ഫിലിപ്പ് എം പ്രസാദ് സംസാരിക്കുന്നു

വിപ്ലവത്തിന്റെ കനല്‍ വഴികള്‍ താണ്ടി ‘സമത്വ സുന്ദര’മായ ഒരു ലോകത്തെ സ്വപ്നം കണ്ട ചിലര്‍. അവരെ പൊതുബോധവും ഭരണകൂടവും കൂട്ടം തെറ്റിയവരായി കണ്ടു. ചിലര്‍ക്ക് അവര്‍ ‘പൊതുശത്രു’വായി. ഒന്നിനോടും അവര്‍ സന്ധി ചെയ്തില്ല. ക്ഷുഭിത യൗവനങ്ങള്‍ക്കിടയിലും മാറ്റം കൊതിക്കുന്നവര്‍ക്കിടയിലും ‘താരപരിവേഷം’ തീര്‍ത്തുകൊണ്ട് അവര്‍ പൊരുതി. നമ്മുടെ എഴുത്തില്‍, വരയില്‍ ചിന്തകളില്‍ കനല്‍ കോരിയിട്ടു. എന്നാല്‍ നമ്മുടെ പൊതുബോധം മാറാന്‍ അധികകാലമെടുത്തില്ല.

നാം അവരെ നക്‌സലെന്നും മാവോയിസ്‌റ്റെന്നും വിളിപ്പേരിട്ടു. തീവ്ര ഇടതുപക്ഷമെന്നും വെറും ഇടതുപക്ഷമെന്നും വേലികെട്ടിത്തിരിച്ചു. അപ്പോഴും അവര്‍ തിരുത്തല്‍വാദികളായി അപ്രിയസത്യങ്ങള്‍ വിളിച്ചുപറഞ്ഞുകൊണ്ടേയിരുന്നു. കാലത്തിന്റെയൊഴുക്കില്‍ അവരും മാറി. ചിലര്‍ മുഖ്യധാരാ രാഷ്ട്രീയത്തിലേക്കും ചിലര്‍ സാമൂഹ്യപ്രവര്‍ത്തനങ്ങളിലേക്കും. മറ്റു ചിലരാകട്ടെ ‘വസന്തത്തിന്റെ ഇടിമുഴക്ക’ത്തില്‍ നിന്നും ആത്മീയതയുടെ മണിമുഴക്കത്തില്‍ അഭയം തേടി. തീവ്ര ഇടതുപക്ഷത്തില്‍ നിന്നും തീവ്ര ആത്മീയതയിലേക്കുള്ള പാത ഉരുവപ്പെടുന്നതെങ്ങനെ? ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ആത്മീയവഴിയിലേക്കുള്ള ഗദ്ദറിന്റെ മാറ്റം. ഇതിനെക്കുറിച്ച് , ഇതേ വഴിയില്‍ നേരത്തെ സഞ്ചരിച്ച മുന്‍ നക്‌സലൈറ്റ് നേതാവ് ഫിലിപ്പ് എം പ്രസാദ് സംസാരിക്കുന്നു.

 

ഗദ്ദറിനെ കുറിച്ചുള്ള വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടു കാണുമല്ലോ. എന്തുകൊണ്ട് ഈ മാറ്റം, അതോ, അതൊരു മാറ്റമാണോ? ഗദ്ദര്‍ താങ്കളെ സ്വാധീനിച്ചിച്ചുണ്ടോ?

ഗദ്ദറിനെ എനിക്കിഷ്ടമാണ്. ഈ അടുത്തിടെയും അദേഹത്തെക്കുറിച്ച് ആലോചിച്ചിട്ടുണ്ട്. പിന്നെ മാറ്റത്തെക്കുറിച്ച് പറഞ്ഞാല്‍, കവിതയില്‍ ആത്മീയതയുണ്ട്. നിങ്ങള്‍ മാവോയുടെ കവിതകള്‍ നോക്കൂ. മിലിട്ടറി കവിതകളായി അദ്ദേഹം എഴുതിയ പലതിലും താവോ ദര്‍ശനം കാണാന്‍ കഴിയും. ‘വിപ്ലവസേന പര്‍വതത്തില്‍ നിന്നും ഒഴുകി വരുന്ന നദിപോലെയായിരിക്കണ’മെന്ന പ്രയോഗത്തിലൊക്കെ പ്രകടമായ താവോയിസം കടന്നുവരുന്നുണ്ട്. അപ്പോള്‍ ആരാണ് ആത്മീയതയില്‍ നിന്നും മുക്തരായിട്ടുള്ളത്.

