ബുദ്ധപ്രകാശത്തിലൂടെ

ചലനം ജീവനെ പ്രതിനിധാനം ചെയ്യുന്നുവെങ്കിൽ മൃതാവസ്ഥയിൽനിന്നുള്ള മനുഷ്യന്റെ മോചനം സാധ്യമായത് സഞ്ചാരത്തിൽനിന്നുതന്നെ. അവന്റെ എല്ലാ സാംസ്കാരിക മുന്നേറ്റങ്ങൾക്കും നിദാനമായി വർത്തിച്ച സഞ്ചാരം ഇന്നും മനുഷ്യന്റെ മനസ്സിന് വികാസംപകരുന്ന ജീവജലം തന്നെ.

പുസ്തകവായനയിലൂടെയും വായനക്കാർ സാധ്യമാക്കുന്നത് യാത്രയുടെ ഒരു ഭിന്നമുഖം തന്നെ.അത് ചിലപ്പോൾ സഞ്ചാരകൃതി എന്ന വിശേഷണം അർഹിക്കുന്നില്ലെങ്കിൽപോലും.

ഇതാ സഞ്ചാരകൃതികളുടെ തനത് വാർപ്പുമാതൃകകളിൽനിന്ന് വേറിട്ടുനിൽക്കുന്ന ഒരു മനോഹര പുസ്തകം.
സാധാരണ യാത്രികർ വഴിയോരക്കാഴ്ചകളിലും പ്രകൃതിയുടെ വർണ്ണക്കാഴ്ചകളിലുമൊക്കെ അഭിരമിക്കുമ്പോൾ ഇവിടെയൊരാൾ ചെന്നെത്തുന്നത് മനുഷ്യരുടെ നന്മകളിലും അവരുടെ വ്യത്യസ്‌തലോകങ്ങളിലുമാണ്.
അതുതന്നെയാണ് അനീഷ് തകടിയിൽ എന്ന മനുഷ്യസ്നേഹിയുടെ ‘ബുദ്ധപ്രകാശത്തിലൂടെ’ എന്ന ഗ്രന്ഥത്തെ വ്യത്യസ്തമാക്കുന്നതും.

വായനക്കുമുമ്പ് പുസ്തകത്തിന്റെ കവർചിത്രത്തിലൂടെ കണ്ണോടിച്ചപ്പോൾ രമണീയമെങ്കിലും ഈ ചെറിയ പ്രായത്തിൽ കാഷായവസ്ത്രം അദ്ദേഹത്തിന്റെ ശരീരത്തിൽ ഇണങ്ങാതെക്കിടക്കുന്ന ഒരു പ്രഹേളികയായി എനിക്ക് തോന്നി.എന്നാൽ ആദ്യ അധ്യായത്തിന്റെ വായന കഴിയുന്നതുവരെയെ ആ സന്ദേഹത്തിന് ആയുസ്സുണ്ടായുള്ളൂ.അല്ലെങ്കിൽതന്നെ കാവിയണിഞ്ഞാലും ഇല്ലെങ്കിലും ആത്മാന്വേഷണത്തിന് പ്രായപരിധി കൽപ്പിക്കാൻ ഞാനാര്?

അമ്പലങ്ങളിലും ആശ്രമങ്ങളിലും ബുദ്ധവിഹാരങ്ങളിലുമെല്ലാം അദ്ദേഹം അലയുന്നത് ഒരു തീർത്ഥാടകന്റെ ശാന്തിതേടിയലയുന്ന മനസ്സുമായല്ല
മറിച്ച് ഒരുൾവിളിയാലെ ആത്മാന്വേഷണത്തിനിറങ്ങിയ
തുറന്ന മനസ്സുമായാണ്.

‘മീനാക്ഷി അമ്മൻ’എന്ന അധ്യായത്തിൽ അമ്പലദർശനത്തിന്റെ വിവിധമുഖങ്ങൾ അനാവരണം ചെയ്തുകൊണ്ട് ചെന്നെത്തുന്നത് നമ്മൾ പലപ്പോഴും കണ്ടിട്ടും
കണ്ടില്ലെന്നുനടിക്കുന്ന തെരുവിൽ ജീവിക്കുന്ന ഒരു നാടോടി കുടുംബത്തിലേക്കാണ്. മുനിയാണ്ടിയും മരതകവും അവരുടെ കുഞ്ഞും. ദരിദ്രജീവിതം നയിക്കുമ്പോഴും അവർ കാത്തുസൂക്ഷിക്കുന്ന മഹത്വമാർന്ന ജീവിത മൂല്യങ്ങളെ അടുത്തറിയാൻ സഹായിക്കുന്ന അക്ഷരങ്ങളെ നിരത്തുന്ന അദ്ദേഹം നിഷ്കളങ്കയായ അവരുടെ കുഞ്ഞിൽ പ്രപഞ്ചം നിറഞ്ഞുനിൽക്കുന്ന പരാശക്തിയായ സാക്ഷാൽ മധുരൈ മീനാക്ഷിയെ കണ്ടെത്തുകയാണ്. ശരിയാണ് പലപ്പോഴും പ്രാർത്ഥനാ മന്ദിരങ്ങളിലല്ല തെരുവിലാണ് ദൈവത്തെ കണ്ടെത്തുക എന്നുള്ളതിനോട് ഈയുള്ളവനും യോജിക്കുന്നു.

