നിരോധനങ്ങളുടെ റിപ്പബ്ലിക്‌; നിരോധിക്കപ്പെടാത്ത വായന..

പുതിയ കാലത്തിന്റെ ആവലാതികളും പ്രതിരോധവും അക്ഷരങ്ങളിലൂടെ വരച്ചിടുന്ന പുസ്തകമാണ്‌ ഷിജൂഖാന്റെ നിരോധനങ്ങളുടെ റിപ്പബ്ലിക്‌. ഇന്ത്യ ഒരു ജനാധിപത്യ മതനിരപേക്ഷ രാജ്യമാണെന്ന് മറന്നു പോകുന്നവർക്കു മുന്നിൽ ഒരു നിശ്വാസം പോലും പ്രതിരോധമാകുന്ന കാലത്തിലേക്കാണ്‌ നാം സഞ്ചരിച്ചുകൊണ്ടിരിയ്ക്കുന്നതെന്ന് പുസ്തകം ഓർമ്മിപ്പിയ്ക്കുന്നു. അസഹിഷ്ണുതയുടേയും കപട ദേശീയതയുടേയും വിത്തുകൾ മുളപൊട്ടി വടവൃക്ഷങ്ങളായി നമ്മളെത്തന്നെയും വിഴുങ്ങുന്ന അവസ്ഥയിലെത്തി നിൽക്കുമ്പോൾ ഒരു സാമൂഹിക പ്രവർത്തകന്റെ നിരീക്ഷണങ്ങളോട്‌ വിയോജിക്കുക വയ്യ! ഷിജൂഖാൻ തന്റെ ഏഴാമത്തെ പുസ്തകത്തിലെത്തുമ്പോൾ കൈയടക്കമുള്ള അവതരണരീതിയും ഒതുക്കവും കൊണ്ടു തന്നെ വായനക്കാരന്‌ വിഷയങ്ങളിൽ നിന്ന് വ്യതിചലിയ്ക്കാനാവാത്ത അനുഭവം നൽകുന്നുണ്ട്‌. ഭരണകൂടം ഒരു സമൂഹത്തിനു കൽപ്പിച്ചു നൽകേണ്ട അവകാശങ്ങളുടെ നിഷേധങ്ങൾ ചർച്ച ചെയ്യുന്ന 12 ലേഖനങ്ങളാണ്‌ പുസ്തകത്തിലുള്ളത്‌.