കുറച്ചുകൂടി ആഴത്തില്‍ ചിന്തിച്ചാല്‍ എന്തിനാണ് വര്‍ഗീസ് മറ്റുള്ളവര്‍ക്കു വേണ്ടി മരിക്കുന്നത്? വെറും ‘ദ്രവ്യനിര്‍മ്മിതമായ ശരീരം’ എന്ന വിശ്വാസത്തില്‍ നാം ജീവിച്ചാല്‍ ഞാന്‍ എന്റെ മരണത്തോടെ അവസാനിക്കുന്നുവെന്നു ചിന്തിക്കേണ്ടി വരും. അടുത്ത തലമുറയ്ക്കുവേണ്ടി ഞാന്‍ എന്തിനു ത്യാഗം അനുഭവിക്കണം ? ഞാന്‍ കാലാതീതമായി എന്തിനു ചിന്തിക്കണം? ത്യാഗത്തിന്റെ അടിത്തറ സ്‌നേഹമാണ്. എന്നോടും എന്റെ സഹജീവികളോടും പ്രകൃതിയോടും കാലത്തിന് അതീതമായ സ്‌നേഹമാണ്. ത്യാഗവും സ്‌നേഹവും ഇല്ലാത്ത ദര്‍ശനങ്ങള്‍ക്ക് നിലനില്‍പ്പില്ല. ത്യാഗം എവിടെയുണ്ടോ അവിടെ ആത്മീയതയുമുണ്ട്. ഒന്നുകൂടി ആഴത്തില്‍ പറഞ്ഞാല്‍ ആത്മീയതയെന്ന പ്രയോഗം തന്നെ തെറ്റാണ്. ഭൗതികതയെന്നും ആത്മീയതയെന്നും തരം തിരിക്കേണ്ട കാര്യമില്ല. രണ്ടും ഇഴചേര്‍ന്നാണ് കിടക്കുന്നത്. അതിനാല്‍ ഗദ്ദറിനോ മറ്റുള്ളവര്‍ക്കോ ഉണ്ടാവുന്ന മാറ്റത്തില്‍ അദ്ഭുതപ്പെടേണ്ടതില്ല.

 

യാഥാസ്ഥിതിക ക്രൈസ്തവ കുടുംബത്തില്‍ ജനനം. ‘സ്വര്‍ഗസ്ഥനായ പിതാവേ’ ചൊല്ലിവളര്‍ന്ന ബാല്യം. വിപ്ലവത്തിലൂന്നിയ പ്രത്യയ ശാസ്ത്രത്തിലൂടെയുള്ള യൗവനം. ഇപ്പോള്‍ ആത്മീയാന്വേഷണം. ഫിലിപ് എം. പ്രസാദിന്റെ യാത്ര സങ്കീര്‍ണ്ണമാണോ?