‘തീ പിടിപ്പിച്ച ചിറകുകളിൽ’ഒരു രാമേശ്വരം യാത്രയുടെ കുറിപ്പിലൂടെ അദ്ദേഹം വരച്ചിടുന്നത് അരങ്ങൊഴിഞ്ഞ അബ്ദുൽ കലാമിന്റെ ഇനിയും അസ്തമിച്ചിട്ടില്ലാത്ത ഹൃദയപ്രകാശം അദ്ദേഹവുമായി ബന്ധപ്പെട്ട മറ്റുപലരിലൂടെയും സമൂഹത്തിലേക്ക് ഒഴുകിയെത്തുന്നതിനെക്കുറിച്ചാണ്. ഒരു കഥ പോലെ വായിച്ചുപോകാവുന്ന ‘കാത്തിരുന്ന് കൈവന്ന കൊന്ത’ എന്ന അധ്യായത്തിൽ കൃപാതീരത്തെ അശരണരായ അമ്മമാർക്ക് താങ്ങും തണലുമായി നിൽക്കുന്ന തൊണ്ണൂറുകഴിഞ്ഞ സിസ്റ്റർ മരിയയെക്കുറിച്ചുള്ള മനോഹര രചനതന്നെ.

വർഷങ്ങളുടെ പ്രയത്നവും അർപ്പണവും കൊണ്ട് കോഴിക്കോട് വെറ്റിലപ്പാറയിലെ തോമസ് വെട്ടത്തെന്ന മനുഷ്യൻ കാർഷീക കേരളത്തിന്റെ സൂര്യനായിമാറിയ കഥയാണ്
‘വെട്ടം പരത്തുന്ന തോമസേട്ടൻ’

‘ഒറ്റതിരിയിട്ട കൽവിളക്ക്’തെളിയുന്നത് പ്രകൃതിതന്നെയാണ് ഭഗവതി എന്ന ഓർമ്മപ്പെടുത്തലിലേക്കാണ്.അതിനായി നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത് വായില്യാക്കുന്നെന്ന കൊച്ചുഗ്രാമത്തിലേക്കും.

‘മൃത്യോർമാ’എന്ന മരണം മണക്കുന്ന അധ്യായത്തിലും പ്രകൃതിയുടെ ഈശ്വരഭാവം തന്നെയാണ് തെളിയുന്നത്.കൂടെ പ്രകൃതിയോട് സമരസപ്പെട്ട് ജീവിക്കേണ്ടതിന്റെ ഓർമ്മപ്പെടുത്തലും.

‘തമ്പുരാനെ എന്റെ കൊളമെവിടെ?’ എന്നതിൽ പങ്കുവെക്കുന്നതും മനുഷ്യനും പ്രകൃതിയും ദൈവവും ഒന്നാണെന്നുള്ള പാഠം തന്നെ. കാവും കുളവും ഗ്രാമദേവതകളും ഒരു സംസ്‌കൃതിയുടെ ഭാഗമായി നിലനിന്ന് നടത്തിയിരുന്നത് മനുഷ്യകുലത്തിനുള്ള വലിയൊരു സേവനമായിരുന്നുവെന്ന് ആർത്തിമൂത്ത് അമിതചൂഷണത്തിന് പ്രകൃതിയെ ഇരയാക്കിയ മനുഷ്യർ മനസ്സിലാക്കിത്തുടങ്ങിയിട്ടുണ്ട്.

സംഗീതം ഒരു ഭ്രാന്തായി കൂടെക്കൊണ്ടുനടക്കുന്നവരുടെ ഇടയിലേക്ക് അദ്ദേഹം കയറിച്ചെന്ന കഥപറയുന്നു ‘ഖ്വാജാ മേരി ഖ്വാജാ’. ഒരു തലമുറയെ മുഴുവൻ സംഗീതത്തിന്റെ അമൃതപ്രകാശത്തിലേക്ക് കൈപിടിച്ചുനയിച്ച ഉസ്താദ് ഹാരിസ് ഭായി (തലശ്ശേരിക്കാരുടെ അബ്ബ)യെ അടുത്തറിയാം
ഇവിടെ. കൂടെ ജീവന്റെ ആദിതാളമായ സംഗീതം ശമനതാളമായിമാറുന്ന കാഴ്ചയിലേക്കുള്ള കിളിവാതിലും തുറന്നുതരുന്നുണ്ട്.

‘ഗീ തധു നികു തകധീം’സംഗീതാധ്യാപികയും
കഥകളി നർത്തകിയുമായ അപർണ്ണടീച്ചറുടെ
കേരളത്തിന്റെ തനതുകലയായ മോഹിനിയാട്ടത്തിലേക്കുള്ള അരങ്ങേറ്റത്തെക്കുറിച്ചുള്ള ഓർമ്മയാണ്.