പശു എന്നത്‌ മതത്തിന്റേയും വിശ്വാസത്തിന്റേയും പ്രതീകമല്ല മറിച്ച്‌ ന്യൂനപക്ഷ – ദളിത്‌ വേട്ടകളുടെ ബിംബമാണെന്നും, ഒരു വ്യക്തിയുടെ ഭക്ഷണം പോലും നിരോധിയ്ക്കപ്പെടുന്ന സമകാലീന രാഷ്ട്രീയ ചിത്രത്തെ നിരോധനങ്ങളുടെ റിപ്പബ്ലിക്കിൽ വരച്ചിടുന്നു. നമ്മുടെ ജനാധിപത്യത്തിനു സംഭവിച്ചുകൊണ്ടിരിയ്ക്കുന്ന മാറ്റങ്ങൾ, ജനാധിപത്യരാജ്യം എന്നവകാശപ്പെടുന്ന ഇന്ത്യയിൽ നിന്നും ‘നിനക്കിവിടെ ജീവിയ്ക്കാനവകാശമില്ല’ എന്ന് ആക്രോശിയ്ക്കുന്ന ഒരു കൂട്ടം അസഹിഷ്ണുക്കളെ സൃഷ്ടിയ്ക്കുന്ന ഭരണാധികാരികളെ പുസ്തകം ചൂണ്ടിക്കാണിയ്ക്കുന്നുണ്ട്‌. രാഷ്ട്രീയം വിദ്യാഭ്യാസം തൊഴിൽ എന്നിവയൊക്കെ ആരാണു തീരുമാനിയ്ക്കേണ്ടത്‌ എന്ന ചോദ്യം കൂടി ഉയർന്നു വരുന്നുണ്ട്‌ പുസ്തകത്തിൽ. ജെ എൻ യുവിൽ നടപ്പിലാക്കാൻ ഉദ്ദേശിച്ച തീവ്രദേശീയബോധത്തേയും, അതിനു തെരഞ്ഞെടുത്ത വഴികളേയും ജനാധിപത്യപരമായിത്തന്നെ വിശകലനം ചെയ്യുന്നുണ്ട്‌. സദാചാരമെന്ന പേരിൽ നടത്തുന്ന കയ്യേറ്റങ്ങളേയും അവകാശലംഘനങ്ങളേയും വായിച്ചെടുക്കാം. തലമറച്ച്‌ സാരിയുടുക്കണമെന്നും രാഖികെട്ടി സാഹോദര്യം ഉറപ്പിയ്ക്കണമെന്നും തിട്ടൂരങ്ങൾ നൽകി ഭരണകർത്താക്കൾ തന്നെ താലിബാനിസം നടപ്പിലാക്കാൻ കൂട്ടുനിൽക്കുമ്പോൾ നിഷേധിയ്ക്കപ്പെടുന്നത്‌ ഭരണഘടന നൽകുന്ന സ്വാതന്ത്ര്യം കൂടിയാണ്‌.
അരുതുകളുടെ ആവർത്തനങ്ങൾ സൃഷ്ടിയ്ക്കുന്ന ഭരണകൂടത്തെ ചെറുത്തു തോൽപ്പിയ്ക്കാനുള്ള കരുത്ത്‌ ലേഖനങ്ങളിൽ അടങ്ങിയിട്ടുണ്ട്‌.
ആവിഷ്കാരത്തിന്റെ പേരിൽ കൊല്ലപ്പെട്ട കൽബർഗിയുടെ ഓർമ്മകൾ ഇന്ത്യൻ ജനാധിപത്യത്തിന്റെ (ഭരണഘടനയുടെ) നെറ്റിയിൽ ഒരു മുറിപ്പാടായി എന്നും അവശേഷിയ്ക്കും. ഫാസിസം എന്നത്‌ മൂന്നക്ഷരമുള്ള വെറുമൊരു കളിവാക്കല്ല, അത്‌ നമ്മുടെ പൂമുഖപ്പടിയിൽ സ്വീകരണമുറിയിൽ അടുക്കളയിൽ അവസാനം കിടപ്പുമുറിയിൽ വരെ എത്തി നിൽക്കുന്നു എന്നും പ്രതിഷേധം സാധ്യമല്ലാത്ത കാലത്തിലേക്ക്‌ കടക്കും മുമ്പ്‌ പ്രതിരോധത്തിന്റെ ശബ്ദം ഉയരേണ്ടതിന്റെ അനിവാര്യത കൽബർഗിയുടെ ഓർമ്മകളോടൊപ്പം പങ്കുവയ്ക്കുന്നു. ആൾക്കൂട്ട (അ)നീതിയെപ്പറ്റി ഏറെ ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിയ്ക്കുന്ന കാലമാണിന്ന്. നീതിയുടെ തുലാസിൽ ആൾക്കൂട്ടത്തിന്റെ ആക്രോശങ്ങളുടെ ഭാരം പേറിയാൽ നീതിനിഷേധം ഉണ്ടാകുമെന്ന് യാക്കൂബ്‌ മേമന്റെ തൂക്കിലേറ്റലിനെ മുൻനിർത്തി ചർച്ച ചെയ്തു കാണുന്നുണ്ട്‌.
ഇന്ത്യൻ ദേശീയത എന്നത്‌ മനുഷ്യരെ ഭിന്നിപ്പിക്കാനുള്ള ആയുധമാക്കി മാറ്റുന്ന ആർ എസ്‌ എസ്‌ നിലപാടുകൾ കാണാതിരിക്കാനാവില്ല. ദേശസ്നേഹത്തിന്റെ പുതിയ വക്താക്കൾ ദേശീയത മാർക്കറ്റ്‌ ചെയ്ത്‌ ജനങ്ങളെ ഭിന്നിപ്പിയ്ക്കുന്ന കപട ദേശീയതയുടെ പൊള്ളത്തരങ്ങൾ വിശകലനം ചെയ്യുന്നതോടൊപ്പം ഭീകരവാദത്തിന്റെ കടന്നുവരവിനെക്കുറിച്ച്‌ ആശങ്കപ്പെടുകയും ചെയ്യുന്നുണ്ട്‌. ഭീകരവാദത്തിന്റെ ഇരകളിലധികവും കുട്ടികളാണെന്നും അവരുടെ നിലവിളികൾ മുഴങ്ങുന്നത്‌ നാമോരുത്തരുടേയും ചെവികളിൽത്തന്നെയാണെന്നും ഓർമ്മപ്പെടുത്താൻ ‘ഭീകരതയുടെ വരവിനെ’ ഉപയോഗിച്ചിരിയ്ക്കുന്നു. മതതീവ്രവാദത്തിന്റെ മാനങ്ങൾ എഴുതി അവസാനിയ്ക്കുന്ന 12 ലേഖനങ്ങളും ഇന്നിന്റെ അടയാളങ്ങളാണ്‌. എവിടെയൊക്കെയോ വായിച്ചു മറന്ന വാർത്തകൾ നമ്മുടെ മുന്നിൽ സംഭവിയ്ക്കുമ്പോൾ ഭയം ഒളിച്ചോട്ടത്തിനു പ്രേരിപ്പിക്കുന്നില്ല എന്ന വായനയാണു പുസ്തകം നൽകുന്നത്‌.

എസ്സ്. ജെ.സുജിത്

Leave a Reply

Your email address will not be published.

error: Content is protected !!