ജീവിതം തന്നെ സങ്കീര്‍ണ്ണമല്ലേ? വിട്ടുവീഴ്ചകളും സങ്കീര്‍ണ്ണതയുമാണ് ജീവിതത്തിന്റെ സൗന്ദര്യം. എല്ലാം ചേര്‍ന്നുള്ള ഒഴുക്കാണ് ജീവിതം. അത് ചിലപ്പോള്‍ കഠിനവും അതി സങ്കീര്‍ണ്ണവുമാവാം . പക്ഷേ അത് സുന്ദരമാണ്. ജയിലില്‍ വച്ച് ഉറക്കം നഷ്ടപ്പെട്ട ഒരുപാടു രാത്രികള്‍ ഉണ്ടായിരുന്നു. ഒടുവില്‍ ബാല്യത്തില്‍ അമ്മയില്‍ നിന്നും കേട്ട ‘സ്വര്‍ഗ്ഗസ്ഥനായ പിതാവേ’ ചൊല്ലി കുറച്ചുനേരം കരഞ്ഞിട്ട് കിടന്നപ്പോള്‍ നന്നായി ഉറങ്ങി. വല്ലാത്ത സ്വസ്ഥത കിട്ടി. അത് തന്നെയല്ലേ വേണ്ടത്? പിന്നെ ധാരാളം വായിച്ചു . രാമായണവും മഹാഭാരതവും ഖുര്‍ ആനും പഠിച്ചു . ബൈബിളിനെ ആഴത്തില്‍ അറിഞ്ഞു. ഗീതയെ നന്നായി മനസ്സിലാക്കാന്‍ ശ്രമിച്ചു. അവിടെ എനിക്ക് ആശ്വാസം കിട്ടി. ജയില്‍ മോചിതനായ ശേഷം മാതൃഭൂമിക്കുവേണ്ടി ‘വേദാന്തം മാര്‍ക്‌സിസം ഗാന്ധിസം’ എന്ന ലേഖനം എഴുതി. ഇവയെല്ലാം തമ്മില്‍ ലയിക്കേണ്ടത് ആവശ്യമാണെന്ന് എനിക്ക് തോന്നി. കൂട്ടത്തില്‍ പറയട്ടെ ഇന്നാണെങ്കില്‍ ഞാന്‍ ഇങ്ങനെയൊരെണ്ണം എഴുതില്ലായിരുന്നു. പിന്നീട് കുറേക്കാലം ‘അവധൂതന്മാ’രുടെ പുറകെ ആയിരുന്നു.

 

ഈ ഗുരുക്കന്മാരിലേക്കുള്ള അന്വേഷണത്തിന്റെ കാരണമെന്താണ്? സ്വയം സുരക്ഷിതനല്ലെന്നുള്ള ഭയം അല്ലെങ്കില്‍ ആശങ്ക താങ്കളെ പിന്തുടരുന്നുണ്ടോ? ഭക്തിയിലുള്ള വിശ്വാസം നഷ്ടമാകുമ്പോഴാണോ ആത്മീയത തുടങ്ങുന്നത്?

എനിക്ക് ഗുരുക്കന്മാരെ ആവശ്യമുണ്ട്. ഞാന്‍ ശ്രീ എം.നെ കൃത്യമായി ‘ഫോളോ’ ചെയ്യുന്നുണ്ട്. അദ്ദേഹം എല്ലാവരെയും ചേര്‍ത്ത് പിടിക്കാന്‍ ശ്രമിക്കുന്നു. എനിക്ക് പലപ്പോഴും അദ്ദേഹത്തെ ഒരു ‘തുന്നാരന്‍ പക്ഷി’യെപ്പോലെ തോന്നാറുണ്ട്. വിരുദ്ധമായ ചിന്തകളെ തുന്നിച്ചേര്‍ത്ത് ശക്തിപ്പെടുത്തുന്ന ഘടകം. ജയില്‍ മോചിതനായ ശേഷം ഞാന്‍ കന്യാകുമാരിയിലെ മായിയമ്മയെ കണ്ടു. അവിടെനിന്നും എനിക്ക് ‘ആത്മീയ അനുഭവം’ ഉണ്ടായി. ഇത് എന്റെ വിശ്വാസമാണ്. അത് തികച്ചും സ്വകാര്യവുമാണ്. പിന്നീടുള്ള അന്വേഷണത്തില്‍ അനേകം ഗുരുക്കന്മാരിലൂടെ കടന്നുപോയി. ഷിര്‍ദ്ദിബാബയും സായിബാബയും ഇപ്പോള്‍ ശ്രീ എമ്മുമെല്ലാം അങ്ങനെ എന്നില്‍ പ്രകാശം ചൊരിഞ്ഞവരാണ്. ഇപ്പോള്‍ താവോയിസത്തെ പിന്തുടരുന്നു. മുമ്പോട്ടുപോകാന്‍ ഒരു വഴിയുമില്ലാതെ നില്‍ക്കുന്നവന് ഗുരു ആവശ്യമാണ്. ഞാന്‍ കൈകാര്യം ചെയുന്ന നിയമത്തില്‍ പോലും ചില സംശയങ്ങള്‍ മുതിര്‍ന്നവരില്‍ നിന്നും തീര്‍ക്കാറുണ്ട്. അത് തന്നെയല്ലേ ഇതും. ഗുരു ശിഷ്യബന്ധം എല്ലായിടത്തുമുണ്ട്.

