെ ഒരു യൂറോപ്യൻ വേർഷൻ എന്നും പറയാം . പിൽക്കാലത്ത് സ്ഥിരതയില്ലാത്ത മനസ്സിനെ ചില്ലുകൂട്ടിൽ കാഴ്ചക്കായി നിർത്തി അതിൽ സവിശേഷത ആരോപിക്കാനുള്ള ആരുടെയോ കച്ചവട ബുദ്ധിയാണ് മതമായി വളർന്നത് എന്നതാണ് ട്രാൻസിന്റെ ഏറ്റവും കാലിക പ്രാധാന്യമുള്ള കോർ തീം.

മോട്ടിവേഷണൽ ട്രെയ്‌നറായ വിജു പ്രസാദ് എന്ന ചെറുപ്പക്കാരന്റ ട്രാൻസ് എന്ന അവസ്ഥയിലേക്കുള്ള പരകായപ്പെടൽ ആണ് ചിത്രം പറയുന്നത് . കന്യാകുമാരിയിലെ വിജുവിന്റെ ജീവിതം , പ്രസന്റിൽ അയാൾ നേരിടുന്ന പ്രശ്നങ്ങൾ, വേട്ടയാടുന്ന ഭൂതകാലം, ജീവനുതുല്യം സ്നേഹിക്കുന്ന അനിയന്റെ വേർപാട്, ശേഷം മുംബയിലേക്കുള്ള ചേക്കേറൽ , ഇങ്ങനെ ആദ്യ പകുതി ഏറ്റവും ഷാർപ്പായും , കൺവെൻസിംഗ് ആയും അനുഭവ വേദ്യമാക്കുവാൻ സംവിധായകനും തിരക്കഥാ കൃത്തിനും കഴിഞ്ഞു എന്ന് ഉറപ്പിച്ചു തന്നെ പറയാനാവും . അമ്മയുടെ മരണ ശേഷം കട്ടിലിൽ കെട്ടി പിടിച്ചുറങ്ങുന്ന സഹോദരങ്ങളിൽ നിന്ന് തുടങ്ങി കടലിൽ അനാഥത്വത്തിന്റെ നിശ്ചലതയിലാണ്ടു പോയ തോണികളിലേക്കു നീളുന്ന ഒരൊറ്റ ഷോട്ടു കൊണ്ട് അതിനെ ന്യായീകരിക്കാൻ പ്രയാസവുമില്ല .

രണ്ടാം പകുതിയിൽ ഒരേ സമയം ഒന്നിലധികം കാര്യങ്ങളെ തിരക്കഥാകൃത്തിനു പരിഗണിക്കേണ്ടി വരുന്നു. വിജു പ്രസാദ് എന്ന ജോഷ്വാ കാൾട്ടൻ ഒരു വശത്ത് സോളമനും ഐസക്കും മറുവശത്ത് അവർക്കിടയിലുള്ള സംഘര്ഷങ്ങള് , മത്തായിയുടെ കഥ , എസ്തറിന്റെ ലോകം ഇതിലെല്ലാം കൂടുതൽ ഇന്റൻസായി വരുന്ന തോമസ് കുട്ടിയുടെ ലോകം ഇങ്ങനെ ഒട്ടേറെ ആൾക്കാരെയും , അവരുടെ ജീവിതത്തെയും ശക്തമായി അതരിപ്പിക്കാനുള്ള ശ്രമങ്ങൾ എന്നല്ലാതെ ശക്തമായ അനുഭവങ്ങളായി മാറ്റുന്നതിൽ തിരക്കഥ നല്ലൊരു പരിധിവരെ വിജയി ച്ചില്ല എന്ന് തന്നെ പറയേണ്ടി വരും. വളരാൻ എല്ലായ്പ്പോഴും കൂടുതൽ സ്പെയ്സ് ആവശ്യപ്പെടുന്ന ഫൈറ്റർ ഫിഷുകൾ വിജു പ്രസാദിന്റെ ചിന്തയിൽ പിടയുന്ന ചില ഷോട്ടുകൾ ഒഴിച്ച് നിർത്തിയാൽ കോർ തീമിനും , പ്രതീകങ്ങൾക്കും അമിത പ്രാധാന്യം കൊടുത്തപ്പോൾ നഷ്ടപെട്ടത് കെട്ടുറപ്പുള്ള ഒരു തിരക്കഥയാണ് . അത്തരം അവ്യക്തതകളുടെ പരിണിത ഫലമെന്നോണം പ്രേക്ഷകന്റെ മനസ്സിൽ ധാരാളം സംശയങ്ങളും ഉയരുന്നുണ്ട് .
എസ്തർ എന്ന കഥാപാത്രം ഒരു ഇല്ല്യുഷന്‍ മാത്രമാണോ എന്ന സംശയം , കഥയുടെ ഒരു സന്ദർഭത്തിലും വില്ലന്മാരുമായി ഒരു ബന്ധവും പുലർത്താത്ത വിനായകന്റെ കഥാപാത്രം എങ്ങനെ അവരിലെക്കെത്തി എന്ന സംശയം , ഫഹദ് ആംസ്റ്റർ ഡാമിൽ പോകുന്നത് റിയൽ ആണോ എന്ന സംശയം , ശരിക്കും കാലുകൾ തളർന്നു പോയ ധർമ്മജനെകൊണ്ടല്ലേ സൗബിന്റെ കഥാപാത്രം പാസ്റ്ററെ വെല്ലു വിളിക്കേണ്ടിയിരുന്നത് അങ്ങനെ ഏറെ സംശയങ്ങൾ..

