ദാമ്പത്യത്തിന് ഓരോരോ കാരണങ്ങൾ

  ഇത് പൈങ്കിളിയായിട്ടുള്ള ഒന്നാണ്. ജീവിതമാകമാനം തന്നെ ഒരു പൈങ്കിളി ഭാഷ്യമാകുമ്പോൾ ഒരിക്കലെങ്ങാനും സംഭവിക്കുന്ന ജീവിത മുഹൂർത്തങ്ങൾ അങ്ങനെയാകുന്നതിൽ അത്ഭുതമൊന്നുമില്ല. പണ്ട് ഒളിവർ ഗോൾഡ്സ്മിത്ത് എഴുതിയ വാക്കുകൾ നോക്കാം. ‘ഞാൻ ഭാര്യയെ തിരഞ്ഞെടുത്തത്  അവൾ വിവാഹ വസ്ത്രങ്ങൾ തിരഞ്ഞെടുത്തത് പോലെ’ എന്നിങ്ങനെ.. ജീവിതപങ്കാളിയെ കണ്ടെത്തുന്നത് ഒരു പുസ്തകം കൈയ്യിൽ വന്നുപെടുന്നത് പോലെയാണെന്നും വരാം.  അതിന്റെ ആഴങ്ങൾ മനസ്സിലാക്കാൻ തുനിയാതെ, പുറമെ ഒന്നു നോക്കിയതിനു ശേഷം ‘ ഇറ്റ്സ് നോട്ട് വർത്ത്റീഡിംഗ്’ എന്നു പറഞ്ഞ് നാമതിനെ തിരസ്ക്കരിക്കുന്നു. ഏറെ വർഷങ്ങൾക്ക് ശേഷം വലിയ അർത്ഥവ്യാപ്തിയോടും ശബ്ദങ്ങളോടുംകൂടെ പുസ്തകം നമ്മിലേക്ക് തിരികെയെത്തുന്നു. ഖസാക്കിന്റെ ഇതിഹാസം പ്രസിദ്ധീകരിക്കപ്പെട്ടപ്പോൾ ‘ഇതിൽ വലിയ  പ്രതീക്ഷയൊന്നുമില്ലെന്ന്’ കരുതി തിരസ്ക്കരിച്ച വായനക്കാർ നിരവധിയുണ്ടാകാം. പിന്നെ ആഷാമേനോനൊക്ക പറഞ്ഞ് , ഖസാക്ക്, ഇന്നൊരു മാന്ത്രിക ഭൂമികയായി നമ്മുടെ  ഹൃദയങ്ങളിലെല്ലാം ചേക്കേറിയിരിക്കുന്നു. അപ്പോൾ അതാണ് കാര്യം.
   ഈ സഹസ്രാബ്ദത്തിന്റെ ആദ്യവർഷങ്ങളിലൊരിക്കൽ  അമ്മ എനിക്കെഴുതി :
” എന്റെ പ്രിയപ്പെട്ട ശങ്കൂ…” ( മലയാളിയുടെ ചടുലജീവിതത്തിലേക്കും ചിന്തകളിലേക്കുമെല്ലാം ഇന്റർനെറ്റും മൊബൈൽ ഫോണുമെല്ലാം  കടന്നുവന്ന കാലത്തും അമ്മ നീല ഇല്ലന്റുകളിൽ ഉരുട്ടി എഴുതി . ഒരു ഫോൺ കണക്ഷന് അപ്ലൈ ചെയ്ത് ഇവിടുത്തെ ലാൻഡ് ഫോണിലേക്ക് വിളിച്ചാൽ പോരെ എന്നു പറഞ്ഞാൽ അമ്മ പറയും’ എനിക്കെഴുതാനാണിഷ്ടം. ഞാനെഴുതുന്നതൊക്കെ നീ ഭദ്രമായി സൂക്ഷിക്കുന്നുണ്ടല്ലോല്ലേ. ഭാവിയിലേക്ക് കരുതി വയ്ക്കാനവയൊക്കെയെയുള്ളു’. ഫോൺകോളുകളൊക്കെ റിക്കോർഡ് ചെയ്ത് സൂക്ഷിക്കാനുള്ള ടെക്നോളജിയൊക്കെയുണ്ട് എന്നൊരിക്കൽ പറഞ്ഞപ്പോൾ അമ്മ പുഞ്ചിരിച്ചു. അതെ എല്ലാ അമ്മമാരും പഴമനസ്സുകളാണെന്നാണല്ലോ പൊതുവിശ്വാസം)
അപ്പോൾ ‘ പ്രിയപ്പെട്ട ശങ്കൂ’ അമ്മയെഴുതി:
‘ നീ നിറപറയ്ക്കുണ്ടാവില്ലേ? അടുത്ത തവണയിനി ആരോ ആരാരോ ( ജീവിതത്തിന്റെ ക്ഷണഭംഗുരതയെപ്പറ്റി പരാമർശിക്കാൻ അമ്മയുപയോഗിക്കുന്ന ഒരു പ്രയോഗമാണത്) കുഞ്ചാലത്തെ പോറ്റിമാമനും ചോദിച്ചു നീ വരില്ലേന്ന്. ലേഖയുടെ മോള് വീട്ടിലുള്ള കാര്യം ഞാൻ പറഞ്ഞില്ലെ. യാക്ള് കൊടുത്തില്ലേൽ പിന്നെ അതായി പരാതി. ഒരഞ്ചുകൂട്ടമെങ്കിലും വാങ്ങിക്കൊണ്ട് കൊടുത്തപ്പോൾ ആ ചടങ്ങ് കഴിഞ്ഞെന്നായി. വല്ല്യാമിക്കും നിന്നെപ്പറ്റിയെ പറച്ചിലുള്ളു. ഈ തൊണ്ണൂറ്റിമൂന്നിലും ഓടിച്ചാടി നടക്ക്ണു. പോരുമ്പോഴും അത് തന്നെ പറച്ചില്. നാട്ടീന്ന് വേണ്ടാച്ചാ വേണ്ടാ. ജോലി ചെയ്യുന്നിടെത്തെങ്കിലും ഒന്നിനെ കിട്ടില്ലേന്നാ  ചോദിക്ക്ണ്”.
വീട്ടുവിശേഷങ്ങൾ ഏതാനും വരികളിലൊതുക്കിയിട്ട്  ഇല്ലന്റിന്റെ ഹൃദയഭാഗം കുടുംബജീവിതത്തിന്റെ ധന്യതയെപ്പറ്റി മനസ്സിലാക്കി തരാൻ അമ്മ ഉപയോഗിക്കും. അവസാനം വയസ്സാകുമ്പോൾ ആരാണ്ടാകുക എന്ന ചോദ്യത്തോടെ അമ്മ ഉപസംഹരിക്കും. ‘ എന്ന് സ്നേഹത്തോടെ അമ്മ’ എല്ലാ ഇല്ലന്റുകളുടേയും താഴത്തെ അരിക് പറ്റിക്കിടക്കും.
‘ പ്രിയപ്പെട്ട അമ്മയ്ക്ക്..’  ഞാനും ഉശിരൊന്നും കുറയ്ക്കാതെ തിരിച്ചെഴുതും. ‘ മതത്തിനോടും ജാതിയോടുമെല്ലാം എനിക്ക് നിർവികാരത മാത്രമാണുള്ളതെന്ന് എത്രയോ തവണ പറഞ്ഞിരിക്കുന്നു. ഞാനൊരു പുസ്തകാരാധകനാണ്. എല്ലാ പുസ്തകവും എനിക്ക് വായിക്കാനിഷ്ടമാണ്. എന്റെ ജാതകമൊഴിച്ച്. ( ജാതകമെഴുതിയ നാരായണൻ കമ്മത്തിന് സാഹിത്യത്തിന്റെ ലേശം അസ്കിതയുള്ളതിനാൽ  എന്റെ ജാതകത്തിലെ ഭാഷയും കഥാപാത്ര ചിത്രീകരണവും ഗംഭീരമാണെന്നേ വായിച്ചവർക്കെല്ലാം പറയാനുള്ളു)
എഴുതിയെഴുതി അവസാനം ‘ അത്യാവശ്യ ഘട്ടത്തിൽ മാത്രമെ കല്യാണം പാടുള്ളു’ എന്ന സിദ്ധാന്തവുമായി ഞാൻ കത്തുകളെല്ലാം ചുരുക്കും.
കൗമാരകാലം മുതൽ ഞാൻ ഹേമന്തങ്ങളും ശിശിരങ്ങളും എണ്ണുമായിരുന്നു. കർക്കശക്കാരനായ അച്ഛനിൽ നിന്ന് ഞാൻ അനന്തരാവകാശമായി നേടിയ ഓരേയൊരു ശീലം അതായിരിക്കാം. സ്നേഹത്തിന്റെ മധുരിമ അറിഞ്ഞുതുടങ്ങിയ കാലത്ത് ഒരിക്കൽ ഞാൻ, അച്ഛനും അമ്മയും സ്നേഹവാക്കുകൾ പങ്കിടുന്നത് ഒളിച്ചിരുന്നു കേട്ടു.  ശിശിരത്തിൽ ഒരുമിച്ചിരുന്ന് നിലാവുകൾ ആസ്വദിക്കുന്നതിനെക്കുറിച്ചായിരുന്നു അമ്മ പറഞ്ഞത്. ആയിരം നിലാവുകൾ പങ്കിടണമെന്നോ മറ്റോ പറഞ്ഞപ്പോൾ അച്ഛൻ പുഞ്ചിരിച്ചു. അദ്ദേഹം മക്കളുടെ മുന്നിൽ ദേഷ്യക്കാരനായിരുന്നു. അച്ഛൻ സ്നേഹമെല്ലാം ഉള്ളിൽ കരുതിവയ്ക്കുകയാണെന്ന് അമ്മ ചിലപ്പോഴൊക്കെ പറഞ്ഞിരുന്നു. പക്ഷെ അമ്മയോടുള്ള സ്നേഹത്തിന്റെ  പത്തിലൊന്നുപോലും നമ്മളോടില്ലായെന്ന് ഞാൻ തെല്ലൊരു  ഈർഷ്യോടെ ഒളിച്ചിരുന്ന് ചിന്തിച്ചു. നിലാവ് ചോദിച്ചാൽ അച്ഛൻ ഒരു കൂവളത്തിന്റെ ഇലയിൽ ഒരു നുള്ള് പൊതിഞ്ഞുതരും. ഇത്യാദികാര്യങ്ങളിൽ അദ്ദേഹത്തിന്റെ പിശുക്കിനെപ്പറ്റി അങ്ങനെമാത്രമെ വർണ്ണിക്കാൻ കഴിയൂ.
കൗമാരത്തിനും മുൻപ് ഞാൻ മരം കയറിയും, അണ്ണാൻമാരെ ഓടിച്ചിട്ട് പിടിച്ചും, തേനീച്ചകളെ ശേഖരിച്ചും നടന്നു.  ഒരിക്കൽ വരാന്തയ്ക്കു മുന്നിൽ അസംഖ്യം തേനീച്ചകൾ വട്ടമിട്ട് പറക്കുന്നത് കണ്ടപ്പോൾ അച്ഛൻ ചോദിച്ചു:
” നീ തേനീച്ചകളെ ഉപദ്രവിച്ചൂല്ലേ. ഇനിയവ ഇവിടം ഉപേക്ഷിക്കില്ലേ. നീ ജനിക്കുന്നതിന് മുന്നേയുള്ള അതിഥികളാണവ”
ഞാൻ കുറച്ചുനേരം വിഷമിച്ച് നിന്നിട്ട് പറഞ്ഞു:
” റാണിയെ ഞാൻ തൊട്ടിട്ടില്ല. അച്ഛൻ വേണമെങ്കിൽ നോക്ക്. റാണി അവിടെത്തന്നെയുണ്ട്”
അത് കേട്ട് അമ്മ അച്ഛനെ ഇടങ്കണ്ണിട്ട് നോക്കിക്കൊണ്ട് ഏറെനേരം പൊട്ടിച്ചിരിച്ചു. ഞാനെന്തെങ്കിലും പറഞ്ഞ് അമ്മ അത്രയ്ക്ക് ചിരിക്കുന്നത് അപ്പോൾ മാത്രമായിരുന്നു. അച്ഛന്റെ കട്ടിമീശയ്ക്ക് കിഴെ ഗൗരവമുള്ളൊരു പുഞ്ചിരി നന്നായൊളിച്ചിരുന്നു.
ഏതാനും ഹേമന്തങ്ങൾകൂടി കഴിഞ്ഞ് അച്ഛൻ യാത്രയായി. അമ്മയും ഞാനും ചേട്ടനും ഒറ്റക്കായി. ഞാനൊരു മൗനിയായി കുറേ നാൾ നടന്നു. അമ്മയുടെ ഹൃദയത്തിലെവിടെയും നിലാവിന്റെ ഓർമ്മകൾ നിശബ്ദതയാർന്ന് കിടന്നു. തൊടിയിലും മാവിന്റെ തുഞ്ചത്തും അണ്ണാറക്കണ്ണൻമാർ ചിലച്ചു. വരാന്തയ്ക്കരികിലെ റാണി സായുധസേനയുമായി ജീവിച്ചു.
ഒരു പത്തൊൻപതു വയസ്സൊക്കെയായപ്പോൾ ഒരു ദിവസം ഞാൻ മുറ്റത്തെ ചെമ്പരത്തിയുടെ ചുവട്ടിൽ പൂവിന്റെ ദലങ്ങളിറുത്ത് കൊണ്ടിരുന്ന് ചിന്തിച്ചു.
‘ എങ്ങനെയാണ് ജീവിതത്തിൽ  വിജയമുണ്ടാകുന്നത്.?’
അങ്ങനെ ഞാൻ, കോളേജിൽ പഠിക്കുമ്പോൾ തന്നെയുള്ള അറിവും ലോകവിവരവും വച്ച് വൈകുന്നേരങ്ങളിൽ വാധ്യാർപണിക്ക് തുനിഞ്ഞിറങ്ങാമെന്ന് തീരുമാനിച്ചു.
” എടേ ഒരു കോളൊത്ത് വന്നിട്ടുണ്ട് ” ഒരു സുഹൃത്ത് പറഞ്ഞു. ” ഒരു കൊച്ചിനെ എബിസിഡി പഠിപ്പിക്കണം. വല്ല കാക്കേ കാക്കേ കൂടെവിടെയൊ മറ്റോ പാടിക്കൊടുക്കണം. പിന്നെ അല്ലറ ചില്ലറ ഡ്രോയിംഗ് , ചായമടി. അത്രേന്നേ. കൊച്ചിനിത്തിരി വാശിയുണ്ടെന്നേയുള്ളു. നീ ഒന്ന് നോക്ക്. നഷ്ടപ്പെടാനൊന്നുമില്ല”
അത് കേട്ടദിവസം വൈകുന്നേരം തന്നെ ഞാൻ ഏതാനും അക്ഷരമാലാ പുസ്തകങ്ങളും സഞ്ചിയിലാക്കി കുട്ടി താമസിക്കുന്ന ശാസ്തമംഗലത്തെ വാടക വീട്ടിലേക്ക് തിരിച്ചു. മഴയായിരുന്നു.  കുട്ടി പൂമുഖത്തിരുന്ന് ഓടുകളിൽ നിന്നും വീഴുന്ന മഴവെള്ളം കൈക്കുമ്പിളിൽ നിറച്ച് കളിക്കുകയായിരുന്നു. എന്നെക്കണ്ടതും എണീറ്റ് ഒന്നുരണ്ട് തവണ വട്ടം ചുറ്റിയതിന് ശേഷം  അകത്തേക്കോടി.
മഴയുടെ തണുപ്പിൽ ചൂടുചായ കുടിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ ഞാൻ  ചോദിച്ചു:
” മോളുടെ പേരെന്താ?”
കേട്ടതുഭാവിക്കാതെ  എന്തോ മൂളിക്കൊണ്ട് കുറച്ചുനേരം നിന്നതിന്  ശേഷം ” ക്കുരാക്കുരാക്കുരാക്കുരാ”  എന്ന് വിളിച്ചുകൊണ്ട് അവൾ അകത്തേക്കോടിപ്പോയി.
” രാക്കുവെന്നാ ഞങ്ങളെല്ലാം വിളിക്കുന്നേ. ഭൂമി രഘുനാഥൻ എന്നാ ശരിക്കും” അമ്മ പറഞ്ഞു.
രണ്ട് ദിവസം കഴിഞ്ഞ് സുഹൃത്തിനെക്കണ്ടപ്പോൾ ഞാൻ പറഞ്ഞു:
” എടേ ആകെ പൊല്ലാപ്പായല്ലോ. ആ കൊച്ച് ഒരുവക ശ്രദ്ധിക്കുന്നില്ല”
” ഹിഹി അതല്ലേ നിന്നെ അയച്ചത്. വാര്യര് ചെന്ന് നസ്രാണിച്ചിയെ കെട്ടിയാ ഏതെങ്കിലും ദൈവം കൂട്ടിന് വരോ. പോട്ടെ ഏതെങ്കിലും ദൈവം വെറുതെ വിടോ. ആറ്റുനോറ്റിര്ന്നുണ്ടായ കൊച്ചിന് സൂക്കേട്. ഓട്ടിസമാണെന്നാ അങ്ങേര്ടെ ബന്ധുക്കളെല്ലാം പറയണത്. ഏതായാലും നീ നാല് കാശുണ്ടാക്കിയിട്ടങ്ങ് വിട്ട് കള”
കുട്ടിയെ അക്ഷരമാല പഠിപ്പിക്കാൻ നടത്തിയ ശ്രമമൊന്നും വിജയിച്ചില്ല. കുറച്ചുസമയം ബുക്കിൽ ഒന്നോ രണ്ടോ അക്ഷരങ്ങൾ വരച്ചതിന് ശേഷം അവൾ മുറിക്ക് ചുറ്റും ഓടി നടക്കും. എന്നിട്ട് ക്രയോണെടുത്ത് ചുമരിലെന്തെങ്കിലും വരയ്ക്കും. ക്ലാസ്സ് മുടങ്ങാതിരിക്കാൻ ചിത്രം വരപ്പിലോട്ട് തിരിയാമെന്ന് ഞാൻ വിചാരിച്ചു.
ഒരിക്കൽ രഘുനാഥൻ സാർ പറഞ്ഞു:
” അവൾക്ക് നല്ല കഴിവുണ്ട്. പിടിച്ചിരുത്താൻ ബുദ്ധിമുട്ടാണെന്നെയുള്ളു. അല്ലാതെ ആൾക്കാർ പറയുന്നത് പോലെ…… അവർക്കെന്തും പറയാമല്ലോ. നല്ലൊരു അദ്ധ്യാപകനെക്കിട്ടിയാൽ നൃത്തം പഠിപ്പിക്കണമെന്നുണ്ടെനിക്ക് “
ചിത്രങ്ങൾ വരയ്ക്കാൻ കൊടുക്കുന്നത് ഈയവസരത്തിൽ നല്ലതാണെന്ന് എനിക്ക് ബോദ്ധ്യപ്പെട്ടു.
” നീലാകാശത്തിന്റെ നിറം ഇളം നീലയാണ്. പച്ചയല്ല. അതുപോലെ ജമന്തിപ്പൂവിന് മഞ്ഞയാണ് നൽകേണ്ടത്. വയലറ്റല്ല”
അവൾ അതൊന്നും കേട്ടതായി ഭാവിച്ചില്ല. ഒരുനാളൊരു തേനീച്ചയെ വരച്ചു. കുട്ടിക്കാലം മുഴുവനും തേനീച്ചകളോട് സഹവസിച്ച എനിക്ക് അപ്പോൾ മാത്രം ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല.
” ഇത് തേനീച്ചയല്ല. ഹെലികോപ്ടറാണ്. ഇനി ഹെലികോപ്ടർ വരയ്ക്കൂ. അപ്പോൾ ശരിയായേക്കും”
അടുത്ത നിമിഷം തന്നെ കുട്ടിയുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി. ഡിഗ്രിക്ക് മാക്ബത്ത് പഠിക്കുന്ന ആവേശത്തിൽ ഞാൻ സ്വയം ചോദിച്ചു:
” ദൈവമേ ഈ കൊച്ചിനിത്ര കണ്ണീരുണ്ടായിരിക്കുമെന്ന് ആര് നിരൂപിച്ചു?”
ട്യൂഷൻ നിർത്തലാക്കുമോ എന്ന ഭയത്താൽ ഞാൻ പെട്ടെന്ന് തന്നെ അടുത്ത് കിടന്ന ഒരു നോട്ട് പുസ്തകമെടുത്ത് ഒരു ഫ്ലിപ്ബുക്ക് ഉണ്ടാക്കി കാണിച്ചു. അതു ഫലിച്ചു. പേജുകൾ ഓടിക്കുമ്പോൾ അതിൽ വരച്ച മനുഷ്യൻ  മുന്നോട്ട് നടക്കുന്നത് കണ്ട് കൊച്ച് കരച്ചിൽ നിർത്തി. അടുത്ത ക്ലാസ്സിൽ തന്നെ ഞാൻ , പണ്ട് സമ്മാനമായി കിട്ടിയ ഒരു ഫ്ലിപ്ബുക്കും– പൊൻമാൻ പറന്ന് വന്ന് മീൻ കൊത്തുന്നത്- ഞാനുണ്ടാക്കിയ ഒരെണ്ണവും– കുട്ടി കല്ലെറിഞ്ഞ് മാമ്പഴം വീഴ്ത്തുന്നത്– കൊണ്ടു വന്ന് കൊടുത്തു. അവൾ കൗതുകത്തോടെ പേജുകൾ ഓടിച്ചുകൊണ്ടിരുന്നു. അങ്ങനെ കുറേ ക്ലാസ്സുകൾ പടം വരപ്പും , ഫ്ലിപ്പ്ബുക്ക് നിർമ്മാണവുമായി മുന്നോട്ട് പോയി. എന്നാൽ ആ വർഷം ഡിസംബറിനപ്പുറം പോയില്ല.
” ജനുവരിയിൽ ഞങ്ങളിവിടെ നിന്ന് പോവുകയാണ്.”  രഘുനാഥൻ സാർ പറഞ്ഞു.
” എവിടേക്ക്?”
” അറിയില്ല. ഞങ്ങൾക്കൊരു മാറ്റം വേണമെന്നുണ്ട് “
പോകാൻ നേരത്ത് ഫീസിനോടൊപ്പം ഒരഞ്ഞുറിന്റെ നോട്ടും പോക്കറ്റിൽ വച്ചുതന്നിട്ടദ്ദേഹം പറഞ്ഞു:
” ഡിഗ്രി കഴിഞ്ഞ് ടെസ്റ്റുകളൊക്കെ എഴുതാൻ തുടങ്ങണം. . ഭാഗ്യമുണ്ടെങ്കിൽ ഇനിയും കാണാം”
ഞാൻ കുറച്ചുകാലം കൂടി ൠതുക്കൾ എണ്ണി നടന്നതിന് ശേഷം ടെസ്റ്റെഴുതി ഒരു ബാങ്കിൽ കയറി.
 ഔറംഗബാദ് ഒരു ഉറക്കം തൂങ്ങി നഗരമാണ്. ബോംബുകളും സ്പർദ്ധയും വർഷിക്കപ്പെടുന്ന കലുഷിത നഗരങ്ങളെ തഴുകുന്ന അതേ നനുത്ത നിലാവും പോക്കുവെയിലും തന്നെ ഇവിടെ, ഞങ്ങളുടെ ശാന്തമായ ദിനങ്ങളെയും സ്പർശിക്കുന്നു എന്ന് ചിന്തിക്കുമ്പോൾ അത്ഭുതം തോന്നുന്നു….
പിന്നീടൊരിക്കൽ അമ്മയെഴുതി:
  ‘പതിന്നാല് വർഷത്തിന്റെ വ്യത്യാസമൊക്കെ ഇക്കാലത്ത് ആരാ നോക്ക്ണ്. മനസ്സിനൊരുമയുണ്ടാച്ചാ അതേന്നേ വല്യത്. വല്യാമിക്കും കേട്ടപ്പോൾ സന്തോഷം. പതിന്നാലിന്റെ കാര്യം പറഞ്ഞപ്പോൾ രാമൻ വനവാസത്തിന് പോയ കാലോല്ല്യേള്ളു എന്നും പറഞ്ഞ് ചിരിയായി. നോക്ക് അവര്ടെ ബുദ്ധിയും ഓർമ്മയും എത്രക്കുണ്ടെന്ന്! എന്നാലും ശങ്കൂ നീ ഒരു വാക്ക് പറഞ്ഞില്ലല്ലോടാ. ആ കുട്ടി എഴുതി വേണോ ഞാനറിയാൻ. ഒന്നല്ല രണ്ടെഴുത്തുകൾ. നീയെങ്ങോ ടൂർ പോണ കാര്യം എഴുതീരിക്കുന്നു. പറ്റുമെങ്കിൽ വരാം. നിനക്കറിയാമല്ലോ ഈ വീടേ ശരണം എന്നും പറഞ്ഞ് ഞാൻ കഴിയുന്നത്. പുറത്തിറങ്ങാൻ തന്നെ മടിയായിരിക്കുന്നു. പിന്നെ ഈ വാതത്തിന്റെ കാര്യം. നിശ്ചയമില്ലാ എന്ന് പറയൂ. പിന്നെയെല്ലാം ദൈവേച്ഛപോലെ വരട്ടെ. എന്ന് സ്വന്തം അമ്മ.’
നോക്കണെ ഭാഗധേയത്തിന്റെ സങ്കീർണ്ണത! കാലത്തിന്റെ വികൂതികാട്ടൽ. ഔറംഗബാദിനെപ്പറ്റിയുള്ള വരികളും അമ്മയ്ക്കുള്ള കത്തുകളും എഴുതിയത് ആരാണെന്നാണ് വിചാരം. രാക്കു തന്നെ. അല്ലാതാരാണ്!
നോക്കൂ എത്രയോ വർഷങ്ങൾ ഞാൻ ഔറംഗബാദിൽ താമസിച്ചു( എനിക്ക് തൊണ്ണൂറ്റിയേഴിൽ സ്ഥലം മാറ്റം കിട്ടി) . വ്യത്യസ്ത സമുദായങ്ങൾ തിങ്ങിപ്പാർക്കുന്ന ആ നഗരത്തിലൂടെ നടക്കുമ്പോൾ എന്തുകൊണ്ട് ഒരു മലയാളിയേയും ഞാനവിടെ തിരഞ്ഞില്ലാ എന്ന് പിന്നീടൊക്കെ ആലോചിച്ചു നോക്കിയിട്ടുണ്ട്. വളരെ യാദൃശ്ചികം എന്നല്ലാതെ വേറെന്ത് പറയാൻ. ഹോളി ദിനത്തിൽ ഉഷസ് പിച്ചകപൂക്കൾ പോലെ മനോഹരമായിരുന്നു. നിരത്തിൽ കുട്ടികൾ നിറങ്ങൾ കൊണ്ട് കളിക്കുന്നു. റോഡ് കടന്ന് ഒരു പെൺകുട്ടിയും സ്ത്രീയും അടുത്തേക്ക് വന്നു.
” അമ്മേ ദേ നോക്ക് ശങ്കുസാർ”
എനിക്കും അവർക്കും അത്ഭുതം മാറിയിട്ടുണ്ടായിരുന്നില്ല. യാദൃശ്ചികത മാത്രമായിരുന്നില്ല എനിക്കത്ഭുതം. ഓട്ടിസ്റ്റിക്കാണെന്ന് പറഞ്ഞിരുന്ന ഈ പെൺകുട്ടി എത്ര മാറിയിരിക്കുന്നു! മനോഹരമായ ചുരുളുകളിൽ  അവസാനിച്ച ഇടതൂർന്ന നീണ്ട മുടിയിൽ നീലയും പച്ചയും പറ്റിയിരിക്കുന്നു. മകളും അമ്മയും ഹോളിയാഘോഷം കഴിഞ്ഞുള്ള വരവാണ്. മുഴുക്കൈയ്യോടുകൂടിയ ചുവന്ന സൽവാറും കമ്മീസും. പൗർണ്ണമി രാവുകൾ സമ്മാനിക്കുന്ന കൺനീല. മൂക്കുത്തിയുടെ തിളക്കം. ചുവന്നു തുടുത്ത കവിളുകളിൽ മുഖക്കുരു പാറിക്കിടക്കുന്നു. നനവുള്ള മനോഹരമായ ചുണ്ടുകൾ. കൊതിപ്പിക്കുന്ന ദന്തനിര. പുരുഷ ഹൃദയങ്ങളെ ശോകാദ്രമാക്കുന്ന പുഞ്ചിരി. ഞാനെണ്ണാതെ വിട്ട എത്രയോ വസന്തങ്ങളും ഗ്രീഷ്മങ്ങളും അവളിൽ ഉറങ്ങിക്കിടക്കുന്നു.
” സാറെവിടെ?” ഞാൻ ചോദിച്ചു.
അമ്മയും മകളും പരസ്പരം നോക്കി തലകുനിച്ച് നിന്നു.
” പോയി” മകൾ പറഞ്ഞു ” നാലുവർഷമായി. അറ്റാക്കായിരുന്നു”
    വർഷങ്ങൾക്ക് ശേഷം പ്രസിദ്ധീകരിച്ച ‘ശിശിരകാല വചനങ്ങൾ’ ( Winter Disclosure)  എന്ന കവിതാ സമാഹാരത്തിലെ ഒരു കവിതയിൽ നിന്നുള്ള വരികളാണ് ഔറംഗബാദിനെ പറ്റിയുള്ളത്. ( ഞാനൊരു നല്ല വിവർത്തകനല്ലായെന്ന് ആദ്യമെ പറഞ്ഞുകൊള്ളട്ടെ) . ഞങ്ങൾ സംഘടിപ്പിച്ച ചെറിയൊരു സാഹിത്യ സായാഹ്നത്തിലേക്ക് ഗിരീഷ് കർണാടിനെ അതിഥിയായി ക്ഷണിച്ചു. അദ്ദേഹം  അത് സ്വീകരിക്കുകയും ചെയ്തു. പിന്നീടൊരിക്കൽ വീട്ടിൽ പോയപ്പോൾ ഞങ്ങൾ നീട്ടിയ ഓട്ടോഗ്രാഫിൽ അദ്ദേഹം എഴുതി:
” ഭൂമി ജയശങ്കർ സംഘടിത ചിന്തകളുടെ എഴുത്തുകാരി. കാലത്തിന്റെ സുഗന്ധവും കാമനകളുടെ തിളക്കവും കവിതകളിൽ എന്നെന്നുമുണ്ടാകട്ടെ”
‘ശിശിരകാല വചനങ്ങളി’ലെ  ഒൻപതോളം കവിതകളും മൂന്ന് ഗീതകങ്ങളും ലൈംഗീകത നിറഞ്ഞു നിൽക്കുന്നവയാണ്. ‘ആമ്പൽപ്പൂ നിമിഷങ്ങൾ'(Lily days) എന്ന കവിത ഞങ്ങളുടെ മധുവിധുകാലത്തെ കുറിച്ചുള്ളതാണ്. നാട്ടിലെ ആമ്പൽക്കുളത്തിനെക്കുറിച്ച്  പറഞ്ഞപ്പോൾ  നിലാവെളിച്ചത്തിൽ , നഗ്നരായി കുളത്തിലേക്ക് നടന്ന് ചെന്ന് നീന്തുന്നതിനെക്കുറിച്ച് അവൾ പറഞ്ഞിരുന്നു. (കവിതയും യാഥാർത്ഥ്യവും തമ്മിൽ കുറച്ചൊക്കെ വ്യത്യാസമുണ്ടാകുമെന്നറിയാമല്ലോ. എനിക്ക് നീന്തലറിയാത്തതിനാൽ ഒരു പരിഭവത്തിലാണ് ആ സംരംഭം അവസാനിച്ചത്) ‘വർഷതാളം’ (Rain and it’s Sprung Rhythm) എന്ന കവിത , മഴ, താളം കൊട്ടുമ്പോൾ ചെമ്മൺ ചേറിൽ കെട്ടുപിണഞ്ഞുകിടന്ന് രതി ആസ്വദിക്കുന്നതിനെക്കുറിച്ചാണ്. ‘നിംഫെമേന്യാ’ എന്ന രചന , ഏതൊരു പെണ്ണിന്റേയും കാമനകളിൽ ഉറങ്ങിക്കിടക്കുന്ന, അവൾ ആസ്വദിക്കാനാഗ്രഹിക്കുന്ന ‘ഡേർട്ടി സ്റ്റഫ്സി’നെ  കുറിച്ചുള്ളതാണ് . എല്ലോറാ ജീവികൾ( Ellora Elves) എന്ന രചനയിൽ രാഷ്ട്രീയ സ്വരമുണ്ട്.( കാലോചിതമായി പരിഷ്ക്കരിക്കപ്പെട്ട മാർക്സിയൻ ചിന്താഗതികളോട് അവൾക്ക് ഏറെ ആഭിമുഖ്യമെണ്ടെന്നാണ് എന്റെ നിഗമനം) എന്നാൽ ആ സമാഹാരത്തിലെ എനിക്കേറെ ഇഷ്ടപ്പെട്ട കവിത ‘ ശിലാപദങ്ങൾ'(Basalt verses) ആണ്. നദീതട സംസ്കാരത്തിൽ ഒരു നടകല്ലായി ഉപയോഗിക്കപ്പെട്ടിരുന്ന ശില ആയിരക്കണക്കിന് വർഷങ്ങൾക്ക് ശേഷം ഒരു വിഗ്രഹമായി മാറുന്നു. ആ രചനയിലെ കുട്ടിത്തം നിറഞ്ഞ– എന്നാൽ ആഴമേറിയത്– വരികൾ എന്നെ ശരിക്കും ആകർഷിച്ചിട്ടുണ്ട്.
” തൊടിയിൽ കാക്കേ കാക്കേ എന്ന് ചോദിച്ചു നടന്നു,
പിന്നെ ൠതുക്കൾ പലവിധമങ്ങ് പോയപ്പോൾ ഞാൻ
ഹരിദ്വാറിലേക്ക് നടന്നു.
‘ ശിലയേ ശിലയേ നീ എവിടെ നിന്ന് വരുന്നൂ?’
‘മോഹൻജോദാരോയിൽ നിന്ന്,
വിളിയും വെളിച്ചവും മടുത്തിരിക്കുന്നു,
എനിക്ക് ശൂന്യതയും മൗനവും ദാഹിക്കുന്നു”
  ഗിരീഷ് കർണാട് പറഞ്ഞതുപോലെ  കാലത്തിന്റെ സുഗന്ധം കവിതകളിൽ തങ്ങി നിൽക്കുന്നു. എന്നാൽ അവയുടെ ചാരുത അതേ കാലത്തിന്റെ തന്നെ ക്രമമില്ലായ്മയിലാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. സമാഹാരങ്ങൾ പലതും പിന്നിടുമ്പോൾ നമുക്ക് തോന്നും ചിന്തകളെല്ലാം അനുരഞ്ജനത്തിനായി സ്വയവേ ശ്രമിച്ചുകൊണ്ടിരിക്കുന്നു എന്ന്. അതിൽ ഏറ്റവും പ്രധാനമായിട്ടുള്ളത്  സ്നേഹവായ്പുകളെ കുറിച്ചുള്ള മനുഷ്യന്റെ ചിന്തകളാണ്. ദൃഢതയുള്ള സ്നേഹത്തിൽ വിട്ടുവീഴ്ചയെന്ന സൂത്രവാക്യമല്ലാതെ പിന്നെയെന്താണുള്ളത്?
ഹോളികഴിഞ്ഞ് ഞാൻ രാക്കുവിന്റെ വീട്ടിൽ ഒരു നിത്യസന്ദർശകനായി തീർന്നതിന് ശേഷം, ഒരിക്കൽ അവളുടെ അമ്മ പറഞ്ഞു:
 ” എല്ലാത്തിനും ദൈവം സാക്ഷി. രഘുവേട്ടൻ പോയപ്പോൾ ആരുമുണ്ടായിരുന്നില്ല.  ഞാൻ ഫോൺ വിളിച്ച് പറഞ്ഞതാണ് രണ്ട് വീട്ടുകാരേയൂം. പക്ഷേ.. എല്ലാവർക്കും ഞങ്ങളെ പഴിക്കാനും അവളെ രോഗിയാക്കാനുമായിരുന്നല്ലോ ആഗ്രഹം. ഉള്ളു നീറി പ്രാർത്ഥിച്ചാൽ കണ്ണുതുറക്കാത്ത ഏത് ദൈവമാണുള്ളത്? പത്ത് വയസ്സ് കഴിഞ്ഞപ്പോഴേക്കും അച്ഛനുപോലും വിശ്വാസം വരാത്തവണ്ണം മകൾ മാറി. വികൃതിത്തരവും കുസൃതിയൊന്നുമില്ലാണ്ടായി. എന്തത്ഭുതം നടന്നൂന്നറിയില്ല. പഠിപ്പിൽ മാത്രമായി ശ്രദ്ധ. അദ്ദേഹം മരിച്ചപ്പോൾ കമ്പനിയുടെ മേധാവി വന്നിരുന്നു. ഡിഗ്രികഴിഞ്ഞാലുടനെ ജോലി തരാമെന്നും പറഞ്ഞു. ഇപ്പോൾ നോക്കൂ എത്ര പക്വതയോടാണവൾ എന്നെ നോക്കുന്നത്. ആരുമില്ലാത്തവരെ ഒരു ദൈവവും കൈവടിയില്ലാ. അതാണെന്റെ സാക്ഷ്യം”
ഞാൻ മേശപ്പുറത്ത് കിടന്നിരുന്ന മാഗസിനെടുത്ത് മറിച്ച് നോക്കി കൊണ്ടിരുന്നു.
” ശങ്കുസാറിന് വായിക്കണമെന്നുണ്ടെങ്കിൽ ആ വടക്കേ മുറിയിലേക്ക് പൊയ്ക്കൊള്ളൂ. പണ്ട് രഘുവേട്ടൻ വായിക്കാനുപയോഗിച്ചിരുന്ന സ്റ്റഡി റൂമാണ്. കുറേ പുസ്തകങ്ങൾ കാണണം. നല്ല വെളിച്ചവുമുണ്ട്”.
അങ്ങനെ ഞാൻ, വരുമ്പോഴൊക്കെ ആ മുറിയിലേക്ക് കടന്ന്, ഒരു പുസ്തകമെടുത്ത് തുറന്ന്, കാലിന്മേൽ കാല് വച്ച് ഒരദ്ധ്യാപകന്റെ ഗൗരവത്തോടെ ഇരിക്കുക പതിവാക്കി.
തെളിമയാർന്ന ഉച്ചകൾ. ഊഷ്വരമായ പോക്കുവെയിൽ കടന്നെത്തുന്ന അപരാഹ്നങ്ങൾ. പുസ്തക അലമാരയുടെ അടുത്തുള്ള ജനലഴികളിൽ പച്ചപ്പോടെ പടർന്നു നിൽക്കുന്ന മുല്ല. അതിപ്പോൾ മൊട്ടിടാനും തുടങ്ങിയിട്ടുണ്ട്. പകൽസമയങ്ങളിൽ മരച്ചില്ലകളിൽ വന്നിരുന്ന് ചൂളമടിക്കുന്ന ചെഞ്ചിലപ്പൻ പക്ഷികൾ. ജാലകത്തിനപ്പുറം മഞ്ഞ പുതച്ചു നിൽക്കുന്ന കണിക്കൊന്ന. എല്ലാത്തിനും പുറമേ മുന്നിലിരിക്കുന്ന തവിട്ടുനിറമുള്ള ചെമ്പുഗ്ലാസ്സിലെ  ഏലക്കായിട്ട ചായയുടെ സുഗന്ധം ( ഏലക്കാചായയോട് എന്നും ഹരമായിരുന്നു. വർഷങ്ങൾക്ക് ശേഷം ഭാര്യ, എന്തോ പുതിയ കാര്യം കണ്ടെത്തിയ ഭാവത്തോടെ പറഞ്ഞു: ” ശങ്കുസാറിന് പ്രിയം ചായയോടല്ല. അതിന്റെ ഗന്ധത്തോടാണ് “. ശരിയായിരിക്കാം)
ആ മുറിയിൽ , പുസ്തകവും പിടിച്ച് താടിക്ക് കൈയ്യും കൊടുത്തിരിക്കുന്നതിനിടയിൽ, രാക്കു എത്രയോ തവണ, കുടിക്കാതെ വച്ചിരിക്കുന്ന ചായ തിളപ്പിച്ചുകൊണ്ട് വച്ചിരിക്കുന്നു. മൂന്നോ അതിലധികമോ തവണ.
കുറച്ചുനാൾ കൊണ്ട് ആ അന്തരീക്ഷമൊക്കെ പഴകിയതിന് ശേഷം, ദീർഘമായ വായനകൾ ചിലപ്പോഴെല്ലാം വിരസമായി തോന്നിയപ്പോൾ  ഞാൻ ചില തമാശകൾ പറയാൻ തുടങ്ങി. രാക്കുവിനെ ശുണ്ഠിപിടിപ്പിക്കുമ്പോൾ അവളുടെ നാസിക വിടരുന്നതും, ദീർഘമായ നിശ്വാസവും, ചടുലമായ നീക്കങ്ങളും കാണുന്നത് , പുസ്തക വായനയെക്കാളും ആസ്വാദ്യകരമായി തോന്നി എന്നതാണ് കാരണം.
” ഇപ്പോഴും വരയ്ക്കാറുണ്ടോ? ഇന്നെന്തേലും വരച്ചോ? ” ഞാൻ ചോദിക്കും ” പണ്ടൊക്കെ രാക്കു ഒരു നായയെ വരച്ചാൽ കരിമ്പൂച്ചയെ കണ്ട പ്രതീതിയാണ് “
 ഒരു കടുത്ത നോട്ടമെറിഞ്ഞ് അവൾ ജനാലക്കരികിലേക്ക് ചെന്ന് പുറത്തേക്ക് നോക്കി നിൽക്കും. കുറേക്കഴിഞ്ഞ് പറയും :
“എന്റെ നായ്ക്കൾ തൽക്കാലം അങ്ങനെയാണ്. ശങ്കുസാർ ചായകുടിക്കണം. ഇല്ലെങ്കിൽ രണ്ട് മിനിട്ടു കഴിയുമ്പോൾ ഞാൻ എടുത്ത് വീണ്ടും തിളപ്പിച്ച് കൊണ്ടു വയ്ക്കാം”.
ഇത് എന്തു തരം പെൺകുട്ടിയാണ്. ‘ സ്ത്രീ ഉത്തരം കാണാത്ത പ്രശ്നമാണെന്ന് എഴുതി പിടിച്ചവനെ എനിക്കൊന്ന് കാണണം’ എന്ന് എംടിയുടെ ഏതോ കഥയിൽ വായിച്ചതോർത്തു.
ഒരിക്കൽ ഞാൻ പറഞ്ഞു: ” രാക്കു പണ്ട് വലിയ വികൃതിയായിരുന്നു. ഒരിടത്ത് പിടിച്ചിരുത്തിയാലിരിക്കില്ല”
” ആണോ? എന്നാൽ  ശങ്കുസാർ കേട്ടോളൂ, ഇപ്പോഴും ഞാനങ്ങനെ തന്നെ. എന്താ മാറണമെന്നുണ്ടോ?”
മേശപ്പുറത്ത്  പണ്ടെങ്ങോ എഴുതിയിട്ട സിനിമാഗാനം.
” Vysakha pournamiyo,
 Nilayude chengilayo,
 Aro paadum sringara
 padhamo,
 Kokila koojanamo..”
” മലയാളം എഴുതാനറിയില്ലേ?”
” അറിയും. അച്ഛൻ പഠിപ്പിച്ചു. സൗകര്യത്തിന് അങ്ങനെ എഴുതിയെന്നേയുള്ളു”
മുഖത്തെ കോപത്തിന് വല്ലാത്തൊരു ഭംഗിയുണ്ടെന്ന് വന്നപ്പോൾ ഞാൻ സംസാരങ്ങളെല്ലാം വഴിതിരിച്ച്  കുട്ടിക്കാലത്തെ കുസൃതിയിലേക്ക് വിട്ടു.
” ഇപ്പോൾ മുഖം കാണാൻ നല്ല ഭംഗിയുണ്ട്”
ഉള്ളിലിരിപ്പ്  മനസ്സിലായിട്ടെന്നപോലെ ശോകഭാവത്തിലൊന്ന് നെറ്റിചുളിച്ച് നോക്കിയിട്ട് രാക്കു  പറഞ്ഞു:
“ആയിരിക്കാം , അല്ലായിരിക്കാം.. “
ഞാൻ വിഷയം മാറ്റാനായി പുറത്തേക്ക് നോക്കിക്കൊണ്ടിരുന്നു.
” എന്തുമാത്രം കൊന്നപ്പൂക്കളാണ് ഇക്കൊല്ലം.രാക്കു പണ്ട് വരച്ച മഞ്ഞക്കടൽ പോലെ.”
വലിയൊരു നിശ്വാസത്തോടെ ‘ബാബ്ബരേ’ എന്ന് പിറുപിറുത്തുകൊണ്ട്  അവൾ ചായഗ്ലാസ്സും കൊണ്ട് പോയി. അത് വീണ്ടും തിളപ്പിച്ചുകൊണ്ട് വച്ചശേഷം അലമാര തുറന്ന് ഒരു തുകൽ ബാഗെടുത്തു തുറന്നു.
” ശങ്കുസാർ ഇത്ര ആയാസപ്പെട്ട് ഒന്നും ഓർമ്മപ്പെടുത്തേണ്ടതില്ല. എനിക്കോർമ്മയുണ്ട്. നോക്കൂ എല്ലാം ഇതിനകത്തുണ്ട്. വരച്ചതും വരയ്ക്കാത്തതുമെല്ലാം”
മഞ്ഞക്കടൽ, ഒരു ചിറക് വലുതായപ്പോയ പൂമ്പാറ്റ, കണ്ണുനീർ വീണ് മാഞ്ഞ തേനീച്ച, ഞാൻ സമ്മാനിച്ച ഫ്ലിപ്പ്ബുക്കുകൾ. എല്ലാം അവൾ സൂക്ഷിച്ചിരിക്കുന്നു.
ഒരുവേള പുരുഷൻമാരും കുറച്ചുസമയത്തേക്ക് മൗനികളായിത്തീരുന്നു. എംടിയോട് പൂർണ്ണമായി യോജിക്കാനാവില്ല. ചില പെൺകുട്ടികൾക്ക് രഹസ്യങ്ങൾ സൂക്ഷിക്കാനുള്ള കഴിവുണ്ട്. അവരാണീ അത്ഭുതങ്ങൾ സമ്മാനിച്ചുകൂട്ടുന്നത്.
” ഒഴിവുള്ളപ്പോൾ വായിക്കാനോ എഴുതാനോ ഒന്നും ശ്രമിക്കാറില്ലേ?  എന്നോ ഒരിക്കൽ ഞാൻ ചോദിച്ചു.
”  ലോകത്തോട് എന്തെങ്കിലും പറയാനുണ്ടെന്നൊക്കെ തോന്നട്ടെ. അപ്പോൾ എഴുതാം”
” ലോകത്തെ സ്നേഹിക്കാൻ തുടങ്ങിയാൽ പറയാനുമെന്തെങ്കിലുമൊക്കെ കാണും”
” മനുഷ്യരാശിയെ മുഴുവനായും സ്നേഹിക്കാൻ കഴിയും ശങ്കുസാർ. ഒരു വ്യക്തിയെ സ്നേഹിക്കാനാണ് പാട്”
എവിടുന്ന് കിട്ടി ഈ സിദ്ധാന്തം എന്ന ചോദ്യമാണ് എന്റെ മൗനത്തിലുള്ളതെന്ന് കണ്ടപ്പോൾ രാക്കു പറഞ്ഞു:
” ഞാൻ നിർമ്മിച്ചതൊന്നുമല്ല. ബ്രദേഴ്സ് കാരമസോവിലുള്ളതാണ്”
ഹൃദയത്തിലൊരു ഉള്ളിടിവെട്ടി. ദൈവമേ അവൾ ഡോസ്റ്റോവിസ്കിയെ വായിച്ചിരിക്കുന്നു! ഇനി ആരെ വായിച്ചിട്ടുണ്ടാവില്ലാ?
ക്ലാസ്സിലെ പെൺകുട്ടികളെയെല്ലാമങ്ങ് സ്നേഹിച്ചോളാൻ വയ്യെന്ന ധീരഹൃദയവുമായി നടന്നിരുന്ന കോളേജ് പഠനകാലത്ത് വായിച്ചുകൂട്ടിയ പുസ്തകങ്ങളിലൊന്നിൽ, സിൽവിയാ പ്ലാത്തിന്റേയും കവിയായ ടെഡ് ഹ്യൂസിന്റേയും ആദ്യകാല ജീവിതത്തെപ്പറ്റി പ്രതിപാദിച്ചിരുന്നതോർത്തു. അതിൽ  ആരേയുംപെട്ടെന്നാകർഷിക്കുന്ന  ഒരു വരിയുണ്ടായിരുന്നു– ഇപ്പോൾ ശരിക്കോർക്കുന്നില്ല–  the more you make her angry, the deeper she falls in love with you എന്നോമറ്റോ . അതിലെ സത്യം  അന്നെത്ര  വിദൂരമായിരുന്നു! ഉദാസീനതയോടെ പറഞ്ഞ ഒരു വാക്കിന്റെ പൊരുൾ എത്ര വർഷങ്ങൾ ജീവിച്ചാലാണ് മനസ്സിലാകുന്നത്. ചില പെൺകുട്ടികളെ ശുണ്ഠിപിടിപ്പിച്ചാൽ  അവർ നിങ്ങളുടെ ഹൃദയങ്ങളിലേക്ക് കാലിടറി വീഴുമെന്നത് അന്ന്  വായിച്ച ആയിരക്കണക്കിന് വരികളിലൊന്നു മാത്രമായിരുന്നു.
ഭാര്യ വിവാഹത്തിന് മുൻപ് സമ്മാനിച്ച അത്ഭുതങ്ങളിൽ ചിലത് ഇവയാണ്.
1. സ്വാതിതിരുനാളിന്റെ   തില്ലാന ടേപ്പ്റിക്കോർഡറിൽ കേൾപ്പിച്ചുകൊണ്ട് ചിലങ്ക കെട്ടി എനിക്ക് വേണ്ടി നൃത്തം അവതരിപ്പിച്ചു.
2. എന്റെ  പഴ്സിൽനിന്ന് ഞാനറിയാതെ മേൽവിലാസം സംഘടിപ്പിച്ച് അമ്മയ്ക്കെഴുതി.
‘ പ്രിയപ്പെട്ട ശങ്കുസാറിന്റെ അമ്മയ്ക്ക്,
പിടിതരാതെ നടന്ന മകനെ പിടിച്ചു കെട്ടിയിട്ടുണ്ട്. ഇത്രടം വരെ വന്നാൽ കൊണ്ടുപോകാം. ( ആ സമയമായപ്പോഴേക്കും  പുസ്തകയലമാരകൾക്കിടയിൽ വച്ച് ഞാൻ രാക്കുവിനെ നെഞ്ചിലേക്ക് വലിച്ചടുപ്പിക്കുന്ന ഘട്ടമെത്തിയിരുന്നു. ഓരോ  സന്ദർശനത്തിലും,  പോകുന്നതിന് മുമ്പായി അവൾ അതിനായി കാത്തുനിന്നു . ഏതാനും ദിവസങ്ങൾ കൂടിക്കഴിഞ്ഞ്  സ്വേച്ഛാധികാരത്തോടെ ഞാൻ വന്യമായ ചുംബനങ്ങളിലേക്ക് കടക്കുകയും അവളത് ആസ്വദിക്കുകയും ചെയ്ത് തുടങ്ങിയതോടെ തിടുക്കപ്പെട്ട്  ഒരു കത്തുകൂടി എഴുതി. “പ്രിയപ്പെട്ട അമ്മക്ക് , അമ്മയെ എത്രയും പെട്ടെന്ന് കാണാനാഗ്രഹിക്കുന്നു. മഴക്കാലം തുടങ്ങുന്നതിന് മുൻപ് സാർ ഒരു ടൂർ പോകുമെന്ന് പറഞ്ഞു. നാട്ടിൽ വന്ന് അമ്മയേയും കൂട്ടാൻ ഞാൻ പറയാം. അച്ഛന്റെ മരണശേഷം അമ്മ യാത്രയൊന്നും  ചെയ്യാറില്ല. അതിനാൽ വരുമോ എന്നറിയില്ല. എന്തായാലും ഞാൻ വന്നു കാണാം”
3. നീലഗിരിയിലേക്കുള്ള യാത്രയിൽ, എന്നോട് സൂചിപ്പിക്കാതെ അമ്മയ്ക്ക് വേണ്ടി സ്വെറ്റർ, കാൽമുട്ട് വേദന അധികമായാൽ വേണ്ടുന്ന പെയിൻ കില്ലർ, നീക്യാപ്, ഏതാനും കുഴമ്പുകൾ, എനിക്ക് വേണ്ടി ഒരു പായ്ക്കറ്റ് ഏലക്കാ എന്നിവ അവൾ കൂടെക്കരുതി.
പണ്ട് അർത്ഥം മനസ്സിലാക്കാതെ അവഗണിച്ച ഒരു വാക്കുപോലെയായിരുന്നല്ലോ രാക്കു. അല്ലെങ്കിൽ പാതിവായനയിൽ ഉപേക്ഷിച്ചുകളഞ്ഞ ഒരു പുസ്തകം.
നീലഗിരിയിൽ , അമ്മയെ കമ്പിളിപുതപ്പിച്ച്, ശ്രദ്ധയോടെ കൈപിടിച്ചുകൊണ്ട് രാക്കു നടന്നു.
എത്ര മനോഹരമായ സ്ഥലമാണിവിടം! നീലക്കുന്നുകളും, സദാ ചിരിക്കുന്ന പൂക്കളും മഞ്ഞും. ജീവിതത്തിലിന്നുവരേയും ഇവിടം സന്ദർശിച്ചിട്ടില്ലാ എന്നത് നികത്താനാവാത്ത നഷ്ടം.
ഹോട്ടലിൽ രണ്ട് മുറികളാണ് ബുക്ക് ചെയ്തിരുന്നത്. ഒന്ന് രാക്കുവിനും പിന്നെയൊന്ന് ഞങ്ങൾക്കും. രാത്രിയായപ്പോൾ അമ്മ നിലപാട് മാറ്റി. ഉച്ചവെയിൽ ചായാൻ തുടങ്ങിയപ്പോൾ, താണിറങ്ങിവന്ന മുടൽമഞ്ഞിന്റെ ധൈര്യത്തിൽ, കഴുത്തിൽ ചുറ്റിപിടിച്ച് രാക്കു എന്റെ ചുണ്ടുകളിൽ കടിച്ചത് , അവ്യക്തമായെങ്കിലും, ദൂരെ ബാൽക്കണിയിലിരുന്ന് അമ്മ കണ്ടിട്ടുണ്ടാകണം.
” ഞാനീ മുറിയിലുറങ്ങിക്കൊള്ളാം.”  അമ്മ പറഞ്ഞു. ” നിങ്ങളാ മുറിയിലോട്ട് മാറിക്കോ. പെണ്ണുകാണലും പെടവെടയൊക്കെ ചടങ്ങെന്നല്ല്യേള്ളൂ. എന്നാലും താലിക്കൊര് മാഹാത്മ്യമുണ്ട്. അത് മനസ്സിൽ വച്ചാൽ മാത്രം മതി”
എന്ത് നല്ല അമ്മ!
രാത്രി പതിവുള്ള ഏലക്കാചായയുണ്ടാക്കാൻ മുറിയിലെ കെറ്റിലിൽ വെള്ളം തിളപ്പിക്കുമ്പോൾ  രാക്കു പറഞ്ഞു:
” അമ്മ ഇത്ര സുന്ദരിയായിരിക്കുമെന്ന് ഞാൻ കരുതിയതേയില്ല. ആക്ട്രസ് ലക്ഷ്മിയേപ്പോലുണ്ട്. ആരാ പറഞ്ഞത് അമ്മ പുരോഗമന വാദിയല്ലെന്ന്? ശങ്കുസാർ കാണാതെ പോയതാണ്”
യാത്രകഴിഞ്ഞ് ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ  അമ്മ ആദ്യമായി എന്നെ ലാൻഡ്ഫോണിലേക്ക് വിളിച്ചു.
” ശങ്കൂ കുഞ്ചാലത്തെ മാമി മരിച്ചു. …ന്നാലും നിന്റെ കല്യാണംകൂടാനുള്ള യോഗമില്ലാണ്ടെപോയല്ലോ അവർക്ക്”
കുഞ്ചാലത്തെ മുത്തശ്ശിയും , അവിടേക്കുള്ള നാട്ടുവഴികളുമൊന്നും എനിക്കന്യമായിരുന്നില്ലല്ലോ എന്ന ചിന്ത പെട്ടെന്നെ എന്റെ മനസ്സിലേക്ക് വന്നുകൂടി. നിയോഗങ്ങൾ, അവഗണിച്ചു കിടന്നവരെപ്പോലും വല്ലാതെ അടുപ്പിക്കുന്നു.  നല്ല മനസ്സുകൊണ്ടും എല്ലാവരുടെ പ്രാർത്ഥനകൊണ്ടും അമ്മയ്ക്ക് ഞങ്ങളുടെ മകന്റെ പന്ത്രണ്ടാം ജന്മദിനവും കൊണ്ടാടാനുള്ള ഭാഗ്യമുണ്ടായി.
എന്റെ നിയോഗങ്ങളെപ്പറ്റി ഞാനാരോടും പറയാനും മുതിർന്നില്ല. ഗൾഫിൽ കുടുംബസമേതം കഴിയുന്ന പ്രതാപ് ചന്ദ്രനോട് മാത്രം പറഞ്ഞു. ഒരിക്കൽ നാട്ടിൽ വച്ച് അവനെക്കണ്ടപ്പോൾ ഞാൻ പറഞ്ഞു:
” പ്രതാപാ കല്യാണത്തിന് ചടങ്ങുമാത്രമെ ഉണ്ടായിരുന്നുള്ളു. വിളിച്ചറിയിക്കാൻ നിന്റെ വീട്ടിലെ നമ്പരും നഷ്ടപ്പെട്ടിരുന്നു. എന്നാൽ അത്ഭുതം അതല്ലെടേ. നീ പണ്ട് എന്നെയൊരിടത്ത് പഠിപ്പിക്കാൻ പറഞ്ഞുവിട്ടില്ലേ. ആ കൊച്ചിനെയാണടേ ഞാൻ കെട്ടിയത്. അന്നാരെങ്കിലും വിചാരിച്ചോ ഇങ്ങനെയൊക്കെ വരുമെന്ന് “
ഏതാനും കാര്യങ്ങൾകൂടി പറഞ്ഞ് ഇത് അവസാനിപ്പിച്ചേക്കാമെന്ന് തോന്നുന്നു. ഞാനീ ലേഖനത്തിന്റെ ആരംഭത്തിൽ, ഖസാക്കിന്റെ ഇതിഹാസത്തെപ്പറ്റി പരാമർശിച്ചതുപോലെ ഓരോ പുസ്തകത്തിലും , അതിന്റെ പരിപൂർണ്ണവായന സാധ്യമാകേണ്ടതായ ഒരു കാലം ഒളിച്ചിരിക്കുന്നു. എന്താണ് പരിപൂർണ്ണമായ വായന നമുക്ക് കൊണ്ടെത്തരുന്നത്? ഓരോ പുസ്തകത്തിലും  നാം മനസ്സിലാക്കാത്തതോ അല്ലെങ്കിൽ ശരിയയായ രീതിയിൽ പരിചയപ്പെടാൻ കഴിയാതെ പോയതോ ആയ ഒരു മനുഷ്യൻ ഒളിച്ചിരിക്കുന്നു എന്ന സത്യമാണത്. മറ്റൊരു വിധത്തിലും അത് പറയാൻ സാധ്യമാണ്. ഓരോ മനുഷ്യനും പരിപൂർണ്ണമായി വായിക്കപ്പെടാതെ പോയ ഒരു പുസ്തകമാണ്.
ഭൂമി ജയശങ്കർ ഈയിടെ എഴുതിയ ഒരു കവിതയിൽ –‘പ്രണയമേ വിട’ ( Adieu to Love)– ഇങ്ങനെയെഴുതി:
” നാല്പതിലെത്തുമ്പോൾ പെണ്ണ് കണ്ണാടിയുമായി ചങ്ങാത്തത്തിലാകുന്നു,
എന്നെ തേടിയെത്തേണ്ടതായ ഒരു സത്യം
– ഞാനിത്രയും യാത്രചെയ്തു എന്നത്–
മനസ്സിലാക്കിത്തന്നത് എന്റെ ഉറ്റവരല്ല,
പ്രത്യുത അതൊരു നിലക്കണ്ണാടിയത്രേ,
പൂതലിച്ച പ്രഭാതത്തിൽ കണ്ടൊരു വെള്ളിവര.
പ്രണയ ചപലതകളെ നിങ്ങൾക്ക് വിട!
പൊള്ളുന്ന തീയും, കൊടും മുള്ളും
രുചിക്കാൻ കൊതിച്ച കാലം വിദൂരമാകുന്നു,
ചങ്ങാടം പ്രക്ഷുബ്ദ്ധമായ തടാകങ്ങൾ പിന്നിട്ടു,
ഇനിയുള്ളത് നിശബ്ദമായൊരു നീലപ്പരപ്പാണ്.
എന്നാൽ ചഷകം എന്റെ കൈയ്യെത്തും ദൂരത്തുണ്ട്,
ഭ്രാന്തമായി നുരഞ്ഞുകവിയുന്ന വീഞ്ഞതിലുണ്ടായിരുന്നു.
ചങ്ങാടത്തിലെ രണ്ട് ജീവികൾ കാണുന്നത്:
അനന്തമായ ലോകം, നിശബ്ദമായി പിന്നിടേണ്ടവ,
പിന്നെയതിലേക്ക് നയിക്കുന്ന സത്യവും; വെറുമൊരു മഞ്ചാടിക്കുരുവോളം പോന്നത്.”
ഭാര്യയുടെ രചനകളൊന്നും പലപ്പോഴും വായിക്കാറില്ല. ഏതോ ഒരു ഞായറാഴ്ചയുടെ ആലസ്യത്തിനിടയിൽ മറിച്ചുനോക്കിയ മാഗസിനുകളിലൊന്നിലെ അഭിമുഖത്തിൽ അവർ പറഞ്ഞിരിക്കുന്നു:
” ഞാനാഗ്രഹിക്കുന്ന രീതിയിൽ തന്നെ ശങ്കുസാർ ( ഭാര്യ ആ വിളിപ്പേരിൽ നിന്നും ഒരിക്കലും വ്യതിചലിച്ചില്ല) എന്നെ ഭോഗിക്കുകയും, എഴുത്തിന്റെ അസ്വസ്ഥതകളിൽ മുഴുകിയിരിക്കുമ്പോൾ  അദ്ദേഹം, മകനുമൊത്ത്
അടുക്കളയിൽ സാമ്പാറിന് താളിക്കുകയും ചെയ്യുന്നതിന്റെ പുണ്യം അനുഭവിക്കുന്ന ഒരു എഴുത്തുകാരിയാണ് ഞാൻ……എല്ലാത്തിനുമുപരിയായി  മനുഷ്യൻ വെറുമൊരു സാധാരണ ജീവിമാത്രമാണല്ലോ. അലങ്കരിക്കപ്പെട്ട എല്ലാ സ്വപ്നങ്ങളെയും കടന്നെത്തുമ്പോൾ ഞങ്ങൾ , ഒരു  ചിമിഴിനുള്ളിൽ അകപ്പെട്ട,  ഒരേ കാലത്തെ ശ്വസിച്ച് ജീവിക്കുന്ന  , യാഥാർത്ഥ്യം പേറുന്ന രണ്ട് ജീവികൾ മാത്രമാകുന്നു. എല്ലാ പ്രഭാതങ്ങളിലും ഉണർന്നെണീറ്റ് എനിക്കൊരു പുഞ്ചിരി സമ്മാനിക്കുന്ന– എന്റെ സ്വത്വത്തെ തലോടിക്കൊണ്ടുതന്നെ– സഹജീവിക്ക് വേണ്ടി , പ്രണയവും , കാമനകളുമെല്ലാം വറ്റിയാൽ തന്നെയും , ഒരു തുള്ളി നിലാവും സ്നേഹവും ഞാൻ കരുതി വച്ചിട്ടുണ്ട്. അലോഹ്യത്തിന്റേയും പരിഭവങ്ങളുടേയുമെല്ലാം പുഴ ഞങ്ങൾ നീന്തി കടന്നിരിക്കുന്നു”
ഇത് വായിച്ച് തെല്ലൊന്ന് നെറ്റി ചുളിച്ചുകൊണ്ട് ഭാര്യയോട് ചോദിച്ചു:
” ഇത്രയൊക്കെ പുകഴ്ത്തേണ്ടതിന്റെ ആവശ്യമുണ്ടോ?”
വിവാഹാനന്തരം അവർ ഒരുപാട് വായിച്ചു. ഒരുപക്ഷെ എന്നെക്കാളേറെ. സമയം കിട്ടുമ്പോഴൊക്കെ ഞങ്ങൾ , വായിച്ച പുസ്തകങ്ങളെക്കുറിച്ച് സംസാരിച്ചു.
മധുവിധുകഴിഞ്ഞ കാലത്തുതന്നെ ഞങ്ങൾ, ജനങ്ങൾക്ക് അവരുടെ ദാമ്പത്യജീവിതത്തിൽ വന്നുപെടാനിടയുള്ള രണ്ട് വിപത്തുകളെക്കുറിച്ച് ജാഗരൂഗരായി. ടോൾസ്റ്റോയിയുടെ കഥകളെക്കുറിച്ചുള്ള ചർച്ചയായിരുന്നു അതിലേക്ക് നയിച്ചത്. വിരക്തി, വെറുപ്പ് എന്നിവയായിരുന്നു ആ വിപത്തുകൾ. സമൂഹത്തിലെ സംസർഗ്ഗം കൊണ്ടും, പക്വതയാർന്ന എഴുത്തുകാരുമായുള്ള ചങ്ങാത്തത്തിലൂടെ കിട്ടുന്ന അനുഭവങ്ങൾകൊണ്ടും , നിരന്തരമായ പുസ്തകവായന കൊണ്ടും ഈ അവസ്ഥയെ നേരിടാൻ ഞങ്ങൾ നിശ്ചയിച്ചു. പ്രണയത്തിന്റെ ആദ്യ കുസൃതികൾ അവസാനിക്കുമ്പോൾ  വന്നുഭവിക്കുന്ന– ഒരു പക്ഷെ പ്രതിരോധിക്കാൻ കഴിയാത്തതായ– വിരക്തിയേയും അതു നമ്മെ കൊണ്ടെത്തിക്കുന്ന വെറുപ്പിനേയും ചാടിക്കടക്കുവാൻ , ഞാൻ നേരത്തെ പ്രസ്താവിച്ച വിട്ടുവീഴ്ചകൾക്ക് തയ്യാറാവുക എന്ന സമവാക്യം ഫലപ്രദമാണെന്ന് കണ്ടു. വിജനമായ ഒരു ദ്വീപിലകപ്പെട്ടുപോയ രണ്ട് മനുഷ്യജീവികളാണെന്ന് സ്വയം സങ്കൽപ്പിച്ച്, പരസ്പരം മനസ്സുകളെ വേട്ടയാടാതിരിക്കാൻ ഞങ്ങൾ ശ്രദ്ധിച്ചു. ഭാര്യ- ഭർതൃ ബന്ധത്തിനിടയിൽ സമാധാനത്തിന്റെ വൃക്ഷങ്ങൾ നട്ടു പരിപാലിക്കാൻ ഞങ്ങൾ ആവുന്നത്ര ശ്രമിച്ചു. തത്വചിന്തകർ പറയുന്നതുപോലെ മനസ്സിന്റെ സ്വാതന്ത്ര്യമാണ് സർവ്വപ്രധാനമെന്ന– ഒരു പക്ഷെ പ്രണയത്തിനും മുകളിൽ അല്ലെങ്കിൽ അതിനെത്തന്നെ പരിപോഷിപ്പിക്കുന്നതിന് വേണ്ടി– നിലപാട് സ്വീകരിക്കാൻ ഞങ്ങൾ തയ്യാറായി.
ഞാൻ പറഞ്ഞ് തുടങ്ങിയത് ജീവിതപങ്കാളികളെ തിരഞ്ഞെടുക്കുന്നതിനെക്കുറിച്ചാണല്ലോ. ഒരു പുസ്തകം സൂക്ഷിക്കുന്നത് പോലെ ദാമ്പത്യത്തെ കാക്കാം എന്നതാണ് ചിലരുടെയെങ്കിലും ജീവിതങ്ങൾ തരുന്ന ദൃഷ്ടാന്തം. ഒരു കാരണംകൂടാതെ കല്യാണം കഴിക്കരുത് എന്ന അഭിപ്രായക്കാരനായിരുന്ന എന്റെ അനുഭവം, ദാമ്പത്യത്തിനുള്ള കാരണം വിവാഹപൂർവ്വ ജീവിതത്തിലല്ല, മറിച്ച് വിവാഹാനന്തര ജീവിതത്തിലെവിടെയോ ആണ് നിലകൊള്ളുന്നത് എന്ന വിസ്മയ ചിന്തയിലേക്ക് ജനങ്ങളെ നയിച്ചുവെന്നും വരാം. നന്ദി.
                                            ജയശങ്കർ വി. വി.
                                            ന്യൂ ഡൽഹി.
     ( ഒരു ബോർഹസ്സിയൻ പ്രചോദനം)
ഹരീഷ് ബാബു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!