ഇടതുപക്ഷ സര്‍ക്കാരാണ് ഇപ്പോള്‍ കേരളം ഭരിക്കുന്നത്. ഒരുകാലത്ത് താങ്കളെപ്പോലെയുള്ളവര്‍ സ്വപ്നം കണ്ട ‘സമത്വ സുന്ദരലോകം’ വാഗ്ദാനം ചെയ്യുന്ന പ്രത്യയശാസ്ത്രം പിന്തുടരുന്നവര്‍. ഇപ്പോഴും പ്രതീക്ഷയുണ്ടോ?

അഖിലേന്ത്യാതലത്തില്‍ നോക്കുമ്പോള്‍ ഈ ഗവണ്‍മന്റ് ഒരു ഫാസിസ്റ്റ് വിരുദ്ധ ശക്തിയാണ്. മമതയുടെ സര്‍ക്കാറും അതാണ്. അത്തരം സര്‍ക്കാരുകള്‍ ഇന്നത്തെ ഭാരതത്തിന്റെ സാമൂഹ്യസാഹചര്യത്തില്‍ അത് ആവശ്യമാണ്. കാരണം ഫാസിസ്റ്റു ശക്തികള്‍ ‘റോഡു റോളര്‍’ ഉരുട്ടി നിരപ്പാക്കുന്നതിനെ പ്രതിരോധിച്ചേ മതിയാവൂ. അതിന് പിണറായിയുടെയും മമതയുടെയും സര്‍ക്കാരുകള്‍ നിലനില്‍ക്കണം. ‘കോണ്‍ഗ്രസ്സ് മുക്ത ഭാരതം’ എന്ന മുദ്രാവാക്യം തന്നെ തെറ്റാണ്. അത് ജനാധിപത്യവിരുദ്ധവുമാണ്. ദേശീയപാര്‍ട്ടിയായ കോണ്‍ഗ്രസ്സില്‍ നിന്നും ഭാരതത്തെ മോചിപ്പിക്കണമെന്ന് പറയുന്നത് അപകടകരമായ ചിന്തയാണ്. ഇന്ത്യന്‍ യൂണിറ്റി കാത്തുസൂക്ഷിക്കാന്‍ ‘ലിബറല്‍ ഹിന്ദുയിസ’ത്തിനു കഴിയും. അതിനു വിരുദ്ധമായിട്ടാണ് ആര്‍. എസ്. എസിന്റെ നീക്കം നടക്കുന്നത്. ബഹുസ്വരതയെ നശിപ്പിക്കാനുള്ള നീക്കം. അതിനെ പ്രതിരോധിക്കുന്ന ശക്തികള്‍ നിലനിന്നേ മതിയാവൂ. അതുകൊണ്ടു തന്നെ ഈ സര്‍ക്കാര്‍ ഇപ്പോള്‍ ആവശ്യമാണ്.

 

2012 ല്‍ താങ്കള്‍ പറഞ്ഞു. നക്‌സല്‍ പ്രസ്ഥാനത്തെ ഗോത്രവല്‍ക്കരിക്കുന്നതില്‍ ഭരണകൂടം വിജയിച്ചുവെന്ന്. ഇന്നത്തെ സാഹചര്യത്തില്‍ അപചയം സംഭവിച്ചത് നക്‌സലിസത്തിനാണോ മാര്‍ക്‌സിസത്തിനാണോ?