തലക്ക് അടി കിട്ടി വീണുപോയ പാസ്റ്റർ മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റത്തിന് ശേഷം സംഭവിക്കുന്ന കാര്യങ്ങൾ യാഥാർഥ്യവും ഹാലൂസിനേഷനും ഇടകലർന്നു വരുന്നത് പോലെയാണ് അവതരിപ്പിച്ചിരിക്കുന്നത് . ഉയർത്തെഴുന്നേറ്റത്തിന് ശേഷം തലക്കേറ്റ ക്ഷതത്തിന്റെയും , ഡ്രഗ്‌സിന്റെയും എഫക്ട് കാരണം ആ കഥാപാത്രം സ്വയം ദൈവത്തിന്റെ പ്രതിനിധിയായ ജോഷ്വാ കാൾട്ടനായും മാനസിക പ്രശ്നങ്ങളുള്ള വിജു പ്രസാദായും മാറി മാറി ജീവിക്കുന്നുണ്ട് . ദ്വന്ദ്വ വ്യക്തിത്വമുള്ള ആ കഥാപാത്രത്തെ ഒട്ടും സംവേദന ക്ഷമമാക്കാൻ കഴിഞ്ഞില്ല എന്നതാണ് രണ്ടാം പകുതിയിൽ പ്രേക്ഷകനെ ഏറ്റവും നിരാശപ്പെടുത്തുന്നത്‌ .

അൻവർ റഷീദ് , അമൽ നീരദ് , റസൂൽ പൂക്കുട്ടി , പ്രവീൺ പ്രഭാകർ , ചാലിശ്ശേരി എന്നിവർ ചേർന്ന് ടെക്നിക്കൽ ബ്രില്യൻസ് മലയാള സിനിമയുടെ ഒഴിവാക്കാനാവാത്ത ഭാഗമാണെന്നു അടിവരയിടുന്ന സിനിമയാണ് ട്രാൻസ് . വിജു പ്രസാദ് എന്ന ജോഷ്വാ കാൾട്ടന്റെ മനോവ്യാപാരങ്ങളെ പ്രേക്ഷകനിലേക്കു സന്നിവേശിപ്പിക്കാൻ തനിക്കു വേണ്ടി വന്നാൽ കണ്ണുകൾ മാത്രം മതിയാകും എന്ന് ഫഹദ് ഫാസിൽ വീണ്ടും തെളിയിക്കുന്നു . ശ്രീനാഥ്‌ ഭാസിയും , ദിലീഷ് പോത്തനും ശരാശരിക്കും മേലെ നിലവാരം പുലർത്തിയപ്പോൾ സോളമനിൽ തുടങ്ങി സോളമനിൽ തന്നെ തന്നിലെ നടൻ വീരചരമം പ്രാപിക്കും എന്ന് ഗൗതം മേനോൻ തീരുമാനിച്ചു ഉറപ്പിച്ച പോലെ തോന്നി . തങ്ങളെ ഈ പണിക്കു കൊള്ളില്ലന്ന് പതിവുപോലെ നസ്രിയയും , പുതിയ സംഗീത സംവിധായകനും തെളിയിച്ചു. ഷൂട്ടിംഗ് നടക്കുന്നതിന്‍റെ തൊട്ടപ്പുറത്തെ പറമ്പില്‍ പശുവിനെ തീറ്റാന്‍ വന്നപ്പോ സമയം കൊല്ലാന്‍ വേണ്ടി അഭിനയിച്ചതാ എന്നമട്ടില്‍ പരിഗണിച്ചാല്‍ സൌബിനോടും ചെമ്പന്‍ വിനോദിനോടും സഹതാപം തോന്നെണ്ട കാര്യവുമില്ല .
ഏതൊരു സൃഷ്ടിയെയും പോലെ സിനിമയും അതിൽ തന്നെ ഒരിടം ആസ്വാദകനായി മാറ്റി വക്കുകയും അത് പ്രേക്ഷകനാൽ നികത്തപ്പെടുമ്പോഴുമാണ് സൃഷ്ടി ഏറെക്കുറെ പൂർണ്ണമായി എന്ന് പറയുക. ആ അർഥത്തിൽ ട്രാൻസ് വിജയിച്ചു എന്ന് പറയാനാകില്ലെങ്കിലും , കുരുടന്മാര്‍ സംസാരിക്കുന്നില്ല , ചെകിടന്മാര്‍ കാണുന്നില്ല , മുടന്തന്മാര്‍ കേൾക്കുന്നില്ല അനുഭവിച്ചറിയൂ ദൈവത്തിന്റെ അത്ഭുതങ്ങള്‍ എന്ന മട്ടിൽ വിശ്വാസത്തിന്റെ ചിന്താപരമായ ദഹനകേടുകൾ തുറന്നു കാട്ടാൻ തിരക്കഥാകൃത്ത് വിൻസന്റ് വടക്കൻ കാട്ടിയ ആർജ്ജവത്തെ അഭിനന്ദനിക്കാതിരിക്കാൻ കഴിയില്ല .

രവി ബിനുരാജ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!