രാജ്യങ്ങൾ തീർക്കുന്ന മതിൽക്കെട്ടുകളിൽ ജീവിതം കുടുങ്ങിപ്പോകുന്ന അഭയാർത്ഥിയുടെ മാത്രം കഥയല്ല ‘മേരി ബഹൻ ജീ’. ഭർത്താവ് ഉപേക്ഷിച്ച് കടന്നുകളഞ്ഞ ഒരു സാധു സ്ത്രീ നേരായ മാർഗത്തിലൂടെ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് ജീവിതം തിരിച്ചുപിടിച്ച കഥ കൂടിയാണ്.

‘ഇമ്മിണി ബല്യ ഒരാൾ’എബി തോമസ് എന്ന യതി ശിഷ്യനെകുറിച്ചുള്ളതാണ്.
ക്രിസ്ത്യാനിയായി ജനിച്ച അദ്ദേഹം വൈദികനായി ജീവിതം ആരംഭിച്ചുവെങ്കിലും
ഒരു സത്യാന്വേഷിക്ക് സഭയൊരു മതിൽക്കെട്ടാണെന്ന് തിരിച്ചറിഞ്ഞ് അതെല്ലാം ഉപേക്ഷിച്ച് അറിവിന്റെ പുതിയ കാഴ്ചതേടി അലയാൻ ഇറങ്ങിപ്പുറപ്പെട്ടവനാണ്.

സൂഫിവര്യന്മാരിലൂടെ താവോയിസത്തിന്റെ ഈറ്റില്ലങ്ങളിലൂടെ അറിവിന്റെ നിറകുടങ്ങളായ ലാമമാരിലൂടെ അദ്ദേഹം തന്റെ യാത്ര തുടർന്നുകൊണ്ടേയിരിക്കുന്നു.
ഓരോ പാത്രത്തിലേക്കും പകരുമ്പോൾ അതിന്റെ രൂപം ആവാഹിക്കുന്ന തെളിഞ്ഞ ജലമെന്നാണ് എബിതോമസിനെക്കുറിച്ച് എഴുത്തുകാരൻ നിർവചിക്കുന്നത്.
വിട്ടുകളയുന്നതിന്റെ വിശുദ്ധ വേദമാണ് അദ്ദേഹത്തിൽനിന്ന് പഠിക്കാൻ കഴിഞ്ഞതെന്ന് ശ്രീ അനീഷ് തകടിയിൽ വ്യക്തമാക്കുന്നു.ഒന്നും ആരുടെയും സ്വന്തമല്ലെന്നുള്ള തിരിച്ചറിവ്.
വെട്ടിപ്പിടിക്കുന്നതിന്റെ അർത്ഥശൂന്യതയും അതുതന്നെയല്ലേ?

ഒന്നിന്റെയും തീവ്രതയിലേക്ക് കടക്കാതെ മധ്യമ മാർഗത്തിലൂടെ നീങ്ങുന്ന ധ്യാനമാണ് ബുദ്ധിസത്തിന്റെ സൗന്ദര്യം.’ബോധിസത്വന്റെ കൂടെ’ എന്ന അധ്യായത്തിൽനിന്ന് ആ ബൗദ്ധപ്രകാശം നമ്മുടെ ഹൃദയത്തിലേക്കും കുറെയെല്ലാം ഒഴുകിയെത്തുന്നുണ്ട്.

യാത്രകളുടെ പുസ്തകമാണെങ്കിലും ശ്രീ അനീഷ് തകടിയിൽ അദ്ദേഹത്തിന്റെ ക്യാമറ ഫോക്കസ് ചെയ്യുന്നത്
മനുഷ്യരിലേക്കായതിനാൽ സഞ്ചാരവിവരണത്തിന്റേതായ വർണ്ണക്കാഴ്ചകൾക്ക് അല്പം മങ്ങലുണ്ട്.
പക്ഷെ അതൊരിക്കലും ഒരു ന്യൂനതയായി വായനക്കാർക്ക് അനുഭവപ്പെടുന്നില്ല.
മനസ്സിന്റെ ഉൾക്കാഴ്ചയും ഭാഷയുടെ സൗന്ദര്യവുംകൊണ്ട് മികച്ചൊരു വായനാനുഭവം പകരാൻകഴിയുന്ന ഒരു കൃതിയാക്കിമാറ്റാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.എഴുത്തിന്റെ വഴിയിൽ ശ്രീ അനീഷിന് ഭാവുകങ്ങൾ നേരുന്നു. സൗകര്യപ്പെടുന്ന സുഹൃത്തുക്കൾ വായിക്കാൻ ശ്രമിക്കുമല്ലോ.പ്രകാശം പരക്കട്ടെ.

കിഷോർ ദാസ്
ഷാർജ്ജ

Leave a Reply

Your email address will not be published.

error: Content is protected !!