ഗോത്രവര്‍ഗങ്ങളുടെ പാര്‍ട്ടിയാണെന്നും അതിനപ്പുറത്തേക്ക് പോകാന്‍ കഴിയില്ലെന്നും നക്‌സലൈറ്റുകള്‍ തന്നെ തെളിയിച്ചു കഴിഞ്ഞല്ലോ. ഞങ്ങള്‍ ഗോത്രവര്‍ഗ്ഗത്തിന്റെ രക്ഷകരാണെന്ന് അവര്‍ അവകാശപ്പെടുന്നു. അത് തന്നെ ഒരു ന്യൂനതയല്ലേ. നക്‌സലിസത്തിന്റെ പോക്കില്‍ പലപ്പോഴും സങ്കടം തോന്നും. ഇന്ത്യയുടെ സൈനികശക്തിയെ സായുധ വിപ്ലവത്തിലൂടെ കീഴ്‌പ്പെടുത്തമെന്നൊക്കെ ഇന്നും ചിന്തിക്കുന്നത് തന്നെ വലിയ അബദ്ധമല്ലേ ? അതില്‍ വളരെയധികം ഗ്രൂപ്പിസം കടന്നു വന്നിട്ടുണ്ട്. ജീര്‍ണ്ണിക്കലും തഴച്ചുവളരലുമൊക്കെ അതാതുകാലത്ത് നടക്കും. കര്‍ശനമായ പ്രത്യയശാസ്ത്രത്തിനു ഭരിക്കാന്‍ കഴിയില്ല. ബഹുസ്വരതയെ കാത്തുസൂക്ഷിക്കാന്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് കഴിയണം. ‘now’ എന്ന വാക്കിനു വലിയ അര്‍ത്ഥമുണ്ട്. അതിനപ്പുറത്തേക്ക് നമുക്ക് ചാടാന്‍ കഴിയില്ല. ആപേക്ഷികമായ ശരികള്‍ അംഗീകരിച്ചേ മതിയാവൂ. അതിനെ കണ്ടില്ലെന്നു നടിക്കുന്നവര്‍ മുഖം മൂടികളാണ്. ഓരോ കാലത്തും നമ്മള്‍ മാറിയേ പറ്റൂ. പ്രത്യയശാസ്ത്രം മുറുകെപ്പിടിച്ചാല്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് ദേശാഭിമാനി ഇറക്കാന്‍ പറ്റുമോ? ചാനല്‍ നടത്താന്‍ പറ്റുമോ? ബൈബിള്‍ മുറുകെപ്പിടിച്ചുകൊണ്ട് എങ്ങനെയാണ് മനോരമ പ്രിന്റ് ചെയ്യാന്‍ പറ്റുന്നത്? അതിനാല്‍ ‘Now and Here’ എന്ന തത്വത്തില്‍ വിശ്വസിക്കുന്നതാണ് നല്ലത്.

 

‘ഇന്ത്യന്‍ അരാജകത്വത്തിന്റെ പിതാവ്’ എന്നു ബ്രിട്ടീഷുകാര്‍ വിശേഷിപ്പിച്ച ബാല ഗംഗാധര തിലകനാണ് പിന്നീട് ‘ഗീതാരഹസ്യം’ എഴുതിയത്. അരബിന്ദോയുടെ ചരിത്രവും നമ്മുടെ മുന്നിലുണ്ട്. പൊതുധാരയില്‍ നിന്നും മാറി തീവ്ര പ്രത്യയ ശാസ്ത്രങ്ങളിലൂന്നിയ ചിന്തകളില്‍ നിന്നും ‘മിസ്റ്റിസിസ’ത്തിലേക്കുള്ള അകലം കുറവാണോ?

താവോയും സൂഫിയും എന്നെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്. വേദാന്തത്തില്‍ പോലും ഞാന്‍ തൃപ്തനല്ല. പിരമിഡ് വല്‍ക്കരണം അവിടെ നടക്കുന്നുണ്ട്. ‘ഒന്നാണ്’ അല്ലെങ്കില്‍ ‘ഒന്നിലേക്ക്’ എന്ന ദര്‍ശനം പറയാന്‍ ഇവരാരാണ്? രണ്ടെണ്ണം ആയിക്കൂടെ? അതില്‍ കൂടുതല്‍ ആയിക്കൂടേ ? ‘multi centered’ ആയ ദര്‍ശനങ്ങള്‍ക്കും സത്യങ്ങള്‍ക്കും ശാസ്ത്രങ്ങള്‍ക്കും പ്രസക്തിയില്ലേ ? ഭൗതികശാസ്ത്രത്തിന് ഒറ്റയ്ക്ക് നിലനില്‍പ്പുണ്ടോ? രസതന്ത്രത്തിനു നിലനില്‍പ്പുണ്ടോ? മറ്റു ശാസ്ത്രശാഖകളുടെ സ്വാധീനവും ഉപകരണങ്ങളും അതിന് ആവശ്യമില്ലേ? പ്രപഞ്ചത്തിനെ എത്രത്തോളം നിങ്ങള്‍ക്ക് വിഭജിക്കാന്‍ കഴിയുന്നോ അത്രത്തോളം അത് മഹത്തരമായിക്കൂടെ? എല്ലാം അതില്‍ തന്നെ പൂര്‍ണ്ണവും അതുമാത്രം അവശേഷിക്കുകയും ചെയ്യുന്നു. എത്ര മനോഹരമായ സങ്കല്‍പ്പമാണ്. ഇത് പൂര്‍ണ്ണ അര്‍ത്ഥത്തില്‍ മനസിലാക്കിയാല്‍ ‘യൂണിവേഴ്‌സല്‍’ എന്ന വാക്കു തന്നെ തെറ്റാണെന്നു കാണാം.

