മഷിപ്പേന

അമ്മതൻ താരാട്ടിലും
താതന്റെ തലോടലിലും
കരഞ്ഞുകൊണ്ടെഴുതിതുടങ്ങിയ ചുവന്ന മഷിപ്പേന.
സ്നേഹവും ചിരിയുമെഴുതി താളുകൾ മറിച്ചു ശൈശവം

വിദ്യാലയചുവരുകളിൽ
സഹൃദങ്ങളെഴുതി,
കേളികളാടി, എഴുതി തീർന്നാലും മറി ക്കുവാനാഗ്രഹിക്കാത്ത
ബാല്യത്തിൻ താളുകൾ.

പുതുമഷിനിറച്ച ചിന്തകൾക്കു വേഗതയേറി പ്രണയം തളിരിട്ട വരികളാശങ്കയോടെഴുതി മറിച്ച കൗമാരത്തിൻ താളുകൾ.

ഏറെയെഴുതാനുണ്ടിവിടെ യൗവനമെന്ന താളിൽ.
ശ്രദ്ധയോടെ പുതുവരികളെഴുതണം.
പുതുമണമുള്ള താളുകളിൽ പ്രിയതമയും കുഞ്ഞു ചിരികളും കൂട്ടിയെഴുതുമ്പോൾ,
മറന്നീടരുതൊരിക്കലും
പഴയ താളുകളിൽ പുരണ്ട താരാട്ടും തലോടലും.
ഏറെയെഴുതിയെഴുതുവാൻ മടിക്കുന്ന വാർദ്ധക്യം,
പിന്നീടെഴുതാൻ കൊതിക്കുമ്പോൾ മുനയൊടിഞ്ഞു വീഴുന്നു മഷിപ്പേന.
കുറിച്ചിട്ട വരികലർത്ഥമെങ്കിലെന്നുമോർത്തീടും ലോകം.

എസ്. ശബരിനാഥ്

 

Leave a Reply

Your email address will not be published.

error: Content is protected !!