തകർക്കരുത് ഈ രാജ്യത്തെ…

പോളണ്ടിൽ ഹിറ്റ്ലർ പതിമൂന്ന് ലക്ഷം ജൂതരെ കൂട്ടക്കൊല നടത്തിയ ഓഷ് വിറ്റ്സ് തടങ്കൽ പാളയം ഇന്ന് ചരിത്ര മ്യൂസിയമാണ്. അതിന്റെ മുഖവാചകത്തിൽ ഇങ്ങനെ എഴുതിയിരിക്കുന്നു.
‘ചരിത്രം മറക്കുന്നവരെ ചരിത്രം ശിക്ഷിക്കും.’
1905 ൽ മതാടിസ്ഥാനത്തിൽ കഴ്‌സൺ പ്രഭു നടത്തിയ ബംഗാൾ വിഭജനത്തിന്റെ വിത്തുകൾ ഇന്നും ആ മണ്ണിലുണ്ട്. അത് വിഷവൃക്ഷങ്ങളായി തഴച്ചുവളർന്ന് പടർന്നു പന്തലിക്കുന്നുമുണ്ട്. ഭൂമിശാസ്ത്രപരമായ വിഭജനത്തെ അതിജീവിച്ച സ്വതന്ത്ര ഭാരതത്തെ മനഃശാസ്ത്രപരമായി വിഭജിക്കാൻ ശ്രമിക്കുന്ന ഭരണാധികാരികളോട് പറയാനുള്ളത് മുകളിൽ പ്രതിപാദിച്ച അതേ വാക്കുകളാണ്. ചരിത്രം മറക്കരുത്. മറന്നാൽ കനത്ത ശിക്ഷ ലഭിക്കും.

ഭരണഘടനയ്ക്ക് മുന്നിൽ പ്രണാമമർപ്പിച്ചുകൊണ്ട് അധികാരമേറ്റ രണ്ടാം മോഡി സർക്കാരിന്റെ മധുവിധുക്കാലത്തു തന്നെ രാജ്യം നേരിട്ടത് കനത്ത പ്രതിസന്ധികളാണ്. ഒരുവശത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ്. ഉള്ളിയുൾപ്പെടെയുള്ള പച്ചക്കറികൾക്ക് നാൾക്കുനാൾ വിലവർധനവാണ് . മറുവശത്ത് ‘സ്ത്രീയെ പൂജിക്കുന്നിടത്ത് ദേവതമാർ രമിക്കുന്നു’വെന്നു വീമ്പു പറയുന്ന നാട്ടിൽ അവരെ കൊന്നുകത്തിക്കുന്ന ഭീതിജനകമായ കാഴ്ച. അതിനിടയിലേക്കാണ് എൻ ആർ സിയും സി എ ബിയുമെല്ലാം കടന്നുവരുന്നത്.

അയോധ്യാവിധി നൽകിയ അസ്വസ്ഥത കലങ്ങിമറിഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് പൗരത്വ ഭേദഗതി ബില്ലെത്തുന്നത്. എരിതീയിൽ എണ്ണയൊഴിക്കുന്നതുപോലെ അത് ആളിക്കത്തി. അഭയാർത്ഥികൾക്ക് അഭയമേകിയ നാടാണ് ഭാരതം. സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗം ഈ അവസരത്തിൽ ഓർക്കണം.

‘ഞങ്ങൾ സാർവ്വലൌകിക സഹിഷ്ണുതയിൽ വിശ്വസിക്കുക മാത്രമല്ല സർവ്വമതങ്ങളും സത്യമെന്ന് സ്വീകരിക്കുകയും ചെയ്യുന്നു.
ലോകത്തിലുള്ള സർവ്വമതങ്ങളിലേയും സർവ്വരാജ്യങ്ങളിലേയും പീഡിതർക്കും ശരണാർത്ഥികൾക്കും അഭയമരുളിയതാണ് എന്റെ ജനതയെന്നതിൽ ഞാൻ അഭിമാനിക്കുന്നു.
റോമൻ മർദ്ദനം മൂലം യഹൂദരുടെ പുണ്യക്ഷേത്രം തകർത്തു തരിപ്പണമാക്കപ്പെട്ട ആ കൊല്ലംതന്നെ ദക്ഷിണഭാരതത്തിൽ വന്ന് അഭയം പ്രാപിച്ച ആ ഇസ്രയേൽ വർഗ്ഗത്തിന്റെ അതിപവിത്രവശിഷ്ടം ഞങ്ങളുടെ അങ്കതലത്തിൽ സംഭൃതമായുണ്ടെന്ന് നിങ്ങളോടു പറയാൻ എനിക്കഭിമാനമുണ്ട്.
മഹിമയുറ്റ ജരതുഷ്ട്രജനതയ്ക്ക് അഭയം നൽകിയതും അവരുടെ അവശിഷ്ടത്തെ ഇന്നും പോറ്റിപ്പോരുന്നതുമായ മതത്തിലുൾപ്പെട്ടവെനെന്നതിൽ ഞാൻ അഭിമാനിക്കുന്നു.’

(സ്വാമി വിവേകാനന്ദൻ 1893 September 11 Chicago)

പക്ഷെ ഇപ്പോൾ അഭയാർഥികളുടെ മതവും വംശവും വർഗ്ഗവും ചർച്ചയിലേക്കുവരുന്നത് മതേതര ജനാധിപത്യ റിപ്പബ്ലിക്കിന് ഭൂഷണമാണോ? സാർവ്വ ലൗകികമായ വീക്ഷണത്തിനും മാനവിക മൂല്യങ്ങൾക്കും ഭരണഘടനാ തത്വങ്ങൾക്കും എതിരാണ് അത്തരം സമീപനം. 2014 ഡിസംബർ 31 വരെ പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലേക്കുവന്നവരും അവിടങ്ങളിൽദുരിതം അനുഭവിച്ചവരുമായ ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി, കൃസ്ത്യൻ മതവിഭാഗങ്ങൾക്കാണ് ഇന്ത്യൻ പൗരത്വം ലഭിക്കുന്നത്. പക്ഷെ മുസ്ലീങ്ങൾക്ക് ലഭിക്കില്ല. മേൽപ്പറഞ്ഞ രാജ്യങ്ങൾ മുസ്‌ലിം രാജ്യങ്ങളായതിനാൽ മുസ്ലീങ്ങളെ ന്യൂനപക്ഷമായി കണക്കാക്കാനാകില്ലെന്നാണ് സർക്കാർ വാദം. അതംഗീകരിച്ചാൽ പോലും എന്തുകൊണ്ട് ഇതേ രാജ്യങ്ങളിൽ പീഡനമനുഭവിക്കുന്ന അഹമ്മദീയരെയും ഷിയകളെയും ഒഴിവാക്കാൻ സർക്കാർ തീരുമാനിച്ചു? ശ്രീലങ്കയിൽ നിന്നും പീഡനമനുഭവിച്ച് രാജ്യം വിട്ടുപോരേണ്ടിവരുന്ന തമിഴ് വംശജരുടെയും മ്യാന്മറിൽ നിന്നും പലായനം ചെയ്യുന്ന റോഹിംഗ്യകളെയും ഒഴിവാകുന്നതെന്തിന്? ഒരു വിഭാഗത്തെ മാത്രം ലക്‌ഷ്യം വയ്ക്കുമ്പോൾ കഴ്‌സൺ വിഭാവനം ചെയ്ത അതേ ഭിന്നിപ്പിന്റെ മനഃശാസ്ത്രമാണ് മോഡി-ഷാ കൂട്ടുകെട്ട് മുന്നോട്ട് വയ്ക്കുന്നത്.

പൗരത്വ നിയമത്തിനെതിരെ ആദ്യം പ്രതിഷേധമുയർത്തിയ വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ വേറിട്ടു കാണേണ്ടതാണ്. സ്വതവേ ശാന്തസ്വാഭാവികളായ മേഘാലയയിലെയും ആസാമിലെയും ജനങ്ങൾ തെരുവിലിറങ്ങിയത് തങ്ങളുടെ ഗോത്രവർഗ സംസ്കൃതിയുടെ കാത്തുസൂക്ഷിപ്പിനു വേണ്ടികൂടിയാണ്. സംസ്കാരത്തിന്റെയും ചരിത്രത്തിന്റെയും പേരിൽ അഭിമാനം കൊള്ളുന്ന ‘പരിവാരങ്ങൾ’ക്ക് അവരുടെ പ്രതിഷേധത്തിന്റെ മനഃശാസ്ത്രം മനസിലാക്കാൻ കഴിയില്ല. കുടിയേറ്റക്കാർക്ക് പൗരത്വം കിട്ടിയാൽ ഇപ്പോഴേ ദുർബലമായ തങ്ങളുടെ സ്വതവും ഭാഷയും സംസ്കാരവും തകർന്നുപോകുമെന്ന് അവർ സ്വാഭാവികമായും ഭയപ്പെടുന്നു.

പശ്ചിമബംഗാളിലും ഉത്തർപ്രദേശിലും ഇപ്പോൾ ഡൽഹിയിലും നടക്കുന്ന പ്രതിഷേധക്കാരെ മുഴുവൻ ജിഹാദികളും മാവോവാദികളും അർബൻ നക്സലുകളുമാക്കാനുള്ള വിചിത്രശ്രമങ്ങളെ ജനം തിരിച്ചറിയും. ചരിത്രം സ്വയം നിർമ്മിക്കപ്പെടേണ്ടതാണ്. അല്ലാതെ സമാന്തര ചരിത്രം നിർമ്മിക്കുകയല്ല വേണ്ടത്. ക്യാംപസുകളിലെ ക്ഷുഭിത യൗവനത്തെ ലാത്തിയുടെ ഹുങ്കുകൊണ്ട് അടിച്ചമർത്തുമ്പോൾ ഉയർന്നുവരുന്ന ചൂണ്ടുവിരലുകൾക്ക് കാരിരുമ്പിന്റെ കരുത്തുണ്ട്. അവരുടെ നോട്ടത്തിന് ദഹിപ്പിക്കാനുള്ള ശക്തിയുണ്ട്. രാജാവ് നഗ്നനാണെന്ന് യുവത്വം വിളിച്ചുപറയുമ്പോൾ സ്വന്തം ദേഹത്തേക്കൊന്നു നോക്കാൻ അധികാരികൾ തയ്യാറാവണം. സ്വർണ്ണ നൂലിഴകളാൽ നെയ്ത വസ്ത്രമണിഞ്ഞവർ വേഷം കൊണ്ട് കലാപകാരികളെ തിരിച്ചറിയാമെന്നുപറയുമ്പോൾ മാനസികമായ വിഭജനത്തിന്റെ അപകടം മനസ്സിലാകുന്നുണ്ട്. ആശങ്കയുണ്ട്, ഈ രാജ്യത്തെക്കുറിച്ച്. എങ്കിലും പ്രതീക്ഷയുണ്ട്, കൊടുങ്കാറ്റിലും തളരാത്ത അതിന്റെ ആത്മാവിനെയോർത്ത്.

അനീഷ് തകടിയിൽ,
എഡിറ്റർ, അടയാളം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!