ഒരു ‘കോസ്മിക് ബാലന്‍സി’ല്‍ താങ്കള്‍ വിശ്വസിക്കുന്നുണ്ടോ? ഉദാഹരണമായി ഗീതയിലൊക്കെ പറയുന്ന ‘അവതാരവാദ’ത്തില്‍?

തീര്‍ച്ചയായും. നന്മയും തിന്മയും തമ്മിലുള്ള ഒരു ബാലന്‍സ്. അതാണ് ധര്‍മ്മം. സാത്താനില്ലാത്ത ദൈവത്തിനെന്തു പ്രസക്തി? ആ ധര്‍മ്മത്തിന് ക്ഷയം സംഭവിക്കാന്‍ പാടില്ല. തിന്മയുണ്ടെങ്കിലേ നന്മയ്ക്കു പ്രസക്തിയുള്ളൂ. അത് തീര്‍ച്ചയായും വേണം. ആ കോസ്മിക് ബാലന്‍സ് പ്രകൃതി കാത്തു സൂക്ഷിക്കുന്നുമുണ്ട്.

ഇക്കാലത്തെ യുവാക്കള്‍ക്ക് നക്‌സല്‍ പ്രസ്ഥാനങ്ങളില്‍ നിന്ന് എന്തെങ്കിലും പഠിക്കാനുണ്ടോ.?

യുവാക്കള്‍ക്ക് പഠിക്കാനൊന്നുമില്ല . എങ്കിലും ഇന്നും അവയ്ക്ക് പ്രസക്തിയുണ്ട്. നക്‌സല്‍ പ്രസ്ഥാനങ്ങള്‍ക്ക് ഒരു കാറ്റലിസ്റ്റ് ആവാന്‍ കഴിയുന്നുണ്ട്. ആദിവാസി മേഖലകളിലേക്ക് നമ്മുടെ പൊതുബോധത്തിന്റെ ശ്രദ്ധ ക്ഷണിക്കാന്‍ അവര്‍ക്കു കഴിയുന്നു. ഇത് അന്നത്തെ കാലഘട്ടത്തിന്റെ ആവശ്യം തന്നെയായിരുന്നു. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശക്തി നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുകയാണ് . അതിനെ തകര്‍ത്ത് സായുധ വിപ്ലവം നടത്താമെന്നു വിശ്വസിക്കുന്നവരോട് എന്ത് പറയാന്‍?

ഒരു കുസൃതി ചോദ്യം. ദൈവത്തില്‍ വിശ്വാസമുണ്ടോ ?

സംശയമെന്താ? ഒരു ‘പെഴ്‌സോണിഫൈഡ്’ ദൈവം ആവശ്യമാണ്. ഇപ്പോഴും ഞാന്‍ രാത്രി കിടക്കാന്‍ നേരം ‘സ്വര്‍ഗ്ഗസ്ഥനായ പിതാവേ’ ചൊല്ലാറുണ്ട്. ‘ഇമോഷണല്‍ ക്രൈസിസ്’ വരുമ്പോള്‍ അറിയാതെ രണ്ടു കയ്യും നീട്ടി വിളിച്ചുപോവും. അതില്‍ ഞാന്‍ ലജ്ജിക്കുന്നില്ല. അഭിമാനിക്കുന്നു. കാരണം എന്നെ തളരാതെ പിടിച്ചു നിര്‍ത്തിയത് ആത്മീയ അനുഭവങ്ങളും അതിലൂടെയുള്ള അന്വേഷണവും തന്നെയാണ്. ഞാന്‍ അതില്‍ തൃപ്തനും പൂര്‍ണ്ണനുമാണ്.

‘Nothing is an accident. It just happens.’

 

അനീഷ് തകടിയില്‍

 

First Published 15, Apr 2017

Leave a Reply

Your email address will not be published.

error: Content